മണ്‍റോത്തുരുത്തിൽ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് മുങ്ങി മരിച്ചു. ചവറ പന്മന മാമ്പുഴേത്ത് വീട്ടില്‍ നജ്മല്‍ (21) ആണ് മരിച്ചത്. കിടപ്രം തെക്ക് ചിറയിൽകടവ് ഭാഗത്ത് വച്ചായിരുന്നു അപകടം. തൊട്ടിൽ കുളിക്കാനിറങ്ങിയ നജ്മൽ നീന്തുന്നതിടെ മുങ്ങി പോകുകയായിരുന്നു. സ്‌കൂബാ ടീം എത്തി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്.
നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും; സിപിഎം പാർലമെന്ററി പാർട്ടി യോഗത്തിനുമില്ല, എൽഡിഎഫ് വിട്ട് അൻവർ
മലപ്പുറം: മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും എതിരെ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ എൽഡിഎഫ് വിട്ട് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ഇനി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നറിയിച്ച പി.വി.അൻവർ നിയമസഭയിൽ പ്രത്യേകമായി ഇരിക്കുമെന്നും അറിയിച്ചു. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്ത് ഇരിക്കുമെന്നു പി.വി.അൻവർ എംഎൽഎ വ്യക്തമാക്കിയതോടെയാണ് ഇടതു സ്വതന്ത്ര എംഎൽഎയായ അൻവർ മുന്നണി വിടുന്നതായി ഉറപ്പിച്ചത്.
‘ജനങ്ങളോട് പിന്തുണയുള്ള നേതാക്കളാണ് എന്നെ പിന്തുണയ്ക്കുന്നത്. പേര് പറയാൻ ഒരു ബുക്ക് വേണ്ടി വരും. പാർട്ടി തള്ളിയാൽ ഞാൻ നടുപക്ഷത്ത് നിൽക്കും. നടുക്കൊരു സീറ്റ് തരണമെന്ന് സ്പീക്കറോട് പറയും. അങ്ങോട്ടും ഇങ്ങോട്ടുമില്ല. പാർലമെന്ററി പാർട്ടി യോഗം നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് നടക്കുക. അവിടെ എന്ത് പറയാനാണ്? അവിടെ നിന്ന് കാര്യങ്ങൾ ഇങ്ങോട്ട് പറയും. ഈ വരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ താൻ പങ്കെടുക്കില്ല. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് എന്റെ വിശ്വാസം. ഡിവൈഎഫ്ഐക്കാരൊക്കെ ഇപ്പോഴും പൊതിച്ചോറ് കൊടുക്കുകയാണ്. അവർ എന്നോടൊപ്പമാണ്. അവരോടൊപ്പം ഞാൻ ഉണ്ടാകും. കിട്ടിയതൊന്നും ഞാൻ വിടില്ല’’– എൽഡിഎഫ് വിടാനുള്ള തീരുമാനത്തിൽ അൻവർ വ്യക്തത വരുത്തി.‘
അതേസമയം എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകൾ അൻവർ തള്ളി. എംഎൽഎ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് ആ മൂന്നക്ഷരം തനിക്കു നൽകിയതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിനിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി.വി അൻവറിൻറെ വാർത്താസമ്മേളനം നടന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അൻവർ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു.
പിണറായി വിജയന്‍റെ ഏകാധിപത്യത്തിന്‍റെ കടയ്ക്കല്‍ വെട്ടി പിവി അന്‍വര്‍
മലപ്പുറം. സിപിഎമ്മിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഏകാധിപത്യത്തിന്‍റെ കടയ്ക്കല്‍ വെട്ടി വീണ്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎം അതിന്‍റെ ചരിത്രത്തില്‍ ഉള്ളില്‍ നിന്നും നേരിടുന്ന ഏറ്റവും വലിയ ആരോപണമാണ് അന്‍വര്‍ ഉയര്‍ത്തിയത്. പാര്‍ട്ടി മാഫിയ പിടിയിലാണെന്നും മുഖ്യമന്ത്രിക്ക് ശക്തി നശിച്ചെന്നും സിപിഎമ്മിന്‍റെ അവസാനമുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും അടക്കമുള്ള രൂക്ഷമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായി അന്വേഷണം നടക്കുന്നില്ലെന്ന് അന്‍വര്‍ ആരോപിച്ചു. പരാതികളില്‍ വിശദമായ പരിശോധന നടക്കും എന്ന് പാര്‍ട്ടിയുടെ ഉറപ്പിലായിരുന്നു പരസ്യപ്രതികരണം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടുന്നില്ല എന്ന് അന്‍വര്‍ ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരോട് ഉപമിച്ചെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. അത് തനിക്ക് വലിയ ഡാമേജുണ്ടാക്കി. പാര്‍ട്ടി അദ്ദേഹത്തെ തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല എന്നും തനിക്ക് പാര്‍ട്ടി തന്ന ഉറപ്പുകള്‍ പാടേ ലംഘിക്കപ്പെട്ടെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത് അജിത് കുമാര്‍ നല്‍കിയ തിരക്കഥ അനുസരിച്ചാണ് എന്നും അദ്ദേഹം ആരോപിച്ചു.
പൊലീസ് തന്നെ കേസില്‍പ്പെടുത്തി അകത്താക്കുന്നതിന് മുന്‍പ് സത്യം വെളിപ്പെടുത്തണം എന്നതിനാലാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് വാര്‍ത്താസമ്മേളം നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ തന്നെ അന്വേഷണവുമായി മുന്നോട്ട് പോകേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കാരിയര്‍മാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുന്ന ദൃശ്യങ്ങളും അന്‍വര്‍ പുറത്തുവിട്ടു. ഇന്നലെ രാത്രി തന്റെ വീടിന് സമീപം പൊലീസ് എത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് അന്വേഷണത്തിലെ പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും ഇനി നിയമത്തിന്റെ വഴിയിലൂടെയായിരിക്കും പോരാട്ടം എന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കി ഹര്‍ജി നല്‍കും. പൊലീസ് സിപിഎം പ്രവര്‍ത്തകരോടും നേതാക്കളോടും മോശമായാണ് പെരുമാറിയത്. സിപിഎം പ്രവര്‍ത്തകരാണ് എന്ന് പറഞ്ഞാല്‍ രണ്ടടി കൂടുതല്‍ കിട്ടുന്ന സാഹചര്യമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
താന്‍ എട്ട് വര്‍ഷം മുന്‍പ് സിപിഎമ്മിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ആളല്ല എന്നും ഡിഐസി തിരികെ കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ തൊട്ട് താന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പമാണ് എന്നും അന്‍വര്‍ പറഞ്ഞു. പി ശശിക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത് എന്നും മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല എന്നാണ് പറഞ്ഞത് എന്നും അന്‍വര്‍ പറഞ്ഞു. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്ന് പറഞ്ഞു. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ല.
188 ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെയെങ്കിലും ബന്ധപ്പെട്ടാല്‍ സത്യാവസ്ഥ പുറത്തുവരും എന്നും സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഇപ്പോഴും ഞാന്‍ പാര്‍ട്ടിയെ തള്ളിപ്പറയാനില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമാണ് താന്‍ എന്നു പറയുന്ന അന്‍വര്‍ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും നിലപാട് പ്രഖ്യാപിക്കുമെന്നും അറിയിച്ചിരിക്കയാണ്.
പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍… വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍
വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന 50 ലധികം മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കണ്ടെത്തല്‍. വിവിധ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പാരസെറ്റമോള്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള മരുന്നുകള്‍ എന്നിവ പരിശോധനയില്‍ യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ പാരസെറ്റമോള്‍ ഗുളികകളുടെ ഗുണനിലവാരത്തിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ആശങ്ക രേഖപ്പെടുത്തി. അന്റാസിഡ് പാന്‍ ഡി, കാല്‍സ്യം സപ്ലിമെന്റ് ഷെല്‍കാല്‍, പ്രമേഹത്തിനുള്ള മരുന്നായ ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദ മരുന്നായ ടെല്‍മിസാര്‍ട്ടന്‍ തുടങ്ങിയ ജനപ്രിയ മരുന്നുകളും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ മാസാടിസ്ഥാനത്തില്‍ നടത്തിയ റാന്‍ഡം സാമ്പിളിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. മിക്ക മരുന്നുകളും പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്നതും വ്യാപകമായി ഉപയോഗിക്കുന്നതുമായതിനാല്‍ പട്ടിക ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
Hetero Drugs, Alkem Laboratories, Hindustan Antibiotics Limited (HAL), കര്‍ണാടക ആന്റിബയോട്ടിക്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
മേക്കപ്പില്ലാതെ സിംപിളായി സായ് പല്ലവി, വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു
മലയാളി പ്രേക്ഷകരുടെയടക്കം പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സ്വാഭാവിക പ്രകൃതത്തിലാണ് പൊതു വേദിയിലും സിനിമാ ചടങ്ങിലും ഒക്കെ നടി എത്താറുള്ളത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മേക്കപ്പില്ലാതെ സാധാരണ പോലെ വന്ന നടി സായ് പല്ലവിയുടെ പുതിയ ആ വീഡിയോയും ഹിറ്റായിരിക്കുകയാണ്.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. എന്തായാലും നാഗചൈതന്യയുടെ തണ്ടേല്‍ സിനിമയുടെ കഥയുടെ സൂചനകള്‍ പുറത്തായത് ചര്‍ച്ചയായി മാറിയിട്ടുണ്ട്.
സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായികയാകുന്നത് നാഗചൈതന്യയാണ്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകൻ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താൻ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരൻ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയൻ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷൻ കശ്‍മീരാണ്.
മോദിയുടെ ‘തീരുവ’ നീക്കത്തില്‍ തേങ്ങ വില അടിച്ചുകയറുന്നു; കര്‍ഷകര്‍ക്ക് ലോട്ടറി, അടുക്കളയില്‍ വേദന
സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങ വില കുതിക്കുന്നു. കേവലം ആറുദിവസം കൊണ്ട് 11 രൂപയിലധികമാണ് ഉയര്‍ന്നത്. വില ഇനിയും കൂടുമെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടൊപ്പം ഡിമാന്‍ഡ് കൂടിയതും തേങ്ങയുടെ സമയം തെളിയാന്‍ കാരണമായിട്ടുണ്ട്.
നിലവില്‍ പച്ചത്തേങ്ങയുടെ ചില്ലറ വില്പന വില 55 രൂപ വരെയാണ്. മൊത്തക്കച്ചവടക്കാര്‍ കിലോയ്ക്ക് 45 രൂപ വരെ നല്‍കിയാണ് ശേഖരിക്കുന്നത്. തേങ്ങ വില ഇത്രത്തോളം ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. സെപ്റ്റംബര്‍ ആദ്യ വാരം വരെ തേങ്ങവിലയില്‍ വലിയ അനക്കമൊന്നും ഇല്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യഎണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചതോടെയാണ് തേങ്ങ വില കുതിക്കാന്‍ തുടങ്ങിയത്.
തേങ്ങ വില ഉയര്‍ന്നതോടെ വിപണിയില്‍ പൂഴ്ത്തിവയ്പ് വ്യാപകമാണെന്ന പരാതി ഉയരുന്നുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിച്ച് വില കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. വില ഉയര്‍ന്നതോടെ കൊപ്ര ഉത്പാദനം പലരും താല്‍ക്കാലികമായി നിറുത്തിയിട്ടുണ്ട്.
ഇറക്കുമതി നിയന്ത്രിച്ചപ്പോള്‍ കര്‍ഷകന് നേട്ടം
സെപ്റ്റംബര്‍ 14ന് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയിരുന്നു. പാമോയില്‍, സൂര്യകാന്തി, സോയാബീന്‍ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. വെളിച്ചെണ്ണയേക്കാള്‍ വില കുറഞ്ഞ ഇത്തരം എണ്ണകളായിരുന്നു പലരും ഉപയോഗിച്ചിരുന്നത്. കുറഞ്ഞ നികുതി മാത്രം ഈടാക്കിയിരുന്നതിനാല്‍ വിലയും കുറവായിരുന്നു.
എന്നാല്‍ 20 ശതമാനം മുതല്‍ 32 ശതമാനം വരെ നികുതി ഉയര്‍ത്തിയതോടെ ഇത്തരം ഭക്ഷ്യഎണ്ണകളുടെ വില ഉയര്‍ന്നു തുടങ്ങി. പാമോയില്‍ വിലയില്‍ വലിയ വര്‍ധന വന്നതോടെയാണ് പലരും വീണ്ടും വെളിച്ചെണ്ണയിലേക്ക് തിരിഞ്ഞത്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെയാണ് വിലയും ആനുപാതികമായി കൂടി തുടങ്ങിയത്.
സോയാബീന്‍, പരുത്തി എന്നിവയുടെ ഇറക്കുമതിയില്‍ ഇക്കൊല്ലം ആദ്യ ആറുമാസത്തില്‍ 55 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. പാമോയില്‍ ഇറക്കുമതിയില്‍ ഇത് 30 ശതമാനവും. നികുതി വര്‍ധിപ്പിച്ചതോടെ ഇറക്കുമതി വന്‍തോതില്‍ ഇടിയും. വെളിച്ചെണ്ണ വിലയ്‌ക്കൊപ്പം തേങ്ങ വിലയിലും ഇത് പ്രതിഫലിക്കും.
വെളിച്ചെണ്ണ വിലയിലും കുതിപ്പ്
ഓണത്തിനു മുമ്പു വരെ കിലോയ്ക്ക് 180 രൂപ വരെ പോയിരുന്ന വെളിച്ചെണ്ണ വില ഇപ്പോള്‍ 250 രൂപ വരെയായിട്ടുണ്ട്. തേങ്ങ ഉത്പാദനം കുറഞ്ഞത് വിലവര്‍ധനവിന് കാരണമാകുന്നുണ്ട്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 50 രൂപയോളമാണ് വര്‍ധിച്ചത്. വെളിച്ചെണ്ണ ഉത്പാദകര്‍ പ്രധാനമായും ആശ്രയിക്കുന്ന തമിഴ്നാട് കൊപ്രയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
നേരത്തെ വന്നിരുന്ന കൊപ്രയുടെ നാലിലൊന്ന് മാത്രമേ നിലവില്‍ വരുന്നുള്ളൂ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞതോടെ തേങ്ങ ഉത്പാദനവും കാര്യമായി കുറഞ്ഞിരുന്നു. നവരാത്രി ആഘോഷങ്ങള്‍ക്കായി ഉത്തരേന്ത്യയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായി. ദിവസങ്ങള്‍ക്ക് മുമ്പ് വരെ 112 രൂപയ്ക്ക് ലഭിച്ചിരുന്ന കൊപ്ര ഇപ്പോള്‍ 140 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. കൊപ്ര വില ഇനിയും ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചന.
15,000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 വാങ്ങാം; എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ഓഫറുകളും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മികച്ച ഓഫറും സഹിതം ഐഫോൺ 15 ആമസോണിൽനിന്നും 15,000 രൂപയുടെ അടുത്ത് വിലയിൽ വാങ്ങാം. എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം എങ്ങനെ ഈ ഓഫർ സ്വന്തമാക്കാമെന്ന് സശ്രദ്ധം നോക്കുക.
ഐഫോൺ 15 ആമസോണിൽ 79,600 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരുന്നത്, ഇപ്പോൾ ലഭിക്കുന്ന 12 ശതമാനം കിഴിവോടെയാണ് വില 69,990 രൂപയായി കുറയുന്നത്. പഴയ ഫോൺ ട്രേഡ് ചെയ്യുന്നതിലൂടെ 63,699 രൂപ വരെ ലാഭിക്കാം(വിവിധ ഫോണുകളിലും എക്സ്ചേഞ്ച് വാല്യൂ വ്യത്യസ്തമായിരിക്കും, എസ് 24ന് കിട്ടിയിരിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇവിടെ നൽകിയിരിക്കുന്നത്) 48,750 രൂപയായിരിക്കും കുറയുന്നതെങ്കിലും വില ഇരുപതിനായിരത്തിനടുത്തെത്തും.
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ ഇടപാടുകളിൽ 3000 രൂപ വരെ കിഴിവ് ലഭിക്കും , അന്തിമ ചെലവ് 15,000 രൂപയിലേക്ക് കുറയ്ക്കാന്‍ ഈ ഡീലുകൾ സഹായിക്കും.ഓഫർ കാലയളവിലും കമ്പനി തീരുമാനങ്ങൾക്കനുസരിച്ചും വിലയിലും ഓഫറിലും ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നത് ശ്രദ്ധിക്കുമല്ലോ?
ഐഫോൺ 15യുടെ ചില പ്രധാന സവിശേഷതകൾ ഇതാ:
∙6.1 ഇഞ്ച് 1170 x 2532 റെറ്റിന HD 60Hz ഡിസ്പ്ലേ
∙എ16 ബയോണിക് പ്രൊസസർ
∙6 ജിബി റാം
∙ഡ്യുവൽ ലെൻസ് പിൻ ക്യാമറ സിസ്റ്റം (48MP വീതി, 12MP അൾട്രാവൈഡ്)
∙12എംപി TrueDepth ഫ്രണ്ട് ക്യാമറ
∙128GB, 256GB, അല്ലെങ്കിൽ 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ
∙അഞ്ച് നിറങ്ങളിൽ ലഭ്യമാണ് (കറുപ്പ്, വെള്ള, ചുവപ്പ്, നീല, പച്ച).
ടെക് പ്രേമികളുൾപ്പടെ ഉറ്റുനോക്കുന്ന വിവിധ ഡീലുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലും ബിഗ് ബില്യൺ ഡേയ്ക്കും ആരംഭമാകുകയാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ പ്രൈം അംഗങ്ങൾക്കായി ആരംഭിച്ചു. സാധാരണ ഉപഭോക്താക്കൾക്ക് സെപ്‌റ്റംബർ 27ന് ആരംഭിക്കുന്ന വിൽപ്പനയിൽ പങ്കെടുക്കാൻ കഴിയും.
ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ മുതൽ ഫാഷനും ദൈനംദിന അവശ്യസാധനങ്ങളുമെല്ലാം ഉഗ്രൻ ഡീലുകളിലും മികച്ച കിഴിവുകളിലും വാങ്ങാം.പ്രൈം അംഗങ്ങൾക്ക് പരിമിത സമയ ഓഫറുകളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും പ്രയോജനപ്പെടുത്താം. നോ-കോസ്റ്റ് ഇഎംഐകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ എന്നിവ പോലുള്ള ഓപ്ഷനുകളുമുണ്ടാകും.
പന്മന പെരുമന പി മോഹനൻ നിര്യാതനായി
പന്മന .പരേതനായ പെരുമന പരമേശ്വരൻ പിള്ള യുടെ മകൻ പി.മോഹനൻ(68) നിര്യാതനായി.മരണാനന്തര ചടങ്ങുകൾ ,ചവറ-ശങ്കരമഗലത്തിനു സമീപം ചെപ്പള്ളിൽ വീട്ടിൽ സമയം ഇന്ന് രാത്രി എട്ട് മണിക്ക് ‘
ഭാര്യ -ഉഷ
മകൾ – കാർത്തിക
മരുമകൻ – വിനോദ്
പീഡനത്തിന് ഇരയായ നടി കീറി പറിഞ്ഞ സാരിയുമായി നേരിട്ട് എത്തി പരാതി പറഞ്ഞിട്ടും മുഖ്യമന്ത്രി കെ കരുണാകരൻ നടപടിയെടുത്തില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ
നിർമ്മാതാവിൻ്റെ ക്രൂര പീഡനത്തിനിരയായ മലയാള സിനിമയിലെ പ്രമുഖ നടി അതിന് തൊട്ടുപിന്നാലെ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നേരിട്ട് ഓടിയെത്തി പരാതി പറഞ്ഞിട്ടും കേരള മുഖ്യമന്ത്രി ചെറുവിരലനക്കിയില്ല എന്ന് വെളിപ്പെടുത്തൽ. മുൻ മുഖ്യമന്ത്രി കെം കരുണാകരന് എതിരെ ആണ് വെളിപ്പെടുത്തൽ. അതീവ ഗുരുതര ആരോപണം ഉന്നയിക്കുന്നത് കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരിക്കെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായിരുന്ന തോട്ടം രാജശേഖരൻ ആണ്.
പരാതി അന്വേഷിക്കാമെന്ന് ഉറപ്പുകൊടുത്ത് നടിയെ പറഞ്ഞയച്ച ശേഷം, അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്നാണ് വെളിപ്പെടുത്തല്‍. ഇരയും വേട്ടക്കാരനും പിന്നീട് ഒട്ടേറെ അംഗീകാരങ്ങള്‍ നേടി സിനിമയില്‍ സജീവമായിരുന്നു എന്നും രാജശേഖരൻ തുറന്നുപറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെയും അതിലൂടെ പുറത്തുവരുന്ന ലൈംഗീക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് മുപ്പത് വർഷമെങ്കിലും പഴക്കമുള്ള അനുഭവം തോട്ടം രാജശേഖരൻ വെളിപ്പെടുത്തുന്നത്. ദീർഘകാലം സിനിമയുടേയും പബ്ളിക് റിലേഷൻസ് വകുപ്പിൻ്റേയും ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
പിആർഡി ഡയറക്ടറെന്ന നിലയില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടാൻ അവസരം ഉണ്ടായിരുന്ന അദ്ദേഹം, കേരള ശബ്ദം വാരികയിലെഴുതിയ അനുഭവക്കുറിപ്പിലാണ് ഈ സംഭ്രമജനകമായ വെളിപ്പെടുത്തല്‍ നടത്തുന്നത്. “ഒരു ദിവസം രാവിലെ ഒരു സ്ത്രീ കീറിപ്പറിഞ്ഞ സാരിയും ബ്ളൗസുമായി ദേഹോപദ്രവമേറ്റ്, വേദനയോടെ സെക്രട്ടറിയേറ്റിലെ എൻ്റെ ആഫീസ് മുറിയിലെത്തി. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ നടിയാണെന്ന് മനസിലാക്കിയപ്പോള്‍ ആശ്വസിപ്പിച്ച ശേഷം കാര്യം തിരക്കി. താൻ അഭിനയിച്ച ഒരു ചിത്രത്തിൻ്റെ പ്രതിഫലം ഏറെക്കാലം കാത്തിട്ടും കിട്ടാത്തതിനാല്‍ തിരുവനന്തപുരത്തുള്ള പ്രൊഡ്യൂസറെ കാണാൻ ചെന്നതാണ്.
‘നേരത്തെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഞാൻ ചെന്നപ്പോള്‍ അദ്ദേഹത്തിൻ്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാല്‍ എന്നെ കടന്നാക്രമിച്ചു. അതില്‍ നിന്ന് വല്ല വിധേനയും കുതറിമാറി വരികയാണ്. എനിക്ക് മുഖ്യമന്ത്രിയെക്കണ്ട് വിവരം പറയണം’- ഇങ്ങനെയാണ് അവർ പറഞ്ഞത്.”
“ഞാൻ ഇതിനിടക്ക് മുഖ്യമന്ത്രി കരുണാകരൻ സാറിനെ വിളിച്ച് വിവരം അറിയിച്ചിരുന്നു. ഭാഗ്യത്തിന് അന്ന് അദ്ദേഹം ആഫീസ് മുറിയില്‍ ഉണ്ടായിരുന്നു. ആരുടേയും കണ്ണില്‍ പെടാതെ ഞാൻ ആ നടിയെ അവിടെ എത്തിച്ചു. വിവരണം കേട്ട് കുറെ നേരം അദ്ദേഹം അസ്തപ്രജ്ഞനായി ഇരുന്നു. അന്വേഷിച്ച് വേണ്ടത് ചെയ്യാം എന്ന പതിവ് മറുപടിയോടെ അവരെ കോട്ടയ്ക്കകത്തുള്ള ഒരു അഭ്യുദയകാംക്ഷിയുടെ വീട്ടിലേക്ക് അയച്ചു. ഉച്ച കഴിഞ്ഞ് മേല്‍നടപടി എന്ത് വേണമെന്ന് അന്വേഷിച്ച് ഞാൻ ചെന്നപ്പോള്‍ അദ്ദേഹം ഒന്നും വേണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. തുടർന്ന് പതിവ് സിംബലായി കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇടയ്ക്ക് ഗുരുവായൂരപ്പനേയും വിളിച്ചു കാണും.”
“ആഭ്യന്തര വകുപ്പിൻ്റെ ചുമതലയും ഉള്ള മുഖ്യമന്ത്രിയായി പരമാധികാരത്തോടെ നാട് ഭരിക്കുന്ന അക്കാലത്ത് അദ്ദേഹം നടപടി എടുത്തിരുന്നെങ്കില്‍ പില്‍ക്കാലത്ത് നിരവധി അവാർഡുകള്‍ വാങ്ങുകയും ജീവിതത്തില്‍ സമുന്നത സ്ഥാനങ്ങളിലെത്തുകയും ചെയ്ത ആ നടിയുടെ ഭാവി എന്താകുമായിരുന്നു. വേട്ടക്കാരനേയും അനന്തരകാലത്ത് പല സൗഭാഗ്യങ്ങളും തേടിയെത്തി. ഇരുവരും ഇപ്പോഴും നമ്മുടെ ഇടയില്‍ ഉള്ളവരായതിനാല്‍ എൻ്റെ സാക്ഷി മൊഴിയും ചുരുക്കുന്നു. ഈ സംഭവം ആരോടും പറയേണ്ട എന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ഞാൻ പാലിക്കുകയും ചെയ്തു.
“ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കാൻ അനുവദിക്കണം. ഇടത് പാർട്ടിക്കാരെ കുത്തിക്കയറ്റാനുള്ള ഇടമായി അക്കാദമിയും കോർപ്പറേഷനും അധ:പതിക്കരുത്. ഇപ്പോള്‍ പുറത്തു പോയ അക്കാദമി ചെയർമാൻ താൻ വേട്ടയാടപ്പെടുന്നു എന്ന് മാലോകരെ ബോധ്യപ്പെടുത്താനായി പറഞ്ഞ ഒരു കാരണം, ‘ഞാൻ എസ്‌എഫ്‌ഐക്കാരനായിട്ടാണ് ജീവിതം തുടങ്ങിയത്’ എന്നാണ്. സ്വാഭാവികമായും പാർട്ടിയില്‍ ഇക്കാലത്തിനിടക്ക് ഉയർന്നുയർന്ന് പൊളിറ്റ് ബ്യൂറോ അംഗമാകാനുള്ള യോഗ്യത അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെന്ന് തോട്ടം രാജശേഖരൻ ലേഖനത്തില്‍ പരിഹസിക്കുന്നുണ്ട്
പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ ഉറപ്പ് ലംഘിച്ചു, ഇനി പ്രതീക്ഷ കോടതിയിൽ ‘
മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനക്ക് പാര്‍ട്ടി നല്‍കി ഉറപ്പ് പാടെ ലംഘിച്ചു.തന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അൻവര്‍ പരിഹസിച്ചു. സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്ന് പിവി അൻവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. ഇപ്പോഴും പാർട്ടിയെ തള്ളിപ്പറയാനില്ല.പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് താൻ.അജിത്ത് കുമാർ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയത്.
മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്‍റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്‍റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താൻ ഉയര്‍ത്തിയ കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയേയാും വാര്‍ത്താസമ്മേളനത്തിനിടെ പിവി അൻവര്‍ പ്രദര്‍ശിപ്പിച്ചു. 575 ഗ്രാം സ്വർണ്ണം പൊലിസ് മുക്കി .
പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടായിരുന്നു പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.





































