23.7 C
Kollam
Thursday 25th December, 2025 | 04:33:32 AM
Home Blog Page 2231

ചെറുപ്പമാകണോ? ബദാം ഇങ്ങനെ കഴിച്ച് നോക്കൂ

ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. പലതും തൊലിപ്പുറത്തുള്ള പണികളാണ് പരീക്ഷിയ്ക്കാറ്. എന്നാല്‍ ചര്‍മസംരക്ഷണത്തിനൊപ്പം തന്നെ ചര്‍മത്തിന് ഉള്ളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന പോഷകങ്ങളും ഏറെ ഗുണകരമാണ്. ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നത് ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ സഹായിക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് ബദാം. ഇത് പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്.

ബദാം ശരീരത്തിനും ചര്‍മത്തിനും ആവശ്യമായ പല പോഷകങ്ങളും അടങ്ങിയതാണ്. പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇയുമെല്ലാം അടങ്ങിയതാണ് ബദാം. ബദാം ശരീരത്തിനും ചര്‍മത്തിനും ആവശ്യമായ പല പോഷകങ്ങളും അടങ്ങിയതാണ്. പ്രോട്ടീനും വൈറ്റമിന്‍ ഡിയും ഇയുമെല്ലാം അടങ്ങിയതാണ് ബദാം. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകളും വരകളും അകറ്റാന്‍ ഏറെ അത്യാവശ്യമാണ്. ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാനും ഇതേറെ നല്ലതാണ്. വൈറ്റമിന്‍ ഇ പല ചര്‍മസംരക്ഷണ ഉല്‍പന്നങ്ങളിലും അടങ്ങിയിട്ടുള്ള ഒന്നാണ്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം അത്യാവശ്യമായ ഒന്നാണിത്.

സ്വാഭാവിക എണ്ണമയം​

ബദാമില്‍ ലിനോലെയിക് ആസിഡ് എന്ന ഒരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഈര്‍പ്പം നില നിര്‍ത്തുന്നു. ഈര്‍പ്പമില്ലാതെ വരുന്നതാണ് പലപ്പോഴും ചര്‍മത്തിന് ദോഷം വരുത്തുന്നത്. വരണ്ട ചര്‍മത്തിന് ഇതേറെ നല്ലതാണ്. ഇതുപോലെ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന കോപ്പര്‍ ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്നു. റൈബോഫ്‌ളേവിന്‍, നിയാസിന്‍ എന്നിവയും ഏറെ നല്ലതാണ്. ഇരുണ്ട നിറവും പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങളും മാറാനും ഇതേറെ നല്ലതാണ്.

​നല്ല കൊഴുപ്പിന്റെ ഉറവിടം​

നല്ല കൊഴുപ്പിന്റെ ഉറവിടം കൂടിയാണ് ബദാം. നല്ല കൊഴുപ്പ് ചര്‍മത്തിന് അത്യാവശ്യമാണ്. ചര്‍മത്തിലെ ചുളിവും വരകളും തടയാന്‍ ഇതേറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പില്ലെങ്കില്‍ ചര്‍മം വരണ്ടുപോകുന്നതും സാധാരണയാണ്. പെട്ടെന്ന് പ്രായം തോന്നും. ഇതിനാല്‍ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തില്‍ എത്തണം. ഇതിലൂടെയും ചര്‍മത്തെ സഹായിക്കുന്ന ഒന്നാണ് ബദാം.

​ബദാം കുതിര്‍ത്ത്​

ബദാം ചര്‍മത്തിന് ഗുണം നല്‍കാന്‍ കഴിയ്‌ക്കേണ്ട രീതിയും ഏറെ പ്രധാനമാണ്. പലരും കൊഴുപ്പിന്റെ കാര്യം പറഞ്ഞ് തൊലി കളഞ്ഞാണ് കഴിയ്ക്കുക. തൊലി കഴിച്ചാല്‍ ഇതിലെ ഫൈറ്റിക് ആസിഡ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്നും ശരീരത്തെ തടയുമെന്നതാണ് കാരണമായി പറയുന്നത്. എന്നാല്‍ ബദാം കുതിര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്‌നം വരുന്നില്ല. ഫൈറ്റിക് ആസിഡ് കുതിരുന്നതിലൂടെ നീക്കപ്പെടുന്നു. തൊലിയിലാണ് വൈറ്റമിന്‍ ഇ കൂടുതല്‍ അടങ്ങിയിട്ടുള്ളത്. ഇതിനാല്‍ തൊലി കളഞ്ഞാല്‍ ഈ ഗുണം പൂര്‍ണമായും ലഭിയ്ക്കാതെ പോകുന്നു.

​വെറുംവയറ്റില്‍ ​

ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഗുണം ലഭിയ്ക്കാന്‍ കൂടുതല്‍ നല്ലത്. ഇതിലൂടെ പോഷകങ്ങള്‍ നല്ല രീതിയില്‍ വലിച്ചെടുക്കാന്‍ ശരീരത്തിന് സാധിയ്ക്കും. ബദാം ഫേസ്പായ്ക്കായി അരച്ചിടുന്നതും നല്ലതാണ്. ബദാം ഓയിലും ഗുണം നല്‍കും. ബദാം അരച്ച് പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ബദാം മില്‍ക് കഴിയ്ക്കുന്നതുമെല്ലാം തന്നെ ഗുണം നല്‍കുന്നതാണ്.

വിനേഷ് ഒളിംപിക്സിനു പോയത് മറ്റൊരു താരത്തെ വഞ്ചിച്ച്, മെഡൽ കിട്ടാത്തത് ദൈവശിക്ഷ: ബ്രിജ് ഭൂഷൺ, വിവാദം

ന്യൂഡൽഹി: വ‍ഞ്ചന കാട്ടിയ വിനേഷ് ഫോഗട്ടിന് ദൈവം നൽകിയ ശിക്ഷയാണ് ഒളിംപിക്സ് വേദിയിലെ അയോഗ്യതാ വിവാദമെന്ന് ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്. ചതിയും വഞ്ചനയും കാട്ടിയാണ് വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിച്ചതെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. ബജ്‌രംഗ് പൂനിയ ട്രയൽസ് കൂടാതെയാണ് ഏഷ്യൻ ഗെയിംസിനു പോയതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

ഇരുവരും കോൺഗ്രസിൽ ചേർന്നതിനു പിന്നാലെയാണ് ആരോപണ ശരങ്ങളും ശാപവാക്കുകളുമായി ബ്രിജ് ഭൂഷണിന്റെ രംഗപ്രവേശം. ദൈവം ശിക്ഷിച്ചതുകൊണ്ടാണ് വിനേഷ് ഫോഗട്ടിന് ഒളിംപിക്സിൽ മെഡൽ ലഭിക്കാത്തതെന്നും ബ്രിജ് ഭൂഷൺ പരിഹസിച്ചു.

‘‘എനിക്ക് വിനേഷ് ഫോഗട്ടിനോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. ഒരു താരത്തിന് രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കുമോ? ഭാരപരിശോധന നടത്തിയ ശേഷം ട്രയൽസ് അഞ്ച് മണിക്കൂർ നേരത്തേക്ക് നിർത്തിവയ്ക്കാൻ പറ്റുമോ? നിങ്ങൾ ഒളിംപിക്സിൽ മത്സരിച്ചത് വഞ്ചനയിലൂടെയാണ്, അല്ലാതെ നേരാംവണ്ണം യോഗ്യത നേടിയിട്ടല്ല. അതിന് ദൈവം നൽകിയ ശിക്ഷയാണ് എല്ലാം’– ബ്രിജ് ഭൂഷൺ പറഞ്ഞു.

‘സത്യത്തിൽ വിനേഷ് ഫോഗട്ട് ഒളിംപിക്സിൽ മത്സരിക്കാൻ യോഗ്യത നേടിയിരുന്നില്ല. യോഗ്യതയുള്ള മറ്റൊരു താരത്തിന്റെ അവസരം അവർ കവർന്നെടുക്കുകയായിരുന്നു. ട്രയൽസിൽ തന്നെ തോൽപ്പിച്ച താരത്തിന്റെ അവസരമാണ് വിനേഷ് കവർന്നെടുത്തത്. അതുകൊണ്ട് ഒളിംപിക്സിൽ സംഭവിച്ചതെല്ലാം അവർ അർഹിച്ചിരുന്നതാണ് എന്നാണ് എന്റെ അഭിപ്രായം’ – ബ്രിജ് ഭൂഷൺ പറഞ്ഞു.

‘‘കായിക രംഗത്ത് ഇന്ത്യയുടെ മകുടമാണ് ഹരിയാന. എന്നിട്ടും ഒന്നര വർഷത്തോളം അവർ ഗുസ്തി രംഗത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്പ്പിച്ചു. ട്രയൽസ് കൂടാതെയാണ് ബജ്‌രംഗ് പൂനിയ ഏഷ്യൻ ഗെയിംസിനു പോയതെന്ന് വ്യക്തമല്ലേ? ഈ രംഗത്തെ വിദഗ്ധരോടാണ് എന്റെ ചോദ്യം’ – ബ്രിജ് ഭൂഷൺ പറഞ്ഞു.

റഷ്യ–യുക്രെയ്ൻ പ്രശ്നപരിഹാരത്തിന് ഇന്ത്യ: പുട്ടിനെ വിളിച്ച് മോദി; ഡോവൽ മോസ്കോയിലേക്ക്

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അടുത്തയാഴ്ച മോസ്കോ സന്ദർശിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയും യുക്രെയ്നും സന്ദർശിച്ച് രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് അജിത് ഡോവലിന്റെ സന്ദർശനം.

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ കണ്ടശേഷം നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രാഷ്ട്രീയ, നയതന്ത്ര ചർച്ചകളിലൂടെ യുക്രൈയ്ൻ–റഷ്യ പ്രശ്ന പരിഹാരത്തിനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഈ ഫോണ്‍ ചർച്ചയിലാണ് അജിത് ഡോവലിനെ റഷ്യയിലേക്ക് അയയ്ക്കാൻ തീരുമാനമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സന്ദർശന തീയതി സംബന്ധിച്ച് വ്യക്തതയില്ല. സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സമാധാനത്തിനായി ഇരു രാജ്യങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്നും നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം യുക്രെയ്ൻ സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി സംഘർഷം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യ സമാധാനത്തിന്റെ ഭാഗത്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

‘‘ നിഷ്പക്ഷ നിലപാടല്ല. ഞങ്ങൾ ഒരു പക്ഷത്താണ്; അതു സമാധാനത്തിന്റെ പക്ഷമാണ്. അവിടെ ഞങ്ങൾ ഉറച്ചുനിൽക്കുന്നു’’–പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് പ്രശ്ന പരിഹാരത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്ന് റഷ്യൻ അധികൃതരും വ്യക്തമാക്കിയിരുന്നു. യുക്രെയ്നിൽ എത്രയും വേഗം സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇന്ത്യ ഒരുക്കമാണെന്നു പറഞ്ഞ മോദി, വ്യക്തിപരമായി ഇടപെടാനുള്ള സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു. യുദ്ധത്തിന് അവസാനം കാണാൻ റഷ്യയും യുക്രെയ്‌നും ഉള്ളുതുറന്നു ചർച്ച നടത്തണമെന്നും പ്രായോഗികമായ ഇടപെടലുകളിലൂടെയേ പരിഹാരം ഉണ്ടാകൂവെന്നും ചർച്ചയ്ക്കു ശേഷം ഇന്ത്യ വ്യക്തമാക്കിരുന്നു.

ഭിന്നശേഷിക്കാരെക്കുറിച്ച് വിവാദ പരാമർശം; മോട്ടിവേഷനൽ സ്പീക്കർ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: സർക്കാർ സ്കൂളിലെ പരിപാടിയിൽ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിൽ നിന്ന് ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം അഞ്ച് വകുപ്പുകൾ പ്രകാരമാണു കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പരംപൊരുൾ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ മഹാവിഷ്ണു, കഴിഞ്ഞ ദിവസങ്ങളിൽ അശോക് നഗർ, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ പ്രഭാഷണമാണ് വിവാദമായത്. ഭിന്നശേഷിക്കാരെ അവഹേളിച്ചതിനു പുറമേ ആത്മീയ വിഷയങ്ങളിലും പരാമർശം നടത്തി. വിഡിയോ പുറത്തുവന്നതോടെ ഇയാൾക്കും അനുമതി നൽകിയ വിദ്യാഭ്യാസ വകുപ്പിനെതിരെയും വലിയ പ്രതിഷേധമുയർന്നു. സ്കൂളിലെ പരിപാടിക്കു ശേഷം ഇയാൾ ഓസ്ട്രേലിയയിലേക്കു പോയിരുന്നു.

പ്രതിഷേധം പടരുന്നതിനിടെ, താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും ചെന്നൈയിലെത്തിയ ശേഷം സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയെ നേരിട്ടു കണ്ടു വിശദീകരണം നൽകുമെന്നും അറിയിച്ചു. വൻ പൊലീസ് സന്നാഹമാണ് ഇയാളെ കാത്ത് വിമാനത്താവളത്തിൽ ക്യാംപ് ചെയ്തത്. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകൾ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമർശം.

യാത്രക്കാരിക്ക് ഛർദ്ദിക്കാൻ നിർത്തിയ ബസിലേക്ക് കാർ പാ‌ഞ്ഞുകയറി അപകടം; ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും രണ്ട് പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്.

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

മഴ പാറ്റേണിൽ മാറ്റം, രാജസ്ഥാനിൽ 57% അധികം, കേരളത്തിൽ 10% കുറവ്; പിൻവാങ്ങാനൊരുങ്ങി തെക്കുപടിഞ്ഞാറൻ മൺസൂൺ

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം അവസാനിക്കാനിരിക്കെ സെപ്തംബർ ഏഴു വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിൽ ശരാശരിയേക്കാൾ എട്ട് ശതമാനം അധികമഴ രേഖപ്പെടുത്തി. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അല്ല മഴ പെയ്തത്. കേരളത്തിൽ ശരാശരിയേക്കാൾ 10 ശതമാനം കുറവുണ്ടായി. മൺസൂൺ പിൻവാങ്ങൽ ഏകദേശം സെപ്റ്റംബർ 17ഓടെ ആരംഭിച്ച് ഒക്ടോബർ 15-ഓടെ പൂർത്തിയാകും. തീയതികളിൽ ചെറിയ ചില മാറ്റങ്ങൾ വന്നേക്കാം. കഴിഞ്ഞ വർഷം മൺസൂൺ പിൻവാങ്ങൽ സെപ്റ്റംബർ 25 നാണ് തുടങ്ങിയത്.

ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥാ സാഹചര്യങ്ങൾ പലപ്പോഴും മഴയുടെ വ്യത്യസ്തമായ പാറ്റേണുകൾക്ക് കാരണമാകുന്നു. അവയെ പ്രധാനമായി അഞ്ച് വിഭാഗങ്ങളായി തരംതിരിക്കാം. മഴയിൽ വലിയ കുറവ് (-99 ശതമാനം മുതൽ -60 ശതമാനം വരെ), കുറവ് (-59 ശതമാനം മുതൽ -20 ശതമാനം വരെ), സാധാരണ മഴ (- 19 ശതമാനം മുതൽ 19 ശതമാനം വരെ), അധിക മഴ (20 ശതമാനം മുതൽ 60 ശതമാനം വരെ), വൻ കൂടുതൽ (60 ശതമാനം മുതൽ 99 ശതമാനം വരെ). ഒരു സംസ്ഥാനത്തും ഈ വർഷം വൻ കുറവോ വൻ കൂടുതലോ ആയ മഴ ലഭിച്ചിട്ടില്ല.

ഈ മൺസൂൺ കാലത്ത് രാജസ്ഥാനിൽ 57 ശതമാനം അധിക മഴ ലഭിച്ചപ്പോൾ മണിപ്പൂരിൽ 30 ശതമാനം കുറവ് അനുഭവപ്പെട്ടു. തൊട്ടുപിന്നിൽ ബിഹാറിൽ 26 ശതമാനം കുറവ് അനുഭവപ്പെട്ടു. പഞ്ചാബിൽ 23 ശതമാനവും ജമ്മു കശ്മീരിൽ 20 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. ഹിമാചൽ പ്രദേശിൽ 21 ശതമാനവും അരുണാചൽ പ്രദേശിൽ 22 ശതമാനവും മഴപ്പെയ്ത്തിൽ കുറവുണ്ടായി. ഹരിയാനയും കേരളവും 10 ശതമാനത്തിൻറെ കമ്മിയാണ് നേരിട്ടത്. 19 ശതമാനം വരെ കൂടുതലോ കുറവോ മഴ ലഭിച്ചാലും സാധാരണ മഴ എന്നാണ് കണക്കാക്കാറുള്ളത്. ഒഡീഷ (12 ശതമാനം), ജാർഖണ്ഡ് (13 ശതമാനം), പശ്ചിമ ബംഗാൾ (7 ശതമാനം), മിസോറാം (11 ശതമാനം), മേഘാലയ (3 ശതമാനം) എന്നീ സംസ്ഥാനങ്ങളിലും സമാനമായി സാധാരണ നിലയിലും താഴെയാണ് മൺസൂൺ കാലത്ത് ലഭിച്ച മഴയുടെ അളവ്.

57 ശതമാനം അധിക മഴയുമായി രാജസ്ഥാൻ മുന്നിലെത്തിയപ്പോൾ തമിഴ്‌നാടും ഗുജറാത്തും തൊട്ടുപിന്നിലുണ്ട്. സാധാരണയേക്കാൾ 51 ശതമാനം അധിക മഴ പെയ്തു. ഗോവ (45 ശതമാനം), ലഡാക്ക് (44 ശതമാനം), ആന്ധ്രാപ്രദേശ് (42 ശതമാനം), തെലങ്കാന (40 ശതമാനം), മഹാരാഷ്ട്ര (28 ശതമാനം), കർണാടക (23 ശതമാനം), ത്രിപുര (22 ശതമാനം), സിക്കിം (21 ശതമാനം) എന്നിങ്ങനെയാണ് അധിക മഴയുടെ കണക്ക്. ഡൽഹിയിൽ സാധാരണയേക്കാൾ 19 ശതമാനവും മധ്യപ്രദേശിൽ ഏഴു ശതമാനവും അധിക മഴ ലഭിച്ചു.

തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ മേൽപ്പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നവജാത ശിശുവിൻ്റെ മൃതദേഹം

തൃശൂർ: റയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിൽ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിൻ്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. റെയിൽവെ സ്റ്റേഷനിൽ മധ്യഭാഗത്തുള്ള മേൽപ്പാലത്തിൽ ലിഫ്റ്റിനോട് ചേർന്നാണ് ബാഗ് കണ്ടെത്തിയത്. ശോഭ എന്ന ജീവനക്കാരിയാണ് ബാഗ് തുറന്ന് നോക്കിയത്. പിന്നാലെ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒന്നര മാസം മുൻപ് മലപ്പുറത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു കുഞ്ഞിൻ്റെ മൃതദേഹം ബാഗിൽ കെട്ടി ഓടയിൽ ഉപേക്ഷിച്ചിരുന്നു. അതിന് ശേഷമാണ് ഈ സംഭവവും പുറത്തുവരുന്നത്. തീരെ ചെറിയ ബാഗിലാണ് മൃതദേഹം കൊണ്ടുവന്ന് ഉപേക്ഷിച്ചത്. ബാഗിനകത്ത് സ്‌പൂണും മറ്റ് സാധനങ്ങളും ഉണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ 8:45 ഓടെ അടിച്ചുവാരാൻ എത്തിയ ശോഭന എന്ന ജീവനക്കാരിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയതെന്ന് ശുചീകരണ തൊഴിലാളി രവിത പറഞ്ഞു. സംശയം തോന്നി ആർപിഎഫ് ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം തുറന്നു നോക്കിയപ്പോഴാണ് ചോരക്കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. കൊണ്ടുവന്നിട്ടിട്ട് അധിക സമയമായില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

600 വർഷം പഴക്കമുള്ള പവിഴപ്പുറ്റ് കണ്ടെത്തി; താപനിലയിലെ ഏറ്റക്കുറച്ചിൽ പറയും ചരിത്രരേഖ

സമീപകാലത്തായി ആഗോളതാപനം എന്ന പ്രതിഭാസം സമുദ്രത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ഇപ്പോൾ എല്ലാവരും ബോധവാന്മാരാണ്. ആഗോളതാപനം മൂലമുണ്ടായ സമുദ്രതാപനം കാഴ്ചയിൽ തന്നെ വ്യക്തമായതോടെയാണ് അത് സൃഷ്ടിക്കുന്ന അപകടകരമായ പരിതസ്ഥിതിയെക്കുറിച്ച് ആളുകൾ മനസ്സിലാക്കാൻ തുടങ്ങിയത്. എന്നാൽ സമുദ്രത്തിൽ ഇപ്പോഴത്തെ അളവിലല്ലെങ്കിലും എല്ലായ്പോഴും താപനിലയിൽ കാലഘട്ടങ്ങൾക്ക് അനുസരിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. ഫിജിയുടെ തീരത്തായി പസഫിക്കിൽ കണ്ടെത്തിയ ഒരു പവിഴപ്പുറ്റിന് 600 വർഷത്തിൽ ഏറെയാണ് പ്രായം. അതുകൊണ്ട് തന്നെ പസഫിക്കിന്റെ കഴിഞ്ഞ പാതി സഹസ്രാബ്ദത്തിന്റെ താപനിലയിലുണ്ടായ ഏറ്റക്കുറച്ചിൽ കണക്കുകൾ ഈ പവിഴപ്പുറ്റിന് പറയാൻ കഴിയും.

മനുഷ്യനിർമിതമായ ഈ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനിലയിലുണ്ടാകുന്ന വർധനവും സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. താപനില വർധിക്കുന്നതോടെ കടൽജലത്തിന്റെ അംമ്ലാംശവും വർധിക്കും. ഇതോടെ പവിഴപ്പുറ്റുകൾ ബ്ലീച്ചിങ്ങിന് വിധേയമായി നശിക്കുകയാണ് ചെയ്യുക. ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റു ശൃംഖലയായ ഓസ്ട്രേലിയൻ കടൽ മേഖലയിലെ ഗ്രേറ്റ് ബാരിയർ റീഫ് ഉൾപ്പടെയുള്ളവ ഈ ഭീഷണിയിലൂടെ കടന്ന് പോവുകയാണ്. ഈ സാഹചര്യത്തിലാണ് ആറ് നൂറ്റാണ്ടുകളായി പല തരത്തിലുള്ള താപനിലാ മാറ്റങ്ങളുടെ കാലഘട്ടങ്ങളെ അതിജീവിച്ച ഫിജിയിലെ പവിഴപ്പുറ്റ് സൂക്ഷിച്ചിരിക്കുന്ന ചരിത്ര രേഖകൾ നിർണായകമാകുന്നതും.

പവിഴപ്പുറ്റിന്റെ പ്രത്യേകത

ലോകചരിത്രത്തിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങളുടെ രേഖകൾ ഭൂമിയിലെ വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യമാണ്. എന്നാൽ ഫിജിയിലെ പവിഴപ്പുറ്റിന്റെ പ്രത്യേകത കഴിഞ്ഞ 600 വർഷത്തിനിടയിലുള്ള കാലാവസ്ഥാ മാറ്റങ്ങൾ തുടർച്ചയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇതുവരെ കാലാവസ്ഥാ ചരിത്രപഠനത്തിന്റെ ഭാഗമായി ലഭിച്ച വിവരങ്ങളിൽ ഉള്ള വിടവുകൾ നികത്താൻ ഈ പവിഴപ്പുറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് സാധിക്കും.

1998 ലാണ് ഈ പവിഴപ്പുറ്റ് കണ്ടെത്തുന്നത്. ഒരു മേശയോളം വലിപ്പമുള്ള പാറക്കല്ലിന്റെ ആകൃതിയിലാണ് ഈ പവിഴപ്പുറ്റ് ഉള്ളത്. പൂർണ്ണമായും പച്ചനിറത്തിലാണ് ഈ പവിഴപ്പുറ്റ് കാണപ്പെടുന്നത്. ബോൾഡർ കോറൽ എന്ന ഇനത്തിൽ പെട്ട ഈ പവിഴപ്പുറ്റിന്റെ ഉള്ളിൽ ചെറിയ തുരങ്കങ്ങൾ ഉണ്ടാക്കിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് മുൻപേ തന്നെ വിവരശേഖരണം ആരംഭിച്ചിരുന്നു എങ്കിലും, സാങ്കേതിക വിദ്യയുടെ സാധ്യതകൾ വർധിച്ചതോടെ ഇപ്പോൾ ഈ പവിഴപ്പുറ്റിൽ നിന്നുള്ള സാംപിളുകളുടെ നിരീക്ഷണവും വിവരശേഖരണവും കൂടുതൽ ഫലപ്രദമുള്ളതാക്കി മാറ്റിയിട്ടുണ്ട്.

ഇതിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ വച്ച് 1300കളുടെ അവസാനം മുതലുള്ള കാലാവസ്ഥാ രേഖകൾ ലഭ്യമാണ്. ഈ കാലയളവിൽ ഫിജി സമുദ്രമേഖലയിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാ മാറ്റങ്ങൾ വ്യക്തമായി തന്നെ പവിഴപ്പുറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നൂറ്റാണ്ടുകളുടെ കാലാവസ്ഥാരേഖകൾ തുടർച്ചയായി സമുദ്രത്തിലെ ഒരു സ്രോതസ്സിൽ നിന്ന് ലഭിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

കാലത്തെ അതിജീവിക്കുന്ന പവിഴപ്പുറ്റുകൾ

വലിയ പവിഴപ്പുറ്റുകൾ കാലത്തെ അതിജീവിക്കുന്നത് അത്ഭുതകരമായ കാര്യമല്ല. ഇവയുടെ ഘടനയാണ് ഇങ്ങനെ കാലങ്ങളോളം നിലനിൽക്കാൻ പവിഴപ്പുറ്റുകളെ സഹായിക്കുന്നത്. അസ്ഥികൂടം പോലെ ഒരു രൂപമാണ് പവിഴപ്പുറ്റുകളുടെ അടിത്തറ. ഇവയ്ക്ക് മേലെയാണ് പവിഴപ്പുറ്റുകളുടെ പുറമേക്കും കാണുന്ന ഭാഗം രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ അടിത്തറയ്ക്ക് കേട് വരാത്ത കാലത്തോളം മുകളിലേക്ക് പല തട്ടുകളായി പവിഴപ്പുറ്റുകൾ വളർന്ന് കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള വിവിധ തട്ടുകളിലായി വിവിധ കാലഘട്ടങ്ങളിലെ താപനിലയും ലവണാംശവും ഉൾപ്പടെ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നതും.

ഇത്തരം പവിഴപ്പുറ്റ് അസ്ഥികൂടങ്ങളിലെ രണ്ട് ഘടകങ്ങളെയാണ് ഗവേഷകർ താപനിലാ ചരിത്രത്തിനായി പഠന വിധേയമാക്കിയത്. സ്ട്രോന്റിയവും കാത്സ്യവും ആയിരുന്നു ഈ ഘടകങ്ങൾ. പവിഴപ്പുറ്റ് നിലനിന്നിരുന്ന മേഖലയിൽ താപനില കൂടിയ അവസരങ്ങളിൽ കാത്സ്യത്തേക്കാൾ കൂടുതൽ സ്ട്രോന്റിയം ആകും ആ കാലഘട്ടത്തിൽ കാണപ്പെടുക. ചൂടിന് പകരം കടലിലെ താപനില തണുപ്പുള്ള സമയമാണെങ്കിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായി കാണപ്പെടും. ഇങ്ങനെ ഈ രണ്ട് ഘടകങ്ങളുടെ ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചുകൊണ്ടാണ് ഇക്കാലമത്രെയും ഈ പവിഴപ്പുറ്റ് കടന്ന് വന്ന താപനിലാ സാഹചര്യങ്ങൾ ഗവേഷകർ വിലയിരുത്തിയത്.

ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ

ഓരോ 25 മുതൽ 30 വർഷം വരെ കൂടും തോറും പസഫിക്കിലുണ്ടാകുന്ന താപനിലാ മാറ്റവും, ഓക്സിജന്റെ അളവിലുണ്ടാകുന്ന വ്യത്യാസവുമാണ് ഇന്റർഡെക്കേഡൽ പസഫിക് ഓസിലേഷൻ എന്ന് അറിയപ്പെടുന്നത്. ഇങ്ങനെ ഇന്റർഡക്കേഡൽ ഓസിലേഷന്റെ വിശദമായ പഠനത്തിനും ഈ പവിഴപ്പുറ്റ് അസ്ഥികൂടം സഹായകമായി. കൂടാതെ ഇനി വരുന്ന ദശാംബ്ദങ്ങളിൽ ഇന്റർഡെക്കേഡൽ ഓസിലേഷൻ എങ്ങനെ പെരുമാറാം എന്നതിന്റെ ധാരണയും ഈ പഠനത്തിലൂടെ ഗവേഷകർ രൂപീകരിച്ചു.

ഫിജിയിലെ ഈ കോറൽ മാത്രമല്ല പൊതുവെ ബോൾഡർ കോറൽ വിഭാഗത്തിൽ പെട്ട എല്ലാ പവിഴപ്പുറ്റുകൾക്കും ഏറെ നാൾ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പവിഴപ്പുറ്റുകളും അതാത് മേഖലകളിലെ താപനിലാമാറ്റങ്ങളെക്കുറിച്ചുള്ള വിവരശേഖരം നടത്തിയിരിക്കുന്നവയാണ്. ഇവയിലുള്ള പഠനവും അതിന് പാലിയോഓഷ്യാനോഗ്രാഫിക് ചരിത്ര രേഖകളും ചേർത്ത് വച്ചാൽ അത് സമുദ്ര പഠനത്തിൽ ഇത് വരെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത ഏടുകളേക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഗവേഷകർ പറയുന്നു.

മൂന്ന് തലമുറ; നാലു ‘ഗർഭിണി’കൾ ഒറ്റഫ്രെയിമിൽ: കുടുംബം മുഴുവൻ അണിനിരന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട്

മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ സർവസാധാരണമാണ്. എന്നാൽ ഒരു കുടുംബത്തെ മുഴുവൻ ഉൾപ്പെടുത്തി നടത്തുന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇതാദ്യമായിരിക്കും. അത്തരത്തിൽ ഒരു മേറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ആത്രേയ വെഡ്ഡിങ് ഫോട്ടോഗ്രാഫി ടീമാണ് വ്യത്യസ്തമായ ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വിഡിയോ ഒരുക്കിയത്. മുണ്ടക്കയം സ്വദേശിയായ ജിബിൻ–ചിഞ്ചു ദമ്പതികളുടെ ഫോട്ടോഷൂട്ട് വിഡിയോയിലാണ് ഇരുവരുടെയും മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും എത്തുന്നത്.

https://www.instagram.com/reel/C_argZGygN-/?utm_source=ig_web_copy_link


‘പിൻഗാമി’ എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ജിബിന്റെ മുത്തച്ഛൻ പി.സി. ജോർജ് മുത്തശ്ശി ചിന്നമ്മ എന്നിവരിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ശേഷം ചിഞ്ചുവിന്റെയും ജിബിന്റെയും മാതാപിതാക്കളും വിഡിയോയിൽ എത്തുന്നു. സ്ത്രീകളെല്ലാവരും ഗർഭിണികളേ പോലെയാണ് എത്തുന്നത്.

നിധിൻ റോയിയാണ് ക്യാമറ. സമൂഹമാധ്യമത്തിലെത്തി ഏതാനും ദിവസങ്ങൾക്കകം തന്നെ ലക്ഷങ്ങളാണ് വിഡിയോ കണ്ടത്. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു, കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായ വിഡിയോ,ഫാമിലി സപ്പോർട്ട് എന്നാൽ ഇതാണ് എന്നിങ്ങനെയുള്ള കമന്റുകളും എത്തി.

രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണം,സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികവൈകൃതം, അന്‍വറിന്‍റെ ആക്ഷേപം തുടരുന്നു

കോഴിക്കോട്. പിവി അൻവറിന്റെ ആരോപണം. പ്രത്യേക അന്വേഷണ സംഘം കരിപ്പൂരിലെ സ്വർണകടത്ത് വിശദമായി അന്വേഷിക്കുന്നു. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണം. ഇതിൽ കസ്റ്റംസ് പൊലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു

സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പൊലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നു എന്ന പുതിയ ആരോപണവും അൻവർ ഇന്നലെ ഉന്നയിച്ചിരുന്നു