Home News Breaking News ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ,സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് വിഡി സതീശൻ,

ജി സുധാകരനെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ,സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് വിഡി സതീശൻ,

Advertisement

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഇനിയും വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന നേതാവ് ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിഡി സതീശൻ്റെ പ്രതികരണം. സിപിഎം നേതൃത്വവുമായുള്ള കടുത്ത ഭിന്നതയെ തുടർന്നും പാർട്ടിയുടെ തെറ്റായ നടപടികളെ വിമർശിച്ചിട്ടും നേതൃത്വം മുഖംതിരിക്കുന്നതിനാലുമാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഭരണത്തിൻ്റെ യാതൊരു സൗകര്യങ്ങളും ലഭിക്കാത്ത സാധാരണ പ്രവർത്തകർ സിപിഎം വിട്ട് കോൺഗ്രസിലേക്ക് എത്തുന്ന പുതിയ ട്രെൻഡാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിൻ്റെ പുതുയുഗ യാത്രയിൽ പങ്കെടുത്ത നൂറ്റിയിരുപതിലധികം വേദികളിൽ നൂറോളമിടത്തും സിപിഎം വിട്ടുവന്ന ലോക്കൽ നേതാക്കളെയും പ്രവർത്തകരെയും കാണാൻ കഴിഞ്ഞു. താൻ നേരിട്ട് നിരവധി പേർക്കാണ് പാർട്ടി അംഗത്വം നൽകിയത്. കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇത്ര വലിയൊരു കൊഴിഞ്ഞുപോക്ക് മുൻപ് ഉണ്ടായിട്ടില്ല.

താഴെത്തട്ടിൽ സംഭവിക്കുന്ന ഈ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്. പലയിടത്തും അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ് പാർട്ടി വിടുന്നത്. പാലക്കാട് സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലരും പാർട്ടി വിട്ടതും സിപിഎമ്മിൻ്റെ കോട്ടയായ പയ്യന്നൂരിൽ കുഞ്ഞുകൃഷ്ണൻ യോഗം വിളിച്ചപ്പോൾ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഇതിന് തെളിവാണ്. പിണറായി സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണമാണ് പാർട്ടിയെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് എത്തിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

ALSO READ :

മുതിർന്ന നേതാവ് ജി സുധാകരൻ പരസ്യവിമർശനം ഉന്നയിച്ചിട്ടും പാർട്ടിയുടെ ജനറൽ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ പ്രതികരിക്കാൻ തയാറായില്ല. വിഷയം പാർട്ടി ചർച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് നേതാക്കൾ. പാർട്ടിയിൽ ഇനി അനുനയ നീക്കങ്ങൾക്ക് സാധ്യതയില്ല. പല വിഷയങ്ങളിലും കൃത്യമായ അഭിപ്രായം പറയാൻ സിപിഎമ്മിന് കഴിയുന്നില്ല. കെബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രി അവളോടൊപ്പമാണോ അതോ അവനോടൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അധികാരത്തിൻ്റെ അഹങ്കാരത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങളെല്ലാം സിപിഎമ്മിന് തിരിച്ചടിയാവുകയാണ്.

നല്ല കമ്യൂണിസ്റ്റുകാരും ഇടതുപക്ഷ സഹയാത്രികരും പാർട്ടിയുമായി പൂർണമായും അകന്നുകഴിഞ്ഞു. ഇന്നത്തെ സിപിഎമ്മിൻ്റെ സംസ്കാരം തീവ്ര വലതുപക്ഷ സംസ്കാരമാണെന്നും സംഘപരിവാർ സഞ്ചരിക്കുന്ന അതേ വഴിയിലൂടെയാണ് പാർട്ടിയുടെ യാത്രയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വർഗീയതയോടും തീവ്ര വലതുപക്ഷവാദത്തോടും നിരന്തരം വിട്ടുവീഴ്ച ചെയ്യുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ഇളകിയതിൻ്റെ അവസാനത്തെ ഉദാഹരണമാണ് ജി സുധാകരൻ്റെ പുതിയ നിലപാടുകളെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

സർക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ വികാരം മറച്ചുവയ്ക്കാൻ ഖജനാവിൽ നിന്ന് കോടികൾ എടുത്താണ് പിആർ പ്രചാരണം നടത്തുന്നത്. കേരളം ഭരിച്ച ഒരു സർക്കാരും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇങ്ങനെ ഖജനാവ് ഉപയോഗിച്ചിട്ടില്ല. സ്വന്തം പാർട്ടിയുടെ പണം എടുക്കുന്നതിന് പകരം ജനങ്ങളുടെ നികുതിപ്പണമാണ് പിണറായി വിജയനും സിപിഎമ്മും ഇതിനായി ചെലവാക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ച് മാസമായി പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാകുന്നില്ല. പത്ത് ലക്ഷത്തിന് താഴെയുള്ളവ മാറ്റിവയ്ക്കുകയാണ്. പണനിയന്ത്രണം സംബന്ധിച്ച ഉത്തരവുകൾ ധനകാര്യ വകുപ്പ് ദിവസവും ഇറക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ പിആർ പ്രചാരണങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ വൻതോതിൽ പണം ചെലവഴിച്ച് തെറ്റായ പ്രചാരണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും സതീശൻ വിശദീകരിച്ചു.

പത്ത് വർഷം കൊണ്ട് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നൽകിയെന്ന സർക്കാരിൻ്റെ അവകാശവാദം ഊതിവീർപ്പിച്ച കണക്കാണ്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് അഞ്ച് പദ്ധതികളിലൂടെ അഞ്ച് വർഷം കൊണ്ട് നാല് ലക്ഷത്തി പതിമൂവായിരം വീടുകൾ നിർമിച്ചു നൽകിയെന്ന് മന്ത്രിമാർ തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അന്ന് പണി തുടങ്ങിയ വീടുകൾ ഉൾപ്പെടെയാണ് ഇപ്പോഴത്തെ അഞ്ച് ലക്ഷമെന്ന് പറയുന്ന കണക്കിലുള്ളത്. അതിനാൽ മുൻ ഭരണവുമായി യാതൊരു താരതമ്യവുമില്ല. സംസ്ഥാനത്ത് പവർ കട്ട് ഒഴിവാക്കി എന്നുള്ളതും തെറ്റായ പ്രചാരണമാണ്. വിഎസ് അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള പവർ കോറിഡോർ ഇല്ലാതിരുന്നതായിരുന്നു അന്നത്തെ പ്രധാന പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

സത്യസന്ധനായ കമ്യൂണിസ്റ്റിനോട് ചെയ്തത് കൊടുംചതിയെന്ന് ചെന്നിത്തല

അതേസമയം ജി സുധാകരനെതിരെ സിപിഎം സ്വീകരിച്ച നടപടികളെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കവെ രൂക്ഷമായി വിമർശിച്ചു. അരനൂറ്റാണ്ടിലേറെക്കാലം പാർട്ടിക്കുവേണ്ടി നിസ്വാർഥമായി പ്രവർത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ സിപിഎം അപമാനിച്ച് പുറത്താക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാർഥി കാലഘട്ടം മുതൽ സുധാകരനെ നേരിട്ടറിയാമെന്നും പ്രസംഗ മത്സരങ്ങളിലും പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ടെന്നും ചെന്നിത്തല ഓർമിച്ചു. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങൾ എക്കാലത്തും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് സുധാകരൻ. അഞ്ച് തവണ എംഎൽഎയായപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായപ്പോഴും അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പൊതുപ്രവർത്തകനാണ് മുൻ മന്ത്രി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവർക്കും ജി സുധാകരനെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണുള്ളത്.

കഴിഞ്ഞ അഞ്ചാറ് വർഷത്തോളമായി പാർട്ടി പ്രവർത്തകർ തന്നെ സുധാകരനെ നിരന്തരം വേട്ടയാടുകയും പിതാവിനെ ഉൾപ്പെടെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. രക്തസാക്ഷി കുടുംബത്തിൽ നിന്നുള്ള ഒരംഗത്തെയാണ് സിപിഎം ഇത്തരത്തിൽ അപമാനിച്ച് പുറത്താക്കിയത്. അഴിമതിയില്ലാത്ത ഒരു യഥാർഥ കമ്യൂണിസ്റ്റിനെയാണ് സിപിഎം വേട്ടയാടുന്നത്. ഇത് കമ്യൂണിസ്റ്റ് പാർട്ടി കാണിച്ച ഏറ്റവും വലിയ ചതിയും വഞ്ചനയുമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അറുപത്തിയഞ്ച് വർഷമായി പാർട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ഒരു നേതാവിനുണ്ടായ മനോവേദന കേരളം ചർച്ച ചെയ്യേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമോ എന്നതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ യുഡിഎഫ് പിന്തുണയ്ക്കുമോ എന്ന കാര്യം കോൺഗ്രസും യുഡിഎഫ് നേതൃത്വവും കൂടിയാലോചിച്ച് തീരുമാനമെടുക്കും.

ഇത്തരമൊരു പൊതുപ്രവർത്തകൻ നിയമസഭയിൽ വരുന്നത് നല്ല കാര്യമാണെന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും അക്കാര്യത്തിൽ പാർട്ടിയും മുന്നണിയും ആലപ്പുഴ ജില്ലാ നേതൃത്വവും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സുധാകരൻ്റെ ഈ നീക്കം സിപിഎമ്മിന് വലിയ തിരിച്ചടിയാകുമെന്നും മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here