Home News Breaking News സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഇനി ഒരേ സമയക്രമം; അക്കാദമിക കലണ്ടറിന് അംഗീകാരം

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പ്രവേശനം മുതല്‍ പരീക്ഷാ ഫലപ്രഖ്യാപനം വരെ ഏകീകൃത അക്കാദമിക കലണ്ടറിന് അംഗീകാരം. ജൂലൈ ഒന്നിന് ക്ലാസ് ആരംഭിച്ച് മെയ് 25നകം ഒന്നാം വര്‍ഷ ഫല പ്രഖ്യാപനം സാധ്യമാക്കണമെന്നാണ് അക്കാദമിക കലണ്ടര്‍ നിര്‍ദേശിക്കുന്നത്. സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും ഒരേ പ്രവര്‍ത്തന സമയം വരുമ്പോള്‍ വിദ്യാര്‍ഥികളുടെ അന്തര്‍ സര്‍വകലാശാല മാറ്റമടക്കം സാധ്യമാകും. നിലവില്‍ ഓരോ കോളജിന്റെ പരീക്ഷ, ഫലപ്രഖ്യാപനം തുടങ്ങിയവയ്ക്ക് വ്യത്യസ്ത സമയക്രമമാണ്. ഇതിന് പരിഹാരമാകുന്നതോടെ കോളജ് മാറ്റം, സര്‍വകലാശാല മാറ്റം എളുപ്പത്തിലാകുമെന്നാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാം സംസ്ഥാന നിരീക്ഷണ സമിതിയുടെ വിലയിരുത്തല്‍.

നാലുവര്‍ഷ ബിരുദത്തിന്റെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും മൂല്യനിര്‍ണയവും ക്യാംപസില്‍ തന്നെയാണ് നടക്കുക. നവംബര്‍ 16 മുതല്‍ ഒരാഴ്ചത്തെ മൂല്യനിര്‍ണയ ക്യാംപ് അതത് ക്യാംപസില്‍ നടക്കും. ഈ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ ബ്രേക്ക് ഉണ്ടാകും. ഇത് പ്രഖ്യാപനം വേഗത്തിലാക്കാന്‍ സാധിക്കും. നാലാം സെമസ്റ്ററിന്റെ അവസാനത്തിലാണ് (ഏപ്രില്‍, മെയ്) ഇന്റേണ്‍ഷിപ്പ് നിര്‍ദേശിച്ചത്.

ക്രിസ്മസ് അവധിക്കു മുമ്പ് കായികമേളയും ജനുവരിയില്‍ യുവജനോത്സവവും ഫെബ്രുവരിയില്‍ അന്തര്‍ സര്‍വകലാശാല കലാ കായിക മേളയും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ഓണം, ക്രിസ്മസ് അവധികളും അക്കാദമിക കലണ്ടറിന്റെ ഭാഗമാണ്. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ കോളജുകളില്‍ നാലുവര്‍ഷ ബിരുദ പാറ്റേണ്‍ മാത്രമാണുണ്ടാവുക. മൂന്നുവര്‍ഷ ബിരുദ പാറ്റേണിന്റെ അവസാന ബാച്ചാണ് ക്യാംപസുകളിലുള്ള മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍. നിലവില്‍ മൂന്നുവര്‍ഷം കണക്കാക്കിയാണ് അക്കാദമിക് കലണ്ടര്‍ ക്രമീകരിച്ചത്. സര്‍വകലാശാലകളിലേക്ക് അയച്ച കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. കേരളത്തിന്റെ അക്കാദമിക് കലണ്ടറിനെ മാതൃകയാക്കാന്‍ മറ്റ് സംസ്ഥാനങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്. അക്കാദമിക് കലണ്ടര്‍ തയ്യാറാക്കല്‍ മുതല്‍ പ്രായോഗികതലം വരെയുള്ള വിവരങ്ങളാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പഠനവിധേയമാക്കിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here