Home Blog Page 1805

ഗുരുവായൂരമ്പലനടയില്‍ നടൻ കാളിദാസ് ജയറാം വിവാഹിതനായി

താരദമ്പതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ പ്രശസ്തര്‍ കല്യാണത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിം​ഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
ഇരുവരുടെയും പ്രീ വെഡിങ് വിരുന്ന് ചെന്നൈയിൽ ഇന്നലെ നടന്നിരുന്നു. കേരളത്തിന് അകത്തും പുറത്തുമുള്ള മാധ്യമപ്രവർത്തകരെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ലണ്ടനിൽ നിന്ന് ജയറാമിന്റെ മകൾ മാളവികയും ഭർത്താവ് നവീനും പ്രീ വെഡിങ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്.

16-ാം ധനകാര്യ കമ്മീഷൻ ഇന്ന് കേരളത്തിൽ, കേന്ദ്ര വിഹിതം 41 % നിന്ന് 50 % ആക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും

കൊച്ചി : പതിനാറാം ധനകാര്യ കമ്മീഷൻ ഇന്ന് സംസ്ഥാനത്ത് എത്തും. കമ്മീഷൻ കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇനി അഞ്ച് വർഷത്തേയ്ക്ക് സംസ്ഥാനങ്ങൾക്കുള്ള ധന വിഹിതം നിശ്ചയിക്കുക. അതിനാൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. വായ്പാ പരിധിയടക്കം കേന്ദ്രം വെട്ടിക്കുറച്ച സാഹചര്യത്തിൽ കേരളത്തിന് ധനകാര്യ കമ്മീഷൻ സന്ദർശനം നിർണായകമാണ്.

കേന്ദ്ര വിഹിതം 41 ശതമാനത്തിൽ നിന്ന് 50 ആക്കണമെന്ന് ധനകാര്യ കമ്മീഷന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെടും. 2011 ലെ ജനസംഖ്യ കണക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതം കണക്കാക്കുന്ന രീതി നിർത്തണം. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ അതിന്റെ പേരിൽ അവഗണിക്കരുത്. കേരളത്തിന് അതിന്റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര ഗ്രാന്റ് ഉയർത്തണമെന്നും കേരളം ആവശ്യപ്പെടും.

നവവധുവിന്‍റെ മരണത്തിൽ വഴിത്തിരിവ്; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മര്‍ദിച്ചെന്ന് സൂചന

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാസിനെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിനെന്നാണ് പൊലീസ് പറയുന്നത്.

ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്. ഇതും സംശയം കൂട്ടി. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്‍റെ പാടുകളുണ്ടായിരുന്നു. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആരോപിച്ച് അച്ഛന്‍ ശശിധരന് കാണിയാണ് പൊലീസില്‍ പരാതി നല്‍കിയത്. മൂന്നുമാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വിവാഹം ചെയ്തത്. അടുത്തകാലത്താണ് ഇന്ദുജയ്ക്ക് മര്‍ദനമേറ്റതെന്ന് പോസ്റ്റ്‍മോര്‍ട്ടത്തിൽ വ്യക്തമായ്ടിട്ടുണ്ട്.

പാലോട് – ഇടിഞ്ഞാർ – കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ ഇന്ദുജയുടെ ഭർത്താവ് അഭിജിതിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

കാനം, നിലപാടുകളിലെ കാര്‍ക്കശ്യം; കനലെരിയുന്ന ഓര്‍മ്മകൾക്ക് ഒരാണ്ട്

കേരള രാഷ്ട്രീയത്തിൽ കാനം രാജേന്ദ്രന്‍ അവശേഷിപ്പിച്ച കനലെരിയുന്ന ഓര്‍മ്മകൾക്കിന്ന് ഒരാണ്ട്. പ്രതിപക്ഷത്തേക്കാൾ പ്രഹര ശേഷിയോടെ, ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായി സിപിഐയെ നിലനിര്‍ത്തിയ കാനം, പാര്‍ട്ടിക്കും മുന്നണിക്കും മാത്രമല്ല കേരള രാഷ്ട്രീയത്തിലാകെ തീര്‍ത്തത് തീരാ വിടവാണ്.

കാനം കോട്ടയത്തെ ഒരു കുഞ്ഞു ഗ്രാമമാണ്. കാനം രാജേന്ദ്രൻ പക്ഷെ അങ്ങനെയായിരുന്നില്ല. കോട്ടയത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ തളിരിട്ട് കേരളമാകെ പടര്‍ന്ന് പന്തലിച്ച ഇടതു ശൈലിയായിരുന്നു. നിലപാട് കൊണ്ട് അതിനപ്പുറത്ത് സരസമായ ശൈലികൊണ്ടും കാര്‍ക്കശ്യമുള്ള മൗനം കൊണ്ടും പാര്‍ട്ടിയെയും മുന്നണിയേയും മാത്രമല്ല കേരള രാഷ്ട്രീയത്തെയും കാനം കയ്യിലെടുത്തു. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് തീരെ ചെറുപ്രായത്തിൽ തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം പാർട്ടി നേതൃത്വത്തിലേക്കും പാര്‍ലമെന്ററി മേഖലയിലേക്കും എല്ലാം ചുവടുമാറിയത്. തുടര്‍ച്ചയായ മൂന്നാം ഊഴവും പാര്‍ട്ടിയുടെ അമരത്ത് തുടരുന്നതിനിടെയാണ് അനാരാഗ്യത്തിന്‍റെ പിടിയിലമര്‍ന്നതും അപ്രതീക്ഷിതമായി അരങ്ങൊഴിഞ്ഞതും.

കാനത്തിന് പാര്‍ട്ടിയിൽ എതിര്‍ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല. മത്സരബുദ്ധിയുള്ളവരെ ചെറുത്തു, സ്ഥാനമോഹികളെ പ്രതിരോധിച്ചു, പ്രായപരിധിയും ഒറ്റത്തവണ മന്ത്രിയെന്ന തീരുമാനവുമെല്ലാം ആര്‍ജ്ജവത്തോടെ നടപ്പാക്കി. നിലപാടുകളിൽ കാര്‍ക്കശ്യം തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം പോലും കാനത്തിന് മേലെ പറക്കാൻ മടിച്ചു.

സിപിഎമ്മിനും പാര്‍ട്ടിക്കും മുന്നണിക്കും മുന്നിൽ അനിഷേധ്യനായ പിണറായി വിജയന‍റെ ഇഎംഎസിന്‍റെ ആത്മകഥ വായിക്കണമെന്ന് ഓര്‍മ്മിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു കാനം രാജേന്ദ്രന്. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് പ്രതിപക്ഷത്തേക്കാൾ പ്രഹശേഷിയുണ്ടായിരുന്ന ഇടതുമുന്നണിയുടെ തിരുത്തൽ ശക്തി. നിലപാടുകളിൽ പലതിലും വെള്ളം ചേര്‍ത്തും നയങ്ങളിൽ വ്യതിചലിച്ചും ഇടത് ബോധം പ്രതിക്കൂട്ടിൽ നിൽക്കുന്ന ഇക്കാലത്ത് കാനം ഉണ്ടായിരുന്ന കാലത്തെ കുറിച്ച് ഓര്‍ക്കുന്ന ഒട്ടനവധി പേരുടെ മനസിലാണ് കാനം രാജേന്ദ്രൻ ഇന്നും ജീവിക്കുന്നത്. കൊച്ചുകളപ്പുരയിടത്തിലെ വീട്ടുവളപ്പിൽ വൻമത്തിന്‍റെ നിഴലിൽ തീര്‍ത്ത സ്മൃതികൂടീരത്തിൽ കനലെരിയുന്ന ഓര്‍മ്മയ്ക്ക് മുന്നിൽ ഒരുപിടി ചുവന്ന പൂക്കൾ

ശബരിമല: ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു

പത്തനംതിട്ട: ശബരിമല ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാൽനടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി.
ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേർ. ഇതിൽ 17,425 പേർ സ്പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്.
ഇന്നലെയും തീർഥാടക പ്രവാഹമായിരുന്നു.

കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

ജില്ലയില്‍ കുടുംബശ്രീ മിഷനില്‍ വിവിധ പദ്ധതികളില്‍ ബ്ലോക്ക് തല നിര്‍വ്വഹണം നടത്തുന്നതിന് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുണ്ട്.
യോഗ്യത- ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം (എം.എസ് വേഡ്, എക്സല്‍). വനിതകള്‍ മാത്രം- കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. 2024 ജൂണ്‍ 30ന് 35 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 15000 രൂപ. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, അടുത്ത ബ്ലോക്കില്‍/ ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കും പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷയും വിശദവിവരങ്ങളും കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലും www.kudumbashree.org ലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍: 0474 2794692, 8075317432.

പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി 21ന്; സംഘാടക സമിതി ചേര്‍ന്നു

ജില്ലയിലെ ജലോത്സവമായ പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി ഡിസംബര്‍ 21ന് കൊല്ലത്ത് അഷ്ടമുടിക്കായലില്‍ നടക്കും. ഇതിന്റെ സംഘാടക സമിതി യോഗം ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു. വിപുലമായ ആഘോഷ പരിപാടികളോടെ ജലമേള സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., എം.എല്‍.എ.മാരായ എം.മുകേഷ്, എം.നൗഷാദ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, എ.ഡി.എം. ജി.നിര്‍മ്മല്‍ കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സബ്കളക്ടര്‍ നിശാന്ത് സിന്‍ഹാര, സംഘാടക സമിതി അംഗങ്ങള്‍, വിവിധ ഉപസമിതികളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് എന്നിവരാണ് മുഖ്യ രക്ഷാധികാരികള്‍. മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ് കുമാര്‍, എം.പി.മാര്‍, എം.എല്‍.എമാര്‍, മേയര്‍, ജില്ലയില്‍ നിന്നുള്ള പൗരപ്രമുഖര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
പ്രസിഡന്റ്‌സ് ട്രോഫി സംഘാടക സമിതി: ചെയര്‍മാന്‍- എന്‍. കെ. പ്രേമചന്ദ്രന്‍   എം.പി., വൈസ് ചെയര്‍മാന്‍മാര്‍-  എക്സ്. ഏണസ്റ്റ്,   ഡോ. ഉണ്ണി കൃഷ്ണന്‍, ഡോ. സുജിത്ത്, എസ്. വിനോദ് കുമാര്‍, ഹണി ബഞ്ചമിന്‍, ആദിക്കാട് മധു, അയത്തില്‍ അപ്പുക്കുട്ടന്‍. ജനറല്‍ കണ്‍വീനര്‍- ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ്,  കണ്‍വീനര്‍- എ.ഡി.എം ജി. നിര്‍മ്മല്‍ കുമാര്‍, ട്രഷറര്‍ ഫിനാന്‍സ് ഓഫീസര്‍ നിരജ്ഞന.  

മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു

മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് വീടിനു മുൻപിൽ കാറിടിച്ചു മരിച്ചു. കണ്ണൂർ പാവന്നൂർമൊട്ട സ്വദേശി പി.പി വത്സനാണ് മരിച്ചത്. വീട്ടുമുറ്റത്തെ പണി കഴിഞ്ഞശേഷം ബാക്കി വന്ന പാറപ്പൊടി നീക്കുന്നതിനായി തൊട്ടടുത്ത വീട്ടിൽ നിന്ന് ഉന്തുവണ്ടി വാങ്ങാൻ പോകുമ്പോഴാണ് കാറിടിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ മാസം 28നാണ് മകൾ ശിഖയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ഒരു പട്ടം വരുത്തിവച്ച വിന… തിരുവനന്തപുരം വിമാനത്താവളത്തിൽ നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം: ആരോ പറത്തി വിട്ട പട്ടം ആറ് വിമാനങ്ങളുടെ വഴി മുടക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ ആണ് സംഭവം. പരിസര വാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് 4 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. രണ്ട് വിമാനങ്ങൾ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തിൽ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി.
ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റൺവേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാ​ഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയർപോർട്ട് ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ നിന്നു വിവരമറിയിച്ചതിനെ തുടർന്നു അടിയന്തര സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോടു വിമാനത്താവള പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള ​ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക്ക് കൺട്രോളിൽ നിന്നു നൽകി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങൾ തത്കാലം പാർക്കിങ് ബേയിൽ നിർത്തിയിടാനും നിർദ്ദേശിച്ചു.
4.20 നു മസ്കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബം​ഗളൂരുവിൽ നിന്നെത്തിയ ഇൻഡി​ഗോ വിമാനങ്ങൾക്കാണ് ചുറ്റിക്കറങ്ങാൻ നിർ​ദ്ദേശം ലഭിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്, ബം​ഗളൂരുവിലേക്ക് പോകേണ്ട ഇൻഡി​ഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്തിയില്ല.

രണ്ട് മണിക്കൂറോളം പറന്നു നടന്ന പട്ടം താനേ നിലം പതിച്ച ശേഷമാണ് വിമാനങ്ങളുടെ തടസം നീങ്ങിയത്. വട്ടമിട്ടു പറന്ന വിമാനങ്ങൾ ഇതിനു ശേഷം ഓൾ സെയ്ന്റ്സ് ഭാ​ഗത്തെ റൺവേയിലൂടെ ഇറക്കി. പിടിച്ചിട്ട വിമാനങ്ങൾ രാത്രിയോടെ പുറപ്പെട്ടു.

കൊട്ടാരക്കര സബ് ജയിലിലെ അക്രമം; ചില്ല് ശ്രീകുമാറിനെ  സെൻട്രൽ ജയിലിലേക്ക് മാറ്റി

കൊട്ടാരക്കര: കൊട്ടാരക്കര സബ് ജയിലിൽ തടവുകാർക്കും ജയിൽ ജീവനക്കാർക്കുമെതിരെ രണ്ടു ദിവസം  ആക്രമണം നടത്തിയ ചില്ല് ശ്രീകുമാറിനെ  തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടു  ദിവസമായി  കൊട്ടാരക്കര
സ്‌പെഷ്യൽ സബ് ജയിലിൽ അക്രമാസക്തനായ ചില്ല് ശ്രീകുമാർ നിരവധി  സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും രണ്ടു  ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തി രുന്നു. സഹ തടവുകാരായ എം.മനു(36), ജയിൻ സാം(31), അസി.പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ(31), രാമചന്ദ്രൻ(36) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ നേടിയത്.
 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും  കൊടി സുനിയുടെ  സംഘാഗവും  ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പൻമന പള്ളത്ത് പടീഞാറ്റതിൽ  ശ്രീകുമാർ(ചില്ല് ശ്രീകുമാർ, 40) ആണ് അക്രമം കാട്ടിയത്. പുനലൂരിൽ പിടിച്ചു പറിക്കേസിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര ജയിലിൽ എത്തിച്ചത്. ജയിലിൽ എത്തിയ ദിവസം മുതൽ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി ഇയാൾ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് ശ്രീകുമാറിനെ കഴിഞ്ഞ ദിവസം എഫ്- സെല്ലിലേക്കു മാറ്റിയിരുന്നു.