27.6 C
Kollam
Saturday 20th December, 2025 | 01:45:17 PM
Home Blog Page 2039

ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്കടുത്ത് മാമല കക്കാട് അധ്യാപക ദമ്പതികളും രണ്ടു മക്കളും മരിച്ചനിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മാമല കക്കാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കണ്ടനാട് സെന്റ് മേരീസ് സ്കൂളിലെ അധ്യാപകനാണ് രഞ്ജിത്. രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്. രണ്ടു മക്കളും ഇവിടുത്തെ വിദ്യാർഥികളാണ്. ഇന്നു രാവിലെ സ്കൂളിൽ‍ ചെല്ലാതിരുന്നപ്പോൾ സ്കൂളിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടാകാത്തതിനെ തുടർന്ന് സ്കൂള്‍ അധികൃതർ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് അംഗം അയൽക്കാരുമായി എത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. അധ്യാപക ദമ്പതികൾ ഡൈനിങ് മുറിയിൽ തൂങ്ങി മരിച്ച നിലയിലും മക്കളുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയിട്ടുള്ളത്.

മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കാരണമായി പറഞ്ഞിരിക്കുന്നതെങ്കിലും ഇരുവരും അധ്യാപകരായ സാഹചര്യത്തിൽ ഇതു മാത്രമാണോ കാരണമെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മെമ്മറി കാർഡിലെ പരിശോധനാ റിപ്പോർട്ട്: പൊലീസ് അന്വേഷണമില്ല, നടിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിൽ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഹർജി തള്ളിയത്. മെമ്മറി കാർഡ് അനധികൃത പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി അതീജീവിത നൽകിയ ഉപഹർജിയിലാണ് വിധി. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന അതിജീവിതയുടെ പരാതിയിൽ നേരത്തെ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, മൂന്നു തവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടന്നും ഇതിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി കോടതിയിൽ‍ സമർപ്പിച്ചു. എന്നാൽ തന്നെപ്പോലും ബന്ധപ്പെടാതെയാണ് അന്വേഷണം നടത്തിയിട്ടുള്ളതെന്നും വസ്തുതാപരമായി പരിഗണിക്കേണ്ട പല കാര്യങ്ങളും അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അതിജീവിത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്ന മൊഴിയുടെ പകർപ്പും അതിജീവിതയ്ക്ക് നൽകാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഇതേ ആവശ്യം കേസിലെ എട്ടാം പ്രതിയായ ദിലീപും ഉന്നയിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ സുനിൽ കുമാർ എന്ന പൾസർ സുനിക്ക് ഏഴു വർഷത്തിനു ശേഷം അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. കേസിന്റെ അവസാനഘട്ട വിചാരണ സെഷൻസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം, ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് മഴ ശക്തം; 6 ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. മധ്യ അറബികടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിൽ നിന്നുള്ള ന്യൂനമർദപാത്തി തെക്കൻ കേരളത്തിന് കുറുകെയായി നിലനിൽക്കുന്നുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കും. ഇതിന്റെയെല്ലാം സ്വാധീനഫലമായി ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.

അടുത്ത 4 ദിവസത്തിനുള്ളിൽ രാജ്യത്ത്‌ നിന്ന് കാലവർഷം പൂർണ്ണമായും വിടവാങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. അതേ ദിവസങ്ങളിൽ തന്നെ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാനാണ് സാധ്യത.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് ഉണ്ട്. ഉയർന്ന തിരമാലകൾക്കും, കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മൽസ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

15 ന് രാവിലെ 5.30 മുതൽ 16 ന് രാത്രി 11.30 വരെ മാഹി തീരത്ത് 0.6 മുതൽ 1.0 മീറ്റർ വരെയും തെക്കൻ തമിഴ് നാട് തീരത്ത് (കന്യാകുമാരി തീരം) 1.2 മുതൽ 1.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.


ജാഗ്രത നിർദേശങ്ങൾ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

  1. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  2. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ആഗോള പട്ടിണി സൂചിക: ഇന്ത്യ 105–ാം സ്ഥാനത്ത്; മൂന്ന് അയൽരാജ്യങ്ങൾക്ക് പിന്നിൽ

ലണ്ടൻ: ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.

അതേസമയം അയൽ രാജ്യങ്ങളായ ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ തന്നെ തുടരുകയാണ് ഇന്ത്യ. ശ്രീലങ്ക (56), നേപ്പാൾ (68), ബംഗ്ലദേശ് (84) എന്നിങ്ങനെയാണു പട്ടിക. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.

പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയിൽ ബെലാറൂസ്, ബോസ്നിയ, ചിലെ, ചൈന, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. സൊമാലിയ, യെമൻ, ചാഡ്, മഡഗാസ്കർ, കോംഗോ എന്നിവയാണ് അവസാന അഞ്ചിൽ

വിശപ്പിന്റെ തീവ്രത സൂചിപ്പിക്കുന്ന 100 പോയിന്റ് സ്കെയിൽ വിശപ്പില്ലാത്തത് പൂജ്യം, ഏറ്റവും തീവ്രം 100 എന്ന മാനദണ്ഡത്തിലാണ് സ്കോർ തയാറാക്കിയത്. ഇന്ത്യയുടെ പോയിന്റ് 27.3 ആണ്. ഇന്ത്യയിൽ 13.7% ആളുകൾക്ക് പോഷകാഹാരം ലഭിക്കുന്നില്ല. 2.9% കുട്ടികൾ 5 വയസ്സ് ആകുന്നതിനു മുൻപ് മരിക്കുന്നു. ലോകമെമ്പാടുമായി 280 കോടി ആളുകൾക്കു നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും 737 ദശലക്ഷം പേർ ദിവസവും പട്ടിണി അനുഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബോംബ് ഭീഷണി: മുംബൈ–ന്യൂയോർക്ക് വിമാനം അടിയന്തരമായി നിലത്തിറക്കി; പരിശോധന

ന്യൂഡൽഹി: മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. മുംബൈ വിമാനത്താവള അധികൃതർക്ക് എക്സിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. സുരക്ഷാ ഏജൻസികളെ അറിയിച്ചശേഷം വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുകയായിരുന്നു. 239 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കിയശേഷം വിമാനത്തിൽ സുരക്ഷാ പരിശോധനകൾ നടത്തി.

‘‘ മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട എഐ 119 വിമാനത്തിന് സുരക്ഷാ മുന്നറിയിപ്പുകൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കി. യാത്രക്കാർ ഇപ്പോൾ ഡൽഹി വിമാനത്താവളത്തിലെ ടെർമിനലിലുണ്ട്. യാത്രക്കാർക്ക് ഉണ്ടായ അപ്രതീക്ഷിത ബുദ്ധിമുട്ട് ഒഴിവാക്കാൻ ജീവനക്കാർ നടപടികൾ സ്വീകരിക്കുകയാണ്’’–എയർഇന്ത്യ വക്താവ് അറിയിച്ചു. പ്രോട്ടോകോൾ അനുസരിച്ചുള്ള സുരക്ഷാ പ‌രിശോധനകൾ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

യുകെജി വിദ്യാർഥിയെ ചൂരലിന് അടിച്ചു, കരയാത്തതിന് വീണ്ടും മർദനം; ഒളിവിൽ പോയ അധ്യാപികയെ കണ്ടെത്താനായില്ല

തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ അധ്യാപികയായ സെലിൻ ക്രൂരമായി മർദിച്ചത്. ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്നാണ് വീണ്ടും മർദിച്ചതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്.

എന്നാൽ സംഭവത്തിൽ പൊലീസ് കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്ക് മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തെന്നാണ് വിവരം.

വിമാനത്തിൽ ബോംബ് ഭീഷണി

മുംബൈ.വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭീഷണി. വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിട്ടു. യാത്രക്കാർ സുരക്ഷിതർ എന്ന് അധികൃതർ. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി പരിശോധിക്കുന്നു.

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം റദ്ദാക്കി,ഒമർ അബ്ദുള്ള സർക്കാരിന്‍റെ സത്യ പ്രതിജ്ഞ ബുധനാഴ്ച

തിരുവനന്തപുരം. ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിന്റെ സത്യ പ്രതിജ്ഞ ബുധനാഴ്ച ഉണ്ടാകും. ജമ്മുകശ്മീരിലെ
രാഷ്ട്രപതി ഭരണം പിൻവലിച്ചു.ഇത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.ജമ്മു-കശ്മീർ പുനഃസംഘടന നിയമത്തിൻ്റെ 54-ാം വകുപ്പ് പ്രകാരം, മുഖ്യമന്ത്രി നിയമനത്തിന്റ ഭാഗമായാണ് നടപടി.ഒമർ അബ്ദുള്ള സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റ് നെന്റ് ഗവർണർ മനോജ്‌ സിൻഹ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തിലാണ്, രാഷ്ട്രപതി ഭരണം പിൻവലിക്കാനുള്ള തീരുമാനം. 2018ൽ ഗവർണർ ഭരണത്തിൻ കീഴിൽ ആറുമാസം പൂർത്തിയാക്കിയ ശേഷം അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
അതേസമയം മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ബാലയോട് വൈരാഗ്യം, ഗൂഡാലോചന.. ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാലയുടെ അഭിഭാഷക

മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ നടന്‍ ബാല അറസ്റ്റിലായ സംഭവത്തിൽ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് ബാലയുടെ അഭിഭാഷക പ്രതികരിച്ചു. കേസ് റദ്ദാക്കാന്‍ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുന്‍ഭാര്യ മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുകയാണെന്ന് അഭിഭാഷക പറഞ്ഞു. ഇവര്‍ക്ക് നിയമസഹായം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. അന്ന് ഒന്നും പറയാത്ത പരാതിയുമായിട്ടാണ് ഇപ്പോള്‍ അവര്‍ രംഗത്തുവന്നിരിക്കുന്നത്. വിവാഹമോചനത്തിന് ശേഷം ബാലയോട് മനഃപൂര്‍വ്വമായി വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായി പൊലീസിനെയും സിസ്റ്റത്തെയും മുന്‍ഭാര്യ ദുരുപയോഗം ചെയ്യുകയാണെന്നും ബാലയുടെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് ആരോപിച്ചു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചു, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കേസില്‍ ബാലയുടെ മാനേജരും അറസ്റ്റിലായി. പുലർച്ചെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.
വിവാഹമോചന കരാര്‍ ലംഘിച്ചു, കുട്ടിയോട് ക്രൂരത കാട്ടി തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തിക്ക് അന്ത്യാഞ്ജലി

കോഴിക്കോട്. പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് വച്ചാണ് അന്ത്യം. 81 വയസായിരുന്നു. രാവിലെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനവും തുടർന്ന് വൈകിട്ടോടെ സംസ്കാരവും നടക്കും.

ഒൻപതാം വയസ്സിൽ തുടങ്ങിയ സംഗീത ജീവിതം. വിപ്ലവ – നാടക ഗാനങ്ങളിൽ നിന്ന് എം എസ് ബാബുരാജിൻ്റെ കൈ പിടിച്ച് സിനിമയിലേക്ക്… മണിമാരൻ തന്നത് പണമല്ല എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറി മച്ചാട്ട് വാസന്തി എന്ന ഗായിക.

പച്ച പനം തത്തേ.. പുന്നാര പൂ മുത്തേ എന്ന ഗാനവും മച്ചാട്ടു വാസന്തിയിലെ ഗായികയെ അടയാളപ്പെടുത്തുന്നതാണ്.

ആകാശവാണിയിലും മച്ചാട്ടു വാസന്തി നിറ സാന്നിധ്യമായിരുന്നു.
കെപിഎസിയുടെ നിരവധി നാടകങ്ങളിൽ വേഷമിട്ട് അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. അച്ഛൻ്റെയും പിന്നാലെ ഭർത്താവിൻ്റെയും മരണം വാസന്തിയെ തളർത്തിയിരുന്നു. ആസ്വാദക ഹൃദയങ്ങളിൽ ഒരുപിടി നല്ല പാട്ടുകൾ ബാക്കി വച്ചാണ് മച്ചാട്ട് വാസന്തി കാലയവനികയ്ക്കു ഉള്ളിൽ മറയുന്നത്.