26.6 C
Kollam
Wednesday 24th December, 2025 | 07:22:08 PM
Home Blog Page 1821

നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍

കൊട്ടിയം: നിരവധി മോഷണ കേസിലെ പ്രതി പോലീസ് പിടിയിലായി. മീയ്യണ്ണൂര്‍ ശാസ്താംപൊയ്ക ഇടയിലെഴികത്ത് പുത്തന്‍ വീട്ടില്‍ പാച്ചാളം എന്നുവിളിക്കുന്ന അഭിലാഷ് (32) ആണ് കണ്ണനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അക്കാഡമിയിലെ ഗോഡൗണില്‍ നിന്നും കഴിഞ്ഞ മാസം 25ന് 4.5 ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് പ്ലമ്പിംഗ് സാധനങ്ങളും ചെമ്പ് കമ്പിയും മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണിയാള്‍ പിടിയിലായത്.
ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കണ്ണനല്ലൂര്‍ ഐഎസ്എച്ച്ഒ രാജേഷ്, എസ്‌ഐമാരായ ജിബി, ഹരി സോമന്‍, രാജേന്ദ്രന്‍ പിള്ള തുടങ്ങിയവര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. പ്രതി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ്, കൊട്ടിയം, ചാത്തന്നൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസിലും ഇയാള്‍ പ്രതിയാണ്. പ്രതിയെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കടയ്ക്കല്‍: വീട് പൊളിക്കുന്നതിനിടയില്‍ ഭിത്തി ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കിഴുനില ദാറുല്‍ അമാനില്‍ സലീമാ(55)ണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് അപകടം നടന്നത്. കിഴുനില സ്വദേശിക്ക് പുതിയ വീട് നിര്‍മിക്കുന്നതിനായാണ് പഴയ വീട് പൊളിച്ചത്. സലീം ഉള്‍പ്പെടെയുള്ള തൊഴിലാളികളായിരുന്നു ജോലി ചെയ്തിരുന്നത്.
പ്രധാന ഭിത്തി പൊളിക്കുന്നതിനിടെ സലീമിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുള്ളവര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മധ്യേ മരണപ്പെട്ടു. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: നസീമ.

ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ച സംഭവം ആസൂത്രിതമെന്ന് ആരോപണം

വയനാട് .ചുണ്ടേലില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന ആരോപണവുമായി മരിച്ച നവാസിന്‍റെ ബന്ധുക്കളും നാട്ടുകാരും. ജീപ്പ് ഓടിച്ചിരുന്ന സുമില്‍ഷാദും നവാസും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇത് അപകടമല്ലെന്നും കൊലപാതകമാണെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. സുബില്‍ഷായുടെ ചുണ്ടേല്‍ ജംഗ്ഷനിലുള്ള ഹോട്ടല്‍ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു

ഇന്നലെയാണ് ചുണ്ടേല്‍ അമ്മാറ ആനോത്ത് റോഡില്‍ ഥാര്‍ജീപ്പും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിക്കുന്നത്. ഥാര്‍ ജീപ്പ് ഓടിച്ചിരുന്നത് സുമില്‍ഷാദ്. ഇയാളുടെ ഹോട്ടലും നവാസിന്‍റെ സ്റ്റേഷനറിക്കടയും ചുണ്ടേല്‍-കോഴിക്കോട് റോഡിന് ഇരുവശത്താണ്. ഇരുവരും തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം

ചുണ്ടേലില്‍ നവാസ് ഏറെ നേരം കാത്തുനില്‍ക്കുകയും ഫോണ്‍ വന്നപ്പോള്‍ പെട്ടന്ന് എടുത്തുപോവുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് ശേഷമാണ് അപകടം. ഇരുവാഹനങ്ങള്‍ക്കും നൂറ് മീറ്ററോളം ദൂരക്കാഴ്ച കിട്ടുന്ന സ്ഥലത്തെ അപകടം ദുരൂഹമെന്നും നാട്ടുകാര്‍

മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍കഴിയുന്ന സുമില്‍ഷാദ് പൊലീസ് നിരീക്ഷണത്തിലാണ്. നിലവില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിട്ടുള്ളത്. ബന്ധുക്കളുടെ ആരോപണമടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നവാസിന്‍റെ മൃതദേഹം ഖബറടക്കിയ ശേഷം നാട്ടുകാര്‍ സുമില്‍ഷാദിന്‍റെ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

തൈക്കാട് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ആയമാരുടെ ക്രൂരത,മൂന്നു പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം. തൈക്കാട് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ആയമാരുടെ ക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിൻറെ സ്വകാര്യ ഭാഗങ്ങളിലടക്കം നഖം കൊണ്ട് മുറിവേൽപ്പിച്ചു.
ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ മൂന്നു പേരെ പോക്സോ ചുമത്തി മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കൊച്ചു കുഞ്ഞിനോട് ക്രൂരത. മിനിഞ്ഞാന്ന് കെയർടേക്കർ കുഞ്ഞിനെ കുളിപ്പിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആണ് നഖം കൊണ്ട് മുറിവേൽപ്പിച്ച പാടുകൾ കാണുന്നത്. ജനനേന്ദ്രീയത്തിലും, ശരീരത്തിൻറെ പലഭാഗത്തും മുറിവുകളുണ്ട്. അന്ന് തന്നെ സിഡബ്ല്യുസി ജനറൽ സെക്രട്ടറി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടികളെ പരിചരിക്കുന്നവരെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. താൽക്കാലിക ജീവനക്കാരി അജിതയാണ് കുഞ്ഞിനെ ഉപദ്രവിച്ചത്. സിന്ധുവും മഹേശ്വരിയും വിവരം മറച്ചുവെച്ചു. ഇവർക്കെതിരെ പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അച്ഛനും അമ്മയും മരിച്ച രണ്ടരവയസുകാരിയെയും ഒന്നര വയസ്സുള്ള സഹോദരനെയും ഒരുമാസം മുമ്പാണ് ബന്ധുക്കൾ ശിശുക്ഷേമ സമിതിയിൽ ഏൽപ്പിച്ചത്. അറസ്റ്റിലായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന കരാർ ജീവനക്കാരാണ്. ഇവരെ കൂടാതെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബാലവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. തയ്ക്കാട് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.

കരുനാഗപ്പള്ളി ബിആര്‍സി അംഗപരിമിതര്‍ക്ക് ബാലികേറാമല

കരുനാഗപ്പള്ളി. ബിആര്‍സിക്ക് സമീപത്തെ വെള്ളക്കെട്ട് ഇവിടെ എത്തുന്ന അംഗപരിമിതർക്ക് വെല്ല് വിളിയാകുന്നു. സമീപത്തെ എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും ഭീഷണിയുടെ നിഴലിലാണ്. ചെറിയ മഴ പെയ്താൻ പോലും ബിആര്‍സി യുടെ പ്രധാന വാതിലിന് സമീപം വെള്ളക്കെട്ട് രൂപം കൊള്ളും. ശക്തമായ മഴയാണെങ്കിൽ ബിആര്‍സി മുവാതിൽ പടി വരെ വെള്ളം കയറുന്ന അവസ്ഥയാണ് നിലവിൽ . കൊതുകിന്റെ ശല്യവും ഏറി യിരിക്കുകയാണ്. ബിആര്‍സി യിൽ പരിചരണത്തിനായി രണ്ടും മൂന്നും തവണ എത്തുന്ന അംഗപരിമിതർ ഈ വെള്ളക്കെട്ടിൽ കൂടി വേണം എത്താൻ . പലതവണ ഇതിനായി അധികൃതർക്ക് പരാതി. നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. മണ്ണിട്ട് നികത്തി യോ അടിയിൽ കൂടി പൈപ്പിട്ട് സമീപത്തെ ഓടയിലേക്ക് വെള്ളം തിരിച്ച് വിടുകയോ ചെയ്താലെ ശാശ്വത പരിഹാരമാകു

കല്ലേലിഭാഗം വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയായി,ഇക്കാര്യം ചെയ്തോ

കരുനാഗപ്പള്ളി.കല്ലേലിഭാഗം വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. വരുന്ന ഏപ്രിൽ 1മുതൽ ഈ സർവെ പ്രകാരമുള്ള പുതിയ തണ്ടപ്പേർ നമ്പർ അനുസരിച്ചായിരിക്കും കരം ഒടുക്കുന്നത്.
ഓരോരുത്തരും അവരുടെ ഭൂമിയുടെ വിസ്തീർണ്ണം,ഉടമയുടെ പേരും മേൽ വിലാസവും, മറ്റു നിലം പുരയിടമാക്കിയ രേഖകൾ , പട്ടയം തുടങ്ങിയ രേഖകളും ഈ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ടോ, എന്തെങ്കിലും പിശക് പറ്റിയിയുണ്ടോ എന്നു പരിശോധിച്ചു തെറ്റുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം.
ജനുവരി മാസത്തിൽ അന്തിമ വിജ്ഞാപനം വന്നു കഴിഞ്ഞാൽ തെറ്റുകൾ പരിഹരിക്കാൻ ഓഫീസുകൾ കേറി ഇറങ്ങേണ്ടി വരും. എത്ര മാസം കഴിഞ്ഞാലും ആ തെറ്റുകൾ പരിഹരിച്ച് മാത്രമേ കരം ഒടുക്കാൻ പിന്നെ സാധിക്കുകയുള്ളൂ.
ഇപ്പോൾ നിങ്ങളുടെ ഭൂമിയുടെ റെക്കോർഡുകൾ പരിശോധിക്കാനും പരാതി പരിഹരിക്കാനും അവസരം ഒരുക്കുകയാണ്.
2024 ഡിസംബർ 5 വ്യാഴാഴ്ച,
വെളുത്തമണൽ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് സെമിനാർ ഹാളിൽ റിക്കാർഡ് പ്രദർശനവും ജാതി പരിഹാരവും ഉണ്ടാകും.
സബ് കളക്ടർ നിഷാന്ത് സിഹാര IAS ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തമെന്ന് അധികൃതര്‍ അറിയിച്ചു.

ബി ആർ സി കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കരുനാഗപ്പള്ളി. സമഗ്ര ശിക്ഷാ കേരളം ബി ആർ സി കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ‘ അതീതം-2024 ‘ എന്ന പേരിൽ നടത്തിയ ദിനാചരണത്തിന്റെ സന്ദേശ റാലിയുടെ ഫ്ലാഗ് ഓഫ് കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ കണ്ണൻ പി നിർവഹിച്ചു. പ്രിയം മ്യൂസിക് അക്കാദമിയുടെ ഗാനമേള ,ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസ്, വഞ്ചിപ്പാട്ട്, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാ മോഹൻ പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറാം എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി സംവദിച്ചു. വൈകിട്ട് 3 മണി മുതൽ ആരംഭിച്ച സമാപന സമ്മേളനത്തിന് ബഹുമാനപ്പെട്ട ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. പി മീന അധ്യക്ഷയായി .ബി പി സി എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു .ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാ ടനം നിർവഹിച്ച ചടങ്ങിന് ബി ആർ സി ട്രെയിനേഴ്സ് ,സി ആർ സി സി മാർ ,സ്പെഷ്യൽ എഡ്യുക്കേറ്റർമാർ ,സ്പെഷ്യലിസ്റ്റ് അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ വിവിധ രചന മത്സരങ്ങളുടെ വിജയികൾക്കും സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവ വിജയികൾക്കും പങ്കാളികൾക്കും ഭിന്നശേഷി ദിന പരിപാടിയിൽ പങ്കെടുത്തവർക്കും ആദരവ് നൽകി.

കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിനെ പരീക്ഷഎഴുതാൻ അനുവദിക്കാൻ എംജി വിസി യുടെ ഉത്തരവ്

എടത്വാ കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിക്ക് നീക്കം

വിസി യുടെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപെട്ട് ഗവർണർക്ക് നിവേദനം

തിരുവനന്തപുരം. ഗുരുതരമായ സ്വഭാവ ദൂഷ്യത്തെ തുടർന്ന് കോളേജിൽ  നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന്  ബിഎസ്സി ബിരുദകോഴ്സിന്‍റെ അഞ്ചും ആറും സെമസ്റ്ററിൽ ഇന്റെണൽ മാർക്ക് നൽകാനും പരീക്ഷ എഴുതാൻ അനുവദിക്കാനും എംജി വൈസ് ചാൻസലറുടെ ഉത്തരവ്. 

അഞ്ചാം സെമസ്റ്ററിൽ ആറു ദിവസം മാത്രം കോളേജിൽ ഹാജരാവുകയും ആറാം സെമസ്റ്റർ പൂർണമായും ഹാജരാതിരിക്കുകയും കോളേജിൽ നിന്നും നിർബന്ധ വിടുതൽ സർട്ടിഫിക്കേറ്റ് നൽകി പുറത്താക്കുകയും ചെയ്ത വിദ്യാർത്ഥിയെ സർവ്വകലാശാല റെഗുലേഷൻ പ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുവാൻ അനുവദിക്കാനാവില്ലെന്ന് യൂണിവേഴ്സിറ്റിയെ അറിയിച്ച പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്ന് രജിസ്ട്രാറുടെ ഭീഷണി കത്ത്. പ്രിൻസിപ്പലിന്റെ നിയമന അംഗീകാരം പിൻവലിക്കുമെന്ന് കാണിച്ചുള്ള കത്ത് കോളേജ് മാനേജർക്കും യൂണിവേഴ്സിറ്റി കൈമാറി.

കോളേജിൽ ഹാജരാകാത്ത SFI നേതാവ് പി.എം. ആർഷോയ്ക്ക് ഹാജർ നൽകി PG യ്ക്ക് ക്ലാസ്സ്‌ കയറ്റം നൽകിയ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച എം ജി സർവകലാശാല വിസി തന്നെയാണ് ഇപ്പോൾ എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ നിന്നും പുറത്താക്കിയ എസ്എഫ്ഐ നേതാവിന് പരീക്ഷ എഴുതാൻ അനുവാദം നൽകിയത്.

സെൻറ് അലോഷ്യസ് കോളേജിലെ വിദ്യാർത്ഥിയായ എസ്എഫ്ഐ നേതാവ് ശ്രീജിത്ത് സുഭാഷിനെയാണ് ഗുരുതരമായസ്വഭാവ ദൂഷ്യത്തിന്റെ പേരിൽ 2023 ഒക്ടോബറിൽ നിർബന്ധിത ടി സി നൽകി കോളേജിൽ നിന്ന് പുറത്താക്കിയത്.

എന്നാൽ സിബിഎസ്ഇ പരീക്ഷയുടെ വെരിഫിക്കേഷൻ പോർട്ടലിൽ എംജി സർവകലാശാല പരീക്ഷ കൺട്രോളർ പുറത്താക്കിയ എസ്എഫ്ഐ നേതാവിന്റെ പേരുകൂടി ഉൾപ്പെടുത്തിയത് കൊണ്ട് കോളേജിലെ റെഗുലർ വിദ്യാർത്ഥികളുടെ മാർക്കുകൾ അപ്‌ലോഡ്ചെയ്യാൻ കഴിയുന്നില്ല.യൂണിവേഴ്സിറ്റി തയ്യാറാക്കുന്ന പോർട്ടലിൽ പേര് ഉൾപ്പെടുത്തുന്നതോടെ നേതാവിന് പരീക്ഷ എഴുതാനാവും.

സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി കോളേജിൽ നിന്നും പുറത്താക്കിയ SFI നേതാവിനെ പരീക്ഷ എഴുതിക്കാനുള്ള എംജി സർവകലാശാല യുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കോളേജ് മാനേജ്മെന്റും, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഗവർണർക്ക് നിവേദനം നൽകി.

ഒരാഴ്ചത്തെ സ്തംഭനത്തിനുശേഷം നടപടികളിലേക്കുകടന്ന് പാർലമെന്റ്

ന്യൂഡെല്‍ഹി. ഒരാഴ്ചത്തെ സ്തംഭനത്തിനുശേഷം നിയമ നിർമ്മാണ നടപടി കളിലേക്കുകടന്ന് പാർലമെന്റ്.
അദാനി വിഷയത്തിൽ പ്രതിഷേധം പാർലമെന്റ് കവാടത്തിലേക്ക് മാറ്റി ഇന്ത്യസഖ്യം. സംഭാൽ വിഷയത്തിൽ ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങി പോയി. ഇന്ത്യ – ചൈന ബന്ധം മെച്ചപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്സഭയിൽ പ്രസ്താവന നടത്തി. ബാങ്കിങ് നിയമ ഭേദഗതി ബില്ലിലെ ചർച്ചക്കീടെ അദാനി അടക്കമുള്ള വിഷയങ്ങളിൽ മോദി സർക്കാരിനെ ആക്രമിച്ചു ഗൗരവ് ഗോഗോയ്.ഓയിൽ ഫീൽഡ്സ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി.

അദാനി കോഴ മാത്രം സർക്കാറിനെതിരെ ആയുധമാക്കുന്നതിൽ പ്രതിപക്ഷത്തുള്ള ഭിന്നത ഇന്ന് പാർലമെന്റിലും പ്രകടമായി.വിഷയത്തിൽ പാർലമെന്റ് കവാടത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നും തൃണമൂൽ കോൺഗ്രസും സമാജവാദി പാർട്ടിയും വിട്ടുനിന്നു.ലോക് സഭ സമ്മേളിച്ച ഉടൻ സംഭലിൽ ചർച്ച ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി, മുസ്ലിം ലീഗ് അംഗങ്ങൾ നടത്തളത്തിലിറങ്ങി.

കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഒപ്പം ചേർന്ന് സഭയിൽ നിന്നും ഇറങ്ങി പോയി.തൃണമൂൽ കോൺഗ്രസ് ബംഗ്ലാദേശ് സംഘർഷവും, ഡി എം കെ എംപി മാർ ചുഴലിക്കാറ്റ് നാശനഷ്ടങ്ങളും സഭയിൽ ഉന്നയിച്ചു.ഇന്ത്യ ചൈന ബന്ധത്തിൽ ലോക്സഭയിൽ പ്രസ്താവന നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം ആരംഭിച്ചത് ചൈനയാണ് എന്നും, നിരന്തരമായ സൈനിക നയതന്ത്ര ചർച്ചകളിലൂടെ ബന്ധം മെച്ചപ്പെട്ടതായും സഭയെ അറിയിച്ചു.

വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം ചോദിച്ചെങ്കിലും സ്പീകർ അംഗീകരിച്ചില്ല.
ധന മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബാങ്കിംഗ് നിയമ ഭേദഗതി ബില്ലിലെ ചർച്ചയിൽ, മോദി അദാനി ബന്ധം അടക്കം ആയുധമാക്കി ഗൗരവ ഗോഗോയ് സർക്കാറിനെ കടന്നാക്രമിച്ചു.

മറുപടിയായി ബിജെപി അംഗം സംബിത് പാത്ര ഇന്ദിര ഗാന്ധിക്കെതിരായ നാഗർവാല കേസ് ഉന്നയിച്ചതോടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടി.രാജയ്‌സഭയിൽ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അവതരിപ്പിച്ച, ഓയിൽ ഫീൽഡ്സ് ഭേദഗതി ബിൽ ചർച്ച ചെയ്തു പാസാക്കി.

മല കയറുന്നതിനിടയിൽ കുഴഞ്ഞുവീണ് രണ്ട് തീർത്ഥാടകർ മരിച്ചു

ശബരിമല.ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ആറു മണിവരെ തീർത്ഥാടകരുടെ എണ്ണം 60000 കടന്നു..സ്‌പോട് ബുക്കിംഗ് 9897 ആണ്. രാവിലെ മുതൽ സന്നിധാനത്ത് മഴയില്ല .മല കയറുന്നതിനിടയിൽ കുഴഞ്ഞുവീണ് രണ്ട് തീർത്ഥാടകർ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗ പിളള , ആന്ധ്രപ്രദേശ് സ്വദേശി അദിദാം സന്യാസി രാജു എന്നിവരാണ് മരിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം . ഇതോടെ ഈ സീസണിൽ കുഴഞ്ഞുവീണു മരിച്ചവരുടെ എണ്ണം പത്തായി .