Home Blog Page 1173

ജമ്മു കശ്മീരിലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ ഏപ്രില്‍ 16ന് വിവാഹിതനായ നേവി ഉദ്യോഗസ്ഥനും

ജമ്മു കശ്മീരിലെ പഹൽഗാമില്‍ ഉണ്ടായ വന്‍ഭീകരാക്രമണത്തിൽ ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നാവികസേനയിലെ ലെഫ്റ്റനൻ്റ് വിനയ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയാണ്. ഇക്കഴിഞ്ഞ 16 നാണ് വിവാഹം നടന്നത്. മധുവിധു ആഘോഷിക്കാൻ ഭാര്യയുമായി യാത്ര തിരിച്ചതാണ്.

പടിഞ്ഞാറെ കല്ലടയിൽ വീണ്ടും മാലിന്യം നിക്ഷേപിക്കാൻ ശ്രമം,നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് തടഞ്ഞു

പടിഞ്ഞാറെകല്ലട. കോതപുരം വയലിൽ മീൻവളർത്തുന്നതിന്റെ മറവിൽ ഓച്ചിറ, കരുനാഗപ്പള്ളി മേഖലയിലെ ഹോട്ടൽ വേസ്റ്റുകളാണ് മാഫിയസംഘം കോതപുരത്തെ വയലിൽ നിക്ഷേപിക്കാനെത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സുധ, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി വി അനിൽ ലോക്കൽ കമ്മറ്റി അംഗങ്ങളായ കലാദേവി, അലീന എന്നിവരും പാർട്ടി പ്രവർത്തകരും നാട്ടുകാരും ചേർന്ന് തടഞ്ഞു. ശാസ്താംകോട്ട പോലീസ് എത്തി മാലിന്യം എത്തിച്ച വണ്ടിയും അതിലെ ജീവനക്കാരെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് മാലിന്യമാഫിയസംഘം സ്ത്രീകളടക്കമുള്ള നാട്ടുകാരെ ആക്ഷേപിക്കുകയും അക്രമത്തിനു തുനിയുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കമുള്ളവരുടെ സമയോചിതമായ ഇടപെടലാണ് അക്രമത്തിൽനിന്ന് തദ്ദേശവാസികളെ രക്ഷിച്ചത്.. മാലിന്യമുക്ത നവകേരള പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന മാഫിയ സംഘത്തെ അമർച്ചചെയ്യണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അവശ്യപ്പെട്ടു.

ജമ്മു കാശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

ന്യൂഡെല്‍ഹി.മരിച്ചവരില്‍ മലയാളിയും. കശ്മീർ ഭീകരാക്രമണത്തില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍ കൊല്ലപ്പെട്ടു.

കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിന് പോയതായിരുന്നു രാമചന്ദ്രന്‍.ഇന്നലെയാണ് രാമചന്ദ്രനും കുടുംബവും കാശ്മീരില്‍ എത്തിയത്.കുടുംബാംഗങ്ങള്‍ സുരക്ഷിതരാണ്. അതേസമയം ആഭ്യന്ത്രമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നത തലയോഗം തുടരുകയാണ്. പഹല്‍ഗാം സൈനിക വലയത്തിലാണ്. ദി റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഭീകര സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു.

ഷൈൻ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക

കൊച്ചി.ഷൈൻ ടോം ചാക്കോക്ക് താക്കീതുമായി ഫെഫ്ക . ഭാരവാഹികൾ ഷൈനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈന് ഒരു അവസരം കൂടി നൽകുമെന്നും ലഹരി സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ കർശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. അതേസമയം , നടിവിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക് എന്ന സൂചനയാണ് പുറത്ത് വരുന്നത്.

സൂത്രവാക്യം സിനിമയുടെ ഐ സി യോഗത്തിൽ വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക് എത്തിയെന്ന സൂചന വരുന്ന പശ്ചാത്തലത്തിലാണ് ഷൈൻ ടോം ചാക്കോയെ വിളിച്ച് വരുത്തി ഫെഫ്ക വിശദീകരണം ചോദിച്ചത്. ഭാരവാഹികൾ ഷൈനുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഷൈന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ.

അതേസമയം വിൻസിയുടെ പരാതിയിൽ ഐ സി റിപ്പോർട്ടിൽ ഇടപെടില്ലെന്നും റിപ്പോർട്ടിന് അനുസരിച്ചാകും തുടർ നടപടിയെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു .റിപ്പോർട്ട് സിനിമയുടെ നിർമ്മാതാവിന് |CC ഉടൻ കൈമാറും. മാധ്യമങ്ങളാണ് വിഷയം ആവർത്തിക്കില്ലെന്നും വിൻസിയോട് ഷൈൻ ICC യോഗത്തിൽ പറഞ്ഞു. പരാതികൾ സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിർമാതാവിന്റെ ആവശ്യപ്രകാരം ആണ് ഒത്തുതീർത്തപ്പ് ഫോർമുലയിലേക്ക് കാര്യങ്ങൾ എത്തിയത്. അതേസമയം, സുതാര്യവും സ്വകാര്യവുമായ പോകേണ്ട ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി യോഗം സിനിമാ സംഘടനകളുടെ ഓഫീസിൽ ചേർന്നതും മാധ്യമങ്ങൾക്കുമുന്നിൽ യോഗ വിവരങ്ങൾ എത്തിയതിലും ഫിലിം ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയിലെ ഒരു വിഭാഗം എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

രാജീവ് ചന്ദ്രശേഖറിന്റെ ഗുരുവായൂര്‍ റീൽസ് വിവാദമാകുന്നു

തൃശൂര്‍.ഗുരുവായൂർ ക്ഷേത്രത്തിൽ, ദൃശ്യങ്ങൾ ചിത്രീകരിക്കാൻ നിയന്ത്രണമുള്ള മേഖലയിൽ നിന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് വിവാദമാകുന്നു. ക്ഷേത്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് റീൽസ് ആയി രാജീവ് ചന്ദ്രശേഖർ തന്നെ പങ്കുവച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം.


ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയ ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റീൽസാണ് വിവാദത്തിൽ ആയിരിക്കുന്നത്. വിഷുദിനത്തിൽ മാധ്യമങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തിയ മേഖലയിലെ ദൃശ്യങ്ങൾ പകർത്തി റീൽസായി പങ്കുവെക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. നേരത്തെ ഗുരുവായൂർ നടപ്പന്തലിൽ റിയൽ ചിത്രീകരിച്ചതിൻ്റെ പേരിൽ സോഷ്യൽ മീഡിയ താരം ജസ്ന സലീമിനെതിരെ കലാപ ശ്രമത്തിന് ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ക്ഷേത്ര പരിസരത്തെ ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങളെയും ദേവസ്വം വിലക്കി. കഴിഞ്ഞദിവസം വിവാഹത്തിനെത്തിയ രണ്ടുപേരെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഗുരുവായൂർ ദേവസ്യത്തെ വെട്ടിലാക്കുന്ന റീൽസ് വിവാദം

രാസലഹരിക്കെതിരെസ്നേഹജ്വാല നടത്തി

ശാസ്താംകോട്ട :വർദ്ധിച്ചുവരുന്ന രാസലഹരിക്കെതിരെ നാളമായ്…… ജ്വാലയായ്…..
കത്തിപ്പടരാം.
രാസ ലഹരിക്കെതിരെ പോരാടാം എന്ന മുദ്രാവാക്യം ഉയർത്തി
എഐവൈഎഫ് ,എഐഎസ്എഫ്,കേരള മഹിളാ സംഘം,യുവകലാസാഹിതി എന്നിവരുടെ നേതൃത്വത്തിൽ സ്നേഹജ്വാല നടത്തി.
ചക്കുവള്ളിയിൽ നടന്ന
പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. എഐ വൈ എഫ് ജില്ലാ സെക്രട്ടറി ടി എസ് നിതീഷ് ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്,യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി പ്രൊഫ എസ് അജയൻ, അറഫാ ഷിഹാബ്, തിലക്, അനന്ദു രാജ്, വിമൽ കുമാർ എന്നിവർ
സംസാരിച്ചു.സംഘാടകസമിതി ചെയർപേഴ്സൺ അനിതാ പ്രസാദ് അധ്യക്ഷത വഹിച്ചു.സംഘാടകസമിതി കൺവീനർ ആർ മദന മോഹനൻ സ്വാഗതം ആശംസിച്ചു.
ക്യാമ്പയിന്റെ ഭാഗമായി നാടൻ പാട്ട്,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ നാടകം,വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
ക്യാമ്പയിന്റെ ഭാഗമായി എ ഐ വൈ എഫ് ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ ജാഥ നടത്തിയിരുന്നു.

കെ എസ് ജയരാജിന് പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം പ്രൊഫ. ജയലക്ഷ്മിയ്ക്ക് സാഹിത്യ പുരസ്ക്കാരം

ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല ആൻ്റ് വായനശാല ഏർപ്പെടുത്തിയ രണ്ടാമത് പി.മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരത്തിന് അടൂർ പഴകുളം കെ.വി.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.എസ്.ജയരാജ് അർഹനായി. പതിനായിരം രൂപയും ശില്പവുമാണ് അവാർഡ്.പി.മാധവൻ പിള്ളസാഹിത്യ പുരസ്ക്കാരം പ്രൊഫ.ജയലക്ഷ്മിയുടെ കുഞ്ഞിക്കാളിക്കുരവ എന്ന നോവലിന് നൽകും. ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. പുരോഗമന പ്രസ്ഥാനങ്ങളുടെ സഹയാത്രികനും ഹിന്ദി അധ്യാപകനുമായ പി.മാധവൻ പിള്ളയുടെ സ്മരണയെ മുൻനിർത്തിയാണ് ഇ എം എസ് ഗ്രന്ഥശാല ഈ അവാർഡുകൾ ഏർപ്പെടുത്തിയത്.പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ.അനിൽകുമാർ, അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ സെക്രട്ടറി വി.എൻ.സദാശിവൻപിള്ള, മാധ്യമ പ്രവർത്തകൻ ഹരികുറിശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡുകൾ നിശ്ചയിച്ചത്.

പൊതു വിദ്യാഭ്യാസ രംഗത്ത് നൽകിയ സംഭാവനകളും അക്കാദമിക് മികവും മുൻനിർത്തിയാണ് പി മാധവൻ പിള്ള സ്മാരക ഹിന്ദി അധ്യാപക പുരസ്കാരം കെ.എസ്.ജയരാജിനും മലയാളത്തിലെ മികച്ച ദളിത്- സ്ത്രീപക്ഷ നോവലായതിനാലാണ് പ്രൊഫ. ജയലക്ഷ്മിയുടെ കുഞ്ഞിക്കാളി കുരവയ്ക്ക് പി.മാധവൻ പിള്ളസാഹിത്യ പുരസ്ക്കാരം നൽകുന്നതെന്നും അവാർഡ് കമ്മിറ്റി അറിയിച്ചു. മെയ് 3 ശനിയാഴ്ച വൈകിട്ട് പള്ളിശ്ശേരിക്കൽ ഇ എം എസ് ലൈബ്രറി അങ്കണത്തിൽ നടക്കുന്ന പി.മാധവൻപിള്ള സ്മൃതി സായാഹ്നത്തിൽ പ്രശസ്ത കവിയും നോവലിസ്റ്റുമായ സോമൻ കടലൂർ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഇ.എം.എസ്.ഗ്രന്ഥശാല പ്രസിഡൻ്റ് അജയകുമാറും സെക്രട്ടറിയാസിമും അറിയിച്ചു.

ജമ്മു കാശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി വിവരം

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശത്തെത്തി പരിശോധന തുടങ്ങി. ബൈസാറിന്‍ എന്ന കുന്നിന്‍ മുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായോട് ഭീകരാക്രമണം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരില്‍ മൂന്നുപേര്‍ പ്രദേശവാസികളാണ്. പഹല്‍ഗമാമിലെ ബെയ്‌സരണ്‍ താഴ്വരയിലാണ് വെടിവെപ്പ് നടന്നതെന്നാണ് ജമ്മു കാശ്മീര്‍ പൊലീസ് പറയുന്നത്. ഈ പ്രദേശത്തേക്ക് വാഹനത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. കാല്‍നടയായോ കുതിരകളെ ഉപയോഗിച്ചോ മാത്രം എത്താവുന്ന ദുഷ്‌കരമായ പാതയാണ് ഇവിടേക്കുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയവരില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നാണ് വിവരം.

ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം…. ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പെഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ ഒരാള്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെ കുന്നിന്‍മുകളില്‍ ക്ഷീണിതരായി ഇരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഒരു കൂട്ടം ഭീകരവാദികള്‍ വെടിയുതിര്‍ത്തത്. വിനോദ സഞ്ചാരികള്‍ ട്രക്കിംഗിന് എത്തിയത്. പുരുഷനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ അടുത്തു നിന്ന് വെടിയുതിര്‍ത്തതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഒരു ദൃക്സാക്ഷി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പെഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ബൈസരന്‍ പുല്‍മേട്. കാല്‍നടയായോ കുതിര സവാരിയിലൂടെയോ മാത്രമേ ഇവിടെ എത്താന്‍ കഴിയൂ. ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു.
പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. താഴ്വരകള്‍, തടാകങ്ങള്‍, വിശാലമായ പുല്‍മേടുകള്‍ എന്നിവയ്ക്ക് പേരുകേട്ട പെഹല്‍ഗാം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

സിവില്‍ സര്‍വീസ് പരീക്ഷാഫലം; ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ രണ്ട് റാങ്കുകളും വനിതകള്‍ക്കാണ്. ഉത്തര്‍പ്രദേശ് സ്വദേശിനി ശക്തി ദുബെ ഒന്നാം റാങ്ക് നേടി. ഹര്‍ഷിത ഗോയല്‍, ഡോംഗ്രെ അര്‍ചിത് പരാഗ് എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാര്‍. ആദ്യ നൂറ് റാങ്കുകളില്‍ അഞ്ച് മലയാളി വനിതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മാളവിക ജി നായര്‍ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദര്‍ശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട മലയാളികള്‍. മലപ്പുറം സ്വദേശി മാളവിക മൂന്നാം തവണയാണ് സിവില്‍ സര്‍വീസ് ലിസ്റ്റില്‍ വരുന്നത്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു മെയിന്‍സ് പരീക്ഷ. നിലവില്‍ ഐ ആര്‍ എസ് ഉദ്യോഗസ്ഥയാണ്. ഐ എ എസ് ആഗ്രഹിച്ച് പഠിത്തം തുടരുകയായിരുന്നുവെന്ന് മാളവിക പറഞ്ഞു. മാളവികയുടെ ഭര്‍ത്താവ് ഐപിഎസുകാരനാണ്.നാല്‍പ്പത്തിയേഴാം റാങ്ക് നേടിയ നന്ദന കൊട്ടാരക്കര സ്വദേശിനിയാണ്. രണ്ടാമത്തെ ശ്രമത്തിലാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ആദ്യ ശ്രമത്തില്‍ പ്രിലിംസ് പാസാകാന്‍ കഴിഞ്ഞില്ലെന്നും കഠിനാദ്ധ്വാനവും അദ്ധ്യാപകരുടെ സഹായവുമാണ് തിളക്കമേറിയ വിജയത്തിന് പിന്നിലെന്ന് നന്ദന പ്രതികരിച്ചു.1009 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു മെയിന്‍ എക്‌സാം നടന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരുന്നു അഭിമുഖം.