Home News Breaking News പത്രികയിൽ ആസ്‌തിവിവരം തെറ്റായി നൽകി ; ജി സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിവൈഎഫ്ഐ

പത്രികയിൽ ആസ്‌തിവിവരം തെറ്റായി നൽകി ; ജി സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഡിവൈഎഫ്ഐ

Advertisement

ആലപ്പുഴ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ആസ്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് എസ് സുരേഷ് കുമാറാണ് പരാതി നൽകിയത്. ജി സുധാകരൻ്റെ കൈവശമുള്ള പണം 5000 രൂപ മാത്രമെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞതാണ് പരാതിക്ക് ആധാരം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് ഒരാഴ്‌ച മുൻപ് ജി സുധാകരൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലെ പണം മകൻ്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സിപിഎം മുൻ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കിയത്. പിന്നാലെ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അദ്ദേഹം ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇത് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിനെ നിയമസഭയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമെന്ന പ്രത്യേകത നൽകി.

ജി സുധാകരൻ നാമനിർദേശ പത്രികയിൽ രേഖപ്പെടുത്തിയിരിക്കുന്ന ആസ്തി വിവരം ഇങ്ങനെയാണ്. ജി സുധാകരനെ ആകെ ജംഗമ ആസ്തി 11,57,152 രൂപ ആണെന്ന് പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുടെ ജംഗമ ആസ്തി 24,68,214 രൂപയാണ്. ജി സുധാകരൻ്റെ പേരിലുള്ള ആകെ സ്ഥാവര ആസ്തികളുടെ വിപണി വില ഏകദേശം 56,00,000 രൂപ ആണ്. ഭാര്യയുടെ സ്ഥാവര ആസ്തികളുടെ ആകെ വിപണി വില 13,00,000 രൂപ ആയി രേഖപ്പെടുത്തിയിരിക്കുന്നു. 21 പവൻ സ്വർണ്ണവും 100 ഗ്രാം വെള്ളിയും (ഏകദേശം 2,00,000 രൂപ വിലമതിക്കുന്നത്) ഭാര്യയ്ക്കുണ്ട്. ജി. സുധാകരന് മാസം 38000 രൂപയും ഭാര്യയ്ക്ക് 1,12,430 രൂപയുമാണ് പെൻഷനായി ലഭിക്കുന്നത്. എന്നാൽ തൻ്റെ കൈവശം 5,000 രൂപയും ഭാര്യയുടെ കൈവശം 10,000 രൂപയുമാണ് ഉള്ളതെന്നും പത്രികയിൽ പറയുന്നു. ഭാര്യ റിട്ടയേർഡ് കോളേജ് പ്രൊഫസറാണ്. സത്യവാങ്മൂലം പ്രകാരം സ്ഥാനാർത്ഥിക്കോ അദ്ദേഹത്തിന്റെ ഭാര്യയ്ക്കോ ബാങ്കുകളിൽ നിന്നോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്നോ ഉള്ള വായ്പകളോ മറ്റ് ബാധ്യതകളോ നിലവിലില്ല. കൈവശമുള്ള പണം സംബന്ധിച്ചാണ് ഡിവൈഎഫ്ഐ നേതാവിൻ്റെ പരാതി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here