ന്യൂഡൽഹി: വൈറൽ റീലുകൾക്ക് വേണ്ടി നടുറോഡിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡോറുകൾ ബൈക്കിൽ സഞ്ചരിച്ച് തുറന്ന യുവാവ് അറസ്റ്റിൽ. ഡൽഹി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്, ഖജുരി ഖാസ് സ്വദേശി തുഷാർ പുനിയ എന്ന യുവാവാണ് അറസ്റ്റിലായത് ഡിടിസി ബസിന്റെ അടക്കം ഡോർ യുവാവ് തുറന്നിരുന്നു. മോട്ടോർ വാഹന നിയമപ്രകാരമാണ് കേസ്. പൊലീസ് പങ്കുവച്ച വീഡിയോ ഇപ്പോൾ വൈറലാണ്.
22 കാരനാണ് തുഷാർ പൂനിയ. വടക്ക്കിഴക്കൻ ഡൽഹിയിലെ റോഡുകളിലായിരുന്നു യുവാവിന്റെ പരാക്രമങ്ങളിലേറെയും. ബസ്, കാർ,മിനിവാൻ തുടങ്ങി വിവിധ വിഭാഗത്തിലെ വാഹനങ്ങൾക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. ഖജൂരി ഖാസ് സ്വദേശിയാണ് 22കാരൻ. ഫെബ്രുവരി 16നാണ് യുവാവിന്റെ റീൽ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായത്.
രജിസ്ട്രേഷൻ നമ്പറില്ലാത്ത ബൈക്കിലെത്തി തിരക്കേറിയ റോഡിൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസിന്റെ ഡോർ തുറന്ന് യുവാവ് പോകുന്നതായിരുന്നു വീഡിയോ. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ രീതിയിൽ ആശങ്കയ്ക്ക് വഴി തെളിച്ചതായിരുന്നു സംഭവം. ഇതോടെയാണ് പൊലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മേഖലയിലെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ വിലയിരുത്തിയാണ് തുഷാറിനെ കണ്ടെത്തിയത്. വൈറൽ റീലിനായി ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



























