പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്. മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. കിരാതയെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവര്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറില്‍ ഒരു നിമിഷത്തില്‍ മിന്നിമറയുന്നതായി മാത്രമേ മോഹന്‍ലാലിനെ കാണിച്ചിരുന്നുള്ളു. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പാശുപതാസ്ത്രത്തിന്റെ ആചാര്യന്‍, വിജയികളില്‍ വിജയി, ഐതിഹാസികനായ കിരാതന്‍’ എന്നീ വരികളോടെയാണ് കിരാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശിവഭഗവാന്റെ ഒരു അവതാരമാണ് കിരാതന്‍. പാണ്ഡവനായ അര്‍ജുനന് പാശുപാസ്ത്രം സമ്മാനിക്കാനായാണ് ശിവന്‍ കിരാത രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഏറ്റവും ധീരനായ പോരാളി, പരമഭക്തന്‍’ എന്ന ടാഗ് ലൈനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഗംഭീര റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാര്‍ഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമര്‍പ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ 25ന് തിയറ്ററുകളിലെത്തും. കന്നഡ , തെലുങ്ക് , തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
ഐതിഹാസികനായ ‘കിരാതന്‍’… കണ്ണപ്പയില്‍ ഞെട്ടിക്കാന്‍ മോഹന്‍ലാല്‍
വരും ദിവസങ്ങളില്‍ റോഡില്‍ വാഹനപരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം
തിരുവനന്തപുരം:റോഡപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വാഹനപരിശോധന കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താനാണ് തീരുമാനം. റോഡില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഡിജിപി മനോജ് എബ്രഹാം വിളിച്ചു ചേര്‍ത്ത ഉന്നതതല പൊലീസ് യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങള്‍ നാളെ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തെ അറിയിക്കും.
അടുത്തിടെ ആലപ്പുഴയിലും പാലക്കാടും പത്തനംതിട്ടയിലും ഉണ്ടായ അപകടങ്ങളില്‍ നിരവധിപ്പേരുടെ ജീവന്‍ പൊലിഞ്ഞ പശ്ചാത്തലത്തിലാണ് ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അമിത വേഗത്തില്‍ വാഹനം ഓടിക്കല്‍, അശ്രദ്ധമായി വണ്ടി ഓടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിന് പുറമേ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാര്‍ ഓടിക്കല്‍ എന്നിവയ്ക്കെതിരെയും നടപടികള്‍ കടുപ്പിക്കും. ഇതിനായി റോഡുകളില്‍ 24 മണിക്കൂറും പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ച് കര്‍ശന പരിശോധന നടത്തും. ഹൈവേകളില്‍ 24 മണിക്കൂറും സ്പീഡ് റഡാറുമായാണ് പരിശോധന നടത്തുക.
നിലവില്‍ സംസ്ഥാനത്ത് 675 എഐ കാമറകള്‍ ആണ് ഉള്ളത്. ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ എഐ കാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. എ ഐ കാമറകള്‍ പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കണ്ടെത്താന്‍ യോഗം ട്രാഫിക് ഐജിയോട് നിര്‍ദേശിച്ചു. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ എഐ കാമറകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
പ്രണയകവിത തുന്നി ചേർത്ത സാരി മുതൽ തൂവെള്ള ഗൗൺ വരെ; സർപ്രൈസുകൾ നിറഞ്ഞ കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ
ഏറെ നാളത്തെ പ്രണത്തിനൊടുവിൽ ഗോവയിൽ വെച്ച് ഡിസംബർ 12നാണ് നടി കീർത്തി സുരേഷ് വിവാഹിതയായത്. ബിസിനസുകാരനും ബാല്യകാല സുഹൃത്തുമായ ആൻറണി തട്ടിലിനെ ആണ് നടി വിവാഹം ചെയ്തത്. കീർത്തിയുടെ ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്കു. തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തിൽ പരമ്പരാഗത മഡിസാർ സാരി ധരിച്ചാണ് കീർത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീർത്തിയുടെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
മഞ്ഞയും പച്ചയും ചേർന്ന കാഞ്ചിപുരം സാരി ഗോൾഡ് സെറി വർക്കുകളാൽ മനോഹരമായിരുന്നു. വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് സാരി നെയ്‌തെടുത്തിരിക്കുന്നത്. സാരിയിൽ ആൻറണിക്കായി ഒരു സർപ്രൈസും കീർത്തി ഒരുക്കിയിരുന്നു. താൻ എഴുതിയ പ്രണയകവിത സാരിയിൽ തുന്നിച്ചേർത്താണ് വിവാഹസാരിയെ കീർത്തി സ്പെഷ്യലാക്കിയത്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. സാരി ഡിസൈൻ ചെയ്യുന്ന വീഡിയോ അനിത ഡോംഗ്രെ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം താരത്തിൻറെ ക്രിസ്ത്യൻ ആചാര പ്രകാരമുള്ള വിവാഹ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയത്. പരസ്പരം ചുംബിക്കുന്ന കീർത്തിയുടെയും ആൻറണിയുടെയും ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അടുത്തിടെയായിരുന്നു ആന്റണിയുമായുള്ള പ്രണയം കീർത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. പ്രണയം പൂവണിയാൻ പോകുന്നുവെന്ന വിവരം കീർത്തി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അറിയിച്ചത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ആൻറണിയും കീർത്തിയും തമ്മിലുള്ള ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. എഞ്ചിനീയറും ബിസിനസുകാരനുമാണ് കൊച്ചി സ്വദേശിയായ ആൻറണി. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആൻറണി.
‘മണിക്കൂറിൽ 225 കിലോമീറ്റർ വേഗം’, മായോട്ടെ ദ്വീപ് സമൂഹത്തെ തകർത്ത് ചിഡോ ചുഴലിക്കാറ്റ്
പാരീസ്: ഫ്രാൻസിലെ ദ്വീപ് സമൂഹമായ മായോട്ടെയെ തകർത്തെറിഞ്ഞ് ചിഡോ ചുഴലിക്കാറ്റ്. മണിക്കൂറിൽ 225 കിലോമീറ്റർ ശക്തിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ നൂറുകണക്കിന് ആളുകൾ മരണപ്പെട്ടതായാണ് വിലയിരുത്തൽ. ദ്വീപ് സമൂഹത്തിന്റെ പല മേഖലയിലേക്കും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലും സാധിച്ചിട്ടില്ലെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ മൊസാംബിക് മേഖലയിലുള്ള ദ്വീപ് സമൂഹങ്ങൾ ചിഡോ ചുഴലിക്കാറ്റിന് പിന്നാലെ സാരമായ നാശമാണ് നേരിടുന്നത്.
ഭക്ഷണവും വെള്ളവും താമസിക്കാൻ ഇടവും ഇല്ലാത്ത അവസ്ഥയിലാണ് ദ്വീപ് സമൂഹത്തിലെ 320000ത്തോളം ആളുകൾ. രാഷ്ട്രീയ അസ്ഥിരതയും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായ മായോട്ടെ ഫ്രാൻസിൽ നിന്നുള്ള സഹായത്തിലാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ദേശീയ പട്ടിണി നിരക്കിനും താഴെയുള്ളവരാണ് ദ്വീപിലെ 75 ശതമാനം ആളുകൾ. നാശനഷ്ടം വിലയിരുത്താനും കഷ്ടിച്ച് ചുഴലിക്കാറ്റിനെ അതിജീവിച്ചവരേയും സുരക്ഷിത ഇടങ്ങളിലേക്ക് നീക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് ഫ്രാൻസ് വിശദമാക്കുന്നത്.
മൊസാംബിക്കിൽ പേമാരിയും വലിയ രീതിയിലുള്ള നാശനഷ്ടവും ഉണ്ടാക്കിയ ശേഷമാണ് ചിഡോ മായോട്ടെ ദ്വീപിലേക്ക് എത്തിയത്. തിങ്കളാഴ്ച പുലർച്ചെയാണ് മൊസാംബിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പെംബയിലാണ് ചിഡോ ചുഴലിക്കാറ്റ് കരതൊട്ടത്. കെട്ടിടങ്ങൾ വലിയ രീതിയിൽ തകർക്കുകയും വൈദ്യുതി തടസവും ചുഴലിക്കാറ്റ് മായോട്ടെയിൽ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ.
ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വീണ്ടുംപ്രതിഷേധത്തിലേക്ക്
കൊൽക്കത്ത.വനിതാ ഡോക്ടർ ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട കൊൽക്കത്ത
ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വീണ്ടുംപ്രതിഷേധത്തിലേക്ക്
നാളെ മുതൽ 10 ദിവസത്തേക്കാണ് പ്രതിഷേധം. കേസിൽ പ്രതികളായ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്
ഉൾപ്പെടെ രണ്ടുപേർക്കും ജാമ്യം ലഭിച്ചതിനെതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം. കേസിൽ തെളിവ് നശിപ്പിച്ചു എന്ന വകുപ്പാണ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ചുമത്തിയിരിക്കുന്നത് സിബിഐ അനുബന്ധ കുറ്റപത്രം
എത്രയും വേഗം സമർപ്പിക്കണമെന്നും ഡോക്ടർമാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു
എംഎസ് സൊലൂഷനും അധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്ന് സംശയം; ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ചോർച്ചയിൽ തുടർനടപടി സ്വീകരിക്കാൻ വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതലയോഗം വൈകിട്ട് ചേരും. ചോർത്തിയെന്ന് സംശയിക്കുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് ഇന്നും പ്രവർത്തിക്കുന്നില്ല.
വിവാദമായ ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. എസ്എസ്എൽസിയുടെയും പ്ലസ് വണിന്റെയും ചോദ്യപേപ്പറുകളാണ് തലേ ദിവസം യൂ ട്യൂബ് ചാനലുകൾ ചോർത്തി നൽകിയത്. ഏറ്റവും അധികം ചോദ്യങ്ങൾ വന്ന എംഎസ് സൊല്യൂഷൻസ് ആണ് സംശയനിഴലിൽ. താൽക്കാലിമായി യൂ ട്യൂബ് ചാനലിന്റെ പ്രവർത്തനം നിർത്തുകയാണെന്ന് സ്ഥാപനത്തിൻ്റെ സിഇഒ എംഎസ് ഷുഹൈബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിവാദം ശക്തമായതിന് ശേഷം കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. എതിരാളികളായ ഓൺലൈൻ പ്ലാറ്റ്ഫോമുകളാണ് ആരോപണത്തിന് പിന്നിലെന്നായിരുന്നു എംഎസ് സൊല്യൂഷൻസിൻ്റെ ആദ്യ വാദം.
ചോദ്യപേപ്പർ ചോർച്ചക്ക് പുറമെ കൂടുതൽ കടുത്ത പരാതികളാണ് സ്ഥാപനം നേരിടുന്നത്. ക്ലാസെടുക്കുന്നതിനിടെ മുണ്ടഴിക്കുന്നതിൻ്റെയടക്കമുള്ള വീഡിയോ പുറത്തുവന്നിരുന്നു. എംഎസ് സൊലൂഷനും അധ്യാപകരും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ചോദ്യപേപ്പറുകൾ തയ്യാറാക്കിയ അധ്യാപകരുടെ പേരു വിവരങ്ങൾ നൽകാൻ പ്രധാന അധ്യാപകരോട് കോഴിക്കോട് ഡിഡിഇ ആവശ്യപ്പെട്ടു. ചോർച്ചയും ഭാവിയിൽ ചോരുന്നത് ഒഴിവാക്കാനുമുള്ള നടപടികൾ ചർച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചത്.
പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണം, ആത്മഹത്യ ചെയ്ത കമാൻഡോ വിനീതിൻ്റെ അവസാന സന്ദേശം
മലപ്പുറം. അരീക്കോട് എസ് ഒ ജി ക്യാമ്പിൽ വെച്ച് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത കമാൻഡോ വിനീതിൻ്റെ അവസാന സന്ദേശം പുറത്ത്. പരിശീലന ഓട്ടത്തിന്റെ സമയം കൂട്ടണമെന്നും എൻറെ ജീവൻ അതിനായി സമർപ്പിക്കുന്നുവെന്നും വിനീത് സുഹൃത്തിനയച്ച സന്ദേശത്തിൽ പറയുന്നു. പോലീസിലെ കൊടും പീഡനത്തിന്റെ ഇരയാണ് വിനീതെന്ന് ടി. സിദ്ധിഖ് എംഎൽഎ ആരോപിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.
കൊയിലാണ്ടി അരിക്കുളം ക്യാമ്പിലെ തണ്ടർബോൾട്ട് കമാൻഡോ ആയ വയനാട് കൽപ്പറ്റ സ്വദേശി വിനീത് റിഫ്രഷ്മെൻറ് പരിശീലനത്തിനായി നവംബറിലാണ് അരീക്കോട് ക്യാമ്പിലേക്ക് എത്തിയത്. 2011 ബാച്ചാണ്. പരിശീലന ഓട്ടത്തിൽ ട്രാക്ക് മാറിയതിനാലും സെക്കന്റുകളുടെ വ്യത്യാസത്തിലും പരാജയപ്പെട്ടു. ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ശാരീരികമായ പ്രയാസത്തിലും മാനസിക സമ്മർദ്ദവും കൊണ്ടാണ് ട്രാക്ക് മാറി ഓടിയതെന്നും മാപ്പ് തരണമെന്നും അപേക്ഷിച്ച് വിനീത് അസിസ്റ്റൻറ് അജിത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതൊന്നും സ്വീകരിക്കപ്പെട്ടില്ല. കൂടാതെ ക്യാമ്പിലെ പുല്ലു പറിക്കുന്ന ഉൾപ്പെടെയുള്ള വൃത്തിയാക്കൽ ജോലികളാണ് ചെയ്യിപ്പിച്ചത്. ഭാര്യ ഗർഭിണിയായതിനാൽ ഇടയ്ക്ക് ലീവുകൾക്ക് അപേക്ഷിച്ചിരുന്നു. ഇതൊന്നും നൽകിയില്ലെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു. നവംബറിൽ പരാജയപ്പെട്ടവർക്ക് ഇന്ന് വീണ്ടും റിഫ്രഷ്മെന്റ് കോഴ്സ് തുടങ്ങാൻ ഇരിക്കെയാണ് സ്വന്തം തോക്കിൽ നിന്ന് നിറയൊഴിച്ച് വിനീത് ജീവൻ വെടിഞ്ഞത്.
ജോലിസംബന്ധമായി വലിയ പീഡനം നേരിട്ടു എന്ന് തെളിയിക്കുന്നതാണ് അവസാന സന്ദേശം. അസിസ്റ്റൻറ് കമാൻഡൻസ് അജിത് കുമാറിൻ്റെ പേരും എടുത്തുപറയുന്നു. അരീക്കോട് മദർ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്റ്റ്മോർട്ടം . തുടർന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. വിനീതിന്റെ മരണവുമായി ബന്ധപ്പെട്ട് സേനയ്ക്കുള്ളിൽ അമർഷം കടുക്കുകയാണ്.
വാക്ക് തര്‍ക്കം നീണ്ടത് അരുംകൊലയിലേക്ക്, റാന്നിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി
പത്തനംതിട്ട. റാന്നിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. 24 വയസുള്ള അമ്പാടി സുരേഷാണ് മരിച്ചത്. ബിവറേജസ് കോർപ്പറേഷനു മുന്നിൽ ഇരു സംഘങ്ങൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കമാണ് അരുംകൊലയിൽ എത്തിയത്
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന പോലെയാണ് നടുറോഡിൽ അരുംകൊല ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മന്ദമരുതിയിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാൽ ദേഹത്തെ പരുക്കുകൾ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോർപ്പറേഷൻ മുന്നിൽ വച്ച് ചേത്തക്കൽ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തർക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്ത് വച്ച് സംഘങ്ങൾ ചെറുതായൊന്ന് ഏറ്റുമുട്ടി. മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു. അമ്പാടിയും സഹോദരങ്ങളും കാറിൽ ആദ്യം എത്തി. പുറത്തിറങ്ങി ഉടൻ. മറ്റൊരു കാറിലെത്തിയ പ്രതികൾ അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കി.
മകന് ഒരാളുമായി ശത്രുതയില്ല എന്നാണ് അമ്പാടിയുടെ അച്ഛൻ പറയുന്നത്. സഹോദരങ്ങൾക്കൊപ്പം കാറിൽ പുറത്തുപോയി എന്ന വിവരം മാത്രമേ അച്ഛന് അറിയു
ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ് , അജോ, ശ്രീക്കുട്ടൻ എന്നിവരാണ് പ്രതികൾ.സംഭവ ശേഷം വെച്ചൂച്ചിറ ഭാഗത്ത് വാഹനം ഉപേക്ഷിച്ച് ഇവർ എറണാകുളത്തേക്ക് മുങ്ങിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം
പാലായിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 1 വയസുള്ള കുഞ്ഞുൾപ്പെടെ 3 പേർക്ക് പരിക്കേറ്റു
കോട്ടയം: കോട്ടയം പാലായിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരു വയസുള്ള കുട്ടിയുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ ജയലക്ഷ്മി, മക്കളായ ലോറൽ, ഹെയ്ലി, എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. രാവിലെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.
‘നിങ്ങൾ കീഴടങ്ങുന്നോ? അതോ, ഞങ്ങൾ നിങ്ങളെ തുടച്ചു മാറ്റണോ?’; 1971 യുദ്ധത്തിൻറെ ഓർമ പുതുക്കി രാജ്യം
തിരുവനന്തപുരം: ഇന്ത്യൻ സൈന്യത്തിൻറെ കരുത്തിനും മനോബലത്തിലും മുന്നിൽ പാകിസ്ഥാൻ പരാജയപ്പെട്ട യുദ്ധമാണ് 1971ലേത്. കര – നാവിക – വ്യോമസേനകൾ അവരുടെ കരുത്ത് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുത്ത യുദ്ധം. ബംഗ്ലാദേശ് എന്ന രാജ്യത്തിൻറെ പിറവിക്ക് കൂടി കാരണമായ യുദ്ധത്തിൻറെ അൻപത്തിമൂന്നാം വാർഷികത്തിൽ ധീരസൈനികരുടെ ഓർമ്മ പുതുക്കുകയാണ് രാജ്യം.
ലോകത്ത് നടന്ന യുദ്ധങ്ങളുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ യുദ്ധം, കേവലം പതിമൂന്ന് ദിവസമാണ് ഇത് നീണ്ടുനിന്നത്. 1971ലെ യുദ്ധം അവസാനിച്ചപ്പോൾ ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിൻറെ പിറവി കൂടി ലോകം കണ്ടു. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ കിഴക്കൻ മേഖലയിൽ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യ – പാക് യുദ്ധത്തിലേക്ക് നയിച്ചത്. ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥികളുടെ വരവ് വർധിച്ചതോടെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നിർദ്ദേശിച്ചിരുന്നു.
ഇതിനായി റഷ്യയടക്കം രാജ്യങ്ങളുടെ പിന്തുണ ഇന്ദിരാ ഗാന്ധി ഉറപ്പാക്കി. യുദ്ധത്തിനായി സന്നാഹവുമായി കരസേന തയ്യാറാക്കിയിരിക്കെ 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ 11 എയർബേസുകളെ പാകിസ്ഥാൻ ആക്രമിച്ചതോടെ ഇന്ത്യയും യുദ്ധം പ്രഖ്യാപിച്ചു. കരയിലും ആകാശത്തും പാകിസ്ഥാൻ ഇന്ത്യൻ സൈനിക ശക്തിയുടെ ചൂടറിഞ്ഞു. അന്നു തന്നെ ബംഗ്ലാദേശിലുള്ള ബ്രാഹ്മണ്ബൈറ ജില്ലയിലെ ഗംഗസാഗറിൽ പാക് സൈന്യത്തിന്റെ ഒളിത്താവളത്തിലേക്ക് ഇന്ത്യൻ സൈനികർ പാഞ്ഞെത്തി. ബങ്കറിൽ പതിയിരുന്ന ഇന്ത്യൻ സൈനികർക്ക് നേരെ ഒളിയുദ്ധം നടത്തിയ പാക് സൈനികരെ തൻറെ ധീരതകൊണ്ട് കീഴടക്കിയ ലാൻസ് നായക് ആൽബർട്ട് ഏക്ക അടക്കം നിരവധി സൈനികരുടെ ത്യാഗം രാജ്യം ഒരിക്കലും മറക്കില്ല.
പരംവീർ ചക്ര നൽകി ലാൻസ് നായക് ആൽബർട്ട് ഏക്കയെ രാജ്യം ആദരിച്ചു. യുദ്ധത്തിൽ 90,000 ലേറെ പാകിസ്ഥാനി സൈനികർ കൊല്ലപ്പെട്ടു. അന്നത്തെ കരസേന മേധാവി ജനറൽ സാം മനേക്ഷാ ‘നിങ്ങൾ കീഴടങ്ങുന്നോ? അതോ, ഞങ്ങൾ നിങ്ങളെ തുടച്ചു മാറ്റണോ?’ എന്ന അന്ത്യശാസനം പാക് സേനയക്ക് നൽകി. പിന്നാലെ പാക് സൈനിക മേധാവി ജനറൽ ആമിർ അബ്‍ദുള്ള ഖാൻ നിയാസിയും സൈനികരും ഇന്ത്യക്ക് മുന്നിൽ അടിയറവ് പറഞ്ഞു. യുദ്ധ വിജയം ഇന്ദിരാ ഗാന്ധിയുടെ നയതന്ത്ര രാഷ്ട്രീയ ഇച്ഛാശക്തിയായി കൂടി ചരിത്രം രേഖപ്പെടുത്തി. കാലം എത്ര കഴിഞ്ഞാലും ആ യുദ്ധവിജയം ഇന്ത്യൻ ചരിത്രത്തിൽ സുവർണ്ണശോഭയായി നിലനിൽക്കും.







































