Home News Breaking News മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്,ഗുരുതര പ്രശ്‌നമില്ല,’കൊല്ലെടാ’ എന്ന് ആക്രോശിച്ച്...

മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്,ഗുരുതര പ്രശ്‌നമില്ല,’കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്ന് കേസ്

Advertisement

കണ്ണൂര്‍: ഇന്നലെ കണ്ണൂരില്‍ കെ എസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് നേരിയ ക്ഷതമെന്ന് എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ട്. കഴുത്തിലേറ്റ പരിക്ക് മൂലം വലതുകൈയില്‍ മരവിപ്പ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുകൈയിലും നേരിയ ക്ഷതമുണ്ട്. എന്നാല്‍ എംആര്‍ഐ സ്‌കാനിങില്‍ ഗുരുതര പ്രശ്‌നമില്ലന്നാണ് വിവരം. രാവിലെ എട്ട് മണിക്ക് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും അതിന് പിന്നാലെ പത്ത് മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും. അതില്‍ മന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഉണ്ടാകും.

ഇന്നലെ രാത്രി മന്ത്രിയെ എംആര്‍ഐ പരിശോധനയ്ക്ക് വിധേയമാക്കിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയാണ് പരിശോധന നടത്തിയത്. മന്ത്രി മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയാണ്.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേന പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ആര്‍.പി.എഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

വീണാ ജോര്‍ജിനു പരിക്കേറ്റ സംഭവത്തില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെയാണ് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, അഹമ്മദ് യാസീന്‍, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ റെയില്‍വേ പൊലീസിനു കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിനു മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.

Advertisement