കൊല്ലം: ഗൃഹനാഥനേയും മകനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും വീട്ടുസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്ക് ആറ് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാലുംമൂട് കുപ്പണ മംഗലത്ത് വീട്ടില്‍ എസ്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ മനോജ് കുമാറിന്റെ രണ്ടാം ഭാര്യ ലയ, ചെറുമകന്‍ ജഗന്‍. എല്‍. പണിക്കര്‍ എന്നിവരെയാണ് കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്ന് ജഡ്ജി സൂര്യ. എസ്. സുകുമാരന്‍ ശിക്ഷിച്ചത്.
2022 സെപ്റ്റംബര്‍ 21നാണ് കേസിനാസ്പദനായ സംഭവം നടന്നത്. മനോജ് കുമാര്‍, മകന്‍ വിഷ്ണു എന്നിവരെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിക്കുകയും വീട്ടുപകരണങ്ങള്‍ക്കും മുറ്റത്ത് കിടന്ന വാഹനങ്ങള്‍ക്കും കേടുപാട് വരുത്തുകയും ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്എച്ച്ഒ ധര്‍മ്മജിത്താണ് അന്വേഷണം നടത്തിയത്.
കേസിന്റെ വിസ്താരം നടക്കുന്നതിനിടെ കേസിലെ പ്രധാന തെളിവായ കത്തിയും താക്കോലും മാറ്റി പ്രതികളെ സഹായക്കാന്‍ പോലീസ് ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വാദിഭാഗത്തിന്റെ പരാതിയില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്.
ഗൃഹനാഥനേയും മകനേയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് ആറു മാസം തടവും പിഴയും
മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍
കൊല്ലം. മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ പ്രതി ഡോ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ വാദം കേട്ട് ഉത്തരവിനായി മാറ്റി. തിരുവോണത്തിന് വൈകിട്ട് മൈനാഗപ്പള്ളി ആനൂര്‍ക്കാവിലാണ് ശ്രീക്കുട്ടിയും സുഹൃത്ത് അജ്മലും സഞ്ചരിച്ച കാര്‍ സ്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയും റോഡില്‍ കാറിനുമുന്നില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റി രക്ഷപ്പെടുകയും ചെയ്തത്. വാഹനം മുന്നോട്ടെടുക്കരുതെന്ന് ഓടിക്കൂടിയവര്‍ കരഞ്ഞുവിളിക്കുന്നതിനിടെ അജ്മല്‍ കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഡോ.ശ്രീക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ മുന്നോട്ട് എടുത്തതെന്നായിരുന്നു കേസ്. മാത്രമല്ല അജ്മലും ശ്രീക്കുട്ടിയും മദ്യ ലഹരിയിലായിരുന്നുവെന്നും ഇവര്‍ എംഡിഎംഎ ഉപയോഗിച്ചിരുന്നു എന്നും തെളിഞ്ഞു.
ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി നേരത്തേ ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇന്ന് സെഷന്‍സ് കോടതിയില്‍ അഡ്വ.സി. സജീന്ദ്രകുമാര്‍,ലിഞ്ജു സി ഈപ്പന്‍ എന്നിവര്‍ ഹാജരായി കേസില്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. കുഞ്ഞുമോളുടെ ഭര്‍ത്താവ് നൗഷാദിനെ പ്രതിനിധീകരിച്ച് ഹാജരായ അഡ്വ.കണിച്ചേരില്‍ സുരേഷ്, അഡ്വ.അനൂപ് കെ ബഷീര്‍ എന്നിവരും ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.
വാദം കേട്ട സെഷന്‍സ് കോടതി കേസ് 30ലേക്ക് മാറ്റി.
ഓട്ടം പോവാത്തതിന് ഓട്ടോറിക്ഷ തകര്‍ത്തു ഡ്രൈവര്‍ക്കും മകനും മര്‍ദ്ദനം,പ്രതി പിടിയില്‍
മലപ്പുറം. ട്രിപ്പ് പോവാത്തതിൽ വിരോധം. ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ഡ്രൈവറെയും മകനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വണ്ടൂർ പുളിയെക്കുന്നൻ അജ്മൽ ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം . ഓട്ടോ ഡ്രൈവർ ആയ കാളികാവ് സ്വദേശി ഇല്യാസ് വണ്ടൂർ അങ്ങാടിയിൽ ബസ്റ്റാൻഡിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇല്ലാസിന്റെ ഓട്ടോറിക്ഷയിൽ കയറി ട്രിപ്പ് പോകണമെന്ന് പ്രതി അജ്മൽ ബാബു ആവശ്യപ്പെട്ടു. എന്നാൽ താൻ മറ്റൊരു ട്രിപ്പിന് പോവുകയാണെന്ന് അറിയിച്ചതോടെ മദ്യലഹരിയിൽ ആയിരുന്ന പ്രതി പ്രകോപിതനാവുകയും ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ ഇല്യാസിന്റെ മകനും മർദ്ദനമേറ്റു. കല്ല് ഉടുമുണ്ടിൽ കെട്ടി അത് ഉപയോഗിച്ച് തലക്കും മുഖത്തും മർദ്ദിച്ചെന്ന് ഇല്യാസ് . കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നു വെന്നും ഓട്ടോ ഡ്രൈവർ പോലീസിൽ നൽകിയ പരാതിയിൽ ഉണ്ട്. പ്രതിക്കെതിരെ വണ്ടൂർ പോലീസ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപും സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി
ന്യൂഡെല്‍ഹി.സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി യോഗത്തിൽ ധാരണ.പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കും. ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്തും. മുതിർന്ന പി ബി അംഗങ്ങളിൽ ഒരാൾ കോർഡിനേറ്റർ ആകും. പിബി യുടെ നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. അന്തിമ തീരുമാനം കേന്ദ്ര കമ്മറ്റിയിലെ ചർച്ചകളിൽ.
പെട്രോള്‍ ടാങ്കറിന് ലീക്ക്,വന്‍ ദുരന്തം ഒഴിവായി
പാലക്കാട്. വൻ ദുരന്തം ഒഴിവായത് ഭാഗ്യംകൊണ്ട്. പാലക്കാട് പെട്രോളുമായി പോകുകയായിരുന്ന ഓയിൽ ടാങ്കർ ട്രെയിനിൽ ലീക്ക്
70000 ലിറ്റർ കപ്പാസിറ്റിയുള്ള ട്രെയിനിന്റെ 13ആം ടാങ്കർ ആണ് ലീക്ക് ആയത്. കഞ്ചിക്കോട് വെച്ചാണ് ലീക്ക് ശ്രദ്ധയിൽപ്പെട്ടത്. ടാങ്കറിലെ സൈഡ് വാൽവ് ആണ് ലീക്ക് ആയത്. ഇരുമ്പനത്ത് നിന്ന് ദേവനഗുഡിയിലേക്ക് പെട്രോൾ കൊണ്ടുപോകുകയായിരുന്നു
ഫയർ ഫോഴ്സ് സംഘവും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചോർച്ച പരിഹരിച്ചു.
.പ്രതീകാത്മക ചിത്രം
കൂട് വച്ചത് വെറുതെയായില്ല;ശല്യക്കാരനായ കുരങ്ങൻ അകത്തായി
ശാസ്താംകോട്ട:നാട്ടിൽ ശല്യക്കാരനായ കുരങ്ങനെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ ഒടുവിൽ കുരങ്ങൻ അകപ്പെട്ടു.ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ കണ്ണമം,കുന്നിരാടം പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ചുമാസക്കാലമായി ജനങ്ങളുടെ സ്വൈര്യം കെടുത്തിക്കൊണ്ട് എത്തിയ കുരങ്ങന്റെ പരാക്രമത്തിനാണ് ഇതോടെ അറുതിയായത്.കാർഷിക വിളകൾ നശിപ്പിക്കുന്നതും,വാട്ടർ ടാങ്ക്,പൈപ്പ്,ഉണക്കാൻ ഇട്ടിരിക്കുന്ന തുണികൾ,വീടിനകത്തെ സാധനങ്ങൾ എന്നിവ നശിപ്പിക്കുന്നത് പതിവായിരുന്നു.കുരങ്ങനെ പിടികൂടണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.തുടർന്ന് ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ വനം വകുപ്പ് വനം വകുപ്പിനെ വിവരം ധരിപ്പിച്ചു.രണ്ടു ദിവസം മുൻപാണ് കുരങ്ങനെ പിടികൂടുന്നതിനായി കുന്നിരാടത്ത് കോന്നിയിൽ നിന്നും എത്തിച്ച കൂട് വനംവകുപ്പ് ഉദ്യോഗസ്ഥരർ സ്ഥാപിച്ചത്.ശനിയാഴ്ച ഉച്ചയോടെ കൂടിനുള്ളിൽ കരുതിയിരുന്ന പഴം എടുക്കുന്നതിനായി എത്തിയ കുരങ്ങൻ കെണിയിൽപ്പെടുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകിട്ടോടെ സ്ഥലത്തെത്തി കുരങ്ങനെ ഏറ്റെടുത്തു.കോന്നി സ്ട്രൈക്കിംഗ് ഫോഴ്സിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ദിൻഷ്നെ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ആദരിച്ചു.പഞ്ചായത്ത് അംഗം അഞ്ജലി നാഥ്,ശാസ്താംകോട്ട മുൻ ഗ്രാമപഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ,അരുൺ ഗോവിന്ദ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഡി.രാജേഷ്,സുധീഷ്,ലാലു.എസ്.കുമാർ,മഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയൻ വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും ഞായറാഴ്ച
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ 36 മത് വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും ഞായറാഴ്ച രാവിലെ 10 30 ന് യൂണിയൻ രജത ജൂബിലി ഹാളിൽ നടക്കും.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു അധ്യക്ഷത വഹിക്കും.സമ്മേളനത്തിൽ താലൂക്കിലെ 124 കരയോഗങ്ങളിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾ പങ്കെടുക്കും.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളും ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന സമുദായ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യൂണിയൻ പ്രസിഡന്റ് യോഗത്തിൽ വ്യക്തമാക്കും’യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും 2024 -25 ബഡ്ജറ്റും യോഗത്തിൽ അവതരിപ്പിക്കും.
കിണറ്റിൽ അകപ്പെട്ട 74കാരിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി
പുത്തൂർ:കുളക്കട പഞ്ചായത്തിലെ വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിന് സമീപം വീട്ടുമുറ്റത്തെ കിണറ്റിൽ അകപ്പെട്ട വൃദ്ധയെ ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.വെണ്ടാർ കിഴക്കേ പുത്തൻ വീട്ടിൽ രാധമ്മ (74) അബദ്ധത്തിൽ കിണറ്റിൽ വീണത്.എഫ്ആർഒ പ്രജോഷ്,സൂരജ് എന്നിവർ നെറ്റും,റോപ്പുo ഉപയോഗിച്ച് രക്ഷപ്പെടുത്തി കൊട്ടാരക്കര ഗവ.ഹോസ്പ്പിറ്റലിലേക്ക് മാറ്റി.
വിമാനത്തിൽ 2 വയസുകാരിക്ക് നൽകിയ ഓംലെറ്റിന്റെ അവസ്ഥ, ചിത്രങ്ങൾ പുറത്തുവിട്ട് യാത്രക്കാരി; പ്രതികരിച്ച് കമ്പനി
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് നൽകി. ഓംലറ്റിൽ നിന്ന് പാറ്റയെ കിട്ടിയെന്ന ആക്ഷേപവുമായി യാത്രക്കാരി. ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് മോശം അനുഭവം ഉണ്ടായതെന്ന് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇവർ വ്യക്തമാക്കി. ഓംലെറ്റിന്റെ ചിത്രങ്ങളും ഒരു വീഡിയോ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഭവത്തിൽ എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുകയും ചെയ്തു.
സെപ്റ്റംബർ 17ന് ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എ.ഐ 101 വിമാനത്തിൽ യാത്ര ചെയ്ത സ്ത്രീയാണ് ആക്ഷേപം ഉന്നയിച്ചത്. തന്റെ രണ്ട് വയസുള്ള കുട്ടി ഭക്ഷണത്തിന്റെ പകുതിയിലധികം കഴിച്ചു കഴിഞ്ഞ ശേഷമാണ് അതിനുള്ളിൽ പാറ്റയെ കണ്ടെതെന്നും പിന്നീട് ഭക്ഷ്യ വിഷബാധ ഉണ്ടായെന്നും പോസ്റ്റിൽ പറയുന്നു. യാത്രക്കാരി പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ, പകുതി കഴിച്ചു തീർത്ത ഭക്ഷണത്തിനിടയിൽ പാറ്റയെ വ്യക്തമായി കാണാം. എയർ ഇന്ത്യയെയും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വ്യോമയാന മന്ത്രിയെയും ടാഗ് ചെയ്താണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അതേസമയം തങ്ങളുടെ ഒരു ഉപഭോക്താവിന് ഉണ്ടായ അനുഭവം ശ്രദ്ധയിൽപെട്ടെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടത്താൻ ബന്ധപ്പെട്ട കാറ്ററിങ് സേവന ദാതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് എയർ ഇന്ത്യ വക്താവ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മുൻനിര വിമാന കമ്പനികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ് സ്ഥാപങ്ങളാണ് എയർ ഇന്ത്യ വിമാനങ്ങളിലും ഭക്ഷണം എത്തിക്കുന്നതെന്നും അതിഥികൾക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, കർശനമായ പ്രവർത്തന നിബന്ധനകളിലൂടെയും സുരക്ഷാ പരിശോധനകളിലൂടെയും ഉറപ്പാക്കുന്നുണ്ടെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ഹൃദയത്തെ സംരക്ഷിക്കൂ
എല്ലാ വർഷവും സെപ്തംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെയും വർധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ ചെറുക്കേണ്ടതിന്റെയും ആവശ്യകത ഏവരിലേക്കുമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘വേൾഡ് ഹാർട്ട് ഫെഡറേഷൻ’ ലോക ഹൃദയദിനം ആചരിച്ച് വരുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. പ്രഭാതഭക്ഷണം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ഹൃദയത്തെ കാക്കാൻ പ്രാതലിൽ ഉൾപ്പെടുത്തേണ്ട എട്ട് ഭക്ഷണങ്ങൾ..
ഓട്സ്
ഓട്‌സിൽ ധാരാളമായി ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ബൗൾ ഓട്‌സ് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്നു.
അവാക്കാഡോ
അവാക്കാഡോയിൽ ഹൃദയാരോഗ്യമുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഹൃദയ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആന്തോസയാനിൻ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
നട്സ്
ബദാം, വാൾനട്ട്, പിസ്ത എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
ചിയ സീഡ്
ഒമേഗ -3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ചിയ സീഡ് രക്തസമ്മർദ്ദം കുറയ്ക്കാനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ കൊളസ്ട്രോൾ ബാലൻസ് നിലനിർത്താനും സഹായിക്കുന്നു.
മുട്ട
പ്രോട്ടീൻ, വിറ്റാമിൻ ഡി, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിരിക്കുന്നു. നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് മുട്ട പ്രധാന പങ്ക് വഹിക്കുന്നു.
ഇലക്കറികൾ
ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സ്മൂത്തികളിലോ ഓംലെറ്റുകളിലും ഇലക്കറികൾ ഉൾപ്പെടുത്തുക.
ഫ്ളാക്സ് സീഡ്
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണമാണ് ഫ്ളാക്സ് സീഡ്. ഇത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു. സ്മൂത്തികൾ, തൈര്, അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ഫ്ളാക്സ് സീഡുകൾ ചേർക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കും.



































