ശാസ്താംകോട്ട:ഭരണിക്കാവ് സ്റ്റാൻ്റിൽ ബസിൽ കയറാൻ അനുവദിക്കാതെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറഞ്ഞ സ്വകാര്യ ബസ് ജീവനക്കാരൻ പിടിയിൽ.കുണ്ടറ – ഭരണിക്കാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന സെൻ്റ് ജോൺസ് എന്ന ബസിലെ ജീവനക്കാരനായ അനുവിനെയാണ് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം പകൽ 12.45 ഓടെയാണ് സംഭവം.ചന്ദനത്തോപ്പ് സ്വദേശികളായ സ്ത്രീകളും കുട്ടികളും മൈനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയ ശേഷം ഏറെ നേരമായി ഇളമ്പള്ളൂർ ഭാഗത്തേക്കുള്ള ബസ് കാത്ത് സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്നു.ഇതിനിടെ കരുനാഗപ്പള്ളിയിൽ നിന്നും ഇളമ്പള്ളൂരിലേക്കുള്ള രാജ എന്ന ബസ് എത്തുകയും ബസിൽ കയറാനായി സ്ത്രീകളും കുട്ടികളും പിറകിലെ വാതിൽ തുറന്നപ്പോൾ,ഈ ബസിൻ്റെ പിറകിലായുള്ള സെൻ്റ് ജോൺസ് ബസിലെ ജീവനക്കാരനായ അനു ഓടിയെത്തി ഇവരെ തള്ളിമാറ്റിയ ശേഷം കാൽ കൊണ്ട് വാതിൽ ചവിട്ടി അടയ്ക്കുകയും,ബസ് പറഞ്ഞ് വിടുകയും ചെയ്തു.ഇത് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണിയും അസഭ്യ വർഷവും ഉണ്ടായതെന്നും സംഭവം കണ്ടു നിന്ന മറ്റ് ജീവനക്കാരും യാത്രക്കാരും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു.തുടർന്ന് ഇവർ ശാസ്താംകോട്ട പോലീസിൽ പരാതി നൽകുകയായിരുന്നു.പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ബസ് ജീവനക്കാരനെ വിട്ടയച്ചു.


































