Home Blog Page 1798

കൊല്ലത്ത് ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരവൂര്‍: ഭാര്യയെ വെട്ടിപരിക്കേല്പിച്ച് ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തന്‍കുളം അമ്മാരത്ത് മുക്ക് ഷാജി നിവാസില്‍ ബിന്ദു (45)വിനെയാണ് ഭര്‍ത്താവ് ഷാജി (50)വെട്ടി പരിക്കേല്പിച്ചത്. തുടര്‍ന്ന് ഇയാള്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഷാജി ഇന്ന് രാവിലെ 8 ഓടെ തുണിയെടുക്കാന്‍ വീട്ടില്‍ എത്തുകയും ഭാര്യയുമായി ഉണ്ടായ വാക്ക് തര്‍ക്കത്തിനിടയില്‍ വീട്ടിലെ കട്ടിലിനടിയില്‍ ഉണ്ടായിരുന്ന കൊടുവാള്‍ എടുത്ത് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു.
ബിന്ദുവിന്റെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാരെ കണ്ട് ഷാജി മുറിക്കുള്ളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഭാര്യ ബിന്ദുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ഷാജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരവൂര്‍ പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഷാജിയുടെ പേരില്‍ കേസെടുത്തു.

മാർപാപ്പയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവിന്റെ അഭിഷേകവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾ വീക്ഷിക്കുന്നതിനായി ഇന്ത്യ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രതിനിധി സംഘാംഗം ആയിട്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി വത്തിക്കാനിൽ എത്തിയത്.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് സന്ദർശിക്കുവാനുള്ള ക്ഷണം അറിയിച്ച കൊടിക്കുന്നിൽ കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആശംസയും അറിയിച്ചു. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച അങ്ങേയറ്റം ഹൃദ്യവും അവിസ്മരണീയവും ആയിരുന്നു എന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയിൽ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പിതാവും കൊടിക്കുന്നിലിനൊപ്പം ഉണ്ടായിരുന്നു.

ജമ്മുകാശ്മീരിൽ സൈനികന് മൈന്‍പൊട്ടിത്തെറിച്ച് വീരമൃത്യു

ജമ്മു. ജമ്മുകാശ്മീർ പൂഞ്ചിൽ സൈനികന് വീരമൃത്യു. പട്രോളിങ്ങിനിടെ മൈൻ പൊട്ടിത്തെറിച്ചാണ് സൈനികന് വീരമൃത്യു.ഹവിൽദാർ വി സുബ്ബയ്യ വാരികുണ്ടയ്ക്കാണ് ജീവൻ നഷ്ടമായത്. താനേദാർ ടെക്രിയിലാണ് ആക്രമണം ഉണ്ടായത്. 25 രാഷ്ട്രീയ റൈഫിൾസിലെ ജവാനാണ്.

വാഹനാപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ അടക്കം ഏഴു പേർ മരിച്ചു

ജുനഗഡ്.ഗുജറാത്തിലെ ജുനഗഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വിദ്യാർത്ഥികൾ അടക്കം ഏഴു പേർ മരിച്ചു. പരീക്ഷയ്ക്കായി രാവിലെ കോളേജിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വാഹനമാണ് അപകടം ഉണ്ടാക്കിയത് . അമിതവേഗത്തിൽ എത്തിയ കാർ ഡിവൈഡറിൽ ഇടിച്ചു മറിയുകയും എതിർവശത്തു നിന്ന് വന്ന മറ്റൊരു കാറിൽ ഇടിച്ചു കയറുകയും ആയിരുന്നു. വിദ്യാർഥികളുടെ വാഹനം ഇടിച്ചുകയറിയ കാറിലെ രണ്ടുപേരും മരിച്ചു. ജുനഗഡ്- വേരാവൽ ഹൈവേയിലാണ് രാവിലെ എട്ടുമണിയോടെ അപകടം ഉണ്ടായത്.

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്നത്
തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ
ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കാലതാമസം വരുമെന്നത് കൊണ്ടാണ് ആർബിട്രേഷന് പോകാത്തത്.പദ്ധതിയുടെ ഭൂമി ആർക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്മാർട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനുളള മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
വരുന്നത്.പദ്ധതിയിൽ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നൽകുന്നുവെന്ന വിമർശനം മുഖ്യമന്ത്രി നിഷേധിച്ചു

പദ്ധതിയുടെ ഭൂമി സ്വകാര്യകമ്പനികൾക്ക് കൈമാറാനുളള നീക്കമാണെന്ന പ്രതിപക്ഷ വിമർശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു

പദ്ധതിയിൽ നിന്ന് ടീകോം പിന്മാറുന്നതിനുളള കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ല.ടീകോം മുൻ സി.ഇ.ഒ ബാജു ജോർജിനെ നഷ്ട പരിഹാരം വിലയിരുത്തുന്നതിനുളള സമിതിയിൽ അംഗമാക്കിയതിനെപ്പറ്റിയും മുഖ്യമന്ത്രി പ്രതികരിച്ചില്ല

വയനാട് പുനരധിവാസം, വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമർശനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രസർക്കാരിന് മെമ്മോറാണ്ടം നൽകാൻ വൈകിയില്ല. സ്വാഭാവിക സമയം മാത്രമാണ് എടുത്തത്. സംസ്ഥാന ദുരന്ത പ്രതികരണനിധി വയനാടിന് വേണ്ടി മാത്രമുള്ളതല്ല. വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾ ക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി

എസ് ഡി ആർ എഫ് കണക്കുകൾ സമയബന്ധിതമായി സമർപ്പിക്കാത്തതിലെ ഹൈക്കോടതി വിമർശനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. സർക്കാരിൻറെ പക്കൽ കണക്കുകൾ ഇല്ലാത്തതല്ല. തയ്യാറാക്കാൻ സമയം വേണമെന്ന് കോടതിയെ അറിയിച്ചിരുന്നു എന്നും മുഖ്യമന്ത്രി

എസ് ടി ആർ എഫ് ഫണ്ടിൽ 588.98 കോടിയാണ് ഇതുവരെയുള്ള ആകെ നീക്കിയിരിപ്പ്. സഹായം അഭ്യർത്ഥിച്ചു കേന്ദ്രത്തിന് നൽകിയ മൂന്നു നിവേദനങ്ങളിൽ ഒന്ന് പോലും പരിഗണിച്ചില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും വിമർശനം

സമസ്ത ലീഗ് നേതൃത്വങ്ങൾ വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

മലപ്പുറം.വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ സമസ്ത ലീഗ് നേതൃത്വങ്ങൾ വിളിച്ച സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം യോഗത്തിൽ നിന്ന് വിട്ടുനിന്നു. ചിലർ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നും മുശാവറക്ക് ശേഷം വീണ്ടും ചർച്ച നടക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

നേതൃത്വം വിളിച്ചാൽ ചർച്ചയ്ക്ക് വരാതിരിക്കുന്നത് ധിക്കാരമാണെന്ന സാദിഖലി ശിഹാബ് തങ്ങളുടെ സമ്മർദ്ദവാക്കുകളും ഫലം കണ്ടില്ല. സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം സമവായ ചർച്ചയിൽ നിന്ന് വിട്ടു നിന്നു. ഇതോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചു ചേർത്ത ആദ്യ ചർച്ച തന്നെ പാളി. ജിഫ്രി മുത്തുകോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുള്ള മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രശ്നപരിഹാരചർച്ച. സമസ്തയിലെ ലീഗ് അനുകൂല പക്ഷമായ അബ്ദുസമദ് പൂക്കോട്ടൂർ നാസർ ഫൈസി കൂടത്തായി തുടങ്ങിയവർ ചർച്ചയ്ക്ക് എത്തി.

യോഗത്തിനുശേഷം സംയുക്ത വാർത്താ സമ്മേളനം. ചില ആളുകൾ വരാനുള്ള അസൗകര്യം അറിയിച്ചിരുന്നു ചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ജിഫ്രി തങ്ങൾ. സമസ്തയിൽ രണ്ടു പക്ഷമില്ല. വിട്ടുവീഴ്ച മനോഭാവമാണ് പ്രധാനം.

അഭിപ്രായവ്യത്യാസം കൂടിയിരുന്ന് പറഞ്ഞു തീർക്കുക എന്നതാണ് ഉദ്ദേശിച്ചിരുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ചുരുക്കത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചുചേർത്ത ചർച്ചയിലെ കല്ലുകടി എത്ര വലിയ വിള്ളലാണ് നിലനിൽക്കുന്നതെന്ന് കൂടുതൽ തെളിയിക്കുന്നതായി മാറി.

മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു,സംഘര്‍ഷം ലാത്തി ചാര്‍ജ്ജ്

കാഞ്ഞങ്ങാട്. മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹോസ്റ്റൽ വാർഡന്റെയും, ആശുപത്രി മാനേജ്മെന്റിന്റെയും മാനസിക പീഡനം മകൾ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു… സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ല എന്ന് ആരോപിച്ച് വിദ്യാർത്ഥി യുവജന സംഘടനകൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു….

പെൺകുട്ടിയുടെ ആത്മഹത്യാശ്രമം ചൂണ്ടിക്കാട്ടി വ്യാപകമായ പ്രതിഷേധമാണ് മൻസൂർ ആശുപത്രിയിലേക്ക് ഉണ്ടാവുന്നത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്… ഇന്ന് രാവിലെ മുതൽ കുട്ടിക്ക് കടുത്ത പനി ഉണ്ട്. ശ്വാസം എടുക്കുന്നതിനും ബുദ്ധിമുട്ടുണ്ട്… ഹോസ്റ്റൽ വാർഡന്റെയും, ആശുപത്രി മാനേജ്മെന്റിന്റെയും മാനസിക പീഡനത്തെ കുറിച്ച് മുൻപ് മകൾ പരാതിപ്പെട്ടിരുന്നുവെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു.

ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉയർന്നിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥി യുവജന സംഘടനകൾ മൻസൂർ ആശുപത്രിയിലേക്ക് മാർച്ച് നടത്തി…. എസ്എഫ്ഐ നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി.

സംഘർഷത്തിൽ മൂന്നു പോലീസുകാർക്കും പരിക്കേറ്റു. ചീമേനി സ്റ്റേഷനിലെ എസ് ഐ സുരേഷ്, ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ വിനീഷ്, നീലേശ്വരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അജിത് എന്നിവർക്കാണ് പരുക്കേറ്റത്. ആശുപത്രിയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തി വീശി…. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിന് തലയ്ക്ക് പരിക്കേറ്റു…

മാനേജ്മെന്റുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും പോലീസ് സമ്മതിച്ചില്ല… ഇതോടെ പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായി….

പോലീസിന്റെ കണ്ണ് വെട്ടിച്ച് അഞ്ചോളം എബിവിപി പ്രവർത്തകർ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിച്ചു…. മുദ്രാവാക്യവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

നഴ്സിംഗ് വിദ്യാർത്ഥി പ്രതിനിധികളുമായി ഹോസ്ദുർഗ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി… കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആണ് പോലീസിന്റെ തീരുമാനം….

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ലോഡ്ജില്‍ പാര്‍പ്പിച്ച യുവാവില്‍ നിന്ന് എംഡിഎംഎയും പിടികൂടി

കൊല്ലം: കൊല്ലം നഗര ഹൃദയത്തില്‍ പോലീസ് നടത്തിയ ലഹരിമരുന്ന് പരിശോധനയില്‍ എംഡി.എംഎ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം പുളിമാത്ത് മഞ്ഞപ്പാറ തടത്തരികത്ത് വീട്ടില്‍ സെബിന്‍ ഫിലിപ്പാ(22)ണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കൊല്ലത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ നിരോധിത മയക്ക് മരുന്നുമായി യുവാവ് എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാള്‍ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചിരുന്ന 17 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയേയും ഇയാളോടൊപ്പം ലോഡ്ജില്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന ഷോള്‍ഡര്‍ ബാഗ് വിശദമായി പരിശോധിച്ചതില്‍ ബാഗില്‍ നിന്നും 6.391 ഗ്രാം
എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച
പോലീസ് സംഘം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കളുടെ അനുവാദം കൂടാതെ തട്ടിക്കൊണ്ട് വന്ന് കൂടെ താമസിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജി
സ്റ്റര്‍ ചെയ്യ്തിട്ടുണ്ട്.
കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും വില്‍പ്പന നടത്തുന്നതിനായി ബാംഗ്ലൂരില്‍ നിന്നും എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസാ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ ജില്ലാ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. എസിപി ഷെറീഫ്. എസിന്റെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, എസ്‌ഐമാരായ സുമേഷ്, ജോയ്, സവിരാജ്, സിപിഓമാരായ വിനോദ്, ആദര്‍ശ്, ദീപക്, ഷഫീക്ക് എന്നിവരും ഡാന്‍സാഫ് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഐ സി എസ് ജംക്ഷനിൽ അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹന യാത്രക്കാരേ ഇടിച്ച് തെറിപ്പിച്ചു, ഒരാളുടെനില ഗുരുതരം

ശാസ്താംകോട്ട : അമിതവേഗതയിലെത്തിയ കാർ ഇരുചക്രവാഹന യാത്രക്കാരേ ഇടിച്ച് തെറിപ്പിച്ചു. ഒരാളുടെനില ഗുരുതരം. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ഐ.സി.എസ് ജങ്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. ഇടവനശ്ശേരി കണിച്ചു കുളത്ത് പടീറ്റതിൽ സുബൈദാ ബീവി (65), മകൻ ഷരീഫ് (48), മൈനാഗപ്പള്ളി നാലുവിള പകോഡയിൽ പുഷ്പരാജൻ (60), ഭാര്യ മിനിമോൾ (54) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ നാട്ടുകാർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബൈദാബീവിയേയും ഷരീഫിനെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുബൈദാ ബീവി അപകടനില തരണം ചെയ്തിട്ടില്ല. കാറിൽ നാലു യുവാക്കളാണ് ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ച നിലയിലാരുന്നുവെന്ന് ആക്ഷേപമുണ്ട്.