ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കായി കല്ലുംതാഴം – അയത്തില്‍ ബൈപാസ് റോഡിൽ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി. ബദല്‍ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. 21 മുതല്‍ 28 വരെ രാത്രി 9 മണിക്ക് ശേഷമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 30 ട്രാഫിക് വാര്‍ഡന്മാരെ നിയോഗിക്കും. വഴിതിരിച്ചു വിടാനുള്ള സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പരീക്ഷ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം അധിക സൗകര്യം ഒരുക്കും. പുളിയത്ത്മുക്ക് – കല്ലുംതാഴം റോഡ് നവീകരണം ഫെബ്രുവരി 28ന് മുമ്പ് പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കും. റെയില്‍ ലെവല്‍ ക്രോസ് സാഹചര്യത്തിനനുസൃതമായി അധികസമയം തുറന്ന് നല്‍കുന്നതിനും നിര്‍ദേശം നല്‍കി.
കല്ലുംതാഴം, അയത്തില്‍ ജംഗ്ഷനുകളിലെ അടിപ്പാതയില്‍ ഇരുവശത്തേക്കും സഞ്ചാരം ഉറപ്പാക്കും. പാല്‍ക്കുളങ്ങര – എന്‍ എച്ച് അപ്രോച്ച് റോഡും ഗതാഗത യോഗ്യമാക്കും.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി/ മള്‍ട്ടിപ്പിള്‍ ആക്‌സല്‍ വാഹനങ്ങള്‍ ചവറ കെഎംഎംഎല്‍ ഭാഗത്ത്‌നിന്ന് ശാസ്താംകോട്ട- ഭരണിക്കാവ് – കണ്ണനല്ലൂര്‍ വഴി കടത്തിവിടാനും തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊട്ടിയത്ത് നിന്ന് തിരിഞ്ഞ് കണ്ണനല്ലൂര്‍ – ഭരണിക്കാവ് – ശാസ്താംകോട്ട – ചവറ കെഎംഎംഎല്‍ വഴി എന്‍.എച്ചിലേക്ക് പ്രവേശിപ്പിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 21 ന് ട്രയല്‍ റണ്‍ നടത്തും. എഡിഎം ജി നിര്‍മല്‍കുമാര്‍, പോലീസ്, ആര്‍ടിഒ, പിഡബ്ല്യുഡി, വിദ്യാഭ്യാസ വകുപ്പുകള്‍, എന്‍എച്ച്എഐ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു





























