Home Blog Page 2042

കേരള തീരത്ത് ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത – റെഡ് അലെർട്ട്

കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന് റെഡ് അലെർട് ആണ് INCOIS പ്രഖ്യാപിച്ചിരിക്കുന്നത്.*

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കേരളം നോക്കു കൂലിയിൽ കുരുങ്ങിക്കിടക്കുന്നു, നിർമല സീതാരാമൻ

ന്യൂഡെല്‍ഹി. കേരളം നോക്കു കൂലിയിൽ കുരുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. നോക്കു കൂലിയും അനുബന്ധ പ്രശ്നങ്ങളും കേരളത്തിന് നാണകേട്. ഇത് വ്യവസായ വികസനത്തിന് തടസം. നോക്കു കൂലിയിൽ നിന്ന് കേരളം പുറത്തുവരണം. ഇല്ലെങ്കിൽ കേരളത്തിൽ ആരും ഒരു സംരംഭവും തുടങ്ങാൻ വരില്ല. ഗൾഫ് രാജ്യങ്ങളിലെ വൻകിട സംരംഭകർ പലരും മലയാളികൾ ആണെന്നത് മനസിലാക്കണമെന്നും നിർമല സീതാരാമൻ

എടപ്പാളിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ

മലപ്പുറം. എടപ്പാളിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. എടപ്പാൾ സ്വദേശി ഷിബു എന്ന ഷഹബാസിനെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ബാർബർ ഷോപ്പിൽ കയറിയാണ് ഇയാൾ അതിക്രമം കാണിച്ചത്.

ശുകപുരത്തുള്ള ബാർബർ ഷോപ്പിൽ കയറി ഷഹബാസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പണം ചോദിച്ച് ബാർബർ ഷോപ്പ് ജീവനക്കാരനായ പ്രജീഷിന് നേരെ വടിവാൾ വീശി. അക്രമം തടയാൻ ശ്രമിച്ച പ്രജീഷിന്റെ സുഹൃത്ത് വിനോദിന്റെ കൈവിരലിന് പരിക്കേറ്റു. ബാർബർ ഷോപ്പ് പ്രതി അടിച്ചു തകർത്തു. തുടർന്ന് ചങ്ങരംകുളം പോലീസിൽ പ്രജീഷ് നൽകിയ പരാതിയെ തുടർന്നാണ് ഷഹബാസ് പിടിയിലാകുന്നത്. ഇയാളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എടപ്പാൾ പ്രദേശത്ത് ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന പരാതി വ്യാപകമായി നാട്ടുകാർക്ക് ഉണ്ട്. രാത്രികാലങ്ങളിൽ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.

രാഹുലിനും ഫിറോസിനും ജാമ്യം

തിരുവനന്തപുരം. രാഹുലിനും ഫിറോസിനും ജാമ്യം. നിയമസഭാ മാർച്ചിനിടയുണ്ടായ സംഘർഷം. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ ഫിറോസ് എന്നിവർക്ക് ജാമ്യം. ആകെ 37 യുഡിവൈഎഫ് പ്രവർത്തകർക്കാണ് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഇവർ ജയിലിലായിരുന്നു

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് കങ്കുവയ്ക്ക് വേണ്ടി നടൻ സൂര്യയുടെ ശബ്ദം ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യും

സൂര്യ ഡബിൾ റോളിൽ എത്തുന്ന ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു വിവരം പുറത്തു വന്നിരിക്കുകയാണ്. എഐ ഉപയോഗിച്ച് കങ്കുവയ്ക്ക് വേണ്ടി നടൻ സൂര്യയുടെ ശബ്ദം ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുമെന്നാണ് ചിത്രത്തിൻ്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ അറിയിച്ചിരിക്കുന്നത്. അടുത്തിടെ, വേട്ടയ്യന്റെ നിർമ്മാതാക്കളും അമിതാഭ് ബച്ചൻ്റെ ശബ്ദത്തിനായും ഇതിന് സമാനമായ രീതി ചെയ്തിരുന്നു. ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ ഇത് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി – കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.

ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളിൽ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേൽ കൂട്ടിച്ചേർത്തു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിൽ നവംബർ 14ന് കങ്കുവ റിലീസ് ചെയ്യും.

വയനാട് ദുരന്തം, കേന്ദ്രസഹായം ആവശ്യപ്പെട്ട് നിയമസഭ പ്രമേയം

തിരുവനന്തപുരം. മുണ്ടെക്കെെ – ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ . ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ആദ്യം കാണിച്ച താൽപര്യം സർക്കാരിന് ഇപ്പോഴില്ലെന്ന് പ്രതിപക്ഷം
അരോപിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. പുനരധിവാസത്തിനായി മൈക്രോ ലെവൽ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രിയും പ്രഖ്യാപിച്ചു.

മുണ്ടക്കെ – ചൂരൽമല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേൽ നടന്ന ചർച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതിൽ കലാശിച്ചത്. വയനാട് പുനരധിവാസത്തിൽ തുടക്കത്തിലെ ആവേശം ഇപ്പോൾ സർക്കാറിൽ കാണുന്നില്ലെന്നായിരുന്നു പ്രമേയവതാരകനായ ടി. സിദ്ദിഖിൻ്റെ വിമർശനം

നിത്യ ചെലവിനും ചികിത്സക്കും പോലും പണമില്ലാതെ കഷ്ടപ്പെടുന്ന ദുരന്ത ബാധിതരുണ്ട്. കട ബാധ്യതകൾ എഴുതി തള്ളുമെന്ന പ്രഖ്യാപനം നടപ്പായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഒറ്റയാള് പോലും ബാക്കിയാവാതെ, അവസാനയാളെ വരെ പുനരധിവസിപ്പിച്ചേ വയനാട്ടിൽ നിന്ന് ഇറങ്ങു എന്നായിരുന്നു റവന്യുമന്ത്രി കെ. രാജൻ്റെ പ്രഖ്യാപനം.
സഹായം കിട്ടാതെ ആരെങ്കിലും വിട്ടുപോയെങ്കിൽ അത് കണ്ട് പിടിക്കാൻ സംവിധാനം ഉണ്ടെന്നും എല്ലാവർക്കും സഹായം ലഭിക്കുമെന്നും മുഖ്യമന്ത്രിയും ഉറപ്പ് നൽകി. പരമാവധി നേരത്തെ
പുനരധിവാസം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തിൽ യോജിച്ച സമീപനം പുലർത്തുന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു
ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം ലഭിക്കാൻ ഐക്യ കണ്ഠേന പ്രമേയം പാസാക്കിയാണ് ചർച്ച സമാപിച്ചത്

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ നാലു മരണം

സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഉണ്ടായ വാഹനാപകടങ്ങളിൽ നാലു മരണം. മൂന്നാറിൽ ട്രാക്ടർ ഇടിച്ച് കാർ യാത്രികൻ മരിച്ചു. ആലുവയിലും അത്താണിക്കലിലും ഉണ്ടായ അപകടങ്ങളിൽ ബൈക്ക് യാത്രക്കാരായ മൂന്നു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് അത്തോളിയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.

മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാർ തേയില കയറ്റി വന്ന ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന തമിഴ്നാട് സേലം സ്വദേശി നന്ദകുമാർ മരിച്ചു. എറണാകുളം ആലുവ കുറ്റിക്കാട്ടുകരയിൽ ബൈക്കിൽ മിനി ലോറി ഇടിച്ചു കയറി. ബൈക്ക് യാത്രികരായ രാഹുൽരാജ് ആദിഷ് എന്നിവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പറമ്പിൽ പീടിക സ്വദേശി മുഹമ്മദ് ഹാഷിർ മരിച്ചു. കോഴിക്കോട് അത്തോളി കോളിയോട്ട് താഴത്ത് വച്ചായിരുന്നു സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട എസി ബ്രദേഴ്സ് എന്ന ബസ് അജുവ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ അൻപതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

പോക്സോ കേസിൽ 67 കാരന് 68 വർഷം കഠിനതടവ്

കോഴിക്കോട്. പോക്സോ കേസിൽ 67 കാരന് 68 വർഷം കഠിനതടവ്. തടവിനൊപ്പം 65000 രൂപ പിഴയും അടക്കണം. 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിയായ സുബ്രഹ്മണ്യൻ ആണ് ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 50000 രൂപ കുട്ടിക്ക് നൽകാനും വിധി. 2021 ഏപ്രിൽ മാസമാണ് കേസ് ആസ്പദമായ സംഭവം

പോലീസ് തന്നെ നിരീക്ഷിക്കുന്നു എന്ന് കാട്ടി നടൻ സിദ്ദിഖ് നൽകിയ പരാതി തള്ളി

കൊച്ചി. പോലീസ് തന്നെ നിരീക്ഷിക്കുന്നു എന്ന് കാട്ടി നടൻ സിദ്ദിഖ് നൽകിയ പരാതി പോലീസ് തള്ളി. നേരത്തെ കേസ് ഉണ്ടായപ്പോൾ ഒളിവിൽ പോയ ആളാണ് സിദ്ദിഖ് എന്നും ഗുരുതരമായ കേസിലെ ആരോപണ വിധേയനായതിനാൽ പോലീസ് നിരീക്ഷണം അനിവാര്യമെന്നാണ് പോലീസിനെ നിലപാട്.സിദ്ദിഖിൻ്റെ പരാതി അന്വേഷണസംഘത്തിന് സമ്മർദ്ദം ഉണ്ടാക്കാൻ ആണെന്ന് കാട്ടി പോലീസ് റിപ്പോർട്ട് നൽകും


നിരന്തരമായി പോലീസ് തന്നെ പിന്തുടരുന്നു എന്നും സ്വകാര്യത ഇല്ലാതാക്കുന്നു എന്നും കാട്ടിയാണ് നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നൽകിയത്. ഈ പരാതിയാണ് പോലീസ് തള്ളുന്നത്.ഗുരുതരമായ ക്രിമിനൽ കുറ്റത്തിലെ ആരോപണ വിധേയനായ വ്യക്തിയാണ് സിദ്ദിഖ് എന്നും ഒളിവിൽ പോകാൻ സാധ്യത ഉള്ളതിനാൽ ആണ് ചിന്തിക്കുന്നത് എന്നും പോലീസ് പറയുന്നു.നേരത്തെ ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോൾ സിദ്ധിക്ക് ഒളിവിൽ പോയത് അന്വേഷണ സംഘത്തെ പോലും പ്രതിക്കൂട്ടിൽ ആക്കിയിരുന്നു.വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുള്ള ആളെ നിരീക്ഷിക്കുക എന്നത് പോലീസിന്റെ ജോലിയാണെന്നും പോലീസ് വ്യക്തമാക്കുന്നു.

നിയമപരമായ ബാധ്യത മാത്രമാണ് പോലീസ് നിർവഹിക്കുന്നത് എന്നാണ് പോലീസ് വിശദീകരണം. സിദ്ദിഖ് ഡിജിപിക്ക് നൽകിയ പരാതിയിൽ പോലീസ് നിലപാട് വ്യക്തമാക്കിയുള്ള റിപ്പോർട്ട് ഉടൻ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും.സിദ്ദിഖിനെ പൂർണമായും തള്ളുന്നതിനു പുറമേ പോലീസിനിരീക്ഷണം തുടരുമെന്ന് കാര്യവും റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നുണ്ട്.നിയമത്തിന്റെ മുന്നിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയാണ് സിദ്ദിഖ് എന്നതാണ് പോലീസ് റിപ്പോർട്ടിലെ പ്രധാന പരാമർശം.സുപ്രീംകോടതി പൂർണ്ണ ജാമ്യം നൽകിയിട്ടില്ലാത്തതിനാൽ സിദ്ദിഖിനെ നിരീക്ഷിക്കേണ്ടത് നിയമപരമായ അനിവാര്യത ആണ് എന്നും പോലീസ് വ്യക്തമാക്കുന്നു

നടൻ ബൈജു സന്തോഷിനെ ജാമ്യത്തില്‍ വിട്ടു



തിരുവനന്തപുരം. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് അറസ്റ്റിലായ നടൻ ബൈജു സന്തോഷിനെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലായിരുന്നു അപകടം. മദ്യപിച്ച് വാഹനമോടിച്ച ബൈജു സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു. ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ 24 ന് ലഭിച്ചു


ഇന്നലെ രാത്രി 11.30 ഓടെ  ആയിരുന്നു അപകടം. ശാസ്തമംഗലത്ത് നിന്ന് ആൽത്തറ ഭാഗത്തേക്ക് പോകുന്നതിനിടെ വെള്ളയമ്പലം ട്രാഫിക് സിഗ്നലിന് സമീപത്തുവച്ചാണ് ബൈജു ഓടിച്ച കാർ സ്കൂട്ടർ യാത്രികനെ ഇടിച്ചത്. സ്കൂട്ടറിൽ ഇടിച്ച ശേഷം ട്രാഫിക് സിഗ്നൽ പോസ്റ്റിലും വാഹനം ഇടിച്ചു. വാഹനം അമിതവേഗതയിൽ എന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ട്.



ആഡംബര കാറിൽ എത്തിയ ബൈജു മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. സ്ഥലത്തുനിന്ന് ബൈജുവിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയി. എന്നാൽ രക്തസാമ്പിൾ എടുക്കാൻ ബൈജു സമ്മതിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി ബൈജു മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടർ പൊലീസിന് എഴുതി നൽകി. ഇതോടെ മ്യൂസിയം പൊലീസ് ബൈജുവിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഭാരതീയ ന്യായ സംഹിത 281, മോട്ടോർ വെഹിക്കിൾ ആക്ട് 185 എന്നിവ പ്രകാരം കേസെടുത്തു. എന്നാൽ സ്കൂട്ടർ യാത്രക്കാരന് പരാതിയില്ല.