Home Blog Page 1779

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കാനാവില്ല, രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതിയെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ടതില്ല. രാഷ്ട്രീയ കളികൾ നിരോധിച്ചാൽ മതി. മതത്തിന്‍റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ല. രാഷ്ട്രീയത്തിന്‍റെ പേരിൽ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. ക്യാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ല.

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ഹാനികരമായ സമ്പ്രദായം ഇല്ലാതാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ആണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പൊതുതാൽപര്യ ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.

ആദിവാസി യുവാവിനെ കാറിൽ കൈ കുരുക്കിയ ശേഷം ടാർ റോഡിലൂടെ വലിച്ചിഴച്ചു

വയനാട്. മാനന്തവാടിയിൽ ആദിവാസി യുവാവിനോട് കൊടും ക്രൂരത. വിനോദ സഞ്ചാരികൾ തമ്മിലുള്ള കയ്യാങ്കളിയിൽ ഇടപെട്ടതിന് കാറിൽ കൈ കുരുക്കിയ ശേഷം ടാർ റോഡിലൂടെ വലിച്ചിഴച്ചു. ഗുരുതരമായി പരിക്കേറ്റ കുടൽകടവ് സ്വദേശി മാതൻ ചികിത്സയിൽ. സംഭവം സ്ഥലത്തുനിന്നും രക്ഷപ്പെട്ട അക്രമി സംഘത്തിനായി പൊലീസിന്റെ വ്യാപക തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ട് മാനന്തവാടി കുടൽകടവിൽ
ആയിരുന്നു കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത. ചെക്കഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി. ഇത് പരിഹരിക്കാൻ ശ്രമിച്ച ആദിവാസി യുവാവായ ചെമ്മാട് നഗർ സ്വദേശി മാതനെ കാറിൽ കൈ കുരുക്കിയശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. ടാർ റോഡിലൂടെ ഉരഞ്ഞ് മാതൻ്റെ നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.

പ്രതികൾ മദ്യലഹരിയിൽ ആയിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നേരെ പലതവണ കയ്യേറ്റവും അസഭ്യ വർഷവും ഉണ്ടായി. കുറ്റിപ്പുറം സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഇവർക്കായി വയനാട് കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് വയനാട് എസ് പി തപോഷ് ബസുമതാരി.

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി സ്ഥലം എംഎൽഎയും മന്ത്രിയുമായ ഒ ആർ കേളു അറിയിച്ചു.

‘മധ്യഭാഗത്ത് വച്ച് രണ്ടായി ഒടിഞ്ഞു’, നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പൽ കരിങ്കടലിൽ തകർന്നു

മോസ്കോ: നാലായിരം ടൺ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പൽ കരിങ്കടലിൽ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങിയത്. വോൾഗോനെഫ്റ്റ് 212 എന്ന റഷ്യൻ ടാങ്കർ കപ്പൽ രണ്ടായി ഒടിഞ്ഞാണ് മുങ്ങിയത്. കപ്പലിന്റെ അഗ്രഭാഗം അപകടത്തിന് പിന്നാലെ കുത്തനെ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിരുന്നു.

കെർച്ച് ഉൾക്കടലിൽ നിന്ന് ക്രീമിയയിലേക്ക് പോവുകയായിരുന്ന കപ്പൽ ക്രീമിയയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയായാണ് കരിങ്കടലിൽ തകർന്നത്. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ട് ക്രിമിനൽ കേസുകളാണ് റഷ്യ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 136 അടി നീളമുള്ള കപ്പലിൽ 15 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ മരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 4300 ഗുണ നിലവാരം കുറഞ്ഞ ഇന്ധന എണ്ണ ആയിരുന്നു കപ്പലിലുണ്ടായിരുന്നത്.

അപകടത്തിന് പിന്നാലെ ടഗ്ബോട്ടുകളും മിൽ എംഐ 8 ഹെലികോപ്ടറും ഉപയോഗിച്ച് റഷ്യ ഇതിനോടകം രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 12 പേരെ ഇതിനോടകം അപകടമുണ്ടായ സ്ഥലത്ത് നിന്ന് രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിൽ 11 പേർ ചികിത്സയിൽ കഴിയുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് മറ്റൊരു ചരക്കു കപ്പലും അപകടത്തിൽ പെട്ടിരുന്നു. നാല് ടൺ എണ്ണയാണ് വോൾഗോനെഫ്റ്റ് 239 എന്ന ഈ കപ്പലിലുണ്ടായിരുന്നത്. കടലിലെ ഇന്ധ ചോർച്ചയേക്കുറിച്ച് നിലവിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

55 വർഷം പഴക്കമുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. സെന്റ് പീറ്റേഴ്സ്ബർഗിൽ രജിസ്റ്റർ ചെയ്ത ഈ കപ്പലിൽ അടുത്തിടെയാണ് അറ്റകുറ്റ പണികൾ നടത്തിയത്. കപ്പലിന്റെ മധ്യ ഭാഗത്ത് നിന്ന് വലിയൊരു ഭാഗം മുറിച്ച് മാറ്റിയ ശേഷം വീണ്ടും വെൽഡ് ചെയ്ത് ചേർത്തിരുന്നു. ഈ വെൽഡ് ചെയ്ത ഭാഗത്ത് വച്ചാണ് കപ്പൽ രണ്ടായി ഒടിഞ്ഞത്.

‘കാലിന്റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി, ടാറിലൂടെ വലിച്ചിഴച്ചോണ്ട് പോയതല്ലേ?’ നൊമ്പരമായി മാതൻ

കൽപറ്റ: തനിക്കെതിരെയുണ്ടായ ആക്രമണം മനപൂർവമെന്ന് മാനന്തവാടിയിൽ അതിക്രമത്തിനിരയായ മാതൻ. മാനന്തവാടിയിൽ വിനോദസഞ്ചാരത്തിനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മാതനെ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തിൽ ​ഗുരുതരമായി പരിക്കേറ്റ മാതൻ മാനന്തവാടി ആശുപത്രിയിൽ ചികിത്സയിലാണ്.

കൈയ്ക്കും കാലിനും പുറത്തും സാരമായി പരിക്കേറ്റെന്ന് മാതൻ പറഞ്ഞു. അരക്കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു. സംഘർഷം തടയാൻ പോയപ്പോഴാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നും വാഹനം നിർത്താൻ പറഞ്ഞിട്ടും കാറിൽ ഉണ്ടായിരുന്നവർ തയ്യാറായില്ലെന്നും മാതൻ വെളിപ്പെടുത്തി.

കാലിന്‍റെ ഉപ്പൂറ്റി രണ്ടുമില്ല, പുറത്തെ തൊലിയെല്ലാം പോയി. കാറിന്‍റെ ഡോറിന്‍റെ ഇടയില്‍പെട്ട് കൈയും പോയി. ടാറിലൂടെ വലിച്ചോണ്ട് പോയതല്ലേ? നിര്‍ത്താന്‍ പറഞ്ഞിട്ടും അവര്‍ നിര്‍ത്തിയില്ല, അവര് ചൊറയൊണ്ടാക്കീട്ട് ഇങ്ങോട്ട് വന്നതാ. എന്താ പറ്റിയതെന്ന് ചോദിക്കാന്‍ വേണ്ടി പോയതാ, എന്നിട്ട് ചോദിച്ചുമില്ല. അപ്പോഴത്തേക്കും ഡോറ് കൂട്ടി അടച്ചു. എന്നിട്ടെന്നെ വലിച്ചോണ്ട് പോയി. അവര് മനപൂര്‍വം ചെയ്തേച്ച് പോയതാ. ശരീരത്തെ തൊലിയടര്‍ന്ന ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതന്‍ പ്രതികരിച്ചത്.

മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടു സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .കെ എൽ 52 എച്ച് 8733 എന്ന കാറിൽ സഞ്ചരിച്ച 4 യുവാക്കളാണ് അക്രമം കാണിച്ചത്.

പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി ഒ ആർ കേളു പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലിസിന് നിർദേശം നൽകിയിട്ടുണ്ട്. മാതന് ആവശ്യമായ ചികിൽസ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ ആക്രമിച്ച സംഭവം ശക്തമായി അപലപിച്ച് കെ രാധാകൃഷ്ണൻ എംപിയും രം​ഗത്തെത്തി. സമൂഹത്തിന്റെ മനോനിലയിൽ മാറ്റം വരേണ്ടതുണ്ടെന്നും നാട്ടിൽ നടക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും എംപി പറഞ്ഞു. അവശരെ ദ്രോഹിക്കുന്ന മനസ്സല്ല വേണ്ടത്, പൈസയുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്ന ധാരണ പാടില്ല. നടപടികൾ എടുക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു.

ശബരിമല ; അരവണ- കാണിയ്ക്ക വരുമാനത്തില്‍ വര്‍ധന; സീസണില്‍ ഇതുവരെ 163.89 കോടിയുടെ വരുമാനം

ശബരിമല : ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ്.പ്രശാന്ത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ വരുമാനം 141.13 കോടി രൂപയായിരുന്നുവെന്നും ഇപ്പോഴത് 22.76 കോടി വര്‍ധിച്ച് 163.89 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കണക്കുകള്‍ അവതരിപ്പിച്ചത്.

മണ്ഡല കാലം ഈരംഭിച്ച് ഡിസംബര്‍ 14 ന് 29 ദിവസം പിന്നിട്ടപ്പോഴുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. അരവണ വില്‍പനയിലാണ് കാര്യമായ മുന്നേറ്റം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 14 വരെയുള്ള കണക്കുകള്‍ പ്രകാരം 82.68 കോടി രൂപയുടെ അരവണ വിറ്റു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സീസണിലെ ആകെ വിറ്റുവരവ് തുകയായ 65.26 കോടി രൂപയില്‍ നിന്ന് 17.41 കോടി രൂപ കൂടുതലാണിത്. അതേ സമയം കാണിക്കവഞ്ചിയില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച തുകയേക്കാള്‍ 8.35 കോടി രൂപയും ഇത്തവണ അധികമെത്തിയിട്ടുണ്ട്യ

കണക്കുകളില്‍ ഭക്തരുടെ എണ്ണവും കൂടുതലാണ്. മണ്ഡലകാല സീസണില്‍ ഇത് വരെ 22.67 ലക്ഷം പേരോളം ശബരി മലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 18.17 ലക്ഷം പേരായിരുന്നു ദര്‍ശനത്തിനെത്തിയത്.

കഴിഞ്ഞ സീസണേക്കാള്‍ നാലരലക്ഷത്തിലേറെ ഭക്തര്‍ കൂടുതലായി എത്തിയെങ്കിലും പരാതികളൊന്നുമില്ലാതെ എല്ലാവര്‍ക്കും സുഖദര്‍ശനം നടത്താന്‍ കഴിഞ്ഞുവെന്നത് ഇത്തവണത്തെ ക്രമീകരണങ്ങളുടെ വിജയമാണെന്ന് അഡ്വ. പിഎസ്.പ്രശാന്ത് പറഞ്ഞു. ഈ സീസണ്‍ ആരംഭിക്കുമ്പോള്‍ 40 ലക്ഷം ടിന്‍ അരവണ കരുതല്‍ എന്ന നിലയില്‍ സ്റ്റോക്ക് ചെയ്തിരുന്നുവെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസ് സംവിധാനം വിജയകരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആണ്ടാള്‍ ക്ഷേത്രത്തിന്റെ അര്‍ത്ഥമണ്ഡപത്തിലേക്ക് ഇളയരാജയെ പ്രവേശിപ്പിച്ചില്ല ; തടഞ്ഞ് ക്ഷേത്രം അധികൃതര്‍

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ് ക്ഷേത്രം അധികൃതര്‍. ഇളയരാജ പ്രാര്‍ത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും തടഞ്ഞത്.

ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു . ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി.

സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാകുകയാണ്. ഇന്നലെ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ക്കും പ്രവേശനം നിഷേധിച്ചിരുന്നു. ചര്‍ച്ചകള്‍ ഇങ്ങനെ നീണ്ടു പോയാല്‍ പ്രശ്നം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ഇളയരാജ 45 വർഷത്തിലേറെയായി തമിഴ് സിനിമാ മേഖലയിലും പ്രവര്‍ത്തിച്ചു വരികയാണ്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വിടുതലൈ പാര്‍ട്ട്- 2’ ഡിസംബർ 20 ന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം.

രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ

തിരുവനന്തപുരം.കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐ.എഫ്.എഫ്.കെയിലെ ആദ്യപ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കായിരുന്നു എല്ലാ തീയറ്ററുകളിലും അനുഭവപ്പെട്ടത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് അപ്പുറം, മുഖക്കണ്ണാടി, വിക്ടോറിയ, കിഷ്കിന്ധാകാണ്ഡം, വെളിച്ചം തേടി, സൗദി വെള്ളക്ക എന്നീ മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതുൾപ്പടെ 14 തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ അകിര കുറസോവയുടെ സെവൻ സമുറായിയാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രദർശനം. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നേടിയ ആൻഹുയിയുടെ ബോട്ട് പീപ്പിൾ, ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്കാരം നേടിയ യങ്ങ്ഹാർട്ട്സും ഇന്ന് പ്രദർശിപ്പിക്കും. 16 സിനിമകളുടെ മേളയിലെ ആദ്യപ്രദർശനവും ഇന്ന് നടക്കും. ഫ്രഞ്ച് സംഗീതസംവിധായകയും നിർമ്മാതാവുമായ ബിയാട്രിസ് തിരിയറ്റിൻ്റെ അരവിന്ദൻ സ്മാരക പ്രഭാഷണവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് പരിപാടി.

ഒൻപത് വയസ്സുകാരിയെ വാഹനമിടിച്ച് മുങ്ങിയ കേസിൽ പ്രതി ഷെജിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ചോറോട് ഒൻപത് വയസ്സുകാരിയെ വാഹനമിടിച്ച കേസിൽ പ്രതി ഷെജിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തോട് റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ ദൃഷാന ഇപ്പോഴും അബോധാവസ്ഥയിലാണുള്ളത്. ഇക്കാര്യമുൾപ്പെടെ ചൂണ്ടികാണിച്ച്
അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാജ വിവരങ്ങൾ നൽകി ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഷെജീൽ നഷ്ടപരിഹാരം വാങ്ങിയിരുന്നു. ഇതിൽ ഷെജിലിനെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇതും റിപ്പോർട്ടിൽ പോലീസ് ഉൾപ്പെടുത്തും. കോഴിക്കോട് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതിയെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

കടലില്‍ ചൂണ്ടയിടാന്‍പോയി സ്വയം കുടുങ്ങി യുവാവ്

തിരുവനന്തപുരം. കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവിന്റെ കാൽ പാറക്കെട്ടിൽ കുടുങ്ങി അപകടം.

ഇടവ മാന്തറ മലപ്പുറം പള്ളിക്ക് സമീപം ബീച്ചിൽ ചൂണ്ടയിടാൻ ഇറങ്ങിയ താഴെവെട്ടൂർ ലക്ഷ്മിനിവാസിൽ വിജിൽ(37) ആണ് അപകടത്തിൽപ്പെട്ടത്. വർക്കല ഫയർ ഫോഴ്സെത്തി ഇരുമ്പ് കമ്പി പാര ഉപയോഗിച്ച് പാറക്കല്ലുകൾ നീക്കി യുവാവിനെ രക്ഷപ്പെടുത്തി. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവിന് കാലിന് സാരമായ പരിക്കുളളതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റല്‍ മുറിയിലിട്ട് മർദ്ദിച്ച സംഭവത്തില്‍ സംഘടനാ നടപടി

തിരുവനന്തപുരം. യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ഹോസ്റ്റല്‍ മുറിയിലിട്ട് മർദ്ദിച്ച സംഭവം. നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി. നാല് പേരെ സംഘടനയിൽ നിന്ന് പുറത്താക്കി

യൂണിവേഴ്സിറ്റി കോളജിനുള്ളിൽ മർദ്ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.ആദിൽ, ആകാശ്, അമീഷ്, കൃപേഷ് എന്നിവർക്കെതിരെയാണ് നടപടി