25.7 C
Kollam
Wednesday 24th December, 2025 | 09:16:42 PM
Home Blog Page 1820

ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഉപദ്രവിച്ച സംഭവത്തിൽ കൂടുതൽ നടപടികള്‍

തിരുവനന്തപുരം .ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിനെ ഉപദ്രവിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു CWC. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്ന എല്ലാ ആയമാർക്കും കൗൺസിലിങ് നൽകും. ഇവരുടെ മാനസിക ആരോഗ്യം ഉറപ്പുവരുത്താൻ ഇടവേളകളിൽ കൗൺസിലിങ്ങും പരിശീലനവും നൽകാനാണ് ആലോചന. പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ അവരുടെ കുടുംബ പശ്ചാത്തലവും പരിശോധിക്കും. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളും റിമാൻഡിലാണ്. സംഭവത്തിൽ ബാലവകാശ കമ്മിഷനും റിപ്പോർട്ട്‌ തേടിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ അന്വേഷിച്ചു മറുപടി നൽകണമെന്നാണ് സിറ്റി പോലീസ് കമ്മിഷണർക്കും, ശിശു സംരക്ഷണ സമിതിക്കും നൽകിയ നിർദേശം.

മാസപ്പടിക്കേസ് ഇന്ന് ഡെല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടി കേസിലെ SFIO അന്വേഷണത്തിനെതിരെ CMRL നൽകിയ ഹര്‍ജി ഇന്ന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.നേരത്തെ ഹൈക്കോടതി നിർദേശിച്ച പ്രകാരം എസ്എഫ്ഐഒ സത്യവാങ്മൂലം ഇന്നലെ സമർപ്പിച്ചിരുന്നു.കേസിൽ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് SFIO സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. റിപ്പോർട്ട് നൽകുന്ന മുറയ്ക്ക് കേന്ദ്രസർക്കാർ തീരുമാനം അറിയിച്ചാൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും എസ്എഫ്ഐഒ വ്യക്തമാക്കി. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎല്ലിന്റെ ഹര്‍ജി

എച്ച്ഐവി ബാധിതനായ 25കാരൻ മരിച്ച നിലയിൽ, സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകൾ

ന്യൂഡൽഹി: എച്ച്ഐവി ബാധിതനായ യുവാവിൻ്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ പാലം വിഹാർ റെയിൽവേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തി കൊണ്ട് നിരവധി മുറിവുകൾ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. നവംബർ 25ന് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത മിസ്സിംഗ് റിപ്പോർട്ട് പ്രകാരം ഇയാൾ ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭാരമുള്ള കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് യുവാവിന്റെ തലയിൽ അടിച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് യുവാവ് പാലം വിഹാർ റെയിൽവേ യാർഡിലേക്ക് പോകുന്നതിന്റെയും രണ്ട് പേർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചില്ല.

അതേസമയം, യുവാവ് വിവാഹിതനാണെന്നും എച്ച്ഐവി പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇയാളുടെ ഫോണിലെ ചാറ്റുകളിൽ നിന്ന് വ്യക്തമായി. യുവാവ് സ്വവർഗാനുരാ​ഗിയാണെന്നതോ അല്ലെങ്കിൽ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

സിപിഐ നേതാവ് എസ് വി ദേവ് നിര്യാതനായി

ചവറ തെക്കുംഭാഗം. സി പി ഐ നേതാവും തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന വടക്കുംഭാഗം ദേവസരസില്‍ എസ് വി ദേവ് (83)നിര്യാതനായി.സംസ്കാരം ഇന്ന് 4 pm ന് വീട്ടുവളപ്പിൽ .

ചവറയിൽ ഇടതുപക്ഷ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന എസ് വി ദേവ് വടക്കും ഭാഗം എൻ എസ് എസ് എൽ പി എസിലെ അധ്യാപകനായിരുന്നു.
സി പി ഐയുടെ കയർ തൊഴിലാളിരംഗത്തെ എഐടിയുസി രംഗത്തെ സംസ്ഥാന നേതാവായിരുന്നു. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യ സ്നേഹം കാത്തുസൂക്ഷിച്ച ദേവ് തൊഴിലവകാശ സംരക്ഷണത്തിന് വിട്ടു വിഴ്ചയില്ലാത്ത നിലപാട് എടുത്തു. ഭാര്യ സരസമ്മ(റിട്ട.അധ്യാപിക)
മകൻ ദേവാനന്ദ്

വാർത്താനോട്ടം

BREAKING NEWS

2024 ഡിസംബർ 04 ബുധൻ

?കൊല്ലം ആര്യങ്കാവിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് സേലം സ്വദേശി ധനപാലൻ മരിച്ചു.28 പേർക്ക് പരിക്ക്

?തെലങ്കാനയിൽ ഇന്ന് പുലർച്ചെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

?വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരിക്ക്. കർണ്ണാടകത്തിൽ നിന്ന് കേരളത്തിലേക്ക് വിദ്യാത്ഥികളുമായി എത്തിയതായിരുന്നു.

?അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇ ഡി കുരുക്കിൽ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

?ദില്ലിയിൽ ദ്വാരക എക്സ്പ്രസ്സ് വേയിൽ ഇന്ന് പുലർച്ചെ മൂന്നിന് രണ്ട് കാറുകൾ കൂട്ടിയിടിച്ച് കത്തി ഒരാൾ മരിച്ചു.8 പേർക്ക് പരിക്കുണ്ട്.

?ആറാട്ടുപുഴ തറയിൽകടവിൽ ഭാര്യവീട്ടിൽ എത്തിയ വിഷ്ണു (34) എന്ന യുവാവ് ബന്ധുക്കളുടെ മർദ്ദനമേറ്റ് കുഴഞ്ഞ് വീണ് മരിച്ചു.

?കൊല്ലം ചെമ്മാമുക്കിൽ ഭാര്യയെ കാർ തടഞ്ഞ് നിർത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്സിൽ അറസ്റ്റിലായ ഭർത്താവ് പത്മരാജനെ ഇന്ന് കോടതിയിൽ ഹാജരാക്കും.മരിച്ച അനിലയുടെ പോസ്റ്റ് മാർട്ടം ഇന്ന്.

?ആലപ്പുഴ കളർകോട് കാർ അപകടത്തിൽ മരിച്ച രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ സംസ്ക്കാരം ഇന്ന്.കാർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.മെഡിക്കൽ ബോർഡ് യോഗവും ഇന്ന് ചേരും.

?കേരളീയം?

? തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂതഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പിച്ചു. സംഭവത്തില്‍ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

?കൊല്ലം ചെമ്മാംമുക്കില്‍ കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും യുവതിയുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില (44)മരിച്ചു. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് പത്മരാജന്‍ (60) കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

?ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

?സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണര്‍.

?വയനാട് ചുണ്ടേലില്‍ തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ദുരൂഹത. സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണവുമായി ഥാര്‍ ജീപ്പ് ഇടിച്ചു മരിച്ച ഓട്ടോ ഡ്രൈവര്‍ നവാസിന്റെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു.

?ആലപ്പുഴയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയില്‍ കേസ്. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഭാര്യ മിനിസ നല്‍കിയ പരാതിയിലാണ് നടപടി.

?ചരിത്രത്തിലാദ്യമായി എല്ലാ നഗരങ്ങള്‍ക്കും ഗാര്‍ബേജ് ഫ്രീ സിറ്റി സ്റ്റാര്‍ റേറ്റിംഗ് സര്‍ട്ടിഫിക്കേഷന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹതാ പട്ടികയിലിടം നേടിക്കൊണ്ട് സ്വച്ഛ് സര്‍വ്വേക്ഷന്‍ സര്‍വ്വേയില്‍ പങ്കെടുക്കാനൊരുങ്ങി കേരളം. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സര്‍വേകളിലൊന്നാണ് സ്വച്ഛ് സര്‍വ്വേക്ഷന്‍.

?എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബര്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.

?ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയില്‍ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജി. രാജി വെച്ചതിന് പിന്നാലെ പന്തളത്ത് എല്‍ഡിഎഫ് പടക്കം പൊട്ടിച്ച് ആഘോഷിച്ചു.

?കേരളത്തിന് നിലവില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് എയിംസ് അനുവദിക്കുമോ എന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

?സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവില്‍ ഒരു ജില്ലകളിളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

?? ദേശീയം ??

?താജ് മഹല്‍ തകര്‍ക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തര്‍ പ്രദേശ് ടൂറിസത്തിന്റെ റീജണല്‍ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്.

? ചെന്നൈയില്‍ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് ദുരന്തബാധിതരായ 300 കുടുംബങ്ങള്‍ക്ക് വിജയ് സഹായം വിതരണം നല്‍കി.

?അബദ്ധത്തില്‍ തോക്കില്‍ നിന്നും വെടിപൊട്ടി സൈനികന് ദാരുണാന്ത്യം. ജമ്മു കശ്മീരിലെ സുചിത്ഗഢിലാണ് സംഭവം. 24 കാരനായ സത്നാം സിംഗ് ആണ് പരിച്ചത്. കിഷ്ത്വാര്‍ ജില്ലയില്‍ ആണ് സത്നം സിംഗിന് ഡ്യൂട്ടിയുണ്ടായിരുന്നത്.

? തമിഴ്നാട്ടില്‍ മന്ത്രിക്ക് നേരെ ചെളിയെറിഞ്ഞ് പ്രതിഷേധം. വിഴുപ്പുറത്ത് മന്ത്രി കെ പൊന്മുടിക്ക് നേരെയാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലാണ് സംഭവം നടന്നത്.

? പാക്കേജുചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

?? അന്തർദേശീയം ??

? ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അനീതികളും ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ദില്ലി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. നൊബേല്‍ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഏത് അനീതിയും തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

? ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം ആറു മണിക്കൂറിനകം പിന്‍വലിച്ച് പ്രസിഡന്റ് യൂണ്‍ സുക് യോള്‍. പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് രാജ്യത്ത് പട്ടാള നിയമം നടപ്പിലാക്കിയത്.

? കായികം

?ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ഫൈനലിൽ ഇന്ന് രാത്രി 8.30 ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റ് മുട്ടും.

? ഐ ലീഗ് ഫുട്ബാളിലെ ആദ്യ ഹോം മത്സരത്തിൽ ഗോകുലം എഫ് സി ക്ക് സമനില.ഐസോൾ എഫ് സിയെ 1 – 1 ന് തളച്ചാണ് സമനില നേടിയത്

ആശ്വാസം! കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; ഒരു ജില്ലയിലും പ്രത്യേക അലർട്ടില്ല, പുതിയ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ ഒഴിയുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം നിലവിൽ ഒരു ജില്ലകളിളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മുതൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം വടക്കൻ കേരത്തിനു മുകളിലൂടെ സഞ്ചരിച്ചു കർണാടക തീരത്തിനും മധ്യ പടിഞ്ഞാറൻ അറബികടലിനും മുകളിൽ ശക്തി കൂടിയ ന്യൂന മർദ്ദമായി മാറിയിട്ടുണ്ട്.

ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മഴ കുറയാനാണ് സാധ്യത. അതേസമസയം വടക്കൻ കേരളത്തിൽ, പ്രത്യകിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ മഴ തുടരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി; നടപടി ഡ്യൂട്ടി ഒഴിവാക്കിയതിന് പകരം

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായാണ് പൊതു മേഖലാ സ്ഥാപനങ്ങളുടെ കുടിശ്ശിക ഒഴിവാക്കിയത്. ദീർഘകാലം വൈദ്യുതി ബിൽ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ആട്ടോകാസ്റ്റ് ലിമിറ്റഡിന്റെ വൈദ്യുതി കുടിശികയായ 113.08 കോടി രൂപയാണ് എഴുതിത്തള്ളിയതിന് ഏറ്റവും വലിയ തുക. ടെക്സ്റ്റൈൽ കോർപ്പറേഷന്റെ 53.69 കോടിയും കേരളാ സിറാമിക്സിന്റെ 44 കോടിയും എഴുതിത്തള്ളിയതിൽ ഉൾപ്പെടുന്നു.

തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ – 12. 86 കോടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടി, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ-7 കോടി, ആലപ്പുഴ സഹകരണ സ്പിന്നിങ്ങിൽ 6.35 കോടി, കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ 5.61 കോടി, മാൽക്കോടെക്സ് – 3.75 കോടി, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ – 3.49 കോടി, കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ – 2.61 കോടി, സീതാറാം ടെക്സ്റ്റൈൽസ്- 2.1 1 കോടി, ട്രാവൻകൂർ സിമൻറ്സ് ലിമിറ്റഡ് -1.6 4 കോടി, കേരള സോപ്പ്സ് ലിമിറ്റഡ് -1.33 കോടി, കെ. കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിംഗ് മിൽ 97 ലക്ഷം, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് – 39 ലക്ഷം, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ – 34 ലക്ഷം, കെൽ – ഇ.എം. എൽ 27 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സ്ഥാപനങ്ങളുടെ കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ വകുപ്പ് പറയുന്നു.

സമയത്ത് ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതു മേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു. കുടിശ്ശിക ഒഴിവായതോടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ സ്ഥാപനങ്ങൾക്ക് കഴിയും. ചരിത്രത്തിലാദ്യമായാണ് പൊതു മേഖലയുടെ ഇത്രയും വലിയ തുക കുടിശ്ശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 14 പേർക്ക് പരിക്ക്

കൽപറ്റ: വയനാട് വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരുക്ക്. പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് ബസ് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിലെ കുശാൽനഗറിൽ നിന്നുള്ള ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരുടെ പരുക്കും ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോയിരുന്ന സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. 12 കുട്ടികൾക്കും ഡ്രൈവർക്കും ജീവനക്കാരില്‍ ഒരാള്‍ക്കും ആണ് പരിക്ക് ഏറ്റത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല.

15 ലക്ഷം രൂപയുടെ സ്വർണം സഹപാഠി തിരിച്ചു കൊടുത്തില്ല; ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: സഹപാഠി 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തതിനെ തുടർന്ന് ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി. രാജാജി നഗർ സ്വദേശിനി ബി.പ്രിയങ്ക (19) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയിൽ നിന്ന് പലതവണ ആഭരണങ്ങൾ കൈക്കലാക്കിയത്.

പലതവണ തിരിച്ചു ചോദിച്ചെങ്കിലും നൽകിയില്ല. ഇക്കാര്യം വീട്ടിലറിഞ്ഞതോടെയാണു ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു മരണം, ഒട്ടേറെപ്പേർക്ക് പരുക്ക്

ആര്യങ്കാവ്: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്.16 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ പുനലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ നാലു മണിക്കാണ് അപകടം ഉണ്ടായത്. തീർഥാടകർ ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് 25 അടി താഴ്ചയിൽ തോട്ടിലേക്ക് മറിഞ്ഞു. തോട്ടിൽ വലിയ രീതിയിൽ വെള്ളം ഉണ്ടായിരുന്നില്ല.

സ്ഥിരം അപകടം ഉണ്ടാകുന്ന മേഖലയാണ് ഇതെന്ന് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് പറഞ്ഞു. അപകട മേഖലയായതിനാൽ ആംബുലൻസ് സേവനം മേഖലയിൽ സ്ഥിരമായി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലരുടെ പരുക്ക് ഗുരുതരമാണ്. ഇരുപതിൽ അധികം ആളുകൾ ബസിലുണ്ടായിരുന്നതായും സുജ തോമസ് പറഞ്ഞു.