24.9 C
Kollam
Thursday 25th December, 2025 | 12:55:04 AM
Home Blog Page 1818

മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുത്, ഹൈക്കോടതി

കൊച്ചി.തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ചുള്ള ആനയെഴുന്നെള്ളിപ്പിൽ‍ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാർഗനിർദേശങ്ങൾ പാലിക്കാത്തിന് കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കാൻ ദേവസ്വം ഓഫീസർക്ക് കോടതി നിർദ്ദേശം നൽകി. മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും, ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാർഗനിർദേശങ്ങളെന്നും കോടതി ഓർമിപ്പിച്ചു.

മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ തൃക്കേട്ട ദിനത്തിലെ എഴുന്നള്ളിപ്പ് നടന്നതെന്നായിരുന്നു ജില്ലാ കലക്ടർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. വനം വകുപ്പിന്റെ നിർദ്ദേശം ദേവസ്വം ഓഫീസർ പാലിച്ചില്ലെന്നും, കേസെടുത്തതായും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്നാണ് എന്ത് കാരണത്താലാണ് മാർഗനിർദേശങ്ങൾ പാലിക്കാതിരുന്നത് എന്ന് ദേവസ്വം ഓഫീസർ വിശദീകരണം നൽകാൻ കോടതി നിർദേശിച്ചത്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

അതേസമയം കോടതിയോട് നേരിട്ടുള്ള വെല്ലുവിളിയാണ് ക്ഷേത്രം ഭാരവാഹികൾ ചെയ്തതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മഴ വന്നപ്പോഴാണ് 15 ആനകളേയും ആനക്കൊട്ടിലിലേക്ക് മാറ്റി അകലമിടാതെ നിർത്തിയതെന്ന വിശദീകരണം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. മേൽക്കൂരയുള്ള സ്ഥലം കുറവാണെങ്കിൽ ആനകളെ കുറയ്ക്കുകയാണ് വേണ്ടത്. മതത്തിന്റെ പേരിൽ എന്തും ആകാം എന്നു കരുതരുത്. വന്യജീവി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത് എന്നതിനാൽ ഇത് ലംഘിക്കപ്പെട്ടാൽ ജാമ്യമില്ലാ കുറ്റം ചുമത്തപ്പെടും. ആനകളെ എഴുന്നെള്ളിക്കാൻ നൽകിയ അനുമതി പിൻവലിക്കാനും കഴിയുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാർഗനിർദേശങ്ങൾ പാലിച്ചാണ് എഴുന്നള്ളിപ്പെന്ന് ഉറപ്പു വരുത്താനും, ലംഘിച്ചാൽ കർശന നടപടി എടുക്കാനും ഓൺലൈനിൽ ഹാജരായ ജില്ലാ കലക്ടർക്ക് കോടതി നിർദേശം നൽകി.

മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വീണ്ടും വാദം

ന്യൂഡെല്‍ഹി. മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നൽകിയ ഹർജിയിൽ തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും.ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ചന്ദ്ര ധാരി സിംഗിന്റെ ബെഞ്ച് ഇന്ന് കേസിൽ വാദം കേൾക്കൽ ആരംഭിച്ചുവെങ്കിലും പൂർത്തിയായില്ല.ആദായ നികുതി തീര്‍പ്പാക്കിയ കേസില്‍ SFIO അന്വേഷണം ചട്ടവിരുദ്ധമെന്നും സെറ്റില്‍മെന്‍റ് കമ്മിഷന്‍ ചട്ടപ്രകാരമുള്ള
നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണമെന്നും ഹർജികാരൻ വാദിച്ചു.രഹസ്യ സ്വഭാവം ഉള്ള കേസ് വിവരങ്ങൾ ഷോൺ ജോർജിന് എങ്ങനെ ലഭിച്ചു എന്ന് ഹർജിക്കാരൻ ചോദിച്ചു. ഇടപാടിനെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി ഡല്‍ഹി ഹൈക്കോടതിയില്‍ എസ്എഫ്ഐഒ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.

വന്ദേഭാരത് ട്രയിന്‍ സാങ്കേതികതകരാര്‍ മൂലം വഴിയില്‍കുടുങ്ങി

ഷൊര്‍ണ്ണൂര്‍. മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് ട്രയിന്‍ ഷൊര്‍ണൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ സ്റ്റക്കായി കിടക്കുകയാണ്. ഡോറുകള്‍ തുറക്കാനാവാത്ത നിലയാണ്. ഒരു മണിക്കൂറോളമായി പ്രശ്നമാണ്. അടിയന്തര പ്രശ്നപരിഹാരനീക്കം നടക്കുന്നുണ്ടെങ്കിലും അത് വിജയിച്ചിട്ടില്ല. മറ്റു ട്രയിനുകളുടെ യാത്രക്കും തടസമുണ്ടാകുന്നുണ്ട്.

എന്നാല്‍ വന്ദേ ഭാരതത്തിന് സാങ്കേതിക തകരാർ എന്ന വാദം തള്ളി റെയിൽവേ. ട്രെയിന് സാങ്കേതിക തകരാറുകൾ ഇല്ല. സിഗ്നൽ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട്. അതിനാൽ ട്രെയിൻ ട്രാഫിക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് വിശദീകരണം. സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ വൈകുന്നു എന്നത് യാഥാർത്ഥ്യം
വന്ദേഭാരത് വഴിയിൽ വഴിയിൽ കുടുങ്ങിയത് മറ്റു ട്രെയിനുകളെയും ബാധിക്കുന്നു. 16306 എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് വടക്കാഞ്ചേരിയിൽ ഒന്നരമണിക്കൂറായി പിടിച്ചിട്ടിരിക്കുന്നു

REP .IMAGE

മന്ത്രി സജി ചെറിയാൻ പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ മാർച്ച്

അമ്പലപ്പുഴ .വളഞ്ഞവഴിയിൽ പുലിമുട്ടും കടൽ ഭിത്തിയും നിർമിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാൻ പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ മാർച്ച്.. മാർച്ച് തടയാനെത്തിയ സിപിഐഎം പ്രവർത്തകരുമായി വാക്കേറ്റം. മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്ന വളഞ്ഞ വഴിയിലാണ് ബി.ജെ.പി പ്രവർത്തകർ മാർച്ച് നടത്തിയത്.മന്ത്രി സജി ചെറിയാനായിരുന്നു ഇതിൻ്റെ ഉദ്ഘാടകൻ. ബി.ജെ.പി പഞ്ചായത്തംഗം സുമിതയുടെ വാർഡായ നീർക്കുന്നത്ത് പുലിമുട്ടോടു കൂടിയ കടൽ ഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഉദ്ഘാടന വേദിയുടെ ഏതാനും സമീപത്തു നിന്ന് മാർച്ചാരംഭിച്ചത്.

പഞ്ചായത്തംഗം സുമിത, ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ 30 ഓളം പേരാണ് മാർച്ചിൽ പങ്കെടുത്തത്.മാർച്ച് വേദിക്കരികിൽ എടത്വ സി.ഐ: അൻവറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന സി.പിഎം നേതാക്കളും മാർച്ചിനെതിരെ സംഘടിച്ച് ഇവിടെയെത്തിയതോടെ സംഘർഷാവസ്ഥയായി. സി.പിഎം പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും വീണ്ടും ഇവർ തടിച്ചു കൂടി.ഒടുവിൽ ബി.ജെ.പി നേതാക്കളെയും പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടറെ സ്ഥലംമാറ്റിയതിനെതിരെ സമരം

കരുനാഗപ്പള്ളി: വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ദൂരസ്ഥലത്തേക്ക് ഡോക്ടർ സി.എൻ നഹാസിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും രോഗികളും, എച്ച്ആർപിഎം പ്രവർത്തകരും പുതിയകാവ് നെഞ്ചു രോഗ ആശുപത്രിയുടെ മുൻപിൽ ജനകീയ സമരംസംഘടിപ്പിച്ചു.

കരുനാഗപ്പള്ളി പുതിയകാവിലെ നെഞ്ച് രോഗ ആശുപത്രിയിലെ ഡോക്ടർ സി എൻ നഹാസിനെ (യൂസുഫ് കുഞ്ഞ് കാട്ടുപുറം) എന്ന വ്യാജ മേൽവിലാസം നൽകി ദൂരസ്ഥലത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് എച്ച് ആർ പി എം പ്രവർത്തകരും രോഗികളും നാട്ടുകാരും ചേർന്ന് ജനകീയ സമരം സംഘടിപ്പിച്ചു. ദിവസേന 400ൽ പരം ഒപിയും എഴുപതോളം കിടപ്പ് രോഗികളുമുള്ള പതിനഞ്ചോളം റ്റി.ബി രോഗികളുമുള്ള നെഞ്ച് രോഗ ആശുപത്രിക്ക് 24 മണിക്കൂറും നെഞ്ചുരോഗ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. ഇത് മനസ്സിലാക്കാതെ മാനുഷിക പരിഗണന പാവങ്ങ ളായ രോഗികൾക്ക് നൽകാതെയാണ് ഡോക്ടർക്ക് എതിരെ വ്യാജ പരാതി നൽകിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും നുറുകണക്കിന് വരുന്ന രോഗികൾ ചികിത്സ കിട്ടാതെ വിഷമത്തോടെ തിരികെ പോവുകയും അവർക്ക് ചികിത്സ കിട്ടാതെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ പരാതിക്കാരെ അധികാരികൾ കണ്ടെത്തുന്നത് വരെ ജനകീയ സമരവും സത്യാഗ്രഹവും സംഘടിപ്പിക്കുമെന്ന് സമരത്തിൽ ഐക്യകണ്ഠേന തീരുമാനിച്ചു.

ഈ ജനകീയ സമരം എച് ആർ പി എം സംസ്ഥാന വനിതാ പ്രസിഡൻ്റ് അനിത സന്തോഷ് ഉദ്ഘാടനം ചെയ്‌തു. യോഗത്തിന് അധ്യക്ഷനായി എച്ച് ആർ പി എം എക്സിക്യൂട്ടീവ് മെമ്പർ ഭൻസരിദാസ് അധ്യക്ഷത വഹിച്ചു. യോഗത്തിൻ്റെ ആശംസ അറിയിച്ചുകൊണ്ട് സുഭാഷ് ബാലൻ, ചിറ്റുമൂല നാസർ, സഫീർ കരീശ്ശേരിൽ, എച്ച് അബ്ദുൽസലാം, ഷറഫുദ്ദീൻ ,ഹാഷിം നന്മ എന്നിവർ സംസാരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ കണ്ടെത്തി. 83 ബില്യൺ ഡോളർ വിലമതിക്കുന്ന
ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള അയിരിൻ്റെ സ്വർണ്ണ നിക്ഷേപമാണ് സെൻട്രൽ ചൈനയിൽ കണ്ടെത്തിയത്.
ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്ത ഈ കണ്ടെത്തലിന് ഏകദേശം 83 ബില്യൺ യുഎസ് ഡോളർ വിലയുണ്ട്. ഇത് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഏറ്റവും വലിയ സ്വർണ്ണ ശേഖരമായി മാറും. ഇത് 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടക്കുന്നു.

ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ, പിംഗ്ജിയാങ് കൗണ്ടിയിലാണ് നിക്ഷേപം സ്ഥിതി ചെയ്യുന്നത്. അവിടെ ജിയോളജിസ്റ്റുകൾ 2 കിലോമീറ്റർ വരെ ആഴത്തിൽ 40 സ്വർണ്ണ സിരകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലും യു.ആര്‍. പ്രദീപും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. ആദ്യമായാണാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം തവണയാണ് യുആര്‍ പ്രദീപ് എംഎല്‍എയാകുന്നത്.
നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങിലാണ് ഇരുവരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുക്കു. യുആര്‍ പ്രദീപിന്റെ ഭാര്യയും മക്കളും രാഹുലിന്റെ അമ്മയും സഹോദരിയുമെല്ലാം ചടങ്ങ് കാണാനെത്തി.

12 കോടിയുടെ പൂജാ ബമ്പര്‍ കൊല്ലത്ത് വിറ്റ ടിക്കറ്റിന്

ഇത്തവണത്തെ പൂജാ ബമ്പര്‍ സമ്മാനം അടിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 39,56,454 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 12 കോടിയാണ് ഒന്നാം സമ്മാനം. JC 325526 എന്ന ടിക്കറ്റ് നമ്പറിലാണ് ഇത്തവണത്തെ ഭാഗ്യമെത്തിയിരിക്കുന്നത്.
രണ്ടാം സമ്മാനം 1 കോടി രൂപ വീതം 5 പേര്‍ക്ക് ലഭിക്കും. 10 ലക്ഷം (ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം) രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 3 ലക്ഷം രൂപയും (5 പരമ്പരകള്‍ക്ക്) അഞ്ചാം സമ്മാനമായി 2 ലക്ഷം (5 പരമ്പരകള്‍ക്ക്) രൂപയും ഭാഗ്യശാലികള്‍ക്ക് ലഭിക്കും.

കളര്‍കോട് അപകടത്തിനിടയാക്കിയ കാര്‍ വാടകവണ്ടിതന്നെ

ആലപ്പുഴ. കളര്‍കോട് അപകടത്തിനിടയാക്കിയ കാർ ഉടമ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിനു മുൻപിൽ ഹാജരായി. നോട്ടീസ് നൽകിയാണ് ഇയാളെ RTO വിളിച്ചു വരുത്തിയത്. ഇയാൾ വാഹനം വിൽക്കുകയും വാടകയ്ക്കും നൽകുകയും ചെയ്യുന്ന ആളാണെന്ന് പൊലീസ് റിപ്പോർട്ട്. ഷാമിൽ ഖാന്റെ മൊഴി രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകും

പാലക്കാടിൻ്റെയും ചേലക്കരയുടെയും പുതിയ എം.എൽ. എമാർ സത്യപ്രതിജ്‌ഞ ചെയ്തു

തിരുവനന്തപുരം. പാലക്കാടിൻ്റെയും ചേലക്കരയുടെയും പുതിയ എം.എൽ. എമാർ സത്യപ്രതിജ്‌ഞ ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിലും യു. ആർ പ്രദീപ് സഗൗരവപ്രതിജ്ഞയുമാണ് ചെയ്തത്. സ്പീക്കർ എ.എൻ. ഷംസീറിൻ്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ . മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായി