ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു.വേങ്ങ ശ്രീജിത്ത് ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മയാണ് (62) മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആയിരുന്നു സംഭവം.വേങ്ങ പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീദേവിയമ്മ രാവിലെ മുതൽ മാമ്പുഴ ജംഗ്ഷനിൽ ജോലിയിൽ ഏർപ്പെട്ട ശേഷം മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.മകൻ:രജീ കൃഷ്ണൻ.മരുമകൾ:അശ്വതി
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം ജോസ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി തള്ളി
ന്യൂ ഡെൽഹി :
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുള്ള ഹർജി സുപ്രീം കോടതി തള്ളി. പ്രശസ്തിക്ക് വേണ്ടിയുള്ള ഹർജിയാണെന്ന വിമർശനത്തോടെയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ സമീപിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അജീഷ് തന്നെയാണ് ഈ കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും. എന്നാൽ ഇത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്നും കോടതി ചോദിച്ചു
അനുനയ നീക്കം ഫലിച്ചു; പാർട്ടി വിടാനുള്ള തീരുമാനം അബ്ദുൽ ഷുക്കൂർ മാറ്റി
പാലക്കാട്:
പാർട്ടി വിടുമെന്ന പ്രഖ്യാപിച്ച സിപിഎം പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ തീരുമാനം മാറ്റി. പാർട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ അബ്ദുൽ ഷുക്കൂർ എത്തി. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭാ കൗൺസിലറുമാണ് ഷുക്കൂർ.
ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നും അബ്ദുൽ ഷുക്കൂർ രാജി പ്രഖ്യാപിച്ചത്. എന്നാൽ എഎൻ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ എത്തി അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു. ഷൂക്കൂറിനെ തോളിൽ കയ്യിട്ടാണ് കൃഷ്ണദാസ് കൺവെൻഷൻ യോഗത്തിലേക്ക് എത്തിച്ചത്.
മാധ്യമങ്ങളോട് രൂക്ഷ വിമർശനമാണ് എഎൻ കൃഷ്ണദാസ് നടത്തിയത്. പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറിയെന്ന വാർത്ത നൽകിയതിനാണ് നേതാവിന്റെ രോഷം.
പുനർജനനചികിത്സാ ശാസ്‌ത്ര കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം. അഡ്വാൻസ്‌ഡ് സെൻ്റർ ഫോർ റീജനറേറ്റീവ് മെഡിസിൻ ആൻ്റ് സ്‌റ്റെം സെൽ റിസർച്ച് ഇൻ ക്യൂട്ടേനിയസ് ബയോളജി (AcREM – Stem)ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. കടകമ്പള്ളി സുരേന്ദ്രന്‍ എംഎല്‍എ, വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍,ഡയറക്ടര്‍ ഡോ.ശ്രീജിത് കുറിശേരി എന്നിവര്‍ പങ്കെടുത്തു
ആരോഗ്യ സംരക്ഷണത്തിനും, രോഗ പരിഹാരങ്ങൾക്കും വഴിതെളിക്കുന്ന ആധുനിക ശാസ്ത്ര മേഖലയാണ് പുനർജനനചികിത്സാ ശാസ്‌ത്രം (റീജനറേറ്റീവ് മെഡിസിൻ).
ചിലവേറിയതും, ചികിത്സിച്ച് മാറ്റുവാൻ ബുദ്ധിമുട്ടുള്ളതുമായ പല അസുഖങ്ങൾക്കും ഉപകാരപ്രദമായ രീതിയാണ് “റീജനറേറ്റീവ് മരുന്നുകൾ ” അവലംബിക്കുന്നത്. രോഗബാധയുള്ള കോശങ്ങൾ, കലകൾ, അവയവങ്ങൾ എന്നിവയെ നന്നാക്കുന്നതിനോ, പുനരുജ്ജീവിപ്പിക്കുന്നതിനോ വേണ്ടി മൂലകോശങ്ങൾ, ബയോ മെറ്റീരിയലുകൾ, ബയോ ആക്റ്റീവ് മൂലകങ്ങൾ, എന്നിവയെ ഉപയോഗപ്പെടുത്തുകയാണ് റീജനറേറ്റീവ് മെഡിസിനിൽ ചെയ്യുന്നത്. ചർമരോഗങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ, നാഡീരോഗങ്ങൾ പോലുള്ള നീണ്ടുനിൽക്കുന്ന, രോഗങ്ങൾക്ക് പരിഹാരം കാണാൻ ഇത് അനന്ത സാധ്യതകൾ തുറക്കുന്നു. എന്നാൽ, ക്ലിനിക്കൽ സാധ്യതകൾ മുഴുവൻ പ്രയോജനപ്പെടുത്തുന്നതിനുള്ള പരിണാമ ഗവേഷണത്തിലെ വലിയ വെല്ലുവിളികൾ ഇതിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടസ്സപ്പെടുത്തുന്നു. Advanced Centre for Regenerative Medicine and Stem Cell Research in Cutaneous Biology (ACReM-Stem) ഈ ദൗർബല്യങ്ങൾ മറികടന്ന്, പരിണാമ ഗവേഷണത്തെയും സാങ്കേതിക നവോത്ഥാനത്തെയും ഉപയോഗപ്പെടുത്തി ആരോഗ്യപരിഹാര ആവശ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
കേരള സർവകലാശാലയിൽ സ്ഥാപിതമായ ഈ സെൻ്ററിൻ്റെ പ്രധാന ലക്ഷ്യങ്ങൾ, 3D ബയോപ്രിന്റിംഗ് ലാബ് സ്ഥാപിച്ച് അവയവ, ടിഷ്യു എഞ്ചിനീയറിംഗിൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, പ്രത്യേകിച്ച് നാളുകളായി ഉണങ്ങാത്ത മുറിവുകൾക്ക് മികച്ച പരിഹാരം നൽകുക. ഹെയർ ഫോളിക്കിൾ പുനരുജ്ജീവനം, കാർട്ടിലേജ് റീപ്പയറിംഗ്, മേഖലയിലെ ഗവേഷണം . ചികിത്സാ പരീക്ഷണങ്ങൾക്കായുള്ള ജീവശാസ്ത്ര മോഡലുകൾ സൃഷ്ടിക്കുക, ടോക്സിസിറ്റി പഠനങ്ങൾക്കായുള്ള മോഡലുകൾ വികസിപ്പിക്കുക. ആയൂർവേദവും, നാനോ പാർട്ടിക്കിൾസും ഉൾപ്പെടുത്തി റീജനറേറ്റീവ് ഫാർമക്കോളജിയിലെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ്.

പോഷകമൂല്യങ്ങളുള്ള ഉൽപ്പന്നങ്ങൾ, കോസ്മെറ്റിക്സ്, സ്റ്റെം സെൽ ചികിത്സ എന്നിവ വിപണിസാധ്യതകളാണ്. ബയോമാർക്കർ കണ്ടുപിടിക്കലിനായുള്ള ഒമിക്സ് അധിഷ്ഠിത സമീപനങ്ങൾ, എംആർഎൻഎ വാക്സിൻ വികസനം, എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന രോഗനിർണ്ണയ ഉപകരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം നടത്തുകയും ചെയ്യും. മനുഷ്യ ടിഷ്യുകൾക്കും രക്തസാംപിളുകൾക്കും വേണ്ട ബയോറിപ്പോസിറ്ററികൾ സ്ഥാപിക്കുകയും, വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കായി സമഗ്ര പരിശീലന പരിപാടികൾ നൽകുകയും ചെയ്യും.
കേരള സർക്കാരിന്റെ Department of Higher Education, Scheme for Performance Linked Encouragement for Academic Studies and Endeavour (PLEASE) പദ്ധതിയുടെ പിന്തുണയോടെയാണ് ഈ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ഇത് ആരോഗ്യ സംരക്ഷണത്തിലും പ്രശ്നപരിഹാര മേഖലയിലുമുള്ള ക്രിയാത്മക നിക്ഷേപമായിട്ടാണ് കാണക്കാക്കപ്പെടുന്നത്.. ആകെ ചെലവ് ₹4.44 കോടി. AcREM-STEM സ്ഥാപനം കേരളത്തിലെ ആരോഗ്യപരിഹാര ശേഷിയെ വളരെ മെച്ചപ്പെടുത്തുകയും, പുനരുജ്ജീവന വൈദ്യശാസ്ത്രത്തിന്റെ ഗവേഷണ, വികസന, പ്രായോഗിക വശങ്ങളിൽ പ്രാദേശികമായും ആഗോളമായും മുന്നേറ്റം നേടാൻ സഹായിക്കുകയും ചെയ്യും.
ജനന തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി
ജനന തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ ആധാറിലെ ജനന തിയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഒരാളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ ജനനതിയ തിയതി നിര്‍ണയിക്കാനോ സ്ഥിരീകരിക്കാനോ ഉള്ള തെളിവായി ആധാര്‍ കാര്‍ഡിനെ കാണാനാവില്ല. ആധാറിന് പകരം സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് ജനന തിയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം.
മരിച്ചയാളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ ആധാര്‍ കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, നിയമപരമായ അംഗീകാരമുള്ള സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയില്‍ നിന്ന് മരിച്ചയാളുടെ പ്രായം കൂടുതല്‍ ആധികാരികമായി നിര്‍ണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു. 2015-ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) നിയമത്തിന്റെ 94-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
2015-ല്‍ വാഹനാപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കളാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ 19.35 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. എന്നാല്‍ പ്രായം സ്ഥിരീകരിക്കുന്നതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇത് 9.22 ലക്ഷമായി കുറയ്ക്കുകയായിരുന്നു. മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ഹൈക്കോടതി ആധാര്‍ കാര്‍ഡിനെയാണ് ആശ്രയിച്ചതെന്നും ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ പ്രായം സ്ഥിരീകരിച്ച ഹൈക്കോടതി പിഴവ് വരുത്തിയെന്നുമുള്ള വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കല്ലട ജലസേചന പദ്ധതി കനാലുകള്‍ കാടുമൂടി
കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ കാടുമൂടിയ നിലയില്‍. വന്യമൃഗങ്ങളുടെ താവളമായി മാറിയിരിക്കുകയാണ് പ്രദേശം. മാലിന്യം തള്ളലും വ്യാപകമാകുന്നു. വീടുകളിലെയും കടകളിലെയും മാംസാവശിഷ്ടം ഉള്‍പ്പെടെ കനാലുകളിലും പരിസരത്തും തള്ളുകയാണ്. മലമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും കൊതുക് ശല്യവും രൂക്ഷമാണ്. കനാലില്‍ കെട്ടികിടക്കുന്ന വെള്ളം ദുര്‍ഗന്ധത്തിനും കാരണമാകുന്നുണ്ട്.
കാടും മാലിന്യവും കാരണം ജില്ലയില്‍ പലയിടത്തും കനാല്‍ തീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. മുന്‍പ് കനാലില്‍ വെള്ളം തുറന്നു വിടുന്നതിന് മുമ്പ് ഉള്‍വശം ശുചീകരിക്കാറുണ്ടായിരുന്നു. അടുത്ത കാലത്തായി ഫണ്ടില്ലെന്ന് പറഞ്ഞ് കെഐപി കനാലുകള്‍ വൃത്തിയാക്കാറില്ല. ജനങ്ങള്‍ നേരിടുന്ന ദുരിതം കണക്കിലെടുത്ത് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ പരിസരങ്ങള്‍ വൃത്തിയാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കെഎസ്ആര്‍ടിസി പരവൂര്‍-ചാത്തന്നൂര്‍ ബസ് സര്‍വീസ് ആരംഭിച്ചു
ചാത്തന്നൂര്‍: പരവൂര്‍, നെടുങ്ങോലം, മീനാട് പ്രദേശങ്ങളില്‍ നിന്ന് ചാത്തന്നൂരിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പരവൂര്‍-ചാത്തന്നൂര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പരവൂരില്‍ നിന്ന് രാവിലെ 8.20ന് ആണ് സര്‍വീസ്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും കെഎസ്ആര്‍ടിസി മേലാധികാരികള്‍ക്കും ചാത്തന്നൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് ആരംഭിച്ചത്.
ചാത്തന്നൂരില്‍ എത്തിയ ബസ്സിന് സ്‌കൂള്‍ പ്രഥമാധ്യാപിക സി.എസ്. സബീല ബീവിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വീകരണം നല്‍കി. പരവൂരില്‍ നിന്ന് ചാത്തന്നൂരിലേക്ക് രാവിലെ 6.20നും 8.20നും ചാത്തന്നൂരില്‍ നിന്ന് പരവൂരിലേക്ക് വൈകിട്ട് 3.45 നും 4.45 നും രണ്ട് സര്‍വീസുകള്‍ വീതമാണുള്ളത്.
സരിന്റെ അഭ്യർഥന അംഗീകരിച്ചു; പാലക്കാട്ടെ കോൺഗ്രസ് വിമത സ്ഥാനാർഥി ഷാനിബ് മത്സരത്തിൽ നിന്നും പിൻമാറി
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും കോൺഗ്രസ് വിമത സ്ഥാനാർഥി എ കെ ഷാനിബ് പിൻമാറി. മത്സരിക്കാനില്ലെന്ന് ഷാനിബ് അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി പി സരിന്റെ അഭ്യർഥന മാനിച്ചാണ് ഷാനിബിന്റെ നടപടി.
മത്സരത്തിൽ നിന്നും പിൻമാറില്ലെന്നായിരുന്നു ഷാനിബ് രാവിലെ അറിയിച്ചിരുന്നത്. മത്സരിക്കുമെന്ന് ആലോചിച്ച് എടുത്ത തീരുമാനമാണ്. എല്ലാ പാർട്ടിയിലും അസംതൃപ്തരായ പ്രവർത്തകരുണ്ട്.
അവർക്ക് വോട്ട് ചെയ്യാനുള്ള പ്ലാറ്റ്ഫോമായാണ് തന്റെ നാമനിർദ്ദേശ പത്രികയെ കണക്കാക്കുന്നത്. ഇന്ന് ഉച്ചയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും എ കെ ഷാനിബ് പറഞ്ഞിരുന്നു
കുണ്ടറ-പള്ളിമുക്ക് മേല്‍പ്പാലത്തിന് 43.32 കോടിയുടെ പുതുക്കിയ ഭരണാനുമതി
കുണ്ടറ: കുണ്ടറ-പള്ളിമുക്ക് റെയില്‍വെ മേല്‍പ്പാല നിര്‍മാണത്തിന് 43.32 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. മേല്‍പ്പാല നിര്‍മാണത്തിനുള്ള നിര്‍വ്വഹണ ഏജന്‍സിയായി ആര്‍ബിഡിസികെയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവാണുണ്ടായത്. മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതല ആദ്യകാലത്ത് ആര്‍ബിഡിസികെയ്ക്ക് ആയിരുന്നെങ്കിലും പിന്നീട് മറ്റൊരു പദ്ധതിയുടെ ഭാഗമായി കെആര്‍എഫ്ബി നിര്‍വഹണ ഏജന്‍സിയായി മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ ആ പദ്ധതി നീണ്ടു പോകുകയും മേല്‍പ്പാല നിര്‍മാണം പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. പി.സി.വിഷ്ണുനാഥ് എംഎല്‍എ ഇക്കാര്യം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു.
പിന്നീട് പിഡബ്ല്യൂഡി സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കെആര്‍എഫ്ബിയുടെയും ആര്‍ബിഡിസികെയുടെയും, എന്‍എച്ച്എഐയുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഏജന്‍സിയായി വീണ്ടും ആര്‍ബിഡിസികെയെ നിശ്ചയിച്ചു കൊണ്ട് തീരുമാനമുണ്ടാവുകയായിരുന്നു.
കോഴ വാഗ്ദാനം എന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ്, പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ
ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നിൽ ആൻറണി രാജു ആണെന്ന് തോമസ് കെ തോമസ് എം എൽ എ. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള നേതാവല്ല അദ്ദേഹം.
തോമസ് കെ ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ചാനലുകളിൽ വന്ന് ഏറെ കുത്തിത്തിരിപ്പുണ്ടാക്കിയത് ആൻറണി രാജു ആയിരുന്നുവെന്ന് തോമസ് കെ തോമസ്.തോമസ് പറഞ്ഞു. ചാണ്ടിയെ ഏറ്റവും കൂടുതൽ ആക്രമിച്ച നേതാവാണ് ആൻറണി രാജു.കുട്ടനാട് സീറ്റ് ലക്ഷമിട്ടാണ് ഈ നീക്കം. ആൻറണി രാജു എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. പിസി ചാക്കോ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വല്ല പത്തോ ഇരുപത്തിയഞ്ച് ലക്ഷമെന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിച്ചേനെ. ഇത് പേടിപ്പെടുത്തുന്ന കോടികളാണ്. കോഴ ആരോപണത്തിന് പിന്നിലാരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജ വാർത്ത ആരാണ് കൊടുത്തതെന്ന് അറിയില്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചു.ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ഞാനും ശശീന്ദ്രനുമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾക്കു് ഇഷ്ടപ്പെട്ട നേതാവാണ് ശശീന്ദ്രൻ. തനിക്ക് മന്ത്രി സ്ഥാനം നിഷേധിച്ചിട്ടില്ല. ഇപ്പോഴെത്തെ പ്രത്യക സാഹചര്യത്തിൽ അല്പം കാത്തിരിക്കാനാണ് പറഞ്ഞത്. നിയമസഭയുടെ ലോബിയിൽ നിന്ന് ആരങ്കിലും കോടികൾ ഓഫർ ചെയ്യുമോ ? 5000 രൂപ കൊടുത്ത് ഹോട്ടൽ എടുത്തു കൂടേ എന്നും തോമസ് കെ തോമസ് പറഞ്ഞു.






































