ജില്ലാ കായിക മേള: അഞ്ചലിന് കിരീടം

Advertisement

ചാത്തന്നൂര്‍: കല്ലുവാതുക്കലില്‍ നടന്ന കൊല്ലം ജില്ലാ കായിക മേളയില്‍ അഞ്ചലിന് കിരീടം. പുനലൂര്‍ സബ് ജില്ലയുടെ വര്‍ഷങ്ങളായുള്ള കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് ഇത്തവണ അഞ്ചല്‍ സബ് ജില്ല കിരീട നേട്ടം ആഘോഷിച്ചത്. അഞ്ചല്‍ സബ് ജില്ല 172 പോയന്റുമായി മുന്നിലെത്തിയപ്പോള്‍ 157 പോയന്റുമായി പുനലൂര്‍ സബ്ജില്ല രണ്ടാം സ്ഥാനത്തും 96 പോയിന്റുമായി കൊല്ലം മൂന്നാം സ്ഥാനത്തുമെത്തി. 49.5 പോയിന്റുള്ള ചാത്തന്നൂരാണ് നാലാം സ്ഥാനത്ത്.
അഞ്ചല്‍ വെസ്റ്റ്, ഈസ്റ്റ് സ്‌കൂളുകളുടെ മുന്നേറ്റമാണ് അഞ്ചല്‍ ഉപജില്ലയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായത്. 17 സ്വര്‍ണ്ണവും 17 വെള്ളിയും 11 വെങ്കലവുമടക്കം 172 പോയിന്റാണ് അഞ്ചല്‍ ഉപജില്ല കരസ്ഥമാക്കിയത്.
19 സ്വര്‍ണ്ണവും 13 വെള്ളിയും 12 വെങ്കലവും അടക്കം 157 പോയിന്റുമായാണ് പുനലൂര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ പുനലൂര്‍ സെന്റ് ഗൊരേറ്റി സ്‌കൂളിന്റെ മുന്നേറ്റം പുനലൂരിന് തുണയായി. 14 സ്വര്‍ണ്ണവും അഞ്ചു വെള്ളിയും 9 വെങ്കലവും അടക്കം 94 പോയിന്റാണ് പുനലൂര്‍ സെന്റ് ഗൊരേറ്റി സ്‌കൂള്‍ പുനലൂര്‍ സബ് ജില്ലയ്ക്കായി വാരികൂട്ടിയത്.
പുനലൂര്‍ സെന്റ് ഗൊരേറ്റി സ്‌കൂളിന് പിന്നിലായി നാല് സ്വര്‍ണ്ണവും 12 വെള്ളിയും അഞ്ച് വെങ്കലവും അടക്കം 61 പോയിന്റുമായി അഞ്ചല്‍ വെസ്റ്റ് രണ്ടാം സ്ഥാനത്തെത്തി. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും അടക്കം 31 സ്വര്‍ണ്ണമാണ് മൂന്നാം സ്ഥാനത്തെത്തിയ അഞ്ചല്‍ ഈസ്റ്റ് നേടിയത്. രണ്ട് സ്വര്‍ണ്ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവുമായി 27 പോയിന്റുമായി പൂതക്കുളം എച്ച്എസ്എസ് നാലാം സ്ഥാനത്തും എത്തി.
98 ഇനങ്ങളിലായി 2500-ഓളം കായിക താരങ്ങളാണ് ഇത്തവണ മേളയില്‍ പങ്കെടുത്തത്. മത്സരങ്ങളില്‍ യോഗ്യത നേടിയവര്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം
റവന്യു ജില്ലയെ പ്രതിനിധീകരിക്കും.

Advertisement