23.5 C
Kollam
Saturday 20th December, 2025 | 01:41:32 AM
Home Blog Page 2046

ലഹരിക്കേസ്: സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് കമ്മിഷണർ, കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലുള്ളവർക്ക് കേസിൽ പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലിൽ ഇവരെ സന്ദർശിച്ചെന്ന പേരിലാണ് നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് സംഘം ചോദ്യം ചെയ്തത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാർട്ടിയെക്കുറിച്ചും അറിയാതെയാണു ഹോട്ടലിൽ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി. പ്രയാഗ അടക്കം പൊലീസ് ചോദ്യം ചെയ്ത പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നൽകിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ ശ്രീനാഥ് ഭാസിയും പ്രയാഗയും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി.

കൊച്ചിയിൽ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. വൻകിട ലഹരിക്കച്ചവടങ്ങൾക്കും പാർട്ടികൾക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ മുറിയെടുക്കാറുള്ളത്. ഇവർക്കു സ്വാധീനമുള്ള ആഡംബര ഫ്ലാറ്റുകളിലാണ് സാധാരണ ദിവസങ്ങളിൽ ലഹരിപാർട്ടി സംഘടിപ്പിക്കുന്നത്. ലഹരിപാർട്ടികളിൽ നിന്നു ലഭിക്കുന്ന തുകയുടെ 10 മുതൽ 20 ശതമാനം വരെ പാർപ്പിട സമുച്ചയ അസോസിയേഷൻ ഭാരവാഹികൾക്കു ‘കപ്പം’ നൽകിയാണ് ഇവർ നിശാപാർട്ടികൾക്കു വേദി ഒരുക്കുന്നത്. ഇതിൽ രണ്ടിടങ്ങളിൽ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്ലാറ്റുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.

മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന്; മകൾക്ക് പകരം അമ്മയെ കൊലപ്പെടുത്തി കാമുകൻ

ആഗ്ര: ഉത്തർപ്രദേശിൽ മകളെ കൊലപ്പെടുത്താൻ അമ്മ ക്വട്ടേഷൻ നൽകിയത് മകളുടെ കാമുകന് തന്നെ. പദ്ധതി അറിഞ്ഞതോടെ മകളുടെ നിർദേശ പ്രകാരം കാമുകൻ അമ്മയെ വകവരുത്തി. ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തിൽ കൊല്ലപ്പെട്ട അമ്മ അൽക്കയുടെ മകളായ 17 വയസുകാരിയെയും കാമുകൻ സുഭാഷ് സിങിനെയും (38) ജസ്രത്പൂർ പൊലീസ് പിടികൂടി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. 17 വയസുകാരിയായ മകളുടെ പെരുമാറ്റത്തിൽ അല്ലാപുർ സ്വദേശിനിയായ അൽക്കയ്ക്ക് (35) സംശയം തോന്നിയിരുന്നു. മകൾ പ്രദേശത്തെ ഒരാളോടൊപ്പം ഒളിച്ചോടി പോയത് വൈരാഗ്യം വർധിക്കുന്നതിന് കാരണമായി. മകളെ പിന്നീട് തിരികെയെത്തിച്ചു. കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ മകളെ അൽക്ക നിർബന്ധിച്ചെങ്കിലും മകൾ വഴങ്ങിയില്ല. തുടർന്ന് മകളെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചെങ്കിലും മകൾ ബന്ധം തുടർന്നു. ഇതോടെ നാണക്കേട് ഭയന്ന് മകളെ കൊലപ്പെടുത്താൻ അൽക്ക തീരുമാനിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ 27ന് വാടകക്കൊലയാളിയായ സുഭാഷ് സിങിനെ, അൽക്ക സമീപിച്ചു. 50,000 രൂപയും അൽക്ക ഇയാൾക്ക് നൽകി. എന്നാൽ ക്വട്ടേഷൻ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകൻ.

പണം ലഭിച്ചതിന്റെ പിന്നാലെ സുഭാഷ് സിങ് തന്റെ കാമുകിയോട് കാര്യം പറഞ്ഞു. ഇതോടെ തനിക്ക് പകരം അമ്മയെ വകവരുത്തിയാൽ താൻ സുഭാഷിനെ വിവാഹം കഴിക്കാമെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. ഇതിനായി ഇരുവരും ചേർന്ന് പദ്ധതിയിടുകയും ചെയ്തു. ഒക്‌ടോബർ 6 ന് ജസ്രത്പുരിലെ വയലിൽ നിന്ന് അൽക്കയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൃതദേഹം അൽക്കയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് വൈകാതെ സുഭാഷ് സിങിനെ പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം സംബന്ധിച്ച ചുരുൾ അഴിയുന്നത്. വൈകാതെ മകളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

ഓച്ചിറയിൽ കെട്ടുകാള മറിഞ്ഞു (വീഡിയോ…)

ഓച്ചിറയിൽ കെട്ടുകാള മറിഞ്ഞു. 72 അടി ഉയരമുള്ള കാലഭൈരവനെന്ന കെട്ടുകാളയാണ് മറിഞ്ഞത്. ആളപായമില്ല. കാളകെട്ട് ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് ക്രെയിൻ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ടുപോകും വഴിയാണ് അപകടം

വൈദ്യുതി ലൈനുകള്‍ക്ക് തകരാറു സംഭവിച്ചിട്ടുണ്ട്. കാഴ്ചക്കാരെ നടുക്കിയാണ് കാലഭൈരവന്‍ മറിഞ്ഞത്. ഉയരം അധികമായതിനാല്‍ ക്ഷേത്ര പരിസരത്തേക്ക് എത്തിക്കാന്‍കഴിയാതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. നേരത്തേ ജനം തോളിലെടുക്കുന്ന കെട്ടു കാളകളായിരുന്നുവെങ്കില്‍ അടുത്ത കാലത്തായി മല്‍സര ബുദ്ധിയോടെ കാളകളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. ഇതുമൂലം പല സംഘങ്ങള്‍ക്കും കാളകളെ ഉല്‍സവമേഖലയില്‍ എത്തിക്കാന്‍ പോലും കഴിയാറില്ല. ഇടക്കാലത്ത് നിയന്ത്രണം വന്നെങ്കിലും ക്രൈയിനും മറ്റും ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകുന്ന ടണ്‍കണക്കിന് ഭാരമുള്ള ഉരുക്കളാണ് ക്ഷേത്രത്തിലേക്ക് ഉല്‍സവത്തിന് ഒരുക്കാറ്.

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്,യാത്രക്കാര്‍ ശ്രദ്ധിക്കണം

കോഴിക്കോട്.താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിൽ, തകരാറിലായ ലോറി കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് കാരണം. മെക്കാനിക്കിനെ എത്തിച്ച് ലോറിയുടെ തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. അവധി ദിനമായതിനാൽ, നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്. നേരത്തെ, ഏഴാം വളവിൽ കുടുങ്ങിയ ടാങ്കർ ലോറി പ്രശ്നം പരിഹരിച്ച് നീക്കിയിരുന്നു. ചുരം വഴി യാത്ര ചെയ്യുന്നവർ വെള്ളവും ഭക്ഷണവും കയ്യിൽ കരുതാൻ ഹൈവേ പോലീസ് അറിയിച്ചിട്ടുണ്ട്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ അമർഷം പ്രകടിപ്പിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്

ന്യൂഡെല്‍ഹി. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ അമർഷം പ്രകടിപ്പിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ബംഗ്ലാദേശ് സർക്കാരിന്ർറെ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ വിവാദ വിഷയങ്ങളിലും വിജയ ദശമി ദിന റാലിയിൽ മോഹൻ ഭഗവത് നിലപാട് പറഞ്ഞു

സർക്കാർ മാറിയതിന് പിന്നാലെ ബംഗ്ലാദേശിനെ ന്യൂനപക്ഷമായ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ കടുത്ത അതൃപ്തിയാണ് മോഹൻ ഭഗവത് രേഖപ്പെടുത്തിയത്. ബംഗ്ലാദേശ് സർക്കാരിന്ർറെ മൃദു സമീപനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ ആർജികർ ആശുപത്രിയിലെ ബലാത്സംഗക്കൊലയെ അദ്ദേഹം അപലപിച്ചു. രാജ്യത്തിന് സംഭവം നാണക്കേടായെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ നൽകാൻ കഴിയാത്തത് വലിയ വീഴ്ചയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം വൈവിധ്യ ങ്ങൾ നിറഞ്ഞതാണെങ്കിലും എന്നാൽ ഐക്യത്തോടെ കഴിയേണ്ടതിന്ർറെ ആവശ്യകത അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് എല്ലാ ഭാഷയ്ക്കും മഹത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷിയും വേദിയിൽ സംസാരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാർ കെ.രാധാകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടന്നു

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇന്ന് വിദ്യാരംഭ ചടങ്ങുകൾ നടന്നു. നിരവധി കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ആറ് മണിയ്‌ക്ക് വിജയദശമി പൂജകൾ നടന്നു.
ഉച്ചയ്ക്ക് 12.30ന് പുത്തരി നിവേദ്യ സമർപ്പണമായ നവാന്ന പ്രശാനം നടക്കും. മുഖ്യതന്ത്രി നിത്യാനന്ദ അഡികറുടെ നേതൃത്വത്തിലുള്ള ആചാര്യന്മാരാണ് വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വൈകിട്ട് 4.30ന് നടക്കുന്ന വിജയോത്സവത്തിനും രാത്രിപൂജയ്ക്കും ശേഷം 9.30ന് നട അടയ്ക്കും.
സംസ്ഥാനത്ത് നാളെയാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക. ഇതിനായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പതിനയ്യായിരത്തോളം കുഞ്ഞുങ്ങൾ ആദ്യ അക്ഷരം കുറിയ്ക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് ഇനി പൊലീസ് കുപ്പായത്തിൽ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര്‍ മുഹമ്മദ് സിറാജ് ഇനി പൊലീസ് കുപ്പായത്തിൽ. തെലങ്കാന ഡിഎസ്പിയായാണ് സിറാജിന്റെ നിയമനം. തെലങ്കാന ഡിജിപിയുടെ ഓഫീസിലെത്തി സിറാജ് ചുമതല ഏറ്റെടുത്തു. തെലങ്കാന ഡിജിപി ജിതേന്ദര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സിറാജ് ഡിഎസ്പിയായി ചുമതലയേറ്റെടുത്തത്. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടം ചൂടിയതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുഹമ്മദ് സിറാജിന് വീട് വയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡിഎസ്പി റാങ്കിലേക്ക് എത്താനുള്ള വിദ്യാഭ്യാസ യോഗ്യത സിറാജിന് ഇല്ലെങ്കിലും താരത്തിനായി ഇളവ് അനുവദിക്കാന്‍ തെലങ്കാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു… ദമ്പതികൾ രക്ഷപ്പെട്ടത് അദ്‌ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച് അപകടം. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയിൽ ഇന്നലെ രാത്രിയാണ് സംഭവം. ചാക്കപ്പൻ കവലയിൽ വച്ച് കാർ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാർ യാത്രികർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. കിണറിൽ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെൽറ്റ് അഴിച്ച് കാറിന്റെ പിൻസീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനിൽ പുറത്തെത്തിയത്.
മഴ പെയ്ത് കൊണ്ടിരിക്കെ പണികൾ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാൻ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയത്. കാർ പിന്നീട് യന്ത്ര സഹായത്തോടെ കിണറിന് പുറത്ത് എത്തിച്ചു. കാറിന്റെ മുൻഭാഗം തകർന്ന നിലയിലാണ് ഉള്ളത്. പട്ടിമറ്റം ഫയർഫോഴ്സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്

ശബരിമല മണ്ഡലകാലം അട്ടിമറിക്കാൻ നീക്കമെന്ന് ഇന്റലിജൻസ് റിപ്പോർ‌ട്ട്

തിരുവനന്തപുരം: സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർ‌ട്ട്. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകൾ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.
സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്‌പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങളിൽ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

തെക്കൻ കേരളത്തിലും മധ്യകേരത്തിലും മഴ കനത്തേക്കും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. തെക്കൻ കേരളത്തിലും മധ്യകേരത്തിലും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. തമിഴ്നാട് തീരത്ത് ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.ബംഗാൾ ഉൾകടലിൽ തമിഴ്നാട് തീരത്തിനു സമീപവും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലും മുകളിലായി സ്ഥിതിചെയ്യുന്ന രണ്ട് ചക്രവാതചുഴികളുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.
അറബികടലിലെ ശക്തി കൂടിയ ന്യുന മർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുകയാണ്. ഇത് ഞായറാഴ്ചയോടെ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.