ശാസ്താംകോട്ട:തെക്കൻ മൈനാഗപ്പള്ളി മാലിത്തറ ഉന്നതി വെള്ളിയാഴ്ച രാവിലെ ഉറക്കമുണർന്നത് അരുംകൊലയുടെ ഞെട്ടലിൽ.മാനസിക രോഗിയായ മകനെ
പിതാവും സഹോദരനും ചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വാർത്ത ആദ്യം വിശ്വസിക്കുവാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു.രണ്ടാഴ്ച മുമ്പാണ് തിരുവനന്തപുരം ഊളൻപാറയിലെ മാനസികരോഗ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞ് കൊല്ലപ്പെട്ട മൈനാഗപ്പള്ളി മാലിത്തറ ഉന്നതി വീട്ടിൽ
സന്തോഷ് (35) മടങ്ങി എത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്ത പിതാവ് രാമകൃഷ്ണൻ (62),ജേഷ്ഠ സഹോദരൻ സനൽ (38) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വ്യാഴം രാത്രി 8.45 ഓടെയാണ് സംഭവം നടന്നത്.പുലരുവോളം മൃതദേഹത്തിന് കാവലിരുന്ന ശേഷം പ്രതിയായ പിതാവ് രാമകൃഷ്ണൻ വെള്ളി രാവിലെ 5.30ഓടെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.പി വേണുഗോപാലിൻ്റെ വീട്ടിലെത്തി ‘ഞാൻ മകനെ തലയ്ക്കടിച്ച് കൊന്നതായി’ അറിയിച്ചു.ആദ്യം വിശ്വസിക്കാൻ അദ്ദേഹത്തിന് പ്രയാസമായിരുന്നു.തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോൾ കട്ടിലിൽ മൃതദേഹം കാണുകയും അയൽവാസികളെയും
പൊലീസിനെയും അറിയിക്കുകയുമായിരുന്നു.പ്രതിയായ പിതാവും സഹോദരനും മൃതദേഹത്തിന് കാവലിരുന്നത് ഒൻപത് മണിക്കൂർ.
20 വർഷം മുമ്പാണ് കരുനാഗപ്പളളി സ്വദേശികളായ രാമകൃഷ്ണനും കുടുംബവും മാലീത്തറ ഉന്നതിയിൽ താമസത്തിന് എത്തുന്നത്.5 വർഷം മുമ്പ് മാതാവ് സുശീല മരണപ്പെട്ടിരുന്നു.ഇതിനു ശേഷം പിതാവും കൊല്ലപ്പെട്ട സന്തോഷും സനലുമാണ് വീട്ടിൽ കഴിഞ്ഞു വന്നിരുന്നത്.ഇരുവരും അവിവാഹിതരാണ്.മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന സന്തോഷ് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നുവത്രേ.മറ്റ് പ്രദേശങ്ങളിൽ പോയി കടകളിലും മറ്റും കയറി അടിപിടി ഉണ്ടാക്കുന്നതും തലവേദന സൃഷ്ടിച്ചിരുന്നു.അടുത്തിടെ കരുനാഗപള്ളിയിലെ ഒരു കടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സന്തോഷിൻ്റെ ശല്യം സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പിതാവും സഹോദരനും പൊലീസിനു നൽകിയ മൊഴി.സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.കട്ടിലിൽ പിടിച്ചുകിടത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.മൂന്ന്
തവണ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു.തല പൊട്ടി രക്തം വാർന്നാണ് മരണം സംഭവിച്ചത്.തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിലേക്ക് നയിച്ചത്.ഉൽസവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര ഗ്രൗണ്ടിൽ രാത്രിയിൽ സന്തോഷ് ഉണ്ടായിരുന്നു.ഓച്ചിറയിൽ താമസിക്കുന്ന സഹോദരി സൗമ്യ രാത്രിയിൽ അച്ചനെ ഫോണിൽ വിളിച്ചങ്കിലും എടുത്തിരുന്നില്ല. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം രാത്രിയോടെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.വിരലടയാള വിദഗ്ദ്ധർ സ്ഥലത്ത് എത്തി പരിശോധ നടത്തി.കൊല്ലം റൂറൽ എസ്.പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.








































