മലപ്പുറം: രണ്ടുവർഷം മുൻപ് ലഹരി കേസിൽ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയിൽ സജീവമാകാൻ ശ്രമം. ഒടുവിൽ എംഡിഎംഎയുമായി പോലീസ് പിടിയിൽ. മലപ്പുറം ചങ്ങരംകുളത്താണ് നാട്ടുകാർ ചേർന്ന് ലഹരി വില്പനക്കാരനെ പോലീസിലേൽപ്പിച്ചത്. ചങ്ങരംകുളം നടുവട്ടത്തെ പെട്രോൾ പമ്പിന് സമീപം സംശയാസ്പദമായ രീതിയിൽ ഒരാൾ ചുറ്റി തിരിയുന്നു. സംശയം തോന്നിയ നാട്ടുകാർ പോലീസിനെ വിളിച്ചു. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് യുവാവിൽ നിന്നും 20 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
പട്ടാമ്പി സ്വദേശി ഷാഹുൽഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുവർഷം മുൻപ് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഷാഹുൽ ഹമീദും സഹോദരനും അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും എംഡിഎംഎ വിൽപ്പനയിൽ ഷാഹുൽ ഹമീദ് സജീവമാകാൻ ശ്രമിച്ചത്. ഷാഹുൽ ഹമീദിൻ്റെ ഇടപാടുകാരെ കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചങ്ങരംകുളം പോലീസും, ഡാൻസാഫ് സംഘം ചേർന്നാണ് ലഹരി സംഘത്തിന് വലയൊരുക്കുന്നത്.





































