വേനല്‍ച്ചൂടില്‍ മൃഗങ്ങളിലും സൂര്യാഘാതസാധ്യതാ മുന്നറിയിപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശം. സാഹചര്യം നേരിടാന്‍ എല്ലാ മൃഗാശുപത്രികളും സജ്ജമാക്കി. മരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ശേഖരിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഹീറ്റ് ആക്ഷന്‍ പ്ലാനാക്കി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. താപനില നിശ്ചിതപരിധിക്ക് മുകളില്‍ഉയരുന്ന ഘട്ടങ്ങളില്‍, എസ്എംഎസ് വഴി കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കും.
പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും മധ്യേ തുറസായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്. പശുക്കളെ പാടത്ത് കെട്ടിയിടരുത്. ആസ്ബസ്റ്റോസ്-തകര ഷീറ്റ് കൂടാരങ്ങളില്‍ നിന്ന് മാറ്റണം, മരത്തണലില്‍ കെട്ടിയിടാം. തൊഴുത്തില്‍ ഫാനുകളിടണം. തെങ്ങോല, ടാര്‍പോളിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കി ചൂട് നിയന്ത്രിക്കാം. അരമണിക്കൂര്‍ ഇടവേളയില്‍ പശുക്കളെ നനയ്ക്കാം.
വാഹനത്തിലെ ദീര്‍ഘദൂരയാത്രകള്‍ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം. തൊഴുത്തില്‍ എപ്പോഴും തണുത്തകുടിവെള്ളം ലഭ്യമാക്കണം. നിലവാരമുള്ള കാലിതീറ്റ നല്‍കണം, ധാതുലവണമിശ്രിതങ്ങള്‍ ചേര്‍ക്കാം. വളര്‍ത്തു കോഴികള്‍ക്കായി പലതവണ ചകിരിച്ചോര്‍തറവിരി ഇളക്കിയിടണം. മേല്‍ക്കൂര വെള്ളത്താല്‍ തണുപ്പിക്കണം.
വളര്‍ത്തുനായ്ക്കള്‍ക്കും അലങ്കാരപൂച്ചകള്‍ക്കും തണുത്ത കുടിവെള്ളം എപ്പോഴും ലഭ്യമാക്കണം. നായ്ക്കൂടുകള്‍ക്ക് മുകളില്‍ തണല്‍ വലകള്‍ വിരിക്കാം. തീറ്റ പലതവണകളായി നല്‍കണം. കൂട്ടില്‍ ഫാന്‍ നിര്‍ബന്ധം. ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ചിടരുത്. സൂര്യാഘാതമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്തവെള്ളത്തില്‍മുക്കിയ ടവല്‍ പുതപ്പിക്കണം എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ നല്‍കിയത്




























