Home News Local സോപാനത്തിലേക്ക് അണമുറിയാതെജനപ്രവാഹം:കണ്ണീരോർമയായി ഹരികൃഷ്ണൻ

സോപാനത്തിലേക്ക് അണമുറിയാതെജനപ്രവാഹം:കണ്ണീരോർമയായി ഹരികൃഷ്ണൻ

Advertisement

കുന്നത്തൂർ:സൈനികനാവാൻ കൊതിച്ച് പാതിവഴിയിൽ മടങ്ങേണ്ടി വന്ന ഹരികൃഷ്ണൻ (18) ഇനി കണ്ണീരോർമ്മ.കൊല്ലം മരുത്തടിയിൽ
ക്ഷേത്രോത്സവത്തിനിടെ തടിക്കഷണം
കൊണ്ട് അക്രമികൾ തലയ്ക്ക് അടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഹരികൃഷ്ണൻ്റെ മൃതദേഹം കുന്നത്തൂർ ഐവർകാല കിഴക്ക് സോപാനം വീട്ടിലെത്തിച്ചപ്പോൾ,
ചേതനയറ്റ അവൻ്റെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ അണമുറിയാതെ ജനപ്രവാഹമാണ് ഒഴുകിയെത്തിയത്.നിറ മിഴികളോടെ വിങ്ങുന്ന ഹൃദയവുമായാണ് സ്ത്രീകൾ അടക്കമുള്ളവർ എത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ച കഴിഞ്ഞ് ഹരികൃഷ്ണൻ്റെ മൃതദേഹം ആദ്യമെത്തിച്ചത് അടൂർ മണക്കാല ഗവ.പോളിടെക്നിക് കോളേജിലേക്കായിരുന്നു.ഇവിടെ അല്പനേരം പൊതുദർശനത്തിനു വച്ചു.സഹപാഠികളും അധ്യാപകരും നിറമിഴികളോടെയാണ് അന്തിമോപചാരം അർപ്പിച്ചത്.പിന്നീട് ചെറിയ പ്രായത്തിൽ അവൻ പഠിച്ചു കളിച്ചു നടന്ന ഐവർകാല കീച്ചപ്പിള്ളിൽ ദേവീ വിലാസം എൻഎസ്എസ് യു.പി സ്കൂളിൻ്റെ മുറ്റത്തേക്ക് മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ നാട്ടുകാരും അമ്മമാരും കൂട്ടുകാരുമെല്ലാം ഉച്ചത്തിൽ അലമുറയിട്ടു.തുടർന്ന് മൃതദേഹം അവൻ്റെ സ്വർഗമായിരുന്ന സോപാനമെന്ന കൊച്ചു വീട്ടിലേക്ക്.

പാർക്കിസൺസ് രോഗം മൂലം എപ്പോഴും കൈകാലുകൾക്ക് വിറയൽ
അനുഭവപ്പെടുന്ന പിതാവ് ജയസേനനെയും
ഭിന്നശേഷിക്കാരിയായ മാതാവ് രജനിയെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നാടു കുഴങ്ങി.രജനിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും പെടാപാടുപ്പെട്ടു.ഇരുവരുടെയും സ്വപ്നങ്ങളാണ് പിതാവിൻ്റെ പ്രായം വരുന്ന അക്രമികൾ തല്ലി തകർത്തത്.സന്ധ്യയോടെ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ സഹോദരൻ ജയകൃഷ്ണൻ അഗ്നി പകർന്നു.

വീടിനു സമീപത്തുള്ള ഗണപതിയാംമുകൾ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത ശേഷമാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും സഹോദരി ഭർത്താവിനൊപ്പം മരുത്തടിയിലേക്ക്
പോയത്.കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തിരുവാഭരണഘോഷയാത്ര കണ്ടുനിൽക്കെ മദ്യപിച്ചെത്തിയ
ക്ഷേത്രം ഭാരവാഹികളായ ചിലരാണ് മകൻ്റെ പ്രായം മാത്രമുള്ള ഹരികൃഷ്ണനെ ആക്രമിച്ചത്.വീട് എവിടെയെന്ന് തിരക്കിയ ശേഷം വരുത്തന്മാർക്ക് എന്താടാ ഇവിടെ കാര്യമെന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം.സഹോദരൻ ജയകൃഷ്ണൻ ഓടിയെത്തി പ്രശ്നം പരിഹരിച്ച ശേഷം ഹരികൃഷ്ണനെ കൂട്ടിക്കൊണ്ടുപോയി.

പിന്നീട് തിരിച്ചെത്തിയ അക്രമികൾ ഹരികൃഷ്ണനെയും സഹോദരനെയും ആഡിറ്റോറിയത്തിനടുത്തേക്ക് സൗഹൃദ രൂപേണ വിളിച്ചു വരുത്തി ആക്രമിക്കുകയും തടിക്കഷണം കൊണ്ട് ഹരികൃഷ്ണൻ്റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.അബോധാവസ്ഥയിലായ ഹരികൃഷ്ണനെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയുണ്ടായി.ഇവിടെ വെൻ്റിലേറ്ററിൽ കഴിയവേ മസ്തിഷ്ക മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here