Home Blog Page 2215

യെച്ചൂരിയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ആവശ്യമായ സമയം; പ്രിയസുഹൃത്തിനെ ഓര്‍ത്ത് ആന്റണി

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.

ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് യെച്ചൂരിയുടെ വേര്‍പാടോടെ നഷ്ടമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

‘യെച്ചൂരിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരുന്നു. സുഹൃത്തുക്കളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച്‌ ദിവസവും അന്വേഷിക്കാറുണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസമായി കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുന്നു എന്നാണ് മനസിലാക്കിയത്. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നത്തെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ്,’ ആന്റണി പറഞ്ഞു.

ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. ഇന്ത്യയുടെ മതേതര രാഷ്ട്രീയം വീണ്ടും പച്ചപിടിച്ച്‌ നല്ല ദിശയിലേക്ക് നീങ്ങാനുള്ള സാഹചര്യം തിരികെ വരികയാണ്. ഈ ഘട്ടത്തില്‍ സീതാറാം യെച്ചൂരി ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമായിരുന്നു യെച്ചൂരി എന്നും അദ്ദേഹം അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വേര്‍പാടുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണ് എന്നും യെച്ചൂരിയുമായി ദീര്‍ഘകാലമായുള്ള അടുപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കൂടുതല്‍ അടുത്തത്. ഒന്നാം യുപിഎ സര്‍ക്കാരിനെ സിപിഎം പിന്തുണച്ചപ്പോള്‍ ഇടയ്ക്കുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട നേതാവാണ് അദ്ദേഹം എന്നും ആന്റണി ചൂണ്ടിക്കാട്ടി.

‘പ്രണബ് മുഖര്‍ജിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചകളില്‍ അദ്ദേഹവും പ്രകാശ് കാരാട്ടും ഞാനും പങ്കെടുത്തിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ മുഖ്യധാരാ പാര്‍ട്ടിയായി അംഗീകരിച്ച്‌ കൊണ്ട്
ആത്മാര്‍ത്ഥമായി മതേതര ചേരിക്കായി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നല്ല രീതിയില്‍ മനസിലാക്കി പ്രവര്‍ത്തിച്ചിരുന്ന ആളാണ്. സിപിഎമ്മിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്,’ ആന്റണി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരൻ; ഈ വിയോഗം നികത്താനാവുന്നതല്ല; പിണറായി വിജയൻ

കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതീവ ദുഃഖത്തോടയും ഹൃദയവേദനയോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണ വാർത്ത കേൾക്കുന്നത്.
വിദ്യാർഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച സീതാറാം യെച്ചൂരി ആ കാലം മുതൽ തന്നെ രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവർത്തകനായി മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളിൽ ഉന്നതനിരയിൽ തന്നെയാണ് എക്കാലവും സീതാറാം യെച്ചൂരിയുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും നല്ല ബന്ധം പുലർത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു സീതാറാം യെച്ചൂരി.ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികൾക്ക് പോലും അങ്ങേയറ്റം സ്‍നേഹത്തോടെയും ആദരവോടെയും സമീപിക്കാൻ കഴി‌ഞ്ഞ നേതാവ് കൂടിയായിരുന്നു അദ്ദേഹം. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് സീതാറാം യെച്ചൂരിയുടെ വിയോഗം പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അത്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്‍റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അ‍ർപ്പിക്കുന്നുവെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് മാധ്യമ പ്രവ‍ർത്തകരോട് പറഞ്ഞു.
ഡല്‍ഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറി മോഷണം; പ്രതി പിടിയില്‍

കരുനാഗപ്പള്ളി: ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് തെക്ക് കിടങ്ങയം നടുവില്‍ മാരൂര്‍ ചിറയില്‍ വീട്ടില്‍ ആരോമല്‍ എന്ന ത്രിജിത്ത് (19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ജൂലൈ 30ന് പുലര്‍ച്ചെ തൊടിയൂര്‍ അമ്പിരേത്ത് ദുര്‍ഗാ ദേവി ക്ഷേത്രത്തിനുള്ളില്‍ അതിക്രമിച്ച് കയറിയ പ്രതി തിടപ്പള്ളിയില്‍ പൂട്ടി സൂക്ഷിച്ചിരുന്ന 5 ഓട്ട് ഉരുളികളും 6 നിലവിളക്കുകളും 12000 രൂപയും മോഷ്ടിച്ചെടുക്കുകയായിരുന്നു.
മോഷണവിവരം മനസ്സിലാക്കി അടുത്ത ദിവസം തന്നെ ക്ഷേത്രഭാരവാഹികള്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മോഷണംപോയ ഓട്ട് പാത്രങ്ങള്‍ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശൂരനാടുള്ള ആക്രികടയില്‍ ഇവ വില്‍പ്പന നടത്തിയിട്ടുള്ളതായ് കണ്ടെത്തുകയായിരുന്നു.
ആക്രികട ഉടമയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് സംഘം പ്രതിയായ ത്രിജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; ശൂരനാട് സ്വദേശികള്‍ പിടിയില്‍

റോഡരികില്‍ നിര്‍ത്തിയിടുന്ന വലിയ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന സംഘം പിടിയിലായി. കൊല്ലം ശൂരനാട് നോര്‍ത്ത് വടക്കുമുറിയില്‍ പ്രമോദ് ഭവനം ഭവനത്തില്‍ പ്രദീപ് (43), കൊല്ലം ശൂരനാട് നോര്‍ത്ത് തെക്കേ മുറിയില്‍ വലിയറക്കത്ത് കിടപ്പുര വീട്ടില്‍ സമദ് (43) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 9ന് പുലര്‍ച്ചെ കൊല്ലം-തേനി ദേശീയ പാതയില്‍ ചാവടി ജംഗ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ഭാരത് ബെന്‍സ് ലോറിയുടെ പുതിയ ബാറ്ററികളാണ് മോഷണം പോയത്. ആദിക്കാട്ടുകുളങ്ങര സ്വദേശി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണിത്. 40,000 രൂപ വില വരുന്ന ബാറ്ററികളാണ് വെളുപ്പിന് സ്‌കൂട്ടറില്‍ എത്തിയ പ്രതികള്‍ മോഷ്ടിച്ചത്. ചക്കുവളളിയിലെ ആക്രിക്കടയില്‍ പ്രതികളെ എത്തിച്ചു നടത്തിയ തെളിവെടുപ്പില്‍ രണ്ടു ബാറ്ററികളും കണ്ടെടുത്തു.
പ്രതികള്‍ സമാനമായ രീതിയില്‍ ശൂരനാട്, അടൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയതായി പൊലീസിന് സംശമുണ്ട്. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നൂറനാട് സി ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ നിതീഷ്, എസ് സി പിഒമാരായ രജീഷ്, രാധാകൃഷ്ണന്‍ ആചാരി, ശരത്ത്, സിജു, സുന്ദരേശന്‍, സി പി ഒമാരായ കലേഷ്, മനു, വിഷ്ണു, ഷമീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. എകെജി ഭവനില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. 14ന് വൈകുന്നേരം 3ന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും.
ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ വൈകിട്ട് മൂന്നരയോടെയായിരുന്നു യെച്ചൂരിയുടെ അന്ത്യം. യെച്ചൂരിയുടെ നിര്യാണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അനുശോചിച്ചു.

ശ്രുതിയെ ചേര്‍ത്തുപിടിക്കാന്‍ ഇനി ജെന്‍സന്‍ ഇല്ല…. പ്രിയതമനെ അവസാനമായി കണ്ട് ശ്രുതി

വെള്ളാരംകുന്നില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം അവസാനമായി കണ്ട് ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ ശ്രുതി ഐസിയുവില്‍ ചികിത്സയിലാണ്. ജെന്‍സന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നടത്തും.
ബന്ധുക്കളാണ് പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തി. ആയിരങ്ങളാണ് ജെന്‍സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പലരും ജെന്‍സന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ വിങ്ങിപ്പൊട്ടി. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജെന്‍സന്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടമായിരുന്നു. പുതിയ വീടും വിവാഹത്തിനായി കരുതിവച്ചിരുന്ന 4 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണവും ഒലിച്ചുപോയി. എല്ലാ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞ ശ്രുതിക്ക് കൂട്ടായി ജെന്‍സനുണ്ടായിരുന്നു.

സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് പത്തൊന്‍പതിനാണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ജെ.എന്‍.യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ.എന്‍.യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974-ല്‍ എസ്എഫ്‌ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

അടിയന്തിരാവസ്ഥ കാലത്ത് 1975-ല്‍ അദ്ദേഹം അറസ്റ്റിലായി. 1978-ല്‍ എസ്എഫ്‌ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986-ല്‍ എസ്എഫ്‌ഐ ദേശീയ പ്രസിഡന്റായി. 1984-ല്‍ 32ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി.

പിന്നീട് 2015-ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ല്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാം വട്ടവും പാര്‍ട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പീപ്പിള്‍സ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു. 2005-ല്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവര്‍ മക്കളാണ്.

സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍

ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ ശര്‍മിളയും മാത്യൂസും മണിപ്പാലില്‍ നിന്നാണ് പിടിയിലായത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
നേരത്തെ ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചിരുന്നത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യില്‍ സുഭദ്രയുടെ (73) മൃതദേഹമാണ് ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന കാട്ടൂര്‍ പള്ളിപ്പറമ്പില്‍ മാത്യൂസും (നിധിന്‍) ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശി ശര്‍മിളയും കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോകുകയായിരുന്നു.
സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പോലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വിലയിരുത്തല്‍.

ഒന്നരവർഷത്തിനു ശേഷം ഇതാദ്യം; ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്കും ശമ്പളം എത്തും. ഒന്നരവർഷത്തിനു ശേഷം ഇതാദ്യമായാണ് ഗഡുക്കളില്ലാതെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്.

ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പള വിതരണം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കൃത്യസയത്ത് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

നിയമനടപടിക്ക് വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്. നിയമനടപടിക്ക് വാളയാർ പെൺകുട്ടികളുടെ അമ്മ. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തിയ മുൻ അന്വേഷണഉദ്യോഗസ്ഥൻ സോജനെതിരെയുള്ള കേസ് റദ്ദാക്കിയ സംഭവം.കേസ് റദ്ധാക്കിയതിൽ വലിയ നിരാശയെന്ന് വാളയാർ അമ്മ ചാനലിനോട്

ഹൈകോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ.കേസ് റദാക്കാൻ പാടില്ലായിരുന്നു.സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെ കേസ് എടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല.സോജൻ അറിയാതെ പറഞ്ഞ കാര്യമല്ല അത്.ചാനലുകാർ മെനഞ്ഞെടുത്ത കാര്യവുമല്ല അത്.സോജൻ പറഞ്ഞത് കേൾപ്പിക്കുക മാത്രമാണ് ചാനൽ ചെയ്തതെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു