ശാസ്താംകോട്ട:സാമൂഹ്യ ക്ഷേമത്തിന് പ്രാധാന്യം നൽകി 2026-27 സാമ്പത്തിക വർഷത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ബി.ശിവശങ്കരപ്പിള്ള അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.പൊതുജന ആരോഗ്യ രംഗം,സാമൂഹ്യ ക്ഷേമം,ഭവന നിർമാണം തുടങ്ങിയ മേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്തിട്ടുണ്ട്. 32,26,40,900 രൂപ വരവും 32,15,94,875 ചിലവും 10,46,025 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമാണ മേഖലയിൽ 2 കോടി രൂപയും പൊതുജന ആരോഗ്യ മേഖലയിൽ 2.13 കോടി രൂപയും, പട്ടികജാതി ക്ഷേമത്തിന് 1.3 കോടി രൂപയും, സാമൂഹ്യക്ഷേമ മേഖലയിൽ 1.18 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ അവയവദാന – രക്തദാന ഗ്രാമമായി മാറ്റുന്നതിനു വേണ്ടി “പുനർജനി” പദ്ധതി, കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിനു കെണി ഒരുക്കി പന്നിശല്യം ഒഴിവാക്കുന്നതിനായി കൂടുകൾ സ്ഥാപിക്കാനുള്ള “കെണി” പദ്ധതി, തെരുവുനായശല്യം ഒഴിവാക്കാൻ പോർട്ടബിൾ എബിസി യൂണിറ്റ് സ്ഥാപിക്കൽ പദ്ധതി, ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും നൈപുണ്യ പരിശീലനം നൽകി സംരംഭം ആരംഭിക്കുന്നതിനുള്ള “ഒപ്പം” പദ്ധതി, കൗമാര പെൺകുട്ടികൾക്ക് ആരോഗ്യ പരിപാലനത്തിനുള്ള “അവൾക്കൊപ്പം” പദ്ധതി എന്നിവ നൂതനമായി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്നു.
കൃഷി, പൊതുമരാമത്ത്, പൊതുവിദ്യാഭ്യാസം, യുവജന ക്ഷേമം, കലാസംസ്കാരികം, കുടിവെള്ളവും ശുചിത്വവും തുടങ്ങിയ മേഖലകൾക്ക് പുറമെ, തൊഴിലും തൊഴിൽ സൗകര്യങ്ങളും ഒരുക്കൽ, പ്രകൃതി ക്ഷോഭം മൂലമുള്ള ദുരിതാശ്വാസം, മണ്ണ് ജല സംരക്ഷണം, ക്ഷീരവികസനം, മൃഗ സംരക്ഷണം, ഗ്രാമ വികസനത്തിനുള്ള പ്രത്യേക പരിപാടികൾ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ, ചെറുകിട ഗ്രാമീണ വ്യവസായം എന്നീ മേഖലകളിലും തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തിൽ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനു.ഐ.നായർ,
അനുപമ.പി.റ്റി, അംബികാകുമാരി,ശ്രീലക്ഷ്മി,രജനി സുനിൽ,ആശ രമേശ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ശിവപ്രസാദ്,മെഹറുന്നിസ്സ ബീഗം, ഇന്ദു.എസ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ചാങ്കൂരേത്ത്, അസൂറ അർത്തിയിൽ,നിഖിൽ മനോഹർ, അരവിന്ദ്.എം,അമൃതപ്രിയ.ബി.എസ്,രാഖി പ്രവീൺ, പി.സി.കോശി വൈദ്യൻ, ജയപ്രിയ,രാജി.വി.സി,മേരി അലക്സ്, സെക്രട്ടറി സുചിത്രാദേവി.എം,മറ്റു നിർവഹണ ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ,ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ,മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


































