Home Blog Page 2145

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഭിഭാഷകന്‍ ബി.എ. ആളൂര്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. പ്രതി സന്ദീപിനായി അഭിഭാഷകരായ സച്ചിന്‍ പൊഹ്വാ, ആര്‍ പി ഗോയല്‍, ആര്‍ വി ഗ്രാലന്‍ എന്നിവര്‍ ഹാജരായി.
സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഈ മാസം ആദ്യം സുപ്രീംകോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് വ്യക്തമാണെന്നും സുപ്രീംകോടതി പറഞ്ഞു. കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ.വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതിഭാഗം വാദിച്ചു.

തൃശൂർ എടിഎം കവർച്ച കേസിൽ പ്രതികളെ പിടികൂടിയത് അതിസാഹസികമായി

തൃശൂർ . എടിഎം കവർച്ച കേസിൽ പ്രതികളെ പിടികൂടിയത് അതിസാഹസികമായി,മോഷണത്തിന് ഉപയോഗിച്ച കാർ കൺടെയ്നറിലാക്കി കടന്ന് കളയാൻ ശ്രമിച്ച സംഘത്തെ നടുറോഡിൽ വെച്ചാണ് പോലീസ് പിടികൂടിയത്,ഓടി രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്.മോഷണം കഴിഞ്ഞ് പ്രതികൾ രക്ഷപ്പെടാൻ തിരഞ്ഞെടുത്തത് ചരക്ക് കണ്ടെയ്നറിനെ,പാലക്കാടും കോയമ്പത്തൂരും പിന്നിട്ട് നാമക്കലിലേക്ക് കടന്ന സംഘം ഗ്രാമങ്ങളിലെ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കി,തുടർന്നാണ് പള്ളിപ്പാളയം പോലീസ് വാഹനത്തെ പിന്തുടർന്ന് പ്രതികളെ പിടികൂടുന്നത്

പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ പാൽവർ സ്വദേശി വെടിവെപ്പിൽ കൊല്ലപ്പെട്ടു,ഒരാൾ ചികിത്സയിലാണ്,അഞ്ചുപേരെ ചോദ്യം ചെയ്ത് വരികയാണെന്ന് സേലം ഡിഐജി ഉമ മാധ്യമങ്ങളോട് പറഞ്ഞു

ഏറ്റുമുട്ടലില്‍ ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവര്‍ക്കും പരിക്കേട്ടിട്ടുണ്ട്,പ്രതികളെ ഇന്ന് കോടതിയിൽ ഹാജറാക്കില്ല,കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന വിവിധ കവർച്ചാ കേസുകളിൽ സംഘത്തിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്

ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ദേവസ്വം ബോർഡ്‌ കോളേജ് ഭൂമിത്രസേന ക്ലബിന്‍റെ നേതൃത്വത്തില്‍ തടാകതീരത്ത് ശുചീകരണം നടത്തി

ശാസ്താംകോട്ട. ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ച് ശാസ്താംകോട്ട കെഎസ്എം ദേവസ്വം ബോർഡ്‌ കോളേജിലെ ഭൂമിത്രസേന ക്ലബിന്‍റെ നേതൃത്വത്തില്‍ തടാകതീരത്ത് ശുചീകരണം നടത്തി.

എന്‍എസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ്, ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി, ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ ഭൂമിത്രസേന ക്ലബ് എന്നിവ സംയുക്തമായി സ്വച്ഛത ഹി സേവ എന്ന ശുചിത്വ പരിപാടി നടത്തി. പങ്കെടുത്ത അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വച്ഛത പ്രതിജ്ഞ നടത്തി. പ്രിൻസിപ്പൽ ഡോ. കെ സി. പ്രകാശ് അധ്യക്ഷൻ ആയി. തടാക സംരക്ഷണ സമിതി ജനറല്‍ കണ്‍വീനറും എഴുത്തുകാരനുമായ ഹരി കുറിശേരി ഉദ്ഘാടനം ചെയ്തു.

ടികെഎം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ പ്രൊഫ. മുംതാസ് സ്വഛ് ഭാരത് മിഷന്റെ ഭാഗം ആയിട്ടുള്ള സ്വച്ഛത ഹി സേവ എന്ന പരിപാടിയുടെ പ്രസക്തതിയെക്കുറിച്ച് സംസാരിച്ചു. ഭൂമിത്ര സേന കോർഡിനേറ്റർ ലക്ഷ്‌മി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭൂമിത്രസേന ക്ലബ്‌ അംഗങ്ങൾ ആയിട്ടുള്ള ഡോ ശ്രീകല, ലൈബ്രറിയൻ ഡോ പി ആര്‍ ബിജു, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണി ഡോ ഗീതാകൃഷ്ണൻ നായർ, തടാക സംരക്ഷണ സമിതി ഭാരവാഹികളായ ശാസ്താംകോട്ടഭാസ്, സൈറസ് പോള്‍, ശാസ്താംകോട്ട റഷീദ്, ഭൂമിത്ര സേന ക്ലബ്‌ അംഗങ്ങൾ, എൻഎസ്എസ്, റെസ്പോണ്സിബിൽ ടൂറിസം ക്ലബ്‌ എന്നി ക്ലബ്ബുകളിലെ വിവിധ കുട്ടികളും ഈ പരിപാടി യിൽ പങ്കെടുത്തു. ഭൂമിത്ര സേന ക്ലബ്‌ കോർഡിനേറ്റർമാരായ അതുൽ, ശിവം, ഷിബി, ദേവിക. കേരള ടൂറിസം ക്ലബ്‌ കൊല്ലം ജില്ലാ കോർഡിനേറ്റർ സുധിന്ത്രനാഥ്‌, ഡിബി കോളേജ് ടൂറിസം കൺവീനർ സംഗീത്, എന്‍എസ്എസ് വോളൻ്റിയർമാരായ ദേവു, ദേവിക, ആർഷ, ശ്രീരാജ്, അൻസൽ തുടങ്ങിയവർ പങ്കെടുത്തു.

ലോക പേ വിഷബാധ ദിനാചരണം നാളെ; പേ വിഷ ബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊല്ലം: പേ വിഷബാധയുണ്ടാകാനുള്ള സാഹചര്യങ്ങള്‍ മനസിലാക്കി പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു.എം. എസ് പറഞ്ഞു. ലോക പേ വിഷബാധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലാതല പരിപാടി നടത്തും. പേ വിഷബാധയുടെ കാരണങ്ങളും രോഗത്തിന്റെ ഗുരുതരാവസ്ഥയും ചികിത്സയും സംബന്ധിച്ച ബോധം ഉണ്ടായാലേ പ്രതിരോധം സാധ്യമാകുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് വിളക്കുടി ഗവ. എല്‍പിഎസില്‍ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി എ. നിര്‍വഹിക്കും.
വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കെ ആര്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു എം.എസ്. മുഖ്യപ്രഭാഷണം നടത്തും. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

പേ വിഷ ബാധ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക:
ണുബാധയുള്ള മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് എത്തുക. പ്രതിരോധമാണ് പേ വിഷബാധയ്ക്കെതിരേയുള്ള ഫലപ്രദമായ പരിഹാര മാര്‍ഗം. മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍ എന്നിവയുണ്ടായാല്‍ ഏല്‍ക്കുന്ന ഭാഗം 15 മിനിറ്റ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രക്തം പൊടിഞ്ഞ മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, മൃഗങ്ങളുടെ കടി എന്നിവ ഉണ്ടായാല്‍ ആന്റി റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിന്‍ കൂടി എടുക്കണം. ഇത് എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരഞ്ഞെടുത്ത ജില്ല, ജനറല്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
മൃഗങ്ങളുമായി നിരന്തരം ഇടപെടുന്ന വ്യക്തിയാണെങ്കില്‍ മുന്‍കൂട്ടി വാക്സിന്‍ എടുക്കണം. കുട്ടികള്‍ മൃഗങ്ങളോട് കളിക്കുമ്പോഴും അവരെ ഓമനിക്കുമ്പോഴും ശ്രദ്ധ പുലര്‍ത്താന്‍ അവരെ ശീലിപ്പിക്കണം. കടിയോ മാന്തോ കിട്ടിയാല്‍ മാതാപിതാക്കളെ യഥാസമയം അറിയിക്കാനും നിര്‍ദ്ദേശിക്കണം. വളര്‍ത്തുമൃഗങ്ങള്‍ക്ക് യഥാസമയം കുത്തിവെപ്പ് എടുക്കുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യണം.
മൃഗങ്ങളെ ഭയപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് പരിഹാരമല്ല. വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം. പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ, ജനറല്‍ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും

തിരുവനന്തപുരം: കേരളത്തിലെ ഐ റ്റി ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ റ്റി ഐകളിൽ നാളെ ( 28-09-2024, ശനി) കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐ.റ്റി.ഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെ.എസ്.യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

പ്രമേഹം മുതല്‍ വിളര്‍ച്ചയ്ക്ക് വരെ; അറിയാം മാതളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ മാതളത്തില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. അതുപോലെ തന്നെ വിളര്‍ച്ച തടയാനും ഇത് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്കും നല്ലതാണ്.

കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും മാതളം കഴിക്കാം. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നറിഞ്ഞ് വിവാഹമോചനം ആവശ്യപ്പെട്ടു; ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ച് ഭർത്താവ്

മുംബൈ: ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്‍റെ ബന്ധത്തിന്‍റെ പേരിൽ 27കാരി വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആസിഡ് ഒഴിച്ചത്. മഹാരാഷ്ട്രയിലെ മലാഡിലാണ് സംഭവം.

27 കാരിയായ യുവതി മലാഡിലെ അമ്മയുടെ വസതിയിലായിരുന്നു. 34കാരനായ പ്രതി കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തി യുവതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് യുവതീയുവാക്കൾ. ഭർത്താവിന്‍റെ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി അമ്മയ്‌ക്കൊപ്പമാണ് യുവതിയുടെ താമസം. യുവാവ് തൊഴിൽ രഹിതനായിരുന്നു. മയക്കുമരുന്നിന് അടിമയാണെന്നും യുവതി കണ്ടെത്തി. തുടർന്ന് വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തു. യുവാവിനെതിരെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 124(2), 311, 333, 352 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

മൃതദേഹം അർജുന്റേത്‌ തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്‌

ബം​ഗളുരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഡിഎൻഎ സ്ഥിരീകരിച്ചു. അർജുന്റെ മൃതദേഹം കോഴിക്കോട്ട്‌ എത്തിക്കും. ഉടൻ ബന്ധുക്കൾക്ക് കൈമാറും.

അർജുന്റെ സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ടായിരുന്നു. രണ്ട് ഡിഎൻഎയും പരിശോധിച്ച്‌ ഒത്തു പോകുന്നോയെന്ന്‌ നോക്കി. അർജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ്‌ പരിശോധനയ്ക്ക് അയച്ചിരുന്നത്‌. കർണാടക പൊലീസിന്റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുവരിക.

സെപ്തംബർ 25ന് ​ഗം​ഗാവലിപുഴയിൽ നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറിയും ലോറിയുടെ ക്യാബിനിൽ മൃതദേഹവും കണ്ടെത്തിയത്. ഉടമ മനാഫ് ലോറി തിരിച്ചറിഞ്ഞിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്.

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു; യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി,ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന നവ വധുവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറുകയായിരുന്നു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദൻ ആണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിനും അപകടത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.

ആറ്റിങ്ങൽ മാമം ദേശീയ പാതയിൽ വച്ച് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്‍റെ പിന്നിൽ കണ്ടയ്നെ‌ർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ കണ്ടെയ്നർ കയറി ഇറങ്ങി. ഗുരുതര പരിക്കേറ്റ കൃപ തൽക്ഷണം മരിച്ചു. ഭർത്താവ് അഖിൽജിത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര ബാർ കൗൺസിലിലെ അഭിഭാഷകയാണ് കൃപ. ആഗസ്റ്റ് 21 ന് ആയിരുന്നു ഇവരുടെ വിവാഹം. .

ഇനി തൊട്ട് നിനക്ക് അപ്പയില്ല, മകളോട് തർക്കിക്കുന്ന അച്ഛൻ ആണല്ല: ബാല

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വിഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെ പറഞ്ഞു. മൈഫാദർ എന്ന് പറഞ്ഞതിന് മകളോട് നന്ദി പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. അനുഭവിച്ചതിൽ വച്ച് ഏറ്റവും വലിയ വേദനയാണിതെന്നാന്നും ബാല പറയുന്നു.

‘‘പാപ്പു സംസാരിച്ച വിഡിയോ ഞാൻ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം പറയാം. ‘മൈ ഫാദർ’ എന്ന് പറഞ്ഞു, അതിന് താങ്ക് യു. നിന്നോട് തർക്കിക്കാൻ അപ്പയില്ല. മകളോട് തർക്കിക്കുകയാണെങ്കിൽ ഒരു അപ്പൻ ആണേയല്ല. പിന്നെ പാപ്പു ചില കാര്യങ്ങൾ പറഞ്ഞു. എന്നെ വിട്ട് പാപ്പു രണ്ടര മൂന്ന് വയസ്സിലാണ് പോയത്. മൂന്ന് വയസ്സ് ആകുമ്പോൾ എന്നെ വിട്ട് നീ അകന്ന് പോയി എന്നൊക്കെ. ഗ്ലാസ് എടുത്ത് അടിച്ചു എന്നൊക്കെ പറയുന്നതും കേട്ടു.

ഞാനിത് തകർക്കിക്കാൻ അല്ല പറയുന്നത്. അഞ്ച് ദിവസം വീട്ടിലിരുന്നു, ഭക്ഷണം കൊടുത്തില്ല എന്നൊക്കെ പറയുന്നു. പാപ്പു, തർക്കിച്ചാൽ ജയിക്കാൻ പറ്റും, പക്ഷേ ഇന്ന് ഞാൻ തോറ്റ് കൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പു. നിന്റെ വിഡിയോ മുഴുവൻ ഞാൻ കണ്ടു. നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനി നിന്നോടും നിന്റെ കുടുംബത്തോടും ബന്ധപ്പെടല്ലേ എന്ന് പറഞ്ഞു. ഞാനും നിന്റെ കുടുംബം ആണെന്നാണ് വിചാരിച്ചത്.

ഞാൻ അന്യനായി പോയി നിനക്ക്. പക്ഷേ ഒരു വാക്ക് മാത്രം ഞാൻ ഇന്ന് പറയാം. ഇനി തൊട്ട് ഞാൻ വരില്ല. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.

നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.

വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബാലയുടെയും അമൃതയുടെയും മകളായ അവന്തിക വിശദീകരണവുമായി എത്തുന്നത്.മദ്യപിച്ച് വിട്ടിലെത്തുന്ന അച്ഛൻ തന്നെയും അമ്മയെയും ഉപദ്രവിക്കാറുണ്ടെന്നും ഒരിക്കൽ ചില്ല് കുപ്പി തനിക്കുനേരെ എറിയാൻ ശ്രമിച്ചെന്നുമായിരുന്നു ബാലയുടെ മകൾ വിഡിയോയിൽ പറഞ്ഞത്.

‘‘അച്ഛൻ അമ്മയെ നന്നായി ഉപദ്രവിച്ചിട്ടുണ്ട്. എന്നെയും അമ്മയെയും മാനസികമായി ഉപദ്രവിച്ചിട്ടുണ്ട്. ഞാൻ കുഞ്ഞായിരിക്കുമ്പോൾ മദ്യപിച്ച് വന്ന് ഒരു ചില്ല് കുപ്പി എൻറെ മുഖത്തേക്ക് എറിയാൻ ശ്രമിച്ചു. അത് എന്റെ തലയിൽ തട്ടുമായിരുന്നു. അമ്മ കൈവെച്ച് തടഞ്ഞത് കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്.

എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛന്‍ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാന്‍ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്. ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും ഞാന്‍ കുഞ്ഞല്ലേ.

ഒരു തവണ കോടതിയില്‍ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയില്‍ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. എന്റെ അമ്മയെ വിളിക്കാന്‍ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്.’’–ബാലയുടെ മകളുടെ വാക്കുകൾ.

ഒരു മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ബാലയും അമൃത സുരേഷും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2010ലായിരുന്നു വിവാഹം. 2012ല്‍ അവന്തിക ജനിച്ചു. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. 2019ൽ ഇവർ വിവാഹമോചിതരായി. അന്ന് ഏഴു വയസുള്ള ഏകമകളെ അമ്മയ്‌ക്കൊപ്പം വിടാനായിരുന്നു ഇവര്‍ തമ്മില്‍ ധാരണയായത്.