23.7 C
Kollam
Thursday 25th December, 2025 | 02:54:57 AM
Home Blog Page 1817

മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണിക്ക് തമിഴ്നാട്, കേരളം വാഹനം തടഞ്ഞു

ഇടുക്കി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ് നാട് കൊണ്ടു വന്ന സാധനങ്ങൾ വള്ളക്കടവ് ചെക്കു പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞു. അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കായി രണ്ടു ലോറികളിൽ പാറമണലാണ് തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടു വന്നത്. പെരിയാർ കടുവ സങ്കേതത്തിലൂടെ സാധനങ്ങൾ കൊണ്ടു പോകാൻ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെയും അനുമതി വേണം. ഈ അനുമതിക്കായി ശുപാർശ ചെയ്യേണ്ടത് സംസ്ഥാന ജലവിഭവ വകുപ്പ് ആണ്. സാധനങ്ങൾ ചെക്കു പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ് നാട് അനുമതിക്കായി എത്തിയത്. ഏതൊക്കെ അറ്റകുറ്റപ്പണികളാണ് നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ് നാട് ഉദ്യോഗസ്ഥർ ഇതിനു തയ്യാറായില്ല. ഇതിനാൽ ജലവിഭവ വകുപ്പ് കത്ത് നൽകിയില്ല.

മുൻഗണന പട്ടിക മറികടന്ന് വൻകിട കരാറുകാർക്ക് തുക നൽകാനുള്ള ജല അതോറിറ്റി നടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി. മുൻഗണന പട്ടിക മറികടന്ന് വൻകിട കരാറുകാർക്ക് തുക നൽകാനുള്ള ജല അതോറിറ്റി നടപടി ഹൈക്കോടതി തടഞ്ഞു. ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ നടപടി. ജൽജീവൻ മിഷൻ്റെ പദ്ധതികൾക്കായി കേന്ദ്രസർക്കാർ അനുവദിച്ച 288 കോടി രൂപ ആറ് കരാറുകാർക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനം. മുൻഗണ പട്ടിക അനുസരിച്ച് കുടിശിക വിതരണം ചെയ്യണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്നായിരുന്നു ജല അതോറിറ്റിയുടെ നടപടി. അതോറിറ്റിയുടെ നടപടിയെ സംസ്ഥാന സർക്കാരും കോടതിയിൽ അനുകൂലിച്ചിരുന്നു. ഏഴായിരത്തോളം കരാറുകാർക്കായി നാലായിരം കോടിയോളം രൂപയാണ് കുടിശികയായി ലഭിക്കാനുള്ളത്.

പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന സംഭവം, ഡോ പുഷ്പക്കെതിരെ വീണ്ടും കേസ്

ആലപ്പുഴ.പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്ന സംഭവം, ഡോ പുഷ്പക്കെതിരെ വീണ്ടും കേസ്. കേസ് എടുത്തത് ആലപ്പുഴ സൗത്ത് പൊലീസ്. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക റിപ്പോർട്ടിൽ പ്രതി ചേർത്തു വെന്ന് പോലീസ്. ആലപ്പുഴയിൽ വൈകല്യത്തോടെ കുഞ്ഞു പിറന്ന കേസിലും ഡോക്ടർ പുഷ്പ പ്രതിയാണ്

പൊതു പരീക്ഷകളിൽ ലഭിക്കേണ്ട പ്രതിഫലം നിഷേധിക്കുന്നു;പരീക്ഷാ ജോലി ബഹിഷ്കരിക്കാനൊരുങ്ങി അധ്യാപകർ

ശാസ്താംകോട്ട:പൊതുപരീക്ഷകളിലെ ഇൻവിജിലേഷൻ ഡ്യൂട്ടിക്കും മൂല്യനിർണയത്തിനും ലഭിക്കേണ്ട പ്രതിഫലം നിഷേധിക്കുന്നതിൽ സംസ്ഥാന വ്യാപകമായി അധ്യാപകർ പ്രതിഷേധത്തിൽ.കോവിഡിന് ശേഷം ഇതുവരെയും വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് പരീക്ഷ നടത്തിപ്പിന് ലഭിക്കേണ്ട പ്രതിഫലത്തുക ലഭിച്ചിട്ടില്ലത്രേ.2023ൽ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് ഒരുകോടി 65 ലക്ഷം രൂപയും 2024 ൽ 1കോടി 70 ലക്ഷം രൂപയും കുടിശ്ശികയാണ്.2000 ത്തിന് ശേഷം പരീക്ഷാ ജോലിക്കുള്ള വേതനത്തിന് പുറമെയാണിത്.സാമ്പത്തിക ഞെരുക്കത്തിന്റെ പേരു പറഞ്ഞാണ് സർക്കാർ അധ്യാപകരുടെ വേതനം നിഷേധിക്കുന്നത്.കുടിശ്ശിക തുക അനുവദിച്ചില്ലെങ്കിൽ മാർച്ചിലെ പൊതുപരീക്ഷയും മൂല്യനിർണയവും ബഹിഷ്കരിക്കുന്ന തരത്തിലേക്ക് പ്രതിഷേധം വഴിമാറിയിട്ടുണ്ട്.

ഒന്നും രണ്ടും വർഷ കുട്ടികളുടെ പേപ്പർ നോക്കുന്ന ഒരധ്യാപകന് 75000 ത്തിന് അടുത്തുള്ള തുക പ്രതിവർഷം കിട്ടേണ്ടതാണ്.മധ്യ വേനൽ അവധി കാലത്ത് 25 ദിവസത്തോളം ജില്ലയ്ക്ക്‌ പുറത്തുള്ള കേന്ദ്രങ്ങളിൽ എത്തിയാണ് പേപ്പർ നോക്കുന്നത്.14 ജില്ലയ്ക്കും കൂടി ആകെ 8 കേന്ദ്രങ്ങൾ മാത്രമാണ് നിലവിലുള്ളത്.അടിയന്തിരമായി പ്രതിഫലം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലിനെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെയും അധ്യാപകർ സമീപിച്ചിട്ടുണ്ട്. അതിനിടെ അധ്യാപകരോടുള്ള സർക്കാരിൻ്റെ സമീപനം നിഷേധാത്മകമാണെന്നും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്നും വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാനത്ത് പ്രസിഡൻ്റ് പി.ടി ശ്രീകുമാർ, ജനറൽ സെക്രട്ടറി കെ.ഗോപകുമാർ,ചെയർമാൻ ഷാജി പാരിപ്പള്ളി എന്നിവർ അറിയിച്ചു.

കുന്നത്തൂർ മണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു

കുന്നത്തൂർ:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ തെറ്റിമുറി അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അഖിൽ പൂലേത്തിൻ്റെ വിജയത്തിനായുള്ള കുന്നത്തൂർ മണ്ഡലം കൺവെൻഷൻ ചേർന്നു.കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.മണ്ഡലം ചെയർമാൻ റ്റി.എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.സുകുമാരൻ നായർ,എം.വി ശശികുമാരൻ നായർ,കാരുവള്ളി ശശി,കാരയ്ക്കാട്ട് അനിൽ, പി.കെ രവി,ശശിധരൻ ഏഴാംമൈൽ,കുന്നത്തൂർ പ്രസാദ്,ഉല്ലാസ് കോവൂർ,പി.എസ് അനുതാജ്, സുഹൈൽ അൻസാരി,ഒല്ലായിൽ ബഷീർ,കുന്നത്തൂർ സുധാകരൻ,സി.കെ അനിൽ,ഷീജാ രാധാകൃഷ്ണൻ,ലിസി തങ്കച്ചൻ,റെജി കുര്യൻ,രാജൻ നാട്ടിശ്ശേരി,ഹരി പുത്തനമ്പലം, ഹരികുമാർ കുന്നത്തൂർ, ഉമേഷ് കുന്നത്തൂർ,അനന്തു കുന്നത്തൂർ,സ്ഥാനാർത്ഥി അഖിൽ പൂലേത്ത് എന്നിവർ സംസാരിച്ചു.

പിഎസ്‌എൽവി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പ് മാറ്റിവച്ചു

സാങ്കേതിക പിഴവിനെ തുടർന്ന് യൂറോപ്യൻ സ്‌പേസ്‌ ഏജൻസിയുടെ സൗര നിരീക്ഷണ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‌എൽവി ദൗത്യം വിക്ഷേപണത്തിന് മിനിറ്റുകൾക്കു മുമ്പ് മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽ നിന്ന്‌ വൈകിട്ട്‌ 4.08ന്‌ പ്രോബാ–- 3 ഉഗ്രഹങ്ങളുമായി പുറപ്പെടേണ്ടിയിരുന്ന പിഎസ്‌എൽവി സി 59 ദൗത്യമാണ് മാറ്റിവച്ചത്. കൊറോണോഗ്രാഫ് ഉപഗ്രഹത്തിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലുണ്ടായ പ്രശ്നത്തെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ഇക്കാര്യം ISRO യും യുറോപ്യൻ ബഹിരാകാശ ഏജൻസിയും സ്ഥിരീകരിച്ചു. നാളെ വൈകിട്ട് നാല് ആറിന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു.സൂര്യന്റെ കൊറോണയെ പറ്റി പഠിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളാണ്‌ ദൗത്യത്തിലുള്ളത്‌. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച്‌ സൂര്യന്റെ പ്രഭാവലയത്തെ പറ്റി ഉപഗ്രഹം സൂക്ഷ്‌മമായി പഠിക്കും

പെട്ടി ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

തൃശ്ശൂര്‍. പെട്ടി ഓട്ടോ മറിഞ്ഞ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. വാടാനപ്പള്ളി സ്വദേശി ഫൈസൽ ആണ് മരിച്ചത്. നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ ഫ്ലൈ ഓവറിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു. കുട്ടനെല്ലൂരിൽ വെച്ചായിരുന്നു അപകടം

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ എൻ ഷംസീർ

തിരുവനന്തപുരം.നീലപ്പട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ ഏ.എൻ ഷംസീർ. സത്യപ്രതിജ്ഞക്കുശേഷമാണ് നീലട്രോളി ബാഗ് ഉപഹാരമായി നൽകിയത്. ബാഗ് എം.എൽ എ ഹോസ്റ്റലിൽ എത്തിച്ചു നൽകുകയായിരുന്നു. സ്പീക്കറിൽ നിന്ന് നീല ട്രോളി ബാഗ് ലഭിച്ച തോടെ എല്ലാവരും ട്രോളാണോ എന്ന
സംശയത്തിലായി. പുതിയ എം.എൽ.എമാർക്ക് നിയമസഭ മാന്വലും ചട്ടങ്ങളും മറ്റ് വിവരങ്ങളും അടങ്ങുന്ന ബാഗ് നൽകാറുണ്ട്. ഇത്തവണ അത് നീല ബാഗായിപ്പോയി എന്നേയുള്ളു എന്നാണ് സ്പീക്കറുടെ ഓഫീസിൻ്റെ വിശദീകരണം

REP. IMAGE

മുന്‍ കമാന്‍ഡോയേയും ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ന്യൂഡെല്‍ഹി. ദക്ഷിണ ഡൽഹിയിലെ ദേവ്‌ലിയിൽ മുന്‍ കമാന്‍ഡോയേയും കുടുംബത്തിലെ രണ്ട് പേരെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
മുൻ കമാന്റോ യും ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്. മകൻ പ്രഭാത നടത്തത്തിനായി പോയ സമയമാണ് കൊലപാതകം. അന്വേഷണം ആരംഭിച്ചതായും, കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ലെന്നും പോലീസ്.

ദക്ഷിണ ഡൽഹിയിലെ നേബ് സറായിൽ ആണ് രാജ്യ തലസ്ഥാനത്തെ നടുക്കിയ കൂട്ട കൊലപാതകം.മുൻ കമാന്റോ രാജേഷ് (55), ഭാര്യ കോമൾ, മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. പുലർച്ചെ 5.30 ന് മകൻ അർജുൻ പ്രഭാത നടത്തം കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരി യെയും കഴുത്തറുത്തു കോലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കരസേനയേയും പോലീസിനെയും വിവരമറിയിച്ചു.

പോലീസ് എത്തി മൃതദേഹങ്ങൾ, പോസ്റ്റ്മോർട്ടത്തിനായി എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സമീപത്തുള്ള വീടുകളിൽ സി സി ടി വി ക്യാമറകൾ ഇല്ല എന്നത് പോലീസിന് വെല്ലുവിളി യാണ്‌

മോഷണ ശ്രമം നടന്നതിന് തെളിവുകൾ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കൊലപാതകിയെ കുറിച്ചും, കൊലപാതത്തിന്റ കാരണം സംബന്ധിച്ചും വ്യക്തതവരൂ എന്ന് പോലീസ് അറിയിച്ചു

മുൻ വൈരാഗ്യവും കൂടോത്രപ്പകയും ഓട്ടോ ഡ്രൈവറായ നവാസിന്‍റെ കൊലപാതകത്തിന് പിന്നിലെ കാരണം

വയനാട്. ചുണ്ടേലിൽ ആസൂത്രിതമായ അപകടം നടന്ന് മൂന്നാം നാളിലാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. പ്രതികൾക്കുള്ള മുൻ വൈരാഗ്യവും കൂടോത്രപ്പകയും ആണ് ഓട്ടോ ഡ്രൈവറായ നവാസിന്‍റെ കൊലപാതകത്തിന്റെ കാരണമായി പോലീസ് ചൂണ്ടിക്കാട്ടുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. CCTV ദൃശ്യങ്ങളും, ഫോൺ രേഖകളും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചാണ് പോലീസ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്

ചുണ്ടേല്‍ കോഴിക്കോട് സംസ്ഥാനപാതയുടെ ഇരുഭാഗങ്ങളിലായാണ് കേസിലെ പ്രതികളായ സുമില്‍ഷാദിന്‍റെയും അജിന്‍ഷാദിന്‍റെയും പിതാവ് സുല്‍ഫിക്കറിന്‍റെ ഹോട്ടലും കൊല്ലപ്പെട്ട നവാസിന്‍റെ സ്റ്റേഷനറിക്കടയും. ഇരുകൂട്ടരും തമ്മില്‍ നേരത്തെ വ്യക്തിവൈരാഗ്യമുണ്ട്. കഴിഞ്ഞ 30ന് പുലര്‍ച്ചെ സുല്‍ഫിക്കറിന്‍റെ ഹോട്ടലിന് മുന്നില്‍ കോഴിത്തലകൊണ്ട് കൂടോത്രം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതു പ്രകാരം സുല്‍ഫിക്കര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇത് ചെയ്തത് നവാസാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുമില്‍ഷാദ്, നവാസ് ഓട്ടോറിക്ഷയില്‍ വരുന്നത് കാത്ത് നിന്ന് ഥാര്‍ ജീപ്പ് വേഗത്തിലോടിച്ച് വന്ന് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു. നവാസ് ചുണ്ടേല്‍ എസ്റ്റേറ്റ് റോഡിലേക്ക് പുറപ്പെട്ടതടക്കമുള്ള വിവരം നല്‍കിയത് സഹോദരന്‍ ആയ അജിന്‍ഷാദ് എന്നും പൊലീസ് സ്ഥിരീകിരിച്ചു

കൊലപാതകത്തിന്‍റെ ഗൂഢാലോചനയില്‍ ഇനിയും പങ്കാളികള്‍ ഉണ്ടെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആരോപണം. പ്രദേശത്തെ ലഹരിമാഫിയക്കെതിരെ ഓട്ടോറിക്ഷ ഡ്രൈവര്‍കൂടിയായ നവാസ് നിലപാട് എടുത്തതാണ് കൊലയ്ക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു

പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചനാക്കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാട്ടുകാരുടെ പരാതിയിലടക്കം തുടരന്വേഷണമുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി