കൊച്ചി: യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്‌ച വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ മുതിർന്ന അഭിഭാഷകൻ എസ് രാജീവാണ് രഞ്ജിത്തിനായി പുതുതായി ഹാജരായത്. രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി ഉൾപ്പടെ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ വാദിച്ചു. രഞ്ജിത്ത് നടത്തിയ കുറ്റകൃത്യം ഗുരുതരസ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.രഞ്ജിത്ത് നടത്തിയ കുറ്റകൃത്യം ഗുരുതരസ്വഭാവമുള്ളതാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കൊച്ചിയിലെ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞദിവസം കേസ് പരിഗണിച്ചുവെങ്കിലും പ്രൊഡക്ഷൻ വാറണ്ട് തയ്യാറാകാത്തതിനാലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനാൽ രഞ്ത്തിനെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
കൂടുതൽ അന്വേഷണത്തിനായി അതിക്രമം നടന്ന ദിവസം സിനിമാ സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിപ്പിക്കുന്നുണ്ട്. പലരും നിലവിൽ കേരളത്തിലില്ല. മുംബയിലാണെന്നാണ് വിവരം. അവരോട് ഉടൻ കൊച്ചിയിലെത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ജനുവരി 28ന് ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ കാരവാനിൽ വച്ച് മോശമായി പെരുമാറിയെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.
തൊടുപുഴ പുളിയൻമല റൂട്ടിൽ മുട്ടത്തിനു സമീപം രഞ്ജിത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡി.ജി.പിക്കും കൊച്ചി സെൻട്രൽ പൊലീസിനുമാണ് നടി പരാതി നൽകിയത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. കാരവനിൽ അനുമതിയില്ലാതെ പ്രവേശിച്ച ശേഷം രഞ്ജിത്ത് കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി




































