സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രാവിലെ 1320 രൂപ കുറഞ്ഞ് 1,10,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയോടെ തിരിച്ചുകയറി. 1,09,360 രൂപയായിരുന്ന സ്വര്‍ണവില 1,10,480 രൂപയായാണ് ഉയര്‍ന്നത്. 1,120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിനും ആനുപാതികമായി വില ഉയര്‍ന്നു. 140 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,810 രൂപയായി.
പശ്ചിമേഷ്യന്‍ സംഘര്‍ഷം അയയാന്‍ സാധ്യത തെളിയിച്ച് 45 ദിവസത്തെ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയും മധ്യസ്ഥ രാജ്യങ്ങളും ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു വരികയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും താഴ്ന്നിരുന്നു. ബാരലിന് 108 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.































