ഹരിയാനയിലെ ഖേര്‍ക്കി മജ്റ ഗ്രാമത്തില്‍ പാചകത്തിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിലിണ്ടര്‍ ക്ഷാമം കാരണം ഇവര്‍ പ്രാദേശികമായി ലഭിച്ച ചെറിയ അഞ്ച് കിലോ സിലിണ്ടര്‍ ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം നടന്നത്.
Also Read:
ചെറിയ സിലിണ്ടറില്‍ നിന്നുണ്ടായ വാതക ചോര്‍ച്ചയെത്തുടര്‍ന്ന് തീപിടിക്കുകയും സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബിഹാറില്‍ നിന്നുള്ള അഞ്ച് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. 30-നും 35-നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. എല്ലാവര്‍ക്കും ഏകദേശം 40ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഖേര്‍ക്കി മജ്റ ഗ്രാമത്തിലെ ബിട്ടു എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. ആറ് തൊഴിലാളികളാണ് ആ മുറിയിലുണ്ടായിരുന്നത്.
അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റവരെ സമീപത്തെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയത്ത് മാവ് വാങ്ങാനായി പുറത്തുപോയ ഇവരുടെ കൂട്ടുകാരന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ധന്‍കോട്ട് പോലീസ് ചൗക്കിയില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.































