Home Blog Page 1935

2024ൽ മാത്രം സംസ്ഥാനത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 657 കോടി രൂപ; കനത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ്

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ. കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വര്‍ഷം നവംബർ വരെ 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് മേധാവി അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വർദ്ധിപ്പിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴയിൽ യോഗം വിളിച്ചത്. 2023 ൽ ജില്ലയിൽ മാത്രം ലഭിച്ച ഓൺലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1028 ആണ്. 2022 ൽ ഇത് 546 ആയിരുന്നു. 2024ൽ മാത്രം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളിൽ പലതും കോടതിക്ക് പുറത്തുവച്ച് തന്നെ തീർക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജില്ലയിൽ പൊലീസ് നടപടികളിലൂടെ പരാതിക്കാർക്ക് 82 ലക്ഷം രൂപ തിരികെ ലഭിച്ചിട്ടുണ്ട്. പൊലീസ് ശക്തമായ നടപടികളാണ് ഇക്കാര്യത്തിൽ എടുക്കുന്നതെങ്കിലും ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് ധാരാളം പേർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമാണ്. 2024 ൽ മാത്രം സംസ്ഥാനത്ത് ആകെ സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ചേർത്തല സ്വദേശികൾക്ക് നിക്ഷേപ തട്ടിപ്പിലൂടെ 7.55 കോടി രൂപ നഷ്ടമായി. സംസ്ഥാനത്തു തന്നെ നടന്ന ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്. മാന്നാർ സ്വദേശിക്കും കോടികൾ നഷ്ടപ്പെട്ടു. വെൺമണി സ്വദേശിക്ക് നിക്ഷേപ തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു. ട്രായ് ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി. നിക്ഷേപ തട്ടിപ്പ്, കെ. വൈ സി അപ്‌ഡേഷൻ തട്ടിപ്പ്, കൊറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോൺ അനുവദിച്ചതായി പറഞ്ഞ് കോൾ വരിക, വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കിൽ നിന്ന് എന്ന വ്യാജേന ഒ ടി പി ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്.

ഇത്തരം തട്ടിപ്പിനിരയായാൽ അത് രഹസ്യമായി വയ്ക്കാതെ എത്രയും വേഗം പൊലീസിന്‍റെ സൈബർ വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടത്. ജില്ലയിൽ നിന്ന് ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്‌മെൻറ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ എട്ട് ഏജൻറ്മാർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ആധികാരികത ഉറപ്പുവരുത്തി മാത്രം ഓൺലൈൻ പണമിടപാടുകൾ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് ,ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം എന്നും എം പി മോഹനചന്ദ്രൻ പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷനും യോഗത്തിൽ പങ്കെടുത്തു.

കൊല്ലം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റ് ആരംഭിച്ചു 

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് സ്‌പോർട്‌സ് മീറ്റ് കൊട്ടാരക്കര ബോയിസ് സ്‌കൂൾ സ്‌റ്റേഡിയത്തിൽ തുടങ്ങി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. എസ്.അജിത ബേഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യുവിന്റെ അധ്യക്ഷതയിൽ എ.എസ്.പി. എം.ആർ.സതീഷ് കുമാർ, ഡി.വൈ.എസ്.പി.മാർ, കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. മത്സരങ്ങൾക്കു മുന്നോടിയായി രാവിലെ ഏഴിന് രവിനഗറിൽ നിന്നും ആരംഭിച്ച ദീപശിഖാ റാലിയും അജിതാ ബേഗം ഫ്‌ളാഗ് ഓഫ് ചെയ്തു. താരങ്ങളുടെ മാർച്ച് പാസ്റ്റും നടത്തി. കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട സബ് ഡിവിഷൻ ടീമുകളും ജില്ലാ പോലീസ് ആസ്ഥാന ടീമും മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മേള ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.  

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കല്‍ നിന്നും നിരവധി വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് രണ്ടിലേറെ ഭീകരര്‍ തമ്പടിച്ചതായി സുരക്ഷാസേന കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. തുടര്‍ന്ന് സുരക്ഷാസേനയും തിരിച്ചടിക്കുകയായിരുന്നു.

പിപി ദിവ്യക്ക് ജാമ്യം

കണ്ണൂര്‍. എഡിഎം നവീന്‍ബാബുവിന്‍റെ ആത്മഹത്യക്ക് കാരണമായതിനെത്തുടര്‍ന്ന് ജയിലിലായ ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യക്ക് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കി. 11-ാം ദിവസമാണ് നിരവധി കോടതി വ്യവഹാരങ്ങള്‍ക്കു ശേഷം ഇവര്‍ക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നുതന്നെ ദിവ്യ ജയില്‍മോചിത ആയേക്കും.

ദിവ്യക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്ന് നവീന്‍ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ല.

വിധി ആശ്വാസകരമെന്ന് പ്രതികരിച്ച പ്രതിഭാഗം ദിവ്യനിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി എന്ന് പ്രത്യാശിച്ചു. കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരാനുണ്ട്. ഒരു കൈയില്‍ കൊള്ളുന്ന സുപ്രധാന തെളിവുകള്‍ പുറത്തുവരാനുണ്ടെന്നും അഡ്വ.കെ. വിശ്വന്‍ പ്രതികരിച്ചു.

ഇത്തരമൊരുവിധി പ്രതീക്ഷിച്ചാണ് ഇന്നലെ പിപി ദിവ്യയെ തരംതാഴ്ത്തി സിപിഎം നടപടി പ്രഖ്യാപിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ദിവ്യയെ കൈവിടാനാവില്ല അവര്‍ പാര്‍ട്ടി കേഡറാണ് എന്ന് എംവി ഗോവിന്ദന്‍ പ്രസ്താവിച്ചതും ശ്രദ്ധേയമായിരുന്നു.

നവീനൊപ്പം,പക്ഷേ ദിവ്യയെ കൊല്ലില്ല,ദിവ്യക്കൊപ്പം നേതാക്കൾ പോകും, സിപിഎം അസാധാരണ അടവുനയം

തൃശൂര്‍. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോമെന്നും നവീനൊപ്പമാണെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്‍. പി പി ദിവ്യയുടെ കാര്യത്തിൽ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയെന്നും നടപടിയെ കുറിച്ച് വിശദീകരിക്കേണ്ടത് കണ്ണൂർ ഘടകം ആണെന്നും ഗോവിന്ദന്‍പറഞ്ഞു.

തെരഞ്ഞെടുപ്പുകാലത്ത് ദിവ്യ വിഷയം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. ചില മാധ്യമങ്ങൾക്ക് അതെല്ലാം പ്രതിസന്ധിയാണ് എന്ന് തോന്നി. ആദ്യം മുതലേ എ ഡി എമ്മിന്റെ വിഷയത്തിൽ കൃത്യമായ നിലപാടാണ് എടുത്തത്. തെറ്റായ ഒരു നിലപാടും എടുക്കില്ല എന്ന് തങ്ങൾ പറഞ്ഞു. സംഘടനാപരമായ നിലപാട് ആണ് വിഷയത്തിൽ സ്വീകരിച്ചത്. ദിവ്യക്കൊപ്പം നേതാക്കൾ പോകും

ജയിലിൽ നിന്ന് വന്നാലും പോകും. കേഡർക്ക് തെറ്റ് സംഭവിച്ചാൽ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരിൽ കൊല്ലാൻ ആകില്ലല്ലോ, തിരുത്താനാണ് ശ്രമിക്കുന്നത്. കോടതിയിൽ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണ്. അത് പാർട്ടി നിലപാടായി കാണേണ്ടതില്ല. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിനിർത്തി.

കോൺഗ്രസിന്റെ പൈലി രീതിയല്ല സിപിഐഎം ചെയ്തത് പാലക്കാട്ടെ വിവാദം സൂചിപ്പിച്ച് ഗോവിന്ദന്‍പ്രതികരിച്ചു. പാലക്കാട് കോൺഗ്രസിൽ ക്രിമിനൽ സംഘങ്ങളും ഉണ്ട് . എല്ലാവരും ക്രിമിനൽ സംഘങ്ങൾ അല്ല പക്ഷേ ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികൾ കോൺഗ്രസിന് വേണ്ടി സജീവമായി പ്രവർത്തിക്കുന്നു

കെപിസിസി എന്ന് പറയുന്നതിന് പിന്നിൽ പൈലിമാരെ ചേർക്കണം. ക്രിമിനൽ സംഘങ്ങളെ കൂടിച്ചേർത്തുകൊണ്ട് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുകയാണ് കോൺഗ്രസ്. റൈഡിൽ നടപടി പൂർത്തിയാക്കേണ്ടത് കളക്ടർ. പൂർത്തിയാക്കാത്തതിൽ സിപിഐഎമ്മിന് എന്താണ് പ്രശ്നം. കാര്യങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്വം കളക്ടർക്കും പോലീസിനും ആണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ചൂരൽ മല മുണ്ടക്കൈ ദുരന്തം; ധൂർത്തിനുള്ള അവസരമാക്കി ചില ഉദ്യോഗസ്ഥർ

വയനാട്.ചൂരൽ മല മുണ്ടക്കൈ ദുരന്തം; ധൂർത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥർ മാറ്റിയെന്ന് ആരോപണം. ധൂർത്തിന്റെ ബില്ലുകൾ പുറത്ത്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലിൽ. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബിൽ. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് ഈ തുക അനുവദിക്കാൻ കലക്ടർക്ക് ബിൽ സമർപ്പിച്ചു.

പ്രതിമാസം ദുരന്തബാധിതർക്ക് വാടക ഇനത്തിൽ അനുവദിക്കുന്നത് 6000 രൂപ മാത്രം. ഈ സ്ഥിതി ഉള്ളപ്പോഴാണ് പ്രതിദിനം 4000 രൂപ ഉദ്യോഗസ്ഥർ എഴുതിയെടുക്കുന്നത്. മന്ത്രിമാർ പോലും ഗസ്റ്റ് ഹൗസുകളെ ആശ്രയിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ സ്വകാര്യ ഹോട്ടലുകളിൽ താമസിച്ചത്

സന്ദീപ് വാര്യർ സിപിഐയിലേക്ക്….?

പാലക്കാട് .സന്ദീപ് വാര്യർ പുറത്തേക്ക് ?. സന്ദീപുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസും. സന്ദീപ് പാർട്ടി വിടാൻ തീരുമാനിച്ചു എന്ന് വ്യക്തമായതായി ആർഎസ്എസ് നേതൃത്വം. പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം നേരത്തെ നിശ്ചയിച്ച പ്രകാരം എന്ന് വിലയിരുത്തൽ. സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു. സന്ദീപ് വാര്യർ സിപിഐയിലേക്ക്….?

സന്ദീപ് വാര്യർ സിപിഐയിലേക്ക് എന്ന് സംശയിച്ച് ബിജെപി നേതൃത്വം. മണ്ണാർക്കാട് സിപിഐ പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടന്നെന്ന് ബിജെപി നേതൃത്വം. സന്ദീപിനെതിരെ കർശന നടപടിക്ക് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശം

തിരുവനന്തപുരത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം. യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി 25 വയസ്സുള്ള സുജിത്തിനാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ആൽത്തറ ജംഗ്ഷനിൽ വെച്ച് ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിതിന്റെ മൊഴി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുജിത് ചികിത്സയിലാണ് സുജിത്തിൽ നിന്നും ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിൽ താമസിച്ചുപോയ കാരണത്താൽ മെമ്മോ, പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇരട്ടിയായി

കൊല്ലം .മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉൾപ്പെടെ 8 പോലീസുകാർക്കാണ് മെമ്മോ ലഭിച്ചത് . ക്ലാസിൽ താമസിച്ചുപോയ കാരണത്താൽ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി. ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചത്.

എത്താൻ വൈകിയവർക്കെല്ലാം സ്റ്റേഷൻ ഹൗസ് ഓഫീസർ മെമ്മോ നൽകുകയായിരുന്നു. സ്റ്റേഷനിലെ പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടായിരുന്നു.

കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാറെ ഉടുപ്പിയില്‍ കണ്ടെത്തി

മലപ്പുറം. കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാറെ ഉടുപ്പിയില്‍ കണ്ടെത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പിബി ചാലിബിനായി അന്വേഷണ സംഘം കർണാടകയിൽ എത്തിയിരുന്നു. അവസാന ടവർ ലൊക്കേഷൻ ഉഡുപ്പിയിൽ എന്ന് പൊലീസ് കണ്ടെത്തി

ചാലിബിന്റെ മൊബൈൽ ഫോൺ ഇന്ന് പുലർച്ചെയും ഓൺ ആയി. പുലർച്ചെ 2 മണിക്ക് ആണ് മൊബൈൽ ഫോൺ ഓൺ ആയത്

തുടര്‍ന്നാണ് ചാലിബിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ല. എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പിന്നീട് ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. പൊലീസ് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കുടുംബം തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു.