27.8 C
Kollam
Thursday 25th December, 2025 | 02:17:23 PM
Home Blog Page 2139

വിമാനത്തിൽ 2 വയസുകാരിക്ക് നൽകിയ ഓംലെറ്റിന്റെ അവസ്ഥ, ചിത്രങ്ങൾ പുറത്തുവിട്ട് യാത്രക്കാരി; പ്രതികരിച്ച് കമ്പനി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് നൽകി. ഓംലറ്റിൽ നിന്ന് പാറ്റയെ കിട്ടിയെന്ന ആക്ഷേപവുമായി യാത്രക്കാരി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇവർ വ്യക്തമാക്കി. ഓംലെറ്റിന്റെ ചിത്രങ്ങളും ഒരു വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു.

സെപ്റ്റംബ‍ർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എ.ഐ 101 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീയാണ് ആക്ഷേപം ഉന്നയിച്ചത്. തന്റെ രണ്ട് വയസുള്ള കുട്ടി ഭക്ഷണത്തിന്റെ പകുതിയിലധികം കഴിച്ചു കഴി‌ഞ്ഞ ശേഷമാണ് അതിനുള്ളിൽ പാറ്റയെ കണ്ടെതെന്നും പിന്നീട് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നും പോസ്റ്റിൽ പറയുന്നു. യാത്രക്കാരി പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, പകുതി കഴിച്ചു തീർത്ത ഭക്ഷണത്തിനിടയിൽ പാറ്റയെ വ്യക്തമായി കാണാം. എയർ ഇന്ത്യയെയും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും ടാഗ് ചെയ്താണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിങ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവ‍ർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മുൻനിര വിമാന കമ്പനികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സ്ഥാപങ്ങളാണ് എയർ ഇന്ത്യ വിമാനങ്ങളിലും ഭക്ഷണം എത്തിക്കുന്നതെന്നും അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, കർശനമായ പ്രവർത്തന നിബന്ധനകളിലൂടെയും സുരക്ഷാ പരിശോധനകളിലൂടെയും ഉറപ്പാക്കുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ഹൃദയത്തെ സംരക്ഷിക്കൂ

എല്ലാ വർഷവും സെപ്തംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെയും വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ ചെറുക്കേണ്ടതിന്റെയും ആവശ്യകത ഏവരിലേക്കുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വേൾഡ് ഹാർട്ട് ഫെഡറേഷൻ’ ലോക ഹൃദയദിനം ആചരിച്ച് വരുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പ്രഭാതഭക്ഷണം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയത്തെ കാക്കാൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ..

ഓട്സ്

ഓട്‌സിൽ ധാരാളമായി ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ബൗൾ ഓട്‌സ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.

അവാക്കാഡോ

അവാക്കാഡോയിൽ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ബെറിപ്പഴങ്ങൾ

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

നട്സ്

ബദാം, വാൾനട്ട്, പിസ്ത എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.

ചിയ സീഡ്

ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ചിയ സീഡ് രക്തസമ്മർദ്ദം കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.

മുട്ട

പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് മുട്ട പ്രധാന പങ്ക് വഹിക്കുന്നു.

ഇലക്കറികൾ

ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സ്മൂത്തികളിലോ ഓംലെറ്റുകളിലും ഇലക്കറികൾ ഉൾപ്പെടുത്തുക.

ഫ്ളാക്സ് സീഡ്

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഫ്ളാക്സ് സീഡ്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഫ്ളാക്സ് സീഡുകൾ ചേർക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.

150 വര്‍ഷം, ഒരു കാലഘട്ടത്തിന്‍റെ അന്ത്യം; ഒടുവില്‍ ട്രാമുകള്‍ കൊല്‍ക്കത്തയുടെ തെരുവുകൾ ഒഴിയും

കൊല്‍ക്കത്ത: 1873 മുതൽ കൊൽക്കത്ത എന്ന മഹാനഗരത്തിന്‍റെ സ്വകാര്യ ആഹങ്കാരവും ജീവശ്വാസവുമായിരുന്നു ട്രാം എന്ന യാത്രാ സംവിധാനം. 150 വർഷത്തെ സേവനത്തിനൊടുവില്‍ ട്രാമുകള്‍ സേവനം നിര്‍ത്തുകയാണ്. ജനസംഖ്യാ പെരുപ്പം നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ വലിയ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. മറ്റ് വാഹനങ്ങളുടെ ബാഹുല്യം നിമിത്തം ട്രാമുകള്‍ വലിയ തോതില്‍‌ ഗതാഗത കുരുക്കാണ് നഗരത്തില്‍ സൃഷ്ടിക്കുന്നത്. ഇതേ തുടര്‍ന്നാണ് ട്രാമുകളുടെ സേവനം നിര്‍ത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രാമുകള്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെങ്കിലും അവയുടെ റൂട്ടുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. ട്രാം സംവിധാനമുള്ള ഇന്ത്യയിലെ അവസാന നഗരമായ കൊൽക്കത്തയില്‍ ഇപ്പോൾ എസ്പ്ലാനേഡിനും മൈതാനത്തിനും ഇടയിലുള്ള ട്രാം റൂട്ട് മാത്രമേ പരിപാലിക്കപ്പെടുന്നൊള്ളൂ. വിക്ടോറിയ മെമ്മോറിയൽ പോലുള്ള പ്രധാന പ്രദേശങ്ങളെ ചുറ്റിപ്പോകുന്ന ട്രാം മൈതാനത്തിന്‍റെ പച്ചപ്പും ക്രിക്കറ്റും ഫുട്ബോളും കളിക്കുന്ന കുട്ടികളുടെ കാഴ്ചയുമൊക്കെയായി മനോഹരമായ ഒരു യാത്രയാണ് സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.

150 വര്‍ഷത്തെ സേവനത്തിനിടെ വെള്ള, നീല ട്രാം കാറുകൾ ബംഗാളികളുടെ ഹൃദയത്തിൽ തന്നെ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു, ഇത് നഗരത്തിന്‍റെ ഒരു ഭാഗം എന്ന നിലയിലാണ് കണക്കാക്കപ്പെട്ടിരുന്നത്. ഗതാഗത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താനായി ട്രാം സര്‍വ്വീസ് നിര്‍ത്താനുള്ള സർക്കാര്‍ തീരുമാനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ചരിത്രപരമായ സ്ഥാനം അവകാശപ്പെടുന്ന ട്രാം നിര്‍ത്തലാക്കുന്നതില്‍ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ നിരാശയാണ് സൃഷ്ടിച്ചത്. പലരും തങ്ങളുടെ ജീവിതവുമായി ട്രാമുകള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് എഴുതി.

“ഒരു യുഗത്തിന്‍റെ അവസാനം.. കൊൽക്കത്ത ട്രാം 151 വർഷത്തെ പാരമ്പര്യം അവസാനിക്കുന്നു. ഈ ഐതിഹാസിക അധ്യായത്തിന് തിരശ്ശീല വീഴുമ്പോൾ, ചരിത്രത്തിന്‍റെ ഒരു ഭാഗത്തോട് നമ്മള്‍ വിടപറയുന്നു. ഭാവി തലമുറയ്ക്ക് ട്രാം മാത്രമേ അറിയൂ .. മങ്ങിയ ഫോട്ടോഗ്രാഫുകളിലൂടെയും ഗൃഹാതുര കഥകളിലൂടെയും. ആർഐപി കൊൽക്കത്ത ട്രാംസ്.” മറ്റൊരു ഉപയോക്താവ് എഴുതി, “കൊൽക്കത്തയിലെ 150 വർഷത്തെ പൈതൃക ഗതാഗതം. ട്രാമുകൾ നിർത്തലാക്കി. കൊൽക്കത്തയിലെ തെരുവുകളിൽ അവരെ മിസ് ചെയ്യും.” മറ്റൊരാള്‍ എഴുതി.

നെഹ്റു ട്രോഫി വള്ളംകളി; പള്ളാത്തുരുത്തിയുടെ മികവിൽ കാരിച്ചാൽ ചുണ്ടൻ ജേതാക്കൾ

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടന്. ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം , നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം.

ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.

5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.

അതേസമയം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ വിജയി ആയി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.

ഓഗസ്റ്റ് 10നാണ് വള്ളംകളി നടക്കേണ്ടിയിരുന്നത്. എന്നാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു ആറ് മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് നഷ്ടമായത്.

ഉച്ചയ്ക്കു രണ്ടിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70–ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്തു. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയായിരുന്നു തുടക്കം. ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് നിർവഹിച്ചു.

നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഇന്ന് ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി കലക്ടർ ഉത്തരവിട്ടു. വെട്ടിക്കോട്ട് ആയില്യത്തോട് അനുബന്ധിച്ച് മാവേലിക്കര താലൂക്കിൽ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജില്ല മുഴുവൻ അവധിയാണ്.

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കാൽതൊട്ടു വന്ദിച്ചു, പല ഭാഷകളിൽ നന്ദി പറഞ്ഞ് നാട്ടുകാർ; അർജുനായി എംഎൽഎ ഫണ്ട് വരെ ചെലവഴിച്ച കാർവാർ എംഎൽഎ

കോഴിക്കോട്: നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു. അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ് സെയിൽ. ആൾക്കൂട്ടത്തിനിടെ സതീഷ് സെയിലിനെ തിരിച്ചറിഞ്ഞവർ സെൽഫി എടുക്കാനും നന്ദി അറിയിക്കാനും ചുറ്റും കൂടി. ചിലർ സതീഷ് സെയിലിന്റെ കാൽ തൊട്ടു വന്ദിച്ചു. മലയാളത്തിലും ഹിന്ദിയിലുമെല്ലാം നന്ദി പറഞ്ഞു.

അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് സതീഷ് സെയിൽ പറഞ്ഞു. എന്നാൽ അന്ത്യകർമങ്ങൾ നടത്താൻ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചതിൽ ആശ്വസിക്കുന്നു. തെരച്ചിൽ സമയത്ത് വളരെയേറെ പ്രതിസന്ധി നേരിട്ടു. പലപ്പോഴും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. എന്നാൽ ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ മൃതദേഹത്തിനൊപ്പമാണ് സതീഷ് സെയിലും ഇന്നു രാവിലെ കോഴിക്കോട്ടെത്തിയത്.

തെരച്ചിലിന് ഡ്രഡ്ജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിൽ മുൻകൈ എടുത്തത് സതീഷ് സെയിലാണ്. എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചാണ് ഡ്രഡ്ജർ എത്തിച്ചത്. തെരച്ചിൽ നടക്കുന്ന സമയത്ത് രാവും പകലും സതീഷ് സെയിൽ ഷിരൂരിലുണ്ടായിരുന്നു. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കി അദ്ദേഹം തെരച്ചിലിന് നേതൃത്വം നൽകി. ഇതെല്ലാം മാധ്യമങ്ങളിലൂടെ മലയാളികൾ അറിയുന്നുണ്ടായിരുന്നു. ദൗത്യത്തിന് ഒപ്പം നിന്നതിന് മലയാളികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സതീഷ് സെയിലിന്റെ പ്രവർത്തനം കൊണ്ടുമാത്രമാണ് തെരച്ചിലുമായി മുന്നോട്ടുപോകാൻ സാധിച്ചതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. മലയാളികൾ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എ.കെ.ശശീന്ദ്രൻ, എംപി ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എം.സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ബീന ഫിലിപ്പ്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

പല തവണ ഉന്നമിട്ടു, മകനെയും കൊന്നു; ഒടുവിൽ ലക്ഷ്യം കണ്ട് ഇസ്രയേൽ; ആരാണ് ഹസൻ നസ്റല്ല?

ജറുസലം: ഇസ്രയേൽ കഴിഞ്ഞ ദിവസം തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ നടത്തിയ കനത്ത മിസൈൽ ആക്രമണത്തിലാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത്. ആരാണ് ഹസൻ നസ്റല്ല? വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി. ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ.

മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല.

പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്‌റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്. 1960ൽ ബെയ്റൂട്ടിലാണ് ജനനം. ഒൻപത് മക്കളിൽ മൂത്തവൻ.

1975ൽ ഷിയ ഗ്രൂപ്പുകളുടെ അമൽ മൂവ്മെന്റിന്റെ ഭാഗമായി. മതപഠനത്തിനുശേഷം ലബനനിൽ തിരിച്ചെത്തി വീണ്ടും അമൽ മൂവ്മെന്റിന്റെ ഭാഗമായി. 1982ൽ ഇസ്രയേൽ ലബനനെ ആക്രമിച്ചപ്പോൾ ഗ്രൂപ്പിൽനിന്നും വിട്ടുപോയി. ഇറാന്റെ പിന്തുണയോടെ പിന്നീട് ഹിസ്ബുല്ല സംഘടന ഉദയം ചെയ്തപ്പോൾ ഇതിന്റെ ഭാഗമായി. ഹിസ്ബുല്ലയുടെ നേതൃനിരയിലേക്ക് ഉയർന്നു. ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32–ാം വയസിൽ ഹിസ്ബുല്ലയുടെ പ്രധാന നേതാവായി.

ഇസ്രയേലിനെതിരെ നസ്റല്ലയുടെ ആദ്യത്തെ തിരിച്ചടി ഈ സംഭവത്തിലായിരുന്നു. വടക്കൻ ഇസ്രയേലിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. കാർബോംബ് ആക്രമണത്തിൽ തുർക്കിയിലെ ഇസ്രയേൽ എംബസിയിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അർജന്റീനയിലെ ഇസ്രയേൽ എംബസിയിലെ മനുഷ്യബോംബ് സ്ഫോടനത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുമായുള്ള ചെറുയുദ്ധത്തിൽ തെക്കൻ ലെബനനിൽനിന്ന് ഇസ്രയേലിന് പിൻമാറേണ്ടി വന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ നസ്റല്ലയുടെ മകൻ കൊല്ലപ്പെട്ടു. ലെബനന്റെ പഴയ അതിർത്തികൾ പുനഃസ്ഥാപിക്കുമെന്ന് നസ്റല്ല പ്രഖ്യാപിച്ചു. 2006 ൽ ഹിസ്ബുല്ല ഇസ്രയേൽ അതിർത്തി കടന്ന് ആക്രമണം നടത്തി. എട്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. സംഘർഷം യുദ്ധമായി വളർന്നു.

34 ദിവസത്തെ യുദ്ധത്തിൽ 1125 ലെബനൻകാരും 119 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. നസ്റല്ലയുടെ വീട് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ലക്ഷ്യമിട്ടെങ്കിലും രക്ഷപ്പെട്ടു. 2009ൽ ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാട് വ്യക്തമാക്കി നസ്റല്ല മാനിഫെസ്റ്റോ പുറത്തിറക്കി. നാലു വർഷത്തിനുശേഷം സംഘടന പുതിയ മേഖലകളിലേക്ക് കടന്നു. ഇറാന് പിന്തുണയുമായി സിറിയയിലേക്ക് പോരാളികളെ അയച്ചു. സിറിയയിലേക്ക് യുദ്ധത്തിന് പോരാളികളെ അയച്ചതിനെ എതിർത്ത് ലെബനനിലെ സുന്നി നേതാക്കൾ രംഗത്തുവന്നിരുന്നു. 2023 ഒക്ടോബർ എട്ടിന് ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ പിന്തുണയുമായി ഹിസ്ബുല്ലയെത്തി. ഇതോടെയാണ് സംഘടനയെ വീണ്ടും ഇസ്രയേൽ ലക്ഷ്യമിട്ടത് .

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിൽ ഇസ്രയേൽ പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ നടത്തി. നിരവധിപേർ മരിച്ചു. ആക്രമണം ഞെട്ടിച്ചതായും തിരച്ചടിക്കുമെന്നും നസ്റല്ല വ്യക്തമാക്കിയിരുന്നു. പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നാലെ ലബനനിൽ ഇസ്രയേൽ കനത്ത ആക്രമണം നടത്തി. ഒറ്റദിവസം തെക്കൻ ലബനനിൽ അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്. വൻ സ്ഫോടനങ്ങളോടെ നാല് കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം

വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി

വിവാഹ വാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ചുവെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസില്‍ പൂനെ പൊലീസ് പ്രതി ചേര്‍ത്തയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് മനീഷ് പിതാലെയുടെ നിരീക്ഷണം.
പരാതിക്കാരി വിവാഹിതയായതിനാല്‍ പ്രതി ചേര്‍ത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി അറിയാമായിരുന്നു. അതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്നത് നിലനില്‍ക്കില്ല. ഭീഷണിപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണ് വിശാല്‍ നാഥ് ഷിന്‍ഡെ എന്നയാള്‍ക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍.
വിവാഹിതനായ ഷിന്‍ഡെ താനുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത ശേഷം ഒരു ലോഡ്ജില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി ആരോപിക്കുന്നത്. ബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ഇത്തരം വീഡിയോ പ്രചരിപ്പിച്ചതായി തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോടതി വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ഇ-കെ.വൈ.സി അപ്‌ഡേഷന്‍ ഒക്‌ടോബര്‍ ഒന്ന് വരെ

റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്‌ഡേഷന്‍ നടത്തുന്നതിന്റെ ഭാഗമായി എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക്) റേഷന്‍കാര്‍ഡുകളില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍ കടകളില്‍ എത്തി ഒക്‌ടോബര്‍ ഒന്നിനകം ഇ-പോസ് മെഷീന്‍ വഴി ആധാര്‍ അപ്‌ഡേഷന്‍ നടത്തണം കിടപ്പുരോഗികള്‍, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരുടെ ഇ-കെ.വൈ.സി അപ്‌ഡേഷന്‍ താമസ സ്ഥലങ്ങളില്‍ എത്തി നടത്തുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു.

പശുവിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഷോക്കേറ്റു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പറമ്പിൽ നിന്ന് പശുവിനെ തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചത്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്.

പരേഷ് ദാസ് (60), ഭാര്യ ദിപാലി, മകൻ മിഥുൻ (30), ചെറുമകൻ സുമൻ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് തകിമാരി എന്ന സ്ഥലത്ത് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മിഥുൻ പറമ്പിൽ നിന്ന് പശുവിനെ തൊഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു, വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നു. വൈദ്യുതലൈൻ പൊട്ടി വീണതറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുന് ഷോക്കേറ്റു.

മിഥുൻ നിലവിളിക്കുന്നത് കേട്ട് പരേഷും ദീപാലിയും സുമനെയുമെടുത്ത് ഓടിവരികയായിരുന്നു. വൈദ്യുതാഘാതമേറ്റ് നാലുപേരും തൽക്ഷണം മരിച്ചു. സംഭവം നടക്കുമ്പോൾ മിഥുന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടനെ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിച്ചു. നോർത്ത് ബംഗാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.