Home Blog Page 2193

വരുന്നൂ കോൺഗ്രസുകാർക്കും പാർട്ടി ക്ലാസ്: സിലബസിൽ എഐ മുതൽ ചരിത്രം വരെ; മാർഗരേഖയും വരും

കോട്ടയം; പ്രവർത്തകരെ പഠിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ബ്ലോക്ക് തലം വരെയുള്ള പുനഃസംഘടന പൂർത്തിയാക്കി ഈ വർഷം അവസാനത്തോടെ കോൺഗ്രസിൽ പഠന ക്ലാസുകൾ ആരംഭിക്കാനാണു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജുവിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സിലബസ് രൂപീകരിക്കാനുള്ള ആലോചനകൾ തുടങ്ങി. മൊഡ്യൂൾ അനുസരിച്ച് ബ്ലോക്ക് തലം വരെ തുടർച്ചയായുള്ള പരിശീലനവും ജില്ലാ–കെപിസിസി ഭാരവാഹികൾക്ക് റസിഡൻഷ്യൽ ക്യാംപുകളുമാണ് ഉദ്ദേശിക്കുന്നത്.

എഐ സാങ്കേതിക വിദ്യ, ഡേറ്റാ മാനേജ്മെന്റ്, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ മുതൽ പാർട്ടി ചരിത്രം വരെ ഭാരവാഹികൾക്കു പഠിക്കേണ്ടി വരും. പാർട്ടി ചരിത്രം, നെഹ്റുവിന്റെ കാഴ്ചപ്പാടുകൾ, മാർക്സിസവും സംഘപരിവാർ രാഷ്ട്രീയവും, ഇന്ത്യൻ സ്വാതന്ത്ര്യസമരം തുടങ്ങിയവ ഉൾപ്പെടെ മനഃപാഠമാക്കണം. സമ്മേളന വേദികളിലെ ഇടിച്ചുകയറൽ, ഫോട്ടോയിൽ ഉൾപ്പെടാനുള്ള തിക്കിത്തിരക്ക്, ഫ്ലെക്സ് ബോർഡുകളിൽ തല കാണിക്കാനുള്ള ആവേശം എന്നിവ നിയന്ത്രിക്കാനുള്ള അച്ചടക്ക ക്ലാസുകളും ഉണ്ടാകും. കൂടിയാലോചനകൾക്കു ശേഷമാകും സിലബസ് സംബന്ധിച്ച അന്തിമ തീരുമാനം.

കെപിസിസി പരിശോധിക്കും

280 ബ്ലോക്ക് കമ്മിറ്റികളിൽ 161 എണ്ണത്തിന്റെ പുനഃസംഘടന പൂർത്തിയായി. ബാക്കിയുള്ള 119 കമ്മിറ്റികൾ ഒക്ടോബർ 15നുള്ളിൽ പുനഃസംഘടിപ്പിക്കും. വാർഡ്, മണ്ഡലം, നിയോജക മണ്ഡലം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ പട്ടിക ഡിസിസി വഴി കെപിസിസിക്കു കൈമാറും. കെപിസിസി നിയോഗിക്കുന്ന സമിതി സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളുടെയും ഭാരവാഹിപ്പട്ടിക സൂക്ഷ്മമായി പരിശോധിക്കും. വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഇത്.

നമ്മൾ എത്ര പേർ?

2025 തുടക്കത്തോടെ പാർട്ടി ഭാരവാഹികളുടെയും പ്രവർത്തകരുടെയും വിവരങ്ങൾ പൂർണമായും ശേഖരിക്കാനുള്ള നടപടികൾ തുടങ്ങും. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൂടി സഹായത്തോടെയാകും ഇത്. ഭാരവാഹികളുടെയും പ്രവർത്തകരുടെയും എണ്ണം, അവരുടെ വിവരങ്ങൾ എന്നിവ ശേഖരിക്കുകയാണു ലക്ഷ്യം.

പെർഫോമൻസ് അസസ്മെന്റ് സിസ്റ്റം

താഴെത്തട്ട് മുതലുള്ള പാർട്ടി ഭാരവാഹികൾക്കു മാർഗരേഖ കൊണ്ടുവരാനും നീക്കമുണ്ട്. മാർഗരേഖ പുറത്തിറക്കിയ ശേഷം പ്രവർത്തനം വിലയിരുത്താനായി പെർഫോമൻസ് അസെസ്മെന്റ് സിസ്റ്റം നടപ്പിലാക്കും. ‘ഒരാൾക്ക് ഒരു പദവി’ താഴെത്തട്ടിലും നിർബന്ധമാക്കും. ഉദാഹരണത്തിന്, മണ്ഡലം വൈസ് പ്രസിഡന്റായിരിക്കുന്ന ഒരാൾ ചിലപ്പോൾ കർഷക കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ആയിരിക്കാം. ഇത്തരത്തിൽ രണ്ടു പദവികൾ അനുവദിക്കില്ല.

അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി . തൊഴിൽ സമ്മർദ്ദം മൂലം കുഴഞ്ഞുവീണു മരിച്ച അന്ന സെബാസ്റ്റ്യൻ മരണത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ. സമഗ്ര അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേ അറിയിച്ചു. മകളുടെ മരണത്തിൽ അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് ചർച്ച ആയതോടെയാണ് കേന്ദ്രസർക്കാറിന്റെ ഇടപെടൽ.തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്ന് അന്നയുടെ അച്ഛൻ സിബി പറഞ്ഞു

തൊഴിൽ സമ്മർദ്ദ മൂലമാണ് അന്നാ സെബാസ്റ്റ്യൻ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചതെന്ന് അന്നയുടെ അമ്മ ഏണസ്റ്റ് & യങ് ഇന്ത്യ കമ്പനി ചെയർമാന് അയച്ച കത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അന്നയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രാലയം അറിയിച്ചു.തൊഴിൽ സഹമന്ത്രി ശോഭാ കരന്ദലജേയാണ് അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകിയത്.അന്വേഷണത്തെ സ്വാഗതം ചെയ്ത അന്നയുടെ പിതാവ്,തൊഴിൽ അന്തരീക്ഷത്തിലെ മാറ്റത്തിനു വേണ്ടിയാണ് കത്തയച്ചതെന്ന് അന്നയുടെ പിതാവ് സിബി പറഞ്ഞു

കമ്പനിയുടെ ഇന്ത്യയിലെ പാർട്ണറും,സീനിയർ മാനേജറും കങ്ങരപ്പടിയിലെ അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു.പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി.
അന്നയുടെ അമ്മ കമ്പനിക്ക് അയച്ച കത്ത് അഖിലേഷ് യാദവ് സാകേത് ഗോഖലെ എംപി എന്നിവർ പങ്കുവെച്ചതോടെ വിഷയം രാജ്യശ്രദ്ധ നേടി. പഠനത്തിൽ മികവുലർത്തിയ അന്ന മാർച്ചിലാണ് കമ്പനിയിൽ പ്രവേശിക്കുന്നത്. നാലുമാസത്തിനിപ്പുറം ജൂലൈയിലാണ് അന്ന താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്.മരണശേഷം നാലുമാസത്തോളം കമ്പനി തുടരുന്ന അനാസ്ഥയെക്കുറിച്ചും അന്നയുടെ അമ്മ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു

യുഎഇയിൽ സന്ദർശക വീസയിലെത്തി ചതിയിൽപ്പെട്ട് ‘കുടുങ്ങി’യവർക്ക് മലയാളികളുടെ ഓണസദ്യ

ഷാർജ: ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമെല്ലാം വന്നുപോകുമ്പോൾ ഇതിലൊന്നും സന്തോഷിക്കാനാകാതെ സ്വയം ശപിച്ചിരിക്കുന്ന ഒരു കൂട്ടരുണ്ട് യുഎഇയിൽ, സന്ദർശക വീസയിലെത്തി ഏജന്‍റിന്‍റെ ചതിയിൽപ്പെട്ട് പ്രതിസന്ധിയിലായ കുറേയേറെ യുവതീയുവാക്കൾ. ഇവർക്ക് ഓണസദ്യ വിളമ്പിയിരിക്കുകയാണ് ഒരുകൂട്ടം മലയാളി സാമൂഹികപ്രവർത്തകർ. സദ്യയുണ്ടവരിൽ മലയാളികളാണ് ഭൂരിഭാഗമെങ്കിലും പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാരുമുണ്ട്.

ഷാർജ റോളയിലാണ് ഇവർക്ക് ഇഫ്‌താർ ഫോഴ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ നൽകിയത്. ഇവർക്ക് അവരുടെ താമസ സ്ഥലത്ത് പാർസലായി സദ്യ എത്തിച്ചുകൊടുക്കുകയായിരുന്നു. ദുബായിലെ ക്ലാസിക് ഫാമിലി റസ്റ്ററന്റ്, രുചിക്കൂട്ട് റസ്റ്ററന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സദ്യ ഒരുക്കിയതെന്ന് സംഘാടകരിലൊരാളായ യാസിർ ഹമീദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. അബ്ദുല്ല കമൻപാലം, ഷാഫി ചെർക്കള, ആർദ്ര പവിത്രൻ, സാഗർ എന്നിവരാണ് നേതൃത്വനിരയിലെ മറ്റു സാമൂഹിക പ്രവർത്തകർ.

സന്ദർശക വീസാ ചതിയിൽപ്പെട്ട് ഷാർജയിലെ റോളയിൽ കഴിയുന്നവർ ഇന്ന് സ്ഥിരം കാഴ്ചയായിരിക്കുന്നു. ഏജന്‍സിക്ക് വൻതുക നൽകി എംപ്ലോയ്മെൻ്റ് വീസ എന്ന് തെറ്റിദ്ധരിച്ച് സന്ദർശക വീസയിൽ ഇവിടെയെത്തി ഇന്നോ നാളെയോ ഏജൻസി ജോലി ശരിയാക്കിത്തരുമെന്ന് കാത്തിരിക്കുന്ന യുവതീയുവാക്കൾ. ഇവരെ റോളയിലെ കെട്ടിടങ്ങളിലെ ചെറിയ മുറികളിൽ കുത്തിത്തിരുകി താമസിപ്പിക്കുന്നു.

കൃത്യമായി ഭക്ഷണം പോലും ലഭിക്കാതെ, വീട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ പോലും സാധിക്കാതെ നരകയാതന അനുഭവിക്കുന്ന ഇത്തരക്കാരുടെ വാർത്ത നേരത്തെ പലപ്രാവശ്യം പുറത്ത് വന്നിരുന്നു. ഏജൻസിക്ക് നൽകിയ പണം ബാങ്ക് വായ്പയെടുത്തും ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം കടം വാങ്ങിയും നൽകിയായതിനാൽ തിരിച്ചുപോകാനും ഇവർക്ക് കഴിയുന്നില്ല. ഇവരിൽ കേരളത്തിന്‍റെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ യുവതികളുമുണ്ട്. പലരുടെയും വീസാ കാലാവധിയും കഴിഞ്ഞിരിക്കുന്നു.

മലയാളികൾക്ക് ഓണവും ഓണസദ്യയും ഗൃഹാതുരത്വമുണർത്തുന്ന കാര്യങ്ങളായതിനാൽ സ്ഥിരമായി കാണുന്ന നൂറോളം പേർക്ക് ഓണസദ്യ വിളമ്പാൻ തീരുമാനിക്കുകയായിരുന്നു ഇഫ്‌താർ ഫോഴ്സ്. ഈ സംഘടന നേരത്തെ ഇത്തരത്തിൽ റമസാൻ കിറ്റുകളും വിതരണം ചെയ്തിരുന്നു. വരുംകാലങ്ങളിൽ വിഷുസദ്യയും ക്രിസ്മസ് വിരുന്നുമൊരുക്കാനാണ് തീരുമാനമെന്ന് യാസിർ ഹമീദ് പറഞ്ഞു.

∙ സന്ദർശക വീസക്കാരുടെ കദനകഥകൾ
ഒരു വർഷത്തോളമായി നാട്ടിൽ നിന്ന് വന്നിട്ട്. ജോലി തരാമെന്ന് പറഞ്ഞുകൊണ്ടുവന്ന് ഏജൻസി ചതിച്ചതാണ്. റോളയിലെ മുറിയിലാണ് താമസം. ഇവിടെ രണ്ട് മുറികളിലായി ഞാനടക്കം ഇരുപതോളം പേരുണ്ട്. രണ്ടു പ്രാവശ്യം വിസിറ്റ് വീസ കാലാവധി നീട്ടി. ഇപ്പോൾ അതിന്‍റെയും കാലപരിധി കഴിഞ്ഞ് വൻതുക പിഴയായിരിക്കുന്നു.

ഇതിനിടയിൽ റമസാനും വിഷുമൊക്കെ കടന്നുപോയെങ്കിലും എല്ലാ ദിവസവും അരപ്പട്ടിണിയായിരുന്നു. ചുറ്റുവട്ടത്തുള്ളവർ ആഘോഷിക്കുന്നത് കാണുമ്പോൾ ഞങ്ങളുടെയെല്ലാം കണ്ണുനിറയുമായിരുന്നു. പൊതുമാപ്പിലൂടെ തിരിച്ചുപോകാനാണ് ആഗ്രഹിക്കുന്നത്. ഇതിനിടെ ഇത്തരത്തിൽ ഓണസദ്യയുണ്ണാന്‍ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മറ്റാരേക്കാളും രുചിയോടെ ഇപ്രാവശ്യം ഓണസദ്യയുണ്ടത് എന്നെപ്പോലുള്ള ചതിയിൽപ്പെട്ട് കഴിയുന്നവർ തന്നെയായിരിക്കും. സദ്യവിളമ്പിയവർക്ക് ഏറെ നന്ദി – പത്തനംതിട്ട പന്തളം സ്വദേശി രവീഷ് കുമാർ പറഞ്ഞു. കൊല്ലം സ്വദേശി ഐസക്കിനും തൃശൂർ സ്വദേശി റിസാനും ആദർശിനും ഇതുതന്നെയാണ് പറയാനുള്ളത്.

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്‍റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ.

ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

കല്യാണ വീട്ടിൽ കവർച്ച, പിടിക്കപ്പെടുമെന്നായപ്പോൾ ഉപേക്ഷിച്ചു: മോഷണം പോയ 17.5 പവൻ സ്വർണം കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂരിൽ വിവാഹവീട്ടിൽനിന്നു മോഷണം പോയ സ്വർണം ദിവസങ്ങൾക്കു ശേഷം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് 17.5 പവൻ സ്വർണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഇന്നു രാവിലെ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

14ന് മാറനല്ലൂർ പുന്നൂവൂരിൽ ഗില്ലിൻ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണം നടന്നത്. വിവാഹശേഷം വരനും വധുവും ബന്ധുവീട്ടിൽ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഗിലിന്റെ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടമായത്. 30 പവൻ സ്വർണം വച്ചിരുന്ന ബാഗിൽനിന്ന് 17.5 പവൻ ആണ് നഷ്ടപ്പെട്ടത്. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നു രാവിലെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊതിഞ്ഞ നിലയിൽ ആരോ വീടിനു സമീപത്തെ വഴിയിൽ ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വർണം തിരികെ വയ്ക്കുകയായിരുന്നുവെന്നു മാറനല്ലൂർ പൊലീസ് പറയുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കും, തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി

ശ്രീ നഗര്‍. ബിജെപി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിന്റെ കടയിൽ രാഹുൽ ഗാന്ധി വെറുപ്പ് വിൽക്കുന്നു എന്ന് വിമർശനം. പാകിസ്താന്റെ അജണ്ടയാണ് കോണ്ഗ്രസും എൻ സി യും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി. ഹരിയാനയിൽ എല്ലാ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കർഷകർക്ക് മിനിമം താങ്ങുവിലയും വാഗ്ദാനം ചെയ്ത ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി.

ബിജെപി അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന്, ശ്രി നാഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

പ്രായമായ സ്ത്രീകളുടെ അകൗണ്ടിൽ പ്രതിവര്‍ഷം 18,000 രൂപ നിക്ഷേപിക്കും.
എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷം ഏഴുലക്ഷം രൂപവരെയുള്ള ചികില്‍സ സൗജന്യമാക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ 80,000 രൂപ നല്‍കും തുടങ്ങിയവയാണ് മറ്റ് വാഗ്ധനങ്ങൾ.

രാഹുൽ ഗാന്ധി വിദേശത്ത് ദേവതകളെ അപമാനിച്ചെന്നും സ്നേഹത്തിന്റെ കടയിൽ രാഹുൽ ഗാന്ധി വെറുപ്പ് വിൽക്കുന്നു എന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി.

അനുചേദം 370 തിരികെ കൊണ്ടുവരുമെന്നപാകിസ്താന്റെ അജണ്ടയാണ് കോണ്ഗ്രസും എൻ സി യും നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും മോദി വിമർശിച്ചു

ഹരിയാനയിലെ മുഴുവൻ അഗ്നിവീറുകൾക്കും സർക്കാർ ജോലിയും, കാർഷികോൽപ്പന്നങ്ങൾക്ക്‌ മിനിമം താങ് വിലയും വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രിക ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ പുറത്തിറക്കി.

ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്.
സർക്കാർ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ്, ഗ്രാമീണ മേഖലകളിൽ നിന്നുള്ള പെൺകുട്ടികൾക്ക് സ്കൂട്ടി,
എല്ലാ ഗ്രാമങ്ങളിലും ഒളിമ്പിക് നേഴ്സറി തുടങ്ങിയവയാണ് ബിജേപിയുടെ മറ്റ് പ്രധാന വാഗ്ദാനങ്ങൾ.

‘ദുഃഖകരം, തീരാനഷ്ടം; നല്ല തൊഴിൽ അന്തരീക്ഷം ഉറപ്പാക്കും’: അന്നയുടെ കുടുംബത്തിന് ഇവൈയുടെ കത്ത്

കൊച്ചി: ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് ഏൺസ്റ്റ് ആന്റ് യങ്ങിന്റെ (ഇവൈ) അനുശോചന സന്ദേശം. അന്നയുടെ കുടുംബത്തെയാണ് കമ്പനി അനുശോചനം അറിയിച്ചത്. ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതിൽ കമ്പനി പ്രാധാന്യം നൽകുന്നു. ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി കത്തിൽ പറഞ്ഞു. അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്നാണ് മാതാവ് അനിതാ അഗസ്റ്റിൻ ഇവൈക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നത്.

‘‘കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ ഒരു നടപടിക്കും കഴിയില്ലെങ്കിലും, ദുരിത സമയങ്ങളിൽ ഞങ്ങൾ എപ്പോഴും ചെയ്യുന്നതുപോലെ എല്ലാ സഹായങ്ങളും നൽകിയിട്ടുണ്ട്. അത് തുടരും. അന്ന സെബാസ്റ്റ്യന്റെ ദാരുണവും അകാലത്തിലുള്ളതുമായ വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ഞങ്ങളുടെ അഗാധമായ അനുശോചനം ദുഃഖിതരായ കുടുംബത്തെ അറിയിക്കുന്നു.

അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങൾ അതീവ ഗൗരവത്തോടെയും വിനയത്തോടെയും എടുക്കുന്നു. എല്ലാ ജീവനക്കാരുടെയും ക്ഷേമത്തിന് ഏറ്റവും ഉയർന്ന പ്രാധാന്യം നൽകുന്നു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള ഞങ്ങളുടെ പതിനായിരത്തോളം ജീവനക്കാർക്ക് ആരോഗ്യകരമായ ജോലിസ്ഥലം നൽകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് തുടരും’’ – കമ്പനി കത്തിൽ വ്യക്തമാക്കി. ഇവൈ അധികൃതർ അന്നയുടെ മാതാപിതാക്കളെ കൊച്ചിയിലെത്തി സന്ദർശിക്കും.

മകളുടെ മരണത്തിനു കാരണമായത് കമ്പനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്ക് അയച്ച കത്തിൽ അന്നയുടെ മാതാവ് അനിത ആരോപിച്ചിരുന്നു. മരണശേഷം നാലു മാസത്തോളമായി കമ്പനി തുടരുന്ന മനോഭാവത്തെയും ഇവർ കുറ്റപ്പെടുത്തി. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

മാർച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. നാലു മാസത്തിനിപ്പുറം ജൂലൈയിൽ അന്ന മരിച്ചു. പുണെയിൽ ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിന്റെ ഭാഗമായിരുന്നു.

ദേശീയ കബഡി താരത്തിന്റെ മരണം: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം വീതം പിഴയും

കാസർകോട്: ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18ന് ആണ് സ്വന്തം വീട്ടിൽ മരിച്ചത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ.മനോജ് ശിക്ഷ വിധിച്ചത്.

രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വർഷവും ശ്രീലതയ്ക്ക് അഞ്ച് വർഷവും കഠിനതടവും ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസംകൂടി കഠിനതടവ് അനുഭവിക്കണം. സ്ത്രീധനപീഡന കുറ്റത്തിൽ രണ്ട് വർഷംവീതം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസംകൂടി കഠിനതടവ് അനുഭവിക്കണം.

പ്രീതിക്ക് ഒൻപത് വയസ്സുള്ള മകളുണ്ട്. നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാൻ ജില്ലാ നിയമസേവന സഹായ അതോറിറ്റിക്കു നി‍ർദേശം നൽകി. രണ്ടാം പ്രതിയായിരുന്ന ഭർതൃപിതാവ് ടി.കെ.രമേശൻ വിചാരണയ്ക്കിടെ മരിച്ചു. 20 സാക്ഷികൾ, 27 രേഖകൾ, അമ്മ, സഹോദരൻ എന്നിവരുടെ മൊഴികൾ, പ്രീതി പൊലീസിൽ നൽകിയ പരാതി, ഡയറിക്കുറിപ്പ്, മരിക്കുന്നതിനു തലേന്നു പ്രീതി അഭിഭാഷകന് തയാറാക്കി നൽകിയ 39 പേജുള്ള കുറിപ്പ് തുടങ്ങിയവയാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചതിനു തെളിവുകളായി കോടതിയിൽ ഹാജരാക്കിയത്.

ബേഡകം എസ്ഐ എ.ദാമോദരൻ ആദ്യം അന്വേഷിച്ച കേസിൽ കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ ഇ.ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.

ദേഹമാസകലം പൊള്ളലേറ്റ് സുബ്ബുലക്ഷ്മി; തുമ്പികൈ ഉയർത്തി സഹായമഭ്യർഥന, കരളലിയിക്കും അന്ത്യനിമിഷം

തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം കുന്രാക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിലെ പ്രമുഖ ആനയായിരുന്നു സുബ്ബുലക്ഷ്മി. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചികിത്സയ്ക്കിടെ ചെരിയുകയും ചെയ്തത്. കുടുംബത്തിലെ ഒരംഗമായി കരുതിയിരുന്ന 54 വയസുള്ള സുബ്ബുലക്ഷ്മിയുടെ വിയോഗം കാരൈക്കുടിക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അമ്മമാർ സുബ്ബുലക്ഷ്മിയുടെ അന്ത്യയാത്രയിൽ പങ്കാളികളായത്.

1971ലാണ് സുബ്ബുലക്ഷ്മി ക്ഷേത്രത്തിലെത്തുന്നത്. അന്നുമുതൽ കാരൈക്കുടിക്കാരുടെ പ്രിയപ്പെട്ടവളായി. ക്ഷേത്രത്തിലെത്തുന്ന ഭക്തർ സുബ്ബുലക്ഷ്മിയുടെ ആശിർവാദം വാങ്ങാതെ അവിടെനിന്നും പോകാറില്ല. ആനയ്ക്കു സമ്മാനമായി പഴവും നാളികേരവും മറ്റുമായി കുഞ്ഞുങ്ങളടക്കം ഭയമില്ലാതെ അടുത്തെത്തുമായിരുന്നു. എല്ലാവരോടും സ്നേഹത്തോടെയാണ് സുബ്ബുലക്ഷ്മി പെരുമാറിയത്.

ആനയെ പാർപ്പിക്കാനായി ക്ഷേത്രത്തിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ചിരുന്നു. വെള്ളിയാഴ്ച ഷെഡിനും സമീപത്തെ മരത്തിനും തീപിടിച്ചു. പരിസരത്തെ ഉണങ്ങിയ ചെടികളിലും തീപടർന്നതോടെ ആളിക്കത്താൻ തുടങ്ങി. ഈ സമയം ഷെഡിനകത്ത് ചങ്ങലയിൽ തളച്ചിട്ടിരുന്ന സുബ്ബുലക്ഷ്മിയുടെ ദേഹത്തും തീപടർന്നിരുന്നു. ചങ്ങലപൊട്ടിച്ച് ഓടിയെങ്കിലും സുബ്ബുലക്ഷ്മി അൽപദൂരമെത്തിയപ്പോഴേക്കും തളർന്നുവീണു.

ബഹളം കേട്ട് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികൾ ഉടൻതന്നെ വനംവകുപ്പിനെയും മൃഗാശുപത്രിയേയും അറിയിച്ചു. മുഖം, തുമ്പിക്കൈ, വാൽ, തല, പുറം, വയർ എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിയുന്നത്ര ചികിത്സ നൽകിയെങ്കിലും സുബ്ബുലക്ഷ്മിയെ രക്ഷിക്കാനായില്ല. വേദനയിൽ തുമ്പിക്കൈ ഉയർത്തിക്കൊണ്ട് നിലത്തുവീഴുന്ന ആനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കരളലിയിക്കുന്ന കാഴ്ച കണ്ട് വിതുമ്പി നിൽക്കാനേ ക്ഷേത്രഭാരവാഹികൾക്ക് സാധിച്ചുള്ളൂ.

ഷോർട്ട്സർക്ക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായതെന്നാണ് കാരൈക്കുടി പൊലീസ് പറയുന്നത്. ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. മന്ത്രിമാരായ കെ.ആർ. പെരിയകറുപ്പൻ, പി.ആർ. ശേഖർബാബു, അനിത രാധാകൃഷ്ണൻ എന്നിവർ സുബ്ബുലക്ഷ്മിക്ക് അന്തിമോപചാരം അർപ്പിച്ചു.

‘സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളും; ആരോപണം രാഷ്ട്രീയക്കളിയുടെ ഭാഗം’

കൊച്ചി: നടന്മാരായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു ഉൾപ്പെടെ ഏഴുപേർക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിക്കെതിരെ ബന്ധു കൂടിയായ യുവതി രംഗത്തെത്തിയ സംഭവത്തിൽ ആരോപണ, പ്രത്യാരോപണങ്ങൾ കൊഴുക്കുന്നു. കൂടുതൽപ്പേർക്കെതിരെ അന്വേഷണ സംഘത്തിനു മൊഴി നൽകുന്നതു തടയാനുള്ള രാഷ്ട്രീയക്കളിയുടെ ഭാഗമാണു തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ എന്നു നടി പ്രതികരിച്ചു.

ആരോപണം ഉന്നയിച്ച യുവതി തന്റെ മാതാവിന്റെ സഹോദരിയുടെ മകൾ തന്നെയാണെന്നും ഇവർ സ്ഥിരീകരിച്ചു.16 വയസ്സുള്ളപ്പോൾ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവയ്ക്കാൻ ബന്ധു കൂടിയായ നടി ശ്രമിച്ചു എന്നായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ യുവതിയുടെ പരാതി. കേരള, തമിഴ്നാട് ഡിജിപിമാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽ‍കുകയും ചെയ്തിരുന്നു

ഓണം കഴിഞ്ഞ് അൻപതോളം പേർ മൊഴികൾ കൊടുക്കുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് നടി ഫെയ്സ്ബുക് വിഡിയോയിൽ പറഞ്ഞു. അതുപോലെ രണ്ടു മന്ത്രിമാർ, പ്രതിപക്ഷത്തിന്റേത് അടക്കം 14 എംഎൽഎമാർ, സിനിമയിലെ ചില നടന്മാർ, അഭിഭാഷകർ തുടങ്ങിയവർക്കെതിരെ മൊഴി നൽകുമെന്നു താൻ പറഞ്ഞിരുന്നുവെന്നും ഈ മൊഴി നൽകാതിരിക്കാനും ഇക്കാര്യങ്ങൾ‍ പുറത്തുവരാതിരിക്കാനുമായി എല്ലാവരും ചേർന്നു നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമാണ് ആരോപണങ്ങൾ എന്നുമാണു നടിയുടെ വിശദീകരണം. തന്നെ കുടുക്കാനായി യുവതി കാശ് വാങ്ങിച്ചു കള്ളം പറയുകയാണെന്നും നടി പറയുന്നുണ്ട്. നേരത്തെ 2014ൽ യുവതിയെ ചെന്നൈയിൽ കൊണ്ടുപോയിട്ടുള്ള കാര്യം ഇവർ മാധ്യമങ്ങളോടു സമ്മതിച്ചിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞത് സഹോദരിയും മകളുമാണെന്നും താൻ സിനിമയിൽ എങ്ങനെയാണു കാര്യങ്ങൾ എന്നു പറഞ്ഞുകൊടുക്കുകയാണു ചെയ്തത് എന്നുമാണ് നടി വ്യക്തമാക്കിയത്.

നേരത്തെ, പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്താവുന്ന ആരോപണങ്ങളാണ് യുവതി നടിക്കെതിരെ ഉന്നയിച്ചത്. ‘‘2014ൽ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസ്സായിരുന്നു. ഈ വ്യക്തി ഇപ്പോൾ പലർക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോൾ അങ്ങനെയല്ലെന്നു പുറത്ത് അറിയിക്കണമെന്നു തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷൻ‌ സമയമാണ്. സിനിമ ഓഡിഷനെന്നു പറഞ്ഞാണ് ചെന്നൈയിലേക്കു കൊണ്ടുപോയത്. ഓഡിഷൻ ഉണ്ടെന്നു പറഞ്ഞ് ഒരു സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നത്. അവർ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാൻ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്. അവർ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയിൽ അവർ നോക്കും, ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്താൽ മതിയെന്നാണ് പുള്ളിക്കാരി (നടി) എന്നോടു പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവർ പറഞ്ഞത്’’, എന്നായിരുന്നു യുവതിയുടെ ആരോപണം.

ജെ റ്റി എസ് 81 സൗഹൃദ സംഗമവും പുസ്തക പ്രകാശനവും നാളെ

അടൂർ: മണക്കാല ജെ റ്റി എസിലെ 1981 ബാച്ച് വിദ്യാർത്ഥികളുടെ സൗഹൃദ സംഗവും റ്റി.എസ് ആശാ ദേവി രചിച്ച ‘അരങ്ങിലെ സ്ത്രീ നാട്യം’ എന്ന പുസ്തകത്തിൻ്റെ പ്രകാശനവും നാളെ നടക്കും.
രാവിലെ 10ന് അടൂർ ലയൺസ് ക്ലബ്ബ് ഹാളിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുസ്തക പ്രകാശനം നിർവ്വഹിക്കും.സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ പി ജയൻ പുസ്തകം ഏറ്റുവാങ്ങും. നാടക സംവിധായകനും രചയിതാവുമായ ജെയിംസ് പി.എൽ പുസ്തകം പരിചയപ്പെടുത്തും.ഫാദർ.ഫിലിപ്പോസ് ഡാനിയേൽ അധ്യക്ഷനാകും. മുൻ യുഎൻ ഡയറക്ടർ ജെഎസ് അടൂർ മുഖ്യ പ്രഭാഷണം നടത്തും. പി.എൻ. മാത്യു., ലക്ഷമി മംഗലത്ത്, സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് നടക്കുന്ന ഗുരു വന്ദനത്തിൽ അധ്യാപകരായിരുന്ന പി എൻ മാത്യു, റ്റി.കെ.വാസവൻ, ചെല്ലപ്പൻ ആചാരി, എൻ.രാജേന്ദ്രൻ നായർ എന്നിവരെ ആദരിക്കും.റ്റി.കെ.വാസവൻ മറുപടി പ്രസംഗം നടത്തും. എ കുഞ്ഞുമോൻ സ്വാഗതവും, ബേബി ജോൺ നന്ദിയും പറയും.