കുന്നത്തൂർ:കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകൻ്റെ തല അടിച്ചു പൊട്ടിച്ച ആർഎസ്എസ് പ്രവർത്തകർ ഒളിവിൽ.ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകൻ പ്രിഥ്വിരാജ് പ്രസാദിന് (23) നേരെ കഴിഞ്ഞ 17 ന് ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആക്രമണം നടന്നത്.
കെട്ടുകാഴ്ച നടക്കുന്നതിടെ സംഘടിച്ചെത്തിയ ആർഎസ്എസ് പ്രവർത്തകർ മുൻ വൈരാഗ്യത്തിൻ്റെ പേരിൽ കുമരംചിറ കളത്തട്ടിന് സമീപം വച്ച് രാത്രി 10.30 ഓടെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
ദണ്ഡ്,ഇടിവള,വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.പിന്നീട് ആക്രമണത്തിന് ഇരയായ പ്രിഥ്വിരാജിനെ വലിച്ചിഴച്ച് കെട്ടുകാഴ്ച നടന്ന വയലിൽ എത്തിച്ച് അതി ക്രൂരമായി വീണ്ടും ആക്രമിക്കുകയുണ്ടായി.അസഭ്യം പറഞ്ഞു കൊണ്ട് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയായിരുന്നു ആക്രമണം.ആക്രമണത്തിൽ സാരമായി പരിക്കേറ്റ പ്രിഥ്വിരാജ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയ്യാളുടെ പിതാവിൻ്റെ സഹോദരൻ്റെ മകനെ മുൻപ് ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം നിമിത്തമാണ് ആക്രമണമെന്നാണ്
പോലീസ് പറയുന്നത്.അക്രമി സംഘത്തെ കണ്ടുനിന്ന നാട്ടുകാർ കൈയ്യേറ്റം ചെ.്തതായും പറയപ്പെടുന്നു.സംഭവത്തിൽ ശൂരനാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.ആർഎസ്എസ് പ്രവർത്തകരായ ആകാശ്,അച്ചു,നന്ദു,കിച്ചു,വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന കണ്ടാലറിയാവുന്ന സംഘത്തിൻ്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശ്നം ഒത്തുതീർപാക്കാൻ ബിജെപി നടത്തിയ ശ്രമം വിജയിച്ചില്ല.
പ്രശ്നം മാധ്യമങ്ങളിൽ നിന്നും ഒളിച്ചു വയ്ക്കാന്‍ പൊലീസും ശ്രമിച്ചതായി ആക്ഷേപമുണ്ട്.കുന്നത്തൂർ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന മുഖ്യ പ്രരുകളിൽ ഒന്നാണ് ബിജെപി ജില്ലാ പ്രസിഡൻ്റായ രാജി പ്രസാദിൻ്റേത്.


































