26.6 C
Kollam
Thursday 25th December, 2025 | 07:59:26 PM
Home Blog Page 1808

നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ ഇല്ലെന്ന് സര്‍ക്കാര്‍

തൂങ്ങി മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലെന്ന് സര്‍ക്കാര്‍. നവീന്‍ ബാബുവിന്റെ മൃതശരീരത്തില്‍ നിന്ന് മറ്റ് മുറിവുകള്‍ കണ്ടെത്താനായില്ല. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പൊലീസ് സംഭവസ്ഥലത്ത് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ വാദം തെറ്റ്. കളക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടില്ലെന്ന വാദം ശരിയല്ല. കുടുംബത്തിന്റെ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാതതെന്നും എസ്‌ഐടി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍. ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതെന്ന വാദവും സര്‍ക്കാര്‍ തള്ളി. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയത്

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യം ആവശ്യമില്ല. മരണവിവരം അറിഞ്ഞ് നാല് മണിക്കൂറിനകം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ബന്ധുക്കള്‍ പത്തനംതിട്ടയില്‍ നിന്ന് കണ്ണൂരിലെത്തിയത് മരണവിവരമറിയിച്ച് 15 മണിക്കൂറിന് ശേഷം. നവീന്‍ ബാബുവിന്റെ താമസ സ്ഥലത്തുനിന്ന് വിരലടയാളങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു

മൊഴി രേഖപ്പെടുത്താന്‍ വൈകിയെന്ന മഞ്ജുഷയുടെ വാദവും സര്‍ക്കാര്‍ തള്ളി. സംഭവത്തിന് മൂന്ന് ദിവസത്തിനകം മക്കളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി

അതിവേഗത്തിലും കാര്യക്ഷമവുമായ അന്വേഷണമാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഞ്ജുഷ നല്‍കിയ ഹര്‍ജിയിലെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും സര്‍ക്കാര്‍

വൈദ്യുതി വില വര്‍ദ്ധന, കാരണം കാര്യശേഷിയില്ലായ്മ

തിരുവനന്തപുരം . എട്ടു വർഷത്തിനിടയിൽ അഞ്ചു തവണ വൈദ്യുതി നിരക്ക് വർധന, ഇത് ഉന്നത തലത്തിലെ കാര്യശേഷിയില്ലായ്മയാണെന്ന് ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. വൈദ്യുതി വാങ്ങാനുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതുമാണ് കെഎസ്ഇബിയുടെ അധികബാധ്യതയ്ക്ക് കാരണം എന്നാണ് വിദഗ്ധമതം.
സംസ്ഥാനത്തെ വൈദ്യുതിവിതരണ ശൃംഖലയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിൽ ദീർഘകാല കരാർ എന്തിനു
റദ്ദാക്കിയെന്ന ചോദ്യം വരും ദിവസങ്ങളിൽ ഉയരും.

2023 മേയ് 10 വരെ വൈദ്യുതി വകുപ്പിൽ എല്ലാം കൃത്യമായിരുന്നു.സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉൽപ്പാദനം. ബാക്കിയുള്ള 70 ശതമാനം പുറത്തു നിന്നും
വാങ്ങുന്നതായിരുന്നു രീതി.ഇതിനായി 2015 മുതൽ 2040 വരെ മൂന്ന് കമ്പനികളുമായി
ദീർഘകാല കരാർ ഉണ്ടായിരുന്നു.യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നത് 2023 ൽ റദ്ദാക്കി. അക്കാലത്തു കൃത്യമായി പറഞ്ഞാൽ 2020-2021ൽ KSEB ക്ക് 900 കോടി രൂപയുടെ
പ്രവർത്തന ലാഭവുമുണ്ടായിരുന്നു. പിന്നാലെ യൂണിറ്റിന് 8 രൂപ മുതൽ 12 രൂപ വരെ ഈടാക്കിയുള്ള ഹൃസ്വ കാല കരാർ
നടപ്പിലാക്കി.ഇതോടെ സകലതും കീഴ്മേൽ മറിഞ്ഞു.കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ്
കോൺഫെഡറേഷൻ ഇതന്നേ കണക്കുകൾ നിരത്തി പറഞ്ഞതാണ്.ഒടുവിൽ വിവാദമായപ്പോൾ മുഖ്യമന്ത്രി തന്നെ
ദീർഘകാല കരാർ തിരിച്ചു കൊണ്ടു വരണമെന്ന് റെഗുലേറ്ററി കമ്മീഷനോട്
ആവശ്യപ്പെടുമെന്ന് നിയമസഭയെ അറിയിച്ചു.


എന്നാൽ കമ്പനികൾ കോടതി കയറി ചെറിയ നിരക്കിൽ വൈദ്യുതി നൽകാനുള്ള ദീർഘകാല കരാറിൽ നിന്നും രക്ഷപെട്ടു.
ചോദ്യങ്ങൾ രണ്ടുണ്ട്. ഒന്ന്… കോടികൾ ലാഭമുണ്ടാക്കാൻ സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണോ ദീർഘകാല കരാർ ഉപേക്ഷിച്ചത്?
രണ്ട്…. ഹ്രസ്വകാല കരാർ കൊണ്ടു ലാഭമുണ്ടാക്കിയത് ആര്?

ഇതിനുള്ള ഉത്തരം എന്താണെങ്കിലും അധികഭാരം ചുമക്കേണ്ടി വരുന്നത് വൈദ്യുതി ഉപഭോക്താക്കളാണ്.മൾട്ടി ഇയർ താരിഫ്.
ഈ വർഷം യൂണിറ്റിന് 16 പൈസ.
അടുത്ത വർഷം 12 പൈസ.മൂന്ന് വർഷത്തിനിടയിൽ 28 പൈസയുടെ വർദ്ധനവ്.സാധാരണക്കാരന്റെ നടുവൊടിയും എന്നുറപ്പായി.

അതേസമയം വൈദ്യുത നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒങ്ങുകയാണ് പ്രതിപക്ഷം. മണ്ഡലം കമ്മിറ്റികളെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്താൻ നിർദ്ദേശം നൽകി. രാത്രി 7 മണിക്കാണ് ഇന്നത്തെ പ്രതിഷേധം. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. നിരക്ക് വർധന നിലവിൽ വന്നതിന് പിന്നാലെ ഇന്നലെത്തന്നെ വിവിധ ഇടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിരക്ക് വർധനവിൽ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്നലെ തന്നെ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരുന്നു.

സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡെല്‍ഹി.സിപിഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ ചേരുന്ന പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയ രേഖയുടെ കരട് തയ്യാറാക്കുകയാണ് പോളിറ്റ് ബ്യുറോ യോഗത്തിന്റ അജണ്ട.നേരത്തെ തയ്യാറാക്കിയ അടവ് നയ അവലോകന രേഖയിൽ, ബിജെപി യെ ചെറുക്കുന്നതിൽ ഇന്ത്യ സഖ്യം വിജയിച്ചെങ്കിലും, സംഘടന പരമായി പാർട്ടിക്കോ ഇടത് പക്ഷത്തിനോ നേട്ടം ഉണ്ടാക്കാൻ ആയില്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ നയപരമായ മാറ്റത്തെ കുറിച്ച് പാർട്ടി ഇപ്പോൾ ചിന്തിക്കുന്നില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. സംഘടനപരമായ ശക്തി വർദ്ധിപ്പിക്കാൻ ആവശ്യമായ നയ സമീപനങ്ങൾ ആകും രേഖയിൽ ഉണ്ടാകുക എന്നുമാണ് സൂചന. ഇക്കഴിഞ്ഞ മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പുകളുടെ അവലോകനവും യോഗത്തിൽ ഉണ്ടാകും. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളും യോഗം വിലയിരുത്തും.

പിരീഡ്സ് ക്യത്യമായി വരാറില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം

ക്രമം തെറ്റിയ ആർത്തവം ഇന്ന് മിക്ക സ്ത്രീകളിലും കാണുന്ന പ്രശ്നമാണ്. ക്രമരഹിതമായ ആർത്തവം സാധാരണയായി ഹോർമോൺ അസന്തുലിതാവസ്ഥയുമായോ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം പോലുള്ള ആരോഗ്യ അവസ്ഥകളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ അല്ലെങ്കിൽ സമ്മർദ്ദം എന്നിവയും ആർത്തവം വെെകുന്നതിന് ഇടയാക്കുന്നു.

സാധാരണയായി, ഒരു സൈക്കിൾ 21-നും 35-നും ഇടയിലായിരിക്കും. ഗർഭിണിയാകാതെ ആർത്തവം വരാതിരിക്കുന്നതോ ഇട്ടവിട്ട് വരുന്നതോ എല്ലാം ക്രമഹരിതമായ ആർത്തവത്തിന്റെ ലക്ഷണമാണെന്ന് ഗൈനക്കോളജിസ്റ്റും വന്ധ്യതാ വിദഗ്ധനുമായ ഡോ.ഗുർപ്രീത് ബത്ര പറയുന്നു. ഏകദേശം 14 മുതൽ 25 ശതമാനം സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം അനുഭവപ്പെടുന്നതായി 2023-ൽ Cureus-ൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.

ക്രമരഹിതമായ ആർത്തവത്തിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്?

  1. ഹോർമോൺ അസന്തുലിതാവസ്ഥ: ആർത്തവചക്രം നിയന്ത്രിക്കുന്ന ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ ക്രമക്കേടിലേക്ക് നയിച്ചേക്കാം.
  2. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്): അണ്ഡാശയങ്ങൾ അസാധാരണമായ അളവിൽ ആൻഡ്രോജൻ ഉത്പാദിപ്പിക്കുന്ന ഒരു സാധാരണ അവസ്ഥ. ഇത് ആർത്തവ ക്രമത്തെ ബാധിക്കുന്നു.
  3. തൈറോയ്ഡ് തകരാറുകൾ: തൈറോയിഡ് പ്രവർത്തനരഹിതമായ ഹൈപ്പോതൈറോയിഡിസം, അല്ലെങ്കിൽ ഹൈപ്പർതൈറോയിഡിസം, ഓവർ ആക്ടീവ് തൈറോയ്ഡ്, ആർത്തവത്തെ തടസ്സപ്പെടുത്തുന്നതായി വിദ​ഗ്ധർ പറയുന്നു.
  4. സമ്മർദ്ദം: ശാരീരികമോ വൈകാരികമോ ആയ സമ്മർദ്ദം ഹോർമോണുകളെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗമായ ഹൈപ്പോതലാമസിനെ തടസ്സപ്പെടുത്തും.
  5. ഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ: അമിതഭാരം കുറയൽ, പൊണ്ണത്തടി, ഭക്ഷണ ക്രമക്കേടുകൾ എന്നിവ ആർത്തവചക്രത്തെ ബാധിക്കും.
  6. അമിതമായ വ്യായാമം: അമിതമായ വ്യായാമം ക്രമരഹിതമായ ആർത്തവത്തിന് കാരണമാകുന്ന ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകും.
  7. ആർത്തവവിരാമം: ഒരു സ്ത്രീ ആർത്തവവിരാമത്തോട് അടുക്കുമ്പോൾ (സാധാരണയായി 45-55 വയസ്സിനിടയിൽ), ആർത്തവം ക്രമരഹിതം ആകാറുണ്ട്.

വീടിന് മുന്നിൽ വെച്ച് വാക്കേറ്റം; അളിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

കല്‍പ്പറ്റ: ഭാര്യയുടെ സഹോദരനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയെ കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കണിയാമ്പറ്റ കരണി വള്ളിപ്പറ്റ നഗര്‍ കണ്ണന്‍(45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29ന് രാത്രിയോടെയായിരുന്നു സംഭവം.

ഇരുളം അമ്പലപ്പടി കുട്ടന്‍ എന്ന സുരേഷാണ് കൊല്ലപ്പെട്ടത്. ഇരുളം പണിയ നഗറിലുള്ള വീടിന്റെ മുന്‍വശത്ത് വെച്ച് ഇരുവരും തമ്മില്‍ വഴക്കിടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ വന്ന് കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോൺക്രീറ്റ് ജോലി കഴിഞ്ഞ് മിക്സിങ് മെഷീൻ കഴുകുന്നതിനിടെ അപകടം; എറണാകുളത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം

എറണാകുളം: കോൺക്രീറ്റ് മിക്സിങ് മെഷീനില്‍ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി സ്വദേശി പ്രദീപാണ് (45) മരിച്ചത്. എറണാകുളം കടുങ്ങല്ലൂർ മുപ്പത്തടത്താണ് കോണ്‍ക്രീറ്റ് മിക്സിങ് യൂണിറ്റ് വൃത്തിയാക്കുന്നതിനിടെ പ്രദീപ് മെഷീനില്‍ കുടുങ്ങിയത്. അപകടം നടന്ന സ്ഥലത്ത് തന്നെ ഇദ്ദേഹത്തിന് മരണം സംഭവിച്ചു.

കോൺക്രീറ്റ് ജോലികൾ പൂര്‍ത്തിയായ ശേഷം വൃത്തിയാക്കാനായി മെഷീൻ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് കഴുകാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം, വേഗം നാട്ടിലേക്ക് മടങ്ങണം’; പൗരൻമാർക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് കേന്ദ്രസർക്കാർ. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ
മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ
മന്ത്രാലയം നിർദേശം നൽകി. എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നന്പറും പുറത്തുവിട്ടു.

യാത്രക്കാർക്ക് കടുത്ത അപകടസാധ്യതകൾ സിറിയയിൽ നിലനിൽക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം. സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതി​ഗതികൾ വിലയിരുത്തുകയാണെന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെ, ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്. 2020-ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഭരണവിരുദ്ധ വിമതർ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് മുന്നേറുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്‌ച വടക്ക് ഹമാ നഗരം പിടിച്ചെടുത്ത ശേഷം, വിമതർ പ്രധാന ക്രോസ്റോഡ് നഗരമായ ഹോംസിനെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഹമയിലെ രണ്ട് വടക്കുകിഴക്കൻ ജില്ലകൾ വിമതരുടെ നിയന്ത്രണത്തിലാണ്. സെൻട്രൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചതായും വിമതർ അവകാശപ്പെട്ടിട്ടുണ്ട്.

ബോർഡിംഗ് സ്കൂളിലെ പരിചയം, വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; 20കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 2.5 കോടി, കാർ

ബെംഗളൂരു: കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. അടുപ്പത്തിലായിരുന്ന കാലത്ത് എടുത്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും തട്ടിയത്. മാസങ്ങളോളം ബ്ലാക്ക്‌മെയിൽ തുടർന്നതോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെണ്‍കുട്ടിയും മോഹൻ കുമാറും ഒരേ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സ്കൂൾ കാലത്തിന് ശേഷം ബന്ധമുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻ കുമാർ യുവതിക്ക് വാക്ക് നൽകി. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തി. അപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് മോഹൻ കുമാർ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ചത്. താൻ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ ആരുമറിയാതെ പിൻവലിച്ച് പെണ്‍കുട്ടി കുമാറിന് നൽകി. ബ്ലാക്ക്‌മെയിൽ തുടരുന്നതിനിടെ പലപ്പോഴായി 1.32 കോടി കൂടി നൽകി. അതോടൊപ്പം വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. മറ്റു വഴിയില്ലാതെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും 2.57 കോടി രൂപ യുവാവ് പെണ്‍കുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. ഇതിൽ 80 ലക്ഷം രൂപ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

ഒരാഴ്ച മുൻപ് നിക്കാഹ്, ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ അപകടം

പെരിന്തൽമണ്ണ (മലപ്പുറം): നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകടമരണം. പാണമ്പി ഇഎംഎസ് നഴ്സിങ് കോളജിനു സമീപം പുളിക്കൽ നജ്‌മുദ്ദീന്റെ മകൾ നേഹ (22) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒരാഴ്ച മുൻപായിരുന്നു നേഹയുടെ വിവാഹം. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ക്രെയിൻ ഇടിച്ചായിരുന്നു മരണം.

അൽശിഫ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് അവസാന വർഷ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്–പാലക്കാട് ദേശീയ പാതയിൽ ജൂബിലി ജംക്‌ഷനു സമീപമാണ് അപകടം.

ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂർ അറവങ്കര സ്വദേശി അസ്‌ഹർ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്‌ഹറിനൊപ്പം യാത്ര ചെയ്യുമ്പോൾ പിന്നിൽനിന്നെത്തിയ ക്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദിൽ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങൾ: നിയ, സിയ.

ഒരാൾ പൊക്കത്തിൽ മതിലും ആഡംബര വസതിയും; ജിന്നുമ്മയുടെ പ്രവർത്തനം എങ്ങനെയെന്ന് നാട്ടുകാർക്ക് പോലും അജ്ഞാതം

കാസര്‍കോട്: പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ജിന്നുമ്മ എന്ന ഷമീനയുടെ ജീവിതം കാസർകോട് കൂളിക്കുന്നിൽ ആഡംബരത്തോടെയായിരുന്നു. സാധാരണക്കാർ താമസിക്കുന്ന പ്രദേശത്തെ ഇവരുടെ പ്രവൃത്തികൾ നാട്ടുകാർക്ക് പോലും അജ്ഞാതവും. തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് കൂളിക്കുന്നിന്. സാധാരണക്കാർ താമസിക്കുന്ന പ്രദേശം. ഷമീന ജനിച്ച് വളർന്നത് ഇവിടെയായിരുന്നു.

പാവപ്പെട്ട കുടുംബ പശ്ചാത്തലമായിരുന്നെങ്കിലും സാമ്പത്തിക ഉയർച്ച നേടിയത് വളരെ വേഗത്തിലാണ്. യുവതി ജിന്നുമ്മ ആയി മന്ത്രവാദവും ആഭിചാരവും ചെയ്യാൻ തുടങ്ങിയതോടെയാണ് പണം എത്താൻ തുടങ്ങിയത്. നാട്ടിൽ തന്നെ ആഡംബര വീടുണ്ടാക്കി. രണ്ട് കാറുകൾ വാങ്ങി. വീടിന് ഉയരമേറിയ മതിലുകളുണ്ട്. സദാസമയവും സിസിടിവി നിരീക്ഷണ സംവിധാനവും. ഈ മതിൽക്കെട്ടിനകത്ത് എന്ത് നടക്കുന്നുവെന്ന് നാട്ടുകാർക്ക് പോലും അറിയില്ല.

പലർക്കും ജിന്നുമ്മയെ കുറിച്ച് ചോദിക്കുമ്പോൾ പറയാൻ പേടിയാണ്. ചിലർക്ക് ആകെ അങ്കലാപ്പ്. സമ്പന്നരെ മാത്രം ലക്ഷ്യമിട്ടായിരുന്നു ജിന്നുമ്മയുടെ പ്രവർത്തനം. ബാധയുണ്ടെന്നും ഒഴിപ്പിക്കണമെന്നും പറഞ്ഞ് ഭയപ്പെടുത്തൽ. ചിലപ്പോൾ മന്ത്രവാദത്തിലൂടെ സ്വർണ്ണം ഇരട്ടിപ്പിക്കാമെന്ന മോഹന വാഗ്ദാനം. ഏതായാലും തട്ടിപ്പിലൂടെ ഷമീനയുടെ കൈയിൽ വരുന്നത് ലക്ഷങ്ങളായിരുന്നു. സഹായികളായി സ്ത്രീകൾ അടങ്ങുന്ന സംഘമുണ്ട്. സമ്പന്നരെ ക്യാൻവാസ് ചെയ്യാൻ മാത്രമായി മറ്റൊരു സംഘവും പ്രവർത്തിച്ചു.

ഉപ്പും കടുകും കർപ്പൂരവും ഏലസും തകിടുമെല്ലാമായി മന്ത്രവാദം. 13 വയസുകാരി പാത്തുട്ടി ദേഹത്ത് കൂടിയതായി ഭാവിച്ച് ഉറഞ്ഞ് തുള്ളും. ഓരോ അഭിനയത്തിന് ശേഷവും കയ്യിലെത്തുന്ന തുക ഉപയോഗിക്കുന്നത് ആഡംബര ജീവിതത്തിനായിരുന്നു. കേരളത്തിൽ മാത്രമല്ല കർണാടകത്തിലും സജീവമാണ് ജിന്നുമ്മ. ഇവരുടെ തട്ടിപ്പിന്റെ കൂടുതൽ വേർഷനുകൾ പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ.