Home Blog Page 1804

വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം, ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം. വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. ഇന്ന് കൂടുതൽ കെഎസ്ഇബി സബ് സ്റ്റേഷനുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ സമരം കടുപ്പിക്കാൻ ആണ് യുഡിഎഫ് തീരുമാനം. വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടിയത് വ്യാഴാഴ്ച മുതല്‍ നിലവില്‍വന്നിരുന്നു. അടുത്തവര്‍ഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ത്താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്.

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു

ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു. ഇന്നലെ ഭക്തജനങ്ങളുടെ എണ്ണം എൻപതിനായിരത്തോളം കടന്നു .16427 ആണ് സ്പോട് ബുക്കിങ്ങ് . പരമ്പരാഗത കാനനപാത വഴി സന്നിധാന തീർത്ഥാടകരുടെ എണ്ണം 30000 കടന്നു . കഴിഞ്ഞ വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും വലിയ തീർത്ഥാടക തിരക്ക് രേഖപ്പെടുത്തിയത്. 92000 പേരാണ് ദർശനം നടത്തിയത്. ദിലീപിന്റെ വിഐപി പ്രവേശനവുമായി ബന്ധപ്പെട്ട കടുത്ത നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ചിരിക്കുന്നത് . കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ മറുപടി എടുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്ക് ശേഷം എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ റിപ്പോർട്ടിലാണ് ദേവസ്വം ബോർഡ് നിലപാട്. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വലിയ തീർത്ഥാടക തിരക്കിലും നിയന്ത്രിക്കാൻ കഴിയുന്നു എന്ന ആത്മവിശ്വാസം പോലീസിനും ഉണ്ട് .

വാർത്താനോട്ടം

2024 ഡിസംബർ 08 ഞായർ

BREAKING NEWS

?നെടുമങ്ങാട് പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും കൂട്ടുകാരേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

?കാലീത്തീറ്റയെന്ന വ്യാജേന കടത്താൻ ശ്രമിച്ച സ്പിരിറ്റ് എലപ്പുള്ളിയിൽ പോലീസ് പിടികൂടി

?ഈറോഡ് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ കോരുത്തോട് കോസ് വേയ്ക്ക് സമീപം തീപിടിച്ചു.ആർക്കും പരിക്കില്ല.

?പഞ്ചാബ് ഹരിയാന അതിർത്തികളിൽ നിന്ന് ദില്ലി ചലോ മാർച്ച് തുടരാൻ കർഷക സംഘടനകളുടെ തീരുമാനം

? കേരളീയം ?

?ചൂരല്‍മലയിലെ മനുഷ്യരുടെ കണ്ണീരൊപ്പാന്‍ ഒരുപാട് സഹായങ്ങള്‍ വേണ്ടിവരുമെന്നും അതിനുവേണ്ടിയുള്ള പണം തരാന്‍ തയ്യാറാവുമോ ഇല്ലയോ എന്ന് കേന്ദ്രം പറയണമെന്നും റവന്യൂമന്ത്രി കെ. രാജന്‍.

?തിരുവനന്തപുരം വഞ്ചിയൂരില്‍ വഴി തടഞ്ഞ് സി.പി.എം പാളയം ഏരിയ സമ്മേളനം നടത്തിയ സംഭവത്തില്‍ കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് ഹര്‍ജി.

?വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

?വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ വിശദീകരണവുമായി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ 2024 ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കില്‍ നാമമാത്രമായ വര്‍ധനവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ളതെന്നാണ് കെഎസ്ഇബി വിശദീകരണം.

?നടന്‍ ദിലീപിന്റെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

? ദിലീപിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.

?കണ്ണൂര്‍ മാടായി കോളേജിലെ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് എംകെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എംകെ രാഘവന്‍ എംപിയാണ് കോളേജ് ചെയര്‍മാന്‍. ഇവിടെ 2 അറ്റന്‍ഡര്‍ പോസ്റ്റിലേക്കാണ് നിയമനം നടത്താനിരുന്നത്.

?ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ക്കെതിരെ തൃശ്ശൂര്‍ ആറാട്ടുപുഴ ക്ഷേത്രത്തിന് മുമ്പില്‍ പ്രതീകാത്മകമായി പൂരം നടത്തി പ്രതിഷേധം.

?? ദേശീയം ??

?ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിക്കും എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

?ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബര്‍ പന്ത്രണ്ട് മുതല്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

?മോദിക്കും അദാനിക്കുമെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുഎസിന് പങ്കുണ്ടെന്ന ബിജെപി ആരോപണങ്ങള്‍ക്കെതിരെ യുഎസ് എംബസി. ആരോപണങ്ങള്‍ നിരാശപ്പെടുത്തുന്നത് എന്നും ദില്ലിയിലെ യുഎസ് വക്താവ് പ്രതികരിച്ചു.

?പുഷ്പ 2 പ്രീമിയര്‍ ഷോ ദിനത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍.

? വ്യാജ ഗോവധക്കേസില്‍ രണ്ട് മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി ഗുജറാത്ത് കോടതി. ഗുജറാത്തിലെ പഞ്ച്മഹല്‍ സെഷന്‍സ് കോടതി ഗോവധക്കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുസ്ലിം യുവാക്കളെ വെറുതെവിട്ടത്.

? മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചതായി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി ബാബറി മസ്ജിദ് തകര്‍ത്തതിനെയും അനുബന്ധ പത്രപരസ്യത്തെയും പ്രശംസിച്ചതിനെത്തുടര്‍ന്നാണ് സഖ്യം ഉപേക്ഷിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി അറിയിച്ചു.

?? അന്തർദേശീയം ??

?സിറിയയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം. വിമത പക്ഷം പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ ഏറ്റുമുട്ടല്‍ കടുപ്പിച്ചു. അതേസമയം, രാജ്യം വിട്ടെന്ന അഭ്യൂഹം തള്ളി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രംഗത്തെത്തി. ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ വീഴ്ത്തുകയാണ് ലക്ഷ്യമെന്ന് വിമത സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു.

? ബ്രിട്ടനെ വിറപ്പിച്ച ഡാറ ചുഴലിക്കാറ്റ് തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ചു. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളില്‍ 86,000 വീടുകളില്‍ വൈദ്യുതി മുടങ്ങി.

? കായികം ?

?ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി രണ്ടിനെതിരെ നാല് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്.

? മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവും അസം സ്വദേശിയുമായ ദേവജിത് സൈക്കിയയെ ബി.സി.സി.ഐ യുടെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചു. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് നിയമനം നടത്തിയത്. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐ.സി.സി അധ്യക്ഷനായതോടെയാണ് ദേവജിത് സൈക്കിയ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്.

?ബോര്‍ഡര്‍-ഗാവസ്‌
കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ആധിപത്യം. രണ്ടാം ഇന്നിങ്‌സിലും കളി മറന്ന ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെന്ന നിലയിലാണ്.

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

മുണ്ടക്കയം∙ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു 15 പേർക്ക് പരുക്ക്. മുണ്ടക്കയം കോരുത്തോട് റൂട്ടിൽ കോസടിക്ക് സമീപം ഇന്ന് പുലർച്ചെ 4 മണിയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. തമിഴ്നാട് സ്വദേശികളായ 17 തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭാര്യയെ കൊലപ്പെടുത്തി ആഭരണം കുഴിച്ചിട്ടു, സഹതടവുകാരൻ മോഷ്ടിച്ചു മുങ്ങി; 19 വർഷം ഒളിവിൽ, ഒടുവിൽ വധശിക്ഷ

മാവേലിക്കര; മാന്നാർ ആലുംമൂട്ടിൽ ജംക്‌ഷനു തെക്ക് താമരപ്പള്ളി വീട്ടിൽ ജയന്തിയെ (39) കൊലപ്പെടുത്തിയ ഭർത്താവ് കുട്ടികൃഷ്ണ് (60) വധശിക്ഷ. 19 വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയതും വിചാരണ പൂർത്തിയാക്കി ശിക്ഷിച്ചതും.

2004 ഏപ്രിൽ രണ്ടിന് ഒന്നേകാൽ വയസ്സുള്ള മകളുടെ കൺമുന്നിൽ കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് ഭാര്യയുടെ തലയറുത്താണ് കൊലപ്പെടുത്തിയത്. സംശയത്തിന്റെ പേരിലായിരുന്നു കൊലപാതകം. മൃതദേഹത്തോട് അനാദരവു കാണിക്കുകയും ചെയ്തു. കുട്ടിക്കൃഷ്ണനു വധശിക്ഷയാണ് മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ഇന്നലെ വിധിച്ചത്.

നാടകീയ രംഗങ്ങളും ഇതിനിടെ ഉണ്ടായി. കൊലക്കേസിൽ ജയിലിൽ കഴിയവേ സഹതടവുകാരനായ മോഷ്ടാവിനോടു ഭാര്യയുടെ ആഭരണങ്ങൾ വീടിനു പിൻവശത്തു വാഴച്ചുവട്ടിൽ കുഴിച്ചിട്ടതായി കുട്ടിക്കൃഷ്ണൻ പറഞ്ഞിരുന്നു. ജാമ്യത്തിലിറങ്ങിയ മോഷ്ടാവ് മാന്നാറിലെത്തി ഇതു കുഴിച്ചെടുത്തു സ്ഥലംവിട്ടു. പൊലീസ് അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ അടൂരിലെ ലോഡ്ജിൽ ജീവനൊടുക്കി. ജയന്തിയുടെ സ്വർണാഭരണങ്ങൾ മകൾക്കു കൈമാറും.

ഭാര്യയുടെ തലയറുത്തു കൊലപ്പെടുത്തിയെന്നും വേർപെട്ട തല എടുത്തു മൃതദേഹത്തിനു മുകളിൽ വച്ചെന്നുമാണു പ്രോസിക്യൂഷൻ കേസ്. മൃതദേഹത്തോടുള്ള അനാദരവിന് ഒരു വർഷം കഠിനതടവും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ അരലക്ഷം രൂപ മകൾ‌ക്കു ലീഗൽ സർവീസ് അതോറിറ്റി വഴി കൈമാറണം. പിഴ അടച്ചില്ലെങ്കിൽ 10 മാസം അധിക കഠിനതടവിനും വിധിച്ചു.

കൊലപാതകത്തിനു പിറ്റേന്ന് ഇയാൾ മാന്നാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. 84 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ച കുട്ടിക്കൃഷ്ണൻ ഒളിവിൽ പോയി. പല പേരുകളിൽ പലയിടങ്ങളിൽ വേഷം മാറി കഴിഞ്ഞ ഇയാളെ 19 വർഷത്തിനു ശേഷം 2023 ഒക്ടോബറിൽ എറണാകുളം തൃക്കാക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അപ്പോൾ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ശരീരത്തിൽ അയേണിന്‍റെ കുറവുണ്ടോ? ഈ ഒരൊറ്റ പച്ചക്കറി കഴിക്കൂ, പരിഹരിക്കാം

അയേണ്‍ അഥവാ ഇരുമ്പ് എന്നത് ശരീരത്തിന് ഏറെ ആവശ്യമായ ധാതുവാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ വിളര്‍ച്ചയുണ്ടാകാം. അമിത ക്ഷീണവും തളര്‍ച്ചയുമാണ് ഇരുമ്പിന്‍റെ കുറവുള്ളവരില്‍ കാണുന്ന പ്രധാന ലക്ഷണങ്ങള്‍.

അയണിന്‍റെ കുറവുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീരയില്‍ 2.7 മൈക്രോഗ്രാം അയണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ചയെ തടയാന്‍ ചീര കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചീര കഴിക്കുന്നത് അയേണിന്‍റെ ആഗിരണത്തിന് സഹായിക്കും. ഇതിനായി ബെല്‍ പെപ്പര്‍, നാരങ്ങ, ഓറഞ്ച് എന്നിവയ്ക്കൊപ്പം ചീര കഴിക്കാം.

നാരുകളാല്‍ സമ്പുഷ്ടമായ ചീര ദഹനത്തിനും ഏറേ നല്ലതാണ്. മലബന്ധത്തെ അകറ്റാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ കെ അടങ്ങിയ ചീര എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ചീര ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ ചീര വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചീര കഴിക്കുന്നത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

രണ്ടാൾപ്പൊക്കത്തിൽ വെള്ളം, തൂങ്ങിക്കിടക്കാൻ കയർ മാത്രം; ഒരു രാത്രി മുഴുവൻ കിണറിൽ: മുഹമ്മദ് ജീവിതത്തിലേക്ക്

ഇരിട്ടി (കണ്ണൂർ): എപ്പോൾ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന കയറിൽ ഒരു ജീവൻ കാക്കാനുള്ള ബലം ബാക്കി നിന്നിരുന്നു. രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വേലിക്കോത്ത് മുഹമ്മദിനെ (60) ഒരു രാത്രി മുഴുവൻ താങ്ങിനിർത്തിയത് ആ കയറാണ്.

കണ്ണൂർ ചാക്കാട്ടെ ആൾപാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർതോട്ടത്തിൽ ആടുകളെ മേയ്ക്കാനെത്തിയതാണ് മുഹമ്മദ്. അഞ്ച് ആടുകളിലൊന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. അതു വീണാലോ എന്നു കരുതി രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു. വൈകിട്ട് എപ്പോഴോ ആയിരുന്നു ഇത്. ചവിട്ടിനിൽക്കാൻ പടവുകൾ പോലുമില്ലാത്ത കിണറ്റിൽ മോട്ടർ കെട്ടിയിട്ട ചെറു പ്ലാസ്റ്റിക് കയറിൽ പിടിത്തം കിട്ടിയത് രക്ഷയായി. ചവിട്ടിനിൽക്കാൻ ഭിത്തിയിലെ ഒരു കൊച്ചു കല്ലും. പിടിച്ചു കയറാൻ ശ്രമിച്ചാൽ പൊട്ടിവീഴുമെന്നുറപ്പ്; കഴുത്തൊപ്പം വെള്ളത്തിൽ പുലർച്ചെ 4.30 വരെയാണ് മുഹമ്മദ് തണുപ്പിനോടും ഉറക്കത്തോടും പൊരുതി നിന്നത്.

പുലർച്ചെ നാലോടെ റബർ വെട്ടാനെത്തിയവരുടെ കയ്യിലെ ടോർച്ചിന്റെ പ്രകാശം കണ്ടതോടെ പ്രതീക്ഷയായി; അലറി വിളിച്ച് സഹായം അഭ്യർഥിച്ചു. ടാപ്പിങ്ങിനെത്തിയ ഷാജുവും മുജീബും അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാലരയോടെ മുഹമ്മദിനെ കരയ്ക്കു കയറ്റി. മുഹമ്മദിനൊപ്പം കിണറ്റിൽ വീണ ആട് ചത്തെങ്കിലും മറ്റുള്ള ആടുകൾ കിണറിനും ചുറ്റും നിൽപ്പുണ്ടായിരുന്നു.

ഒരു രാത്രി മുഴുവൻ മരണത്തോടു പടവെട്ടി തിരികെ എത്തിയ ആൾക്കു പക്ഷേ, വിശ്രമിക്കാൻ സമയമില്ല. പശുവിനെ വാങ്ങാൻ ഒപ്പം പോകാമെന്നു സുഹൃത്തിനോടു നേരത്തേ പറഞ്ഞതാണ്. വീട്ടിലെത്തി വസ്ത്രം മാറി നേരെ മാലൂരിലേക്ക്.

മുൻപും ഇതുപോലെ അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അനുഭവം മുഹമ്മദിനുണ്ട്. രണ്ടുവർഷം മുൻപ്, തടിയുമായിപ്പോയ ലോറി മാഹി കുഞ്ഞിപ്പള്ളിൽ തലകീഴായി മറിഞ്ഞു. ഡോർ തുറന്നു തെറിച്ചുവീണ മുഹമ്മദ് ഓവുചാലിലേക്കും ലോറി ഓവുചാലിനു മുകളിലും പതിച്ചു. ഓവുചാലിന്റെ സുരക്ഷയിൽ അന്നും മുഹമ്മദ് ജീവിതത്തിലേക്ക് തിരികെക്കയറി.

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ പരാമർശം

പത്തനംതിട്ട : മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടേയോ പരിക്കിന്റേയോ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല.

അതേ സമയം, കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. കേസിലെ പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്പിൽവെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തിലാണ് നവീൻ തൂങ്ങിമരിച്ചത്. പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതി അറിയിച്ചു.

കളക്ടറേറ്റിലെ യാത്രയയപ്പ് യോഗത്തിലേക്ക് പി പി ദിവ്യ ക്ഷണിക്കപ്പെടാത്ത അതിഥി ആയിട്ടാണ് എത്തിയത്. നവീൻ ബാബുവിനെ മറ്റുള്ള ഉദ്യോഗസ്ഥരുടെ മുൻപിൽ വച്ച് തേജോവധം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ആ മാനസിക വിഷമത്തിലാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത്.

ഇതൊരു കൊലപാതകം ആണെന്ന് കുടുംബത്തിന്റെ സംശയം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ ആത്മഹത്യ തന്നെയാണ് എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സംഘവും അറിയിച്ചിരിക്കുന്നത്. കൊലപാതകം എന്നതിന്റെ യാതൊരു സൂചനയും എങ്ങുനിന്നും കിട്ടിയിട്ടില്ല. നവീൻ ബാബുവിന്റെയും ജില്ലാ കളക്ടറുടെയും പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തന്റെയും സിഡിആർ അടക്കമുള്ള പരിശോധിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ള പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണം അവാസ്തവുമാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ദിവ്യ സിപിഎമ്മിൽ യാതൊരു പദവിയും നിലവിൽ വഹിക്കുന്നില്ല. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവൻ സിസിടിവി ഫൂട്ടേജുകളും ശേഖരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.

ഇന്ദുജയുടെ സുഹൃത്തുക്കളെ ചൊല്ലി നിരന്തരം വഴക്ക്, ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും;പാലോട് ആത്‍മഹത്യയിൽ അന്വേഷണം

തിരുവനന്തപുരം: പാലോട് നവാവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. നിലവിൽ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരൻ അജാസും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റ മൊഴി.

ഇന്ദുജയുടെ ദേഹത്തെ പരിക്കുകൾ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു. പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

‘ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നു’; ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്

ധാക്ക: ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും ഇടക്കാല സർക്കാർ വ്യക്തമാക്കി. എന്നാല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതിൽ ധാരണയായിട്ടില്ല. വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഡിസംബർ ഒൻപതിന് മിസ്രി ബംഗ്ലദേശിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ധാക്കയിലെ തങ്ങളുടെ കേന്ദ്രം കത്തിച്ചതായി ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ആരോപിച്ചു. നാമഹട്ട പ്രോപ്പർട്ടിയിലെ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സമുദായ അംഗങ്ങൾക്കും വൈഷ്ണവ സംഘത്തിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണം നിർബാധം തുടരുകയാണെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്‍റ് രാധാരമൺ ദാസ് പിടിഐയോട് പറഞ്ഞു. ഇസ്‌കോൺ നാമഹട്ട സെന്‍റർ ബംഗ്ലാദേശിൽ കത്തിനശിച്ചു.

ശ്രീ ശ്രീ ലക്ഷ്മി നാരായണന്‍റെ പ്രതിഷ്ഠകളും ക്ഷേത്രത്തിനുള്ളിലെ എല്ലാ സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിക്കും മൂന്നിനും ഇടയിലാണ് സംഭവം. ഹരേ കൃഷ്ണ നാംഹട്ട സംഘത്തിന് കീഴിലുള്ള ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനും അക്രമികൾ തീയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത് സന്യാസിമാരോടും അനുയായികളോടും ‘തിലകം’ ധരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.