കൊല്ലം: ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിന്റെ ഒന്നാം നിലയില്‍ താമസിച്ചിരുന്ന 58 വയസുകാരനായ സെബാസ്റ്റ്യനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് ആണ് ഉത്തരവിട്ടത്. കൊല്ലപ്പെട്ട ആളിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന കുറ്റത്തിന് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴ ഒടുക്കണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
ഇരവിപുരം മാര്‍ക്കറ്റിലെ പഴകച്ചവടക്കാരനായിരുന്നു കൊല്ലപ്പെട്ട സെബാസ്റ്റ്യന്‍. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെ വീടിന്റെ എതിര്‍വശമായിരുന്നു പ്രതി താമസിച്ചിരുന്നത്.
Also Read:
പുകവലിക്കാരനായ പ്രതി നിരന്തരം ബീഡി വലിച്ചതിന് ശേഷം ബീഡികുറ്റികള്‍ സെബാസ്റ്റ്യന്റെ വീടിന് സമീപത്തിടുമായിരുന്നു. 2023 നവംബര്‍ 8ന് രാവിലെ ബീഡികുറ്റികള്‍ ഇടുന്നതിനെ സംബന്ധിച്ചുള്ള പരാതി സെബാസ്റ്റ്യന്റെ ഭാര്യയും മരുമകളും ചേര്‍ന്ന് പ്രതിയുടെ അമ്മയോട് പറഞ്ഞതിന്റെ വിരോധത്തില്‍ സെബാസ്റ്റ്യന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളോജ് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. സംഭവസമയത്ത് തടസ്സം പിടിക്കാന്‍ ശ്രമിച്ച സെബാസ്റ്റ്യന്റെ ഭാര്യയെയും മകളെയും പ്രതി ഉപദ്രവിച്ചിരുന്നു. ഇവര്‍ കൊലപാതകത്തിന്റെ ദൃക്സാക്ഷികളായി കോടതിയില്‍ മൊഴി നല്‍കി.
ഇരവിപുരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. രാജീവ്. വി. ഷിബു എന്നിവര്‍ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസില്‍ പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍. ജി. മുണ്ടയ്ക്കല്‍, അഡ്വ. അഗജ് എസ്. ലില്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യുഷന്‍ നടപടികള്‍ ഏകോപ്പിച്ചത് എഎസ്‌ഐ മഞ്ചുഷ ആയിരുന്നു.






























