ഇടുക്കി: ഉറവപ്പാറയില്‍ വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. അച്ഛന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്.
Also Read:
അച്ഛന്‍ വി എം അഫ്സല്‍ (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ് രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മിസ്‌റിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സലിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. അവധി ആഘോഷിക്കാന്‍ തൊടുപുഴയില്‍ എത്തിയ കുടുംബം തൊടുപുഴ സമ്മര്‍ഫെസ്റ്റ് കണ്ടശേഷം ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഉറവപ്പാറ മലയുടെ മുകളില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത്.






























