തിരുവനന്തപുരം. ശബരിമല സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയത് പിന്‍വലിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. വലിയ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുന:പരിശോധന. വെള്ളിയാഴ്ചത്തെ ബോർഡ് അവലോകനയോഗത്തിലും വെർച്വൽ ക്യൂ മാത്രം മതിയെന്നാണ് തീരുമാനം. എന്നാൽ ബുക്കുചെയ്യാതെ എത്തുന്നവർക്കുള്ള ബദൽസംവിധാനത്തിന്റെ ആവശ്യകത സർക്കാരിനെ അറിയിക്കും. പമ്പയിലെങ്കിലും സ്പോട്ട് ബുക്കിങ് വേണമെന്ന നിലപാടാണ് ദേവസ്വം ബോർഡിന്റേത്. ഒരുദിവസം 80,000 ഭക്തർ എന്ന പരിധിയിൽ മാറ്റമുണ്ടാകില്ല. വെർച്വൽ ക്യൂവിൽ ബുക്കുചെയ്യുന്നവർക്ക് ദർശനത്തിനെത്താൻ 24 മണിക്കൂർ മുൻപും പിൻപും സാവകാശവും നൽകും. നേരിട്ട് ബുക്കുചെയ്യാനാവാത്തവർക്ക് അക്ഷയ സെന്ററുകളിലും ജനസേവനകേന്ദ്രങ്ങളിലും സൗകര്യമൊരുക്കും. ശബരിമല ഇടത്താവളങ്ങളിലും ജനസേവനകേന്ദ്രങ്ങളുണ്ടാകും.
ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു
ഇടുക്കി. ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു.മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം. മർദ്ദനമേറ്റ ജനീഷിഷ് കോട്ടയം മെഡിക്കൽ ചികിത്സയിൽ ഇരിക്കെ രാത്രി മരിച്ചു.അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവരെ പോലീസ് തിരയുന്നു
ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
തൃശൂർ.യൂത്ത് കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്.പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ലക്ഷ്യമിട്ട് ഫ്ലക്സ് ബോർഡുകൾ തകർത്തുവെന്നാണ് കണ്ടെത്തൽ.തൃശൂർ ഒല്ലൂക്കര മണ്ഡലത്തിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ ആണ് രാത്രി നശിപ്പിച്ചത്.തുടർന്ന് യൂത്ത് കോൺഗ്രസ് കോൺഗ്രസ് നേതാക്കൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസടുത്തത്
മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജിജോ മോൻ ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജോ സണ്ണി, റിയാസ് ബാബു, കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെ നാലുപേർക്കെതിരെയാണ് കേസ്.ബോർഡുകൾ തകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു
തിരുവനന്തപുരം.കടന്നൽ കുത്തേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു.അരുവിക്കര ഗ്രാമപഞ്ചായത്തിൽ മുളയറ കരിക്കത്ത് വീട്ടിൽ സുശീല (62) ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വെൻ്റിലേറ്ററിലായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ മരിച്ചു. തൊഴിലുറപ്പ് സ്ഥലത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉൾപ്പെടെ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ മറ്റൊരു വീട്ടമ്മ രഘുവതി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ താരങ്ങൾക്കെതിരെ കേസ്. സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നടപടി. ആലുവ സ്വദേശിയായ നടിയുടെ പരാതിയെ തുടർന്നാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്.
ബീന ആന്റണി ഒന്നാം പ്രതിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണു പരാതിയുള്ളത്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.
ഓച്ചിറയില്‍ ഇന്ന് കാളകെട്ടുല്‍സവം; ആഘോഷത്തിമിർപ്പിൽ ഓണാട്ടുകര
ഓച്ചിറ: ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ 28-ാം ഓണ ഉത്സവത്തിന്റെ ഭാഗമായുള്ള കാളകെട്ടുത്സവം ഇന്ന് നടക്കും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതോടെ ഓണാട്ടുകര ആഘോഷത്തിമിര്‍പ്പിലാണ്. ഉയരത്തിലും സൗന്ദര്യത്തിലും പരസ്പരം മത്സരിക്കുന്ന ചെറുതും വലുതുമായ കെട്ടുകാളകളാണ് പടനിലത്ത് എത്തുക. ഇത്തവണ 160-ഓളം കെട്ടുകാളകളാണ് ക്ഷേത്രത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജീവത, നെറ്റിപ്പട്ടം, കുഞ്ചലം, വെഞ്ചാമരം, അലങ്കാരങ്ങള്‍ തുടങ്ങിയവ അണിയിച്ച നന്ദികേശന്മാര്‍ കുടമണികള്‍ കിലുക്കി പടനിലത്ത് എത്തുന്നത് കാണാന്‍ പതിനായിരങ്ങളാണ് പരബ്രഹ്‌മസവിധത്തില്‍ എത്തുക. ഓണാട്ടുകരയുടെ മുക്കും മൂലയും പരബ്രഹ്‌മസ്തുതികളാല്‍ മുഖരിതമാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ കരകളിലെ സംഘടനകളും വ്യക്തികളും ഒരുക്കുന്ന കെട്ടുകാഴ്ചകളും കലാരൂപങ്ങളും വൈകീട്ട് ക്ഷേത്രമൈതാനിയില്‍ അണിനിരക്കും. 35-ഓളം സമിതികളുടെ കലാരൂപങ്ങളാണ് പടനിലത്ത് എത്തുന്നത്. ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും സാമൂഹിക പ്രതിബദ്ധതയുള്ള ദൃശ്യങ്ങളുമുണ്ടാകും.
ലക്ഷങ്ങള്‍ മുടക്കിയാണ് കെട്ടുകാളകളെ കരക്കാര്‍ അണിയിച്ചൊരുക്കിയത്. രാവിലെതന്നെ വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ ഘോഷയാത്രയായി നന്ദികേശന്മാരെ ഗ്രാമവീഥികളിലൂടെ ആനയിച്ച് വൈകീട്ട് ആറുമണിയോടെ പരബ്രഹ്‌മസന്നിധിയില്‍ എത്തിക്കും. കെട്ടുകാളകളുടെ ബാഹുല്യം കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങള്‍ ഭരണസമിതിയും പോലീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് ആറിനുമുമ്പുതന്നെ എല്ലാ കെട്ടുകാളകളെയും പടനിലത്ത് എത്തിക്കണം. ഇതിന്റെ ഭാഗമായി വലിയ നന്ദികേശന്‍മാരെ രാവിലെതന്നെ എഴുന്നള്ളിച്ച് പടനിലത്ത് നേരത്തേ എത്തിക്കാനുള്ള സാഹചര്യം പോലീസ് ഒരുക്കും. ഇതിനായി കാളകെട്ടുസമിതികള്‍ പരമാവധി സഹകരിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
പുലികളി നാളെ
ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ 28-ാം ഓണമഹോത്സവത്തിന്റെ ഭാഗമായി പ്രയാര്‍ പുലികളിസംഘത്തിന്റെ നേതൃത്വത്തില്‍ നാളെ പടനിലത്ത് പുലികളി അവതരിപ്പിക്കും. തൃശൂര്‍ സീതാറാം ദേശം പുലികളി സംഘത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എഴുപത്തിയഞ്ചോളം കലാകാരന്മാര്‍ പങ്കെടുക്കും. പുലികളിക്ക് പ്രസാദ് ആശാന്‍ നേതൃത്വം നല്‍കും. വൈകിട്ട് 3ന് പ്രയാര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന പുലികളി വൈകിട്ട് പരബ്രഹ്‌മക്ഷേത്രത്തില്‍ സമാപിക്കുമെന്ന് പുലിസംഘം ഭാരവാഹികളായ ദീപക് പ്രയാര്‍, ശ്യാംമോഹന്‍, ഷെമീന്‍, കെ.ആര്‍.വത്സന്‍ എന്നിവര്‍ അറിയിച്ചു.
സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കം
കൊല്ലം: കനത്ത മഴയിലും ആവേശം ചോരാത്തെ ഒമ്പതാമത് കേരള ഹോക്കി സംസ്ഥാന സീനിയര്‍ പുരുഷന്‍മാരുടെ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കണ്ണൂര്‍ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടു. ഇരുടീമുകളും മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടി. മത്സരത്തില്‍ ഒരു അവസാന ക്വാര്‍ട്ടര്‍ ബാക്കി നില്‍ക്കെ വെളിച്ചകുറവ് കാരണം മത്സരം നിര്‍ത്തിവെച്ചു. അവസാന ക്വാര്‍ട്ടര്‍ ഇന്ന് രാവിലെ 6.15ന് നടക്കും. മത്സരത്തില്‍ കണ്ണൂര്‍ വിജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാം. കണ്ണൂരില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തൃശൂരിനെ തോല്‍പ്പിച്ചിരുന്നു.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ക്ക് വിജയ തുടക്കം. ആദ്യ മത്സരത്തില്‍ കൊല്ലം എതിരില്ലാത്ത 15 ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ചു. പൂള്‍ബിയിലെ ശക്തന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ തൃശ്ശൂരിനെ തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് എറണാകുളവും നാലാം മത്സരത്തില്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് മലപ്പുറം ആലപ്പുഴയെയും പരാജയപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ കോഴിക്കോട് എതിരില്ലാത്ത 15 ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. പൂള്‍ എയില്‍ രണ്ട് മത്സരങ്ങളും തോറ്റ ഇടുക്കി സെമി കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന കൊല്ലം കോഴിക്കോട് വിജയികള്‍ പൂള്‍ എയില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടും.
വസ്തു വിറ്റ് പണം നൽകാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
ഓയൂർ: മദ്യപിക്കാൻവസ്തു വിറ്റ് പണം നൽകാൻ വിസമ്മതിയ ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്പലംകുന്ന് ചെറുവക്കൽ കൂലിക്കോട് ഇടയിലഴികത്ത് വീട്ടിൽ പ്രകാശിനെ (47) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. നാല് ഡോറുകളും ബോണറ്റിന്റെ മേൽ മൂടിയും ഇല്ലാത്ത കാർഅമിത വേഗത്തിൽമുന്നോട്ടും പിന്നോട്ടും എടുക്കുകയും പിന്നോട്ടെടുക്കുന്നതിനിടയിൽ ഗേറ്റ് തകർന്ന് ഭാര്യയുടെ ദേഹത്ത് ശക്തമായി പതിക്കുകയും കാൽ ഒടിയുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്ത ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന പ്രകാശ് പിന്നീട് വീട് അടിച്ച് തകർത്തു. ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന കുറെ വസ്തുക്കൾ വിൽപ്പിക്കുകയും ഈ തുക തീർന്നതോടെ ഭാര്യയുടെ പേരിൽ അവശേഷിക്കുന്ന ഒരേക്കർ ഭൂമി കൂടി വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വസ്തുവിൽക്കാൻ വിസമ്മതിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ഭാര്യയെ അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു. പൂയപ്പള്ളി സി.ഐ. ബിജു .എസ്.ടിയുടെ നിർദേശംകാരം എസ്ഐമാരായ രജനീഷ് ,രാജേഷ്, എസ്. സി.പി.ഒ. വിനോദ്, ഹോംഗാർഡ് റോയി എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് മദ്യലഹരിയിൽ അക്രമം നടത്തിക്കൊണ്ട രുന്നപ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
കല്ലട ജലോത്സവം ഇന്ന്
കുണ്ടറ: കല്ലടയാറ്റിലെ മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തില്‍ ഇരുപത്തെട്ടാം ഓണത്തിന് നടത്തുന്ന കല്ലട ജലോത്സവം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. മത്സരത്തിനായി മാറ്റുരയ്ക്കാന്‍ ഇതിനകം 11 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുട്ടുകുത്തി എ, ബി, വെപ്പ് എ, ബി, വിഭാഗം വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലങ്കാര വള്ളങ്ങളും വനിതകള്‍ തുഴയുന്ന വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.
മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ പതാക ഉയര്‍ത്തും. കല്ലട ജലോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പങ്കെടുക്കും.
ദേവീപ്രാർഥനയുടെ പുണ്യവുമായി ഇന്ന് മഹാനവമി
ദേവീപ്രാർഥനയുടെ പുണ്യവുമായി ഇന്ന് മഹാനവമി. മഹാനവമിദിനത്തിൽ ഗ്രന്ഥപൂജ, ആയുധപൂജകൾ, വിശേഷാൽ പൂജകൾ എന്നിവ നടക്കും. അക്ഷരങ്ങളെ മനസിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാർത്ഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു.
നാളെ വിജയദശമിദിനത്തിൽ കുരുന്നുകൾ അക്ഷരമധുരം നുകരും. ക്ഷേത്രങ്ങളിൽ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കുശേഷം എഴുത്തിനിരുത്തൽ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രങ്ങൾക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിൽ ദേവിയെ ആരാധിച്ച് പ്രത്യേക പൂജകൾ നടത്തിയാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ആരാധിച്ചു പോരുന്നത്. വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ഇന്നലെ അഷ്ടമി തുടങ്ങിയിരുന്നു. ഇന്ന് മഹാനവമി ദിനത്തിൽ ആയുധ പൂജ നടക്കും. ഞായറാഴ്ച വിജയദശമി ദിനത്തിൽ രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.




































