Home Blog Page 1797

ഒരു ചീപ്പ് തന്നെ കുറെ നാൾ ഉപയോ​ഗിക്കരുത്, കാരണം

മുടി ചീകി വ്യത്തിയാക്കി വയ്ക്കുന്നതിന് നമ്മൾ എല്ലാവരും ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് ചീപ്പ്. മുടിയുടെ പല പ്രശ്‌നങ്ങൾക്കും ചീപ്പ് ഒരു പ്രധാന കാരണമാണെന്ന് അധികം ആളുകളും അറിയാതെ പോകുന്നു. മുടിയുടെ സ്വാഭാവം അനുസരിച്ച് ചീപ്പ് തിരഞ്ഞെടുക്കുന്നതായിരിക്കും എപ്പോഴും ഗുണം ചെയ്യുന്നത്.

വൃത്തിഹീനമായ ചീപ്പ് ഉപയോ​ഗിക്കുമ്പോൾ മുടിയുടെ ആരോ​ഗ്യത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. എപ്പോഴും ചീപ്പ് ഉപയോ​ഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് 2009 ലെ ജേണൽ ഓഫ് ഡെർമറ്റോളജിക്കൽ ട്രീറ്റ്‌മെൻ്റിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.

അഴുക്കുള്ള ചീപ്പ് ഉപയോ​ഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെയും തലയോട്ടിയിലെ ശുചിത്വത്തെയും കാര്യമായി ദോഷകരമായി ബാധിക്കുമെന്ന് സൗന്ദര്യശാസ്ത്ര ഫിസിഷ്യനും കോസ്മെറ്റോളജിസ്റ്റുമായ ഡോ. കരുണ മൽഹോത്ര പറയുന്നു. കൂടാതെ, ബാക്ടീരിയ, ഫംഗസ്, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവ തലയിൽ അടിഞ്ഞ് കൂടുന്നതിന് ഇടയാക്കുന്നു.

വൃത്തിയില്ലാത്ത ബ്രഷ് ഉപയോഗിക്കുന്നത് തലയോട്ടിയിൽ അഴുക്ക് കൂടുന്നതിനും തലയിൽ പേൻശല്യം കൂട്ടുന്നതിനും കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. അഴുക്ക്, എണ്ണ എന്നിവ തലയിൽ അടിഞ്ഞുകൂടുന്നത് മുടി പെട്ടെന്ന് പൊട്ടുന്നതിനും അറ്റം പിളരുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

ചീപ്പ് എങ്ങനെ വൃത്തിയാക്കാം?

ആദ്യം ചീപ്പിലുള്ള മുടി മാറ്റുക. കൈ കൊണ്ടോ, സേഫ്റ്റിപിൻ, ഹെയർപിൻ എന്നിവ ഉപയോഗിച്ചോ മുടി നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് കുറച്ച് നേരം സോപ്പുവെള്ളത്തിലോ ചൂട് വെള്ളത്തിലോ ഇട്ട് വയ്ക്കുക. വൃത്തിയാക്കിയ ശേഷം വെള്ളമുപയോഗിച്ച് സോപ്പിന്റെ അംശം കഴുകി കളയണം. പിന്നീട് ചീപ്പ് തുണി കൊണ്ട് തുടച്ച് ഉണക്കിയെടുക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ചീപ്പ് വൃത്തിയാക്കുന്നത് നല്ലതാണ്.

ബെംഗളൂരുവിൽ റേഡിയോളജിസ്റ്റ്, ആലപ്പുഴയിൽ ട്രെയിൻ ഇറങ്ങിയത് മാരക ലഹരിവസ്തുക്കളുമായി, 24കാരൻ അറസ്റ്റിൽ

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് എക്സൈസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ കുടുങ്ങിയത് റേഡിയോളജിസ്റ്റായ യുവാവ്. ആലപ്പുഴ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ പരിസരത്തു നിന്ന് എംഡിഎംഎയും ചരസുമായാണ് 24കാരൻ പിടിയിലായത്. കളർകോട് വടക്കേനട റെസിഡന്റ്സ് അസോസിയേഷൻ ദക്ഷിണയിൽ മുഹമ്മദ് അലീഷാൻ നൗഷാദിനെയാണ് ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

എക്സൈസ് ഇൻസ്പെക്ടർ എസ്. എസ്. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 24കാരനെ പിടികൂടിയത്. ഇയാളിൽ നിന്ന് അഞ്ചുഗ്രാം എംഡിഎംഎയും നാല് ഗ്രാം ചരസുമാണ് പിടിച്ചെടുത്തത്. ക്രിസ്മസ് പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ബെംഗളൂരുവിൽ റേഡിയോളജിസ്റ്റിയി ജോലി ചെയ്യുന്ന യുവാവ് ക്രിസ്തുമസ് കാലത്ത് വിൽപന നടത്താൻ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് ലഹരി മരുന്ന് എത്തിച്ചത്.

സമാനമായ മറ്റൊരു സംഭവത്തിൽ മുത്തങ്ങ ചെക്പോസ്റ്റിൽ നിന്ന് യുവാവിൽ നിന്ന് മെത്താഫിറ്റമിന്‍ പിടികൂടിയത് ഇന്നലെയാണ്. കോഴിക്കോട് അടിവാരം പൂവിലേരി വീട്ടില്‍ മുഹമ്മദ് ഫയാസ് (29) ആണ് അറസ്റ്റിലായത്. 30 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കേരള ആര്‍ടിസി ബസിലായിരുന്നു പിടിയിലായ യുവാവ് എത്തിയത്. സംശയം തോന്നി ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്തുമസ്-പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സിനിമാകാലത്തിന് മൂന്ന് ദിനം മാത്രം; 29-ാമത് ഐഎഫ്എഫ്കെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ഇന്ന് (10/12) ഉച്ച കഴിഞ്ഞ് 3 മണിക്ക് ടാഗോർ തിയേറ്ററിലാണ് ചടങ്ങ്. സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും ഡെലിഗേറ്റ് കിറ്റുകൾ മന്ത്രി സജി ചെറിയാനിൽ നിന്നേറ്റു വാങ്ങും.

മേയർ ആര്യ രാജേന്ദ്രൻ ഫെസ്റ്റിവൽ ഷെഡ്യൂൾ പ്രകാശനം ചെയ്യും. ക്യൂറേറ്റർ ഗോൾഡ സെല്ലം ഐ എഫ് എഫ്കെയുടെ 29-ാമത് പതിപ്പ് പരിചയപ്പെടുത്തും. കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, റിസപ്ഷൻ ആൻഡ് ഫംഗ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ എം വിജയകുമാർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി തുടങ്ങിയവർ സംബന്ധിക്കും.

ഡിസംബർ 13 മുതൽ 20 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ 170ൽ പരം സിനിമകളും 450 ഓളം പ്രദർശനങ്ങളും സംവാദ-അഭിമുഖങ്ങളും ഉണ്ടായിരിക്കും. ഡെലിഗേറ്റ് കിറ്റ് ഇന്ന് വൈകുന്നേരം മുതൽ ലഭിച്ചു തുടങ്ങും.

ലോക ചലച്ചിത്ര മേളകളിലെ 13 ജനപ്രിയ ചിത്രങ്ങൾ; ഐഎഫ്എഫ്കെയിലെ ഫേവറേറ്റ്‌സ് പാക്കേജ്

ആകെ 12 സിനിമകളാണ്‌ മലയാള സിനിമ ടുഡേ വിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത ‘അപ്പുറം’ എന്നീ സിനിമകൾ രാജ്യാന്തര മത്സര വിഭാഗത്തിലും പ്രദർശിപ്പിക്കും. എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), വെളിച്ചം തേടി (കെ റിനോഷുൻ), കിഷ്കിന്ധാ കാണ്ഡം (ദിൻജിത് അയ്യത്താൻ), കിസ് വാഗൺ (മിഥുൻ മുരളി), പാത്ത് (ജിതിൻ ഐസക് തോമസ്), സംഘർഷ ഘടന (ആർ കെ കൃഷാന്ത്), മുഖക്കണ്ണാടി (സന്തോഷ് ബാബുസേൻ, സതീഷ് ബാബുസേനൻ), വതൂസി സോംബി (സിറിൾ ഏബ്രഹാം ഡെന്നിസ്) എന്നിവയാണ് മലയാളം സിനിമ ടുഡേയിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റുചിത്രങ്ങളും സംവിധായകരും

മന്ത്രിസഭ ഒന്നാകെ നടത്തിയ പര്യടനം; നവകേരള സദസിൻ്റെ ഗുണവും ദോഷവും എന്തൊക്കെ? പഠിക്കാൻ ഐഎംജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിന്‍റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് (ഐഎംജി). നവ കേരള സദസിൻ്റെ നടത്തിപ്പ് മുതൽ ഭരണ നിര്‍വ്വഹണ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനങ്ങളുമായി സംവദിച്ച് മന്ത്രിസഭ ഒന്നാകെ നടത്തിയ പര്യടനമായിരുന്നു നവ കേരള സദസ്. അവരുടെ പരാതികൾ കേട്ട് ഒരുമാസം നീളുന്ന പര്യടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം നടന്നത്. വികസന നേട്ടങ്ങൾ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത് മുതൽ ഭാവി വികസനത്തിനുള്ള മാര്‍ഗ്ഗ രേഖ വരെയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിവച്ച സദസ്സ് സമൂഹത്തിൽ എന്ത് പ്രതികരണമുണ്ടാക്കി എന്നാണ് ഐഎംജി പഠിക്കുന്നത്.

നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയിൽ വന്ന നിവേദനങ്ങളുടെ സ്വഭാവം, അതിനുണ്ടാക്കിയ തീര്‍പ്പുകൾ, ഭരണപരമായും നയപരമായും അതാത് വേദികളിലെടുത്ത തീരുമാനങ്ങൾ, നവകേരള സദസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സർക്കാർ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് – ഇതെല്ലാം സമഗ്രമായി വിലയിരുത്താനാണ് ഉദ്ദേശിക്കുന്നത്.

പൊതുജനങ്ങൾ മുതൽ ജനപ്രതിനിധികളും വിവിധ തലങ്ങളിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരിൽ നിന്ന് വരെ വിവങ്ങൾ ശേഖരിച്ചാകും പഠനം. ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം ഐഎംജി ഉദ്ദേശിക്കുന്നത്. പൊടിച്ച കോടികളും എടുത്ത നിലപാടുകളും വലിയ വിവാദമായിരിക്കെ നവകേരള സദസ്സിന്‍റെ നടത്തിപ്പ് എന്ത് ഗുണം കേരളത്തിനുണ്ടാക്കി എന്ന പഠനമാണ് നടക്കുന്നത്. പ്രത്യേകിച്ച് മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തുകൾ സംസ്ഥാന വ്യാപകമായി ആരംഭിച്ചിരിക്കെ ഇത്തരം പഠന പ്രവര്‍ത്തനങ്ങൾക്കും പ്രസക്തിയേറുകയാണ്.

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം യാത്ര, വിമാനം റാഞ്ചാൻ ശ്രമിച്ച് 31കാരൻ, കീഴ്പ്പെടുത്തി യാത്രക്കാർ

മെക്സിക്കോ സിറ്റി: ആകാശമധ്യത്തിൽ വച്ച് തനിച്ച് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച മെക്സിക്കോയിലെ ലിയോൺ വിമാനത്താവളത്തിൽ നിന്ന് ടിജുവാന വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വോളാരിസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

എയർബസ് എ 320 ഇനത്തിലുള്ള വിമാനത്തിൽ നിറയെ യാത്രക്കാരുള്ള സമയത്താണ് വിമാനം വഴി തിരിച്ച് വിടാൻ ആവശ്യപ്പെട്ട് യാത്രക്കാരൻ എയർഹോസ്റ്റസിനെ മുൾമുനയിൽ നിർത്തിയത്. ബന്ധുക്കളിൽ ആരെയോ തട്ടിക്കൊണ്ട് പോയെന്നും ടിജുവാനയിലേക്ക് പോവുന്നത് അപകടമാണെന്നും ആരോപിച്ചായിരുന്നു യുവാവ് വിമാനം ഭീഷണിപ്പെടുത്തി വഴി തിരിച്ച് വിടാൻ ശ്രമിച്ചത്.

വിമാനം ടേക്ക് ഓഫ് ചെയ്തിന് തൊട്ട് പിന്നാലെയായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. അമേരിക്കൻ അതിർത്തിയിലുള്ള വിമാനത്താവളമാണ് ടിജുവാന. 31 കാരനായ മാരിയോ എന്ന യുവാവാണ് എയർ ഹോസ്റ്റസിനെ ഭീഷണിപ്പെടുത്തുകയും വിമാനത്തിൽ നിന്ന് ചാടുമെന്നും വിശദമാക്കി വലിയ രീതിയിൽ ക്യാബിനുള്ളിൽ ബഹളമുണ്ടാക്കിയത്. ഇയാളെ യാത്രക്കാർ പിടികൂടി ബലപ്രയോഗത്തിലൂടെ അധികൃതർക്ക് കൈമാറുന്ന ദൃശ്യങ്ങളാണ് ഇതിനോടകം പുറത്ത് വന്നിട്ടുള്ളത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കും ഒപ്പമായിരുന്നു 31കാരൻ വിമാനത്തിൽ കയറിയത്.

മറ്റ് രീതിയിലുള്ള അക്രമങ്ങൾ പതിവാണെങ്കിലും വിമാനം റാഞ്ചാനുള്ള ശ്രമങ്ങൾ മെക്സിക്കോയിൽ വളരെ അപൂർവ്വമാണ്. 2009ലാണ് ഇതിന് മുൻപ് ഒരു വിമാന റാഞ്ചൽ മെക്സിക്കോയിലുണ്ടായത്. അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രൽ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യുകയും ആയിരുന്നു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്. സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടെന്നും മെക്സിക്കൻ എയർലൈൻ അറിയിച്ചു.

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ബൈക്ക് ഓടിച്ച 20കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകട സമയത്ത് നിത്യ മാത്രമാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

‘സൈക്യാട്രി അധ്യാപകൻ രണ്ട് മണിക്കൂറിലധികം കുറ്റവിചാരണ ചെയ്തു’; അമ്മുവിന്‍റെ മരണത്തിൽ അധ്യാപകനെതിരെ കുടുംബം

പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ പൊലീസിൽ പുതിയ പരാതി നൽകി കുടുംബം. ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകൻ സജിക്കെതിരെയാണ് അമ്മുവിന്‍റെ അച്ഛൻ സജീവ് പരാതി നൽകിയത്. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ അധ്യാപകൻ സജിയും കേസിൽ പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ സജീവ് ആരോപിച്ചു.

പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ ഒരു വശത്തും നിര്‍ത്തികൊണ്ട് കൗണ്‍സിലിങ് എന്ന പേരിൽ കുറ്റവിചാരണ നടത്തുകയായിരുന്നു. രണ്ടു മണിക്കൂറിലധികമാണ് അധ്യാപകനായ സജി അമ്മുവിനെ കുറ്റവിചാരണ ചെയ്തതെന്നും ഇതിനുശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് അമ്മു വീണ് മരിച്ചതെന്നും അച്ഛൻ സജീവ് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും സജീവ് പറഞ്ഞു. ഒരു തവണ പറയുന്ന കാര്യമല്ല പ്രിന്‍സിപ്പൽ പിന്നീട് പറയുന്നതെന്നും പല കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സജീവ് ആരോപിച്ചു.

നേരത്തെ കേസിൽ പത്തനംതിട്ട ഡിവൈഎസ്പിക്ക് മുൻപിൽ ഹാജരായി അമ്മുവിന്‍റെ മാതാപിതാക്കള്‍ മൊഴി നൽകിയിരുന്നു. മകൾക്ക് സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് ഏൽക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് അച്ഛൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റി. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും അച്ഛൻ സജീവ് വ്യക്തമാക്കി.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശിനി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.

അമ്മുവിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മൂന്ന് സഹപാഠികളെ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളും അമ്മുമായുള്ള തർക്കവും അതിൽ കോളേജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളേജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കി. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.

കാറിൽ പെട്രോളടിച്ചു, പ്രകോപിതനായ യുവാവ് ജീവനക്കാരനെ ആക്രമിച്ചു, തടയാനെത്തിയവർക്കും മർദ്ദനം; പൊലീസ് കേസ്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനുനേരെ ആക്രമണം. കല്ലടിക്കോട് കാഞ്ഞിക്കുളത്തുള്ള പെട്രോള്‍ പമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിലെത്തിയ ആള്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പെട്രോള്‍ പമ്പിലെ ജീവനക്കാരനായ കാഞ്ഞിക്കുളം സ്വദേശി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കാനെത്തിയ പ്രദേശവാസി ഷാജി ജോസിനെതിരെയാണ് പരാതി. സംഭവത്തിൽ ഷാജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു.

പെട്രോള്‍ അടിയ്ക്കുന്നതിന് നൽകിയ മുഴുവൻ തുയകയ്ക്കും പെട്രോള്‍ അടിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. പെട്രോള്‍ അടിച്ചശേഷം പ്രകോപിതനായ കാറിലെത്തിയ ആള്‍ ജീവനക്കാരന്‍റെ മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് പലതവണ മര്‍ദിച്ചു. തടയാനെത്തിയ മറ്റു പമ്പ് ജീവനക്കാരെയും ഇയാള്‍ മര്‍ദിച്ചു.

പോത്തൻകോട്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന 69കാരി മരിച്ചനിലയിൽ; കമ്മൽ നഷ്ടപ്പെട്ടു, ദേഹത്ത് പാടുകൾ

തിരുവനന്തപുരം: പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുല‍ർച്ചെ പൂ പറിക്കാൻ പോയിരുന്നു തങ്കമണിയെന്നാണ് പൊലീസിൻ്റെ സംശയം. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടപ്പുണ്ട്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുൻനിർത്തി മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

വിദേശകാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ആയിരുന്ന എസ്.എം. കൃഷ്ണ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19ാം ഗവർണറുമായിരുന്നു. 1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ‌ ചേർന്ന അദ്ദേഹം നേരത്തേ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു. 2023 ജനുവരി ഏഴിനു സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.