Home News Breaking News സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ ദുരന്ത ഡോക്ടര്‍മാരെ നിലക്കു നിര്‍ത്തുമോ

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഈ ദുരന്ത ഡോക്ടര്‍മാരെ നിലക്കു നിര്‍ത്തുമോ

Advertisement

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടത് പ്രതീക്ഷ നല്‍കുന്നു. ഭരണകൂടത്തെ ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ വിലക്കെടുക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ പ്രതീക്ഷ ഏറെയാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചത്. സംഭവത്തില്‍ ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ സൈതലി കായ്പ്പാടിയുടെ പരാതിയിലാണ് ഇടപെടല്‍.

കഴിഞ്ഞ ദിവസമായിരുന്നു സിസേറിയനിലൂടെ പുറത്തെടുത്ത പാലോട് സ്വദേശികളുടെ കുഞ്ഞ് മരിച്ചത്. സംഭവത്തില്‍ വീഴ്ച ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സർക്കാർ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദുവിനെ നിര്‍ബന്ധിത അവധിയിലേക്കും പ്രവേശിച്ചു. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.

ഇതേ ഡോക്ടറുടെ ചികില്‍സാപിഴവില്‍ പ്രസവം കഴിഞ്ഞ സ്ത്രീ ജനനേന്ദ്രിയത്തിലൂടെ മലവിജര്‍ജ്ജനം നടത്തുന്നതായ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഇത്രയൊക്കെ പരാതികള്‍ ഉയര്‍ന്ന ഡോക്ടര്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി നില്‍ക്കുകയാണ് ഡോക്ടര്‍മാരുടെ സംഘടന എന്നതാണ് വൈചിത്ര്യം. ഇതേ പിന്തുണയിലാണ് ഇവര്‍ മുമ്പും രക്ഷപ്പെട്ടിട്ടുള്ളത്. രോഗികള്‍ ഈശ്വര തുല്യം കണക്കാക്കുന്ന ഡോക്ടര്‍മാരുടെ ആത്മസമര്‍പ്പണത്തിനും ത്യാഗമനസ്ഥിതിക്കും കൂടിയാണ് ഇത്തരം ഗ്രൂപ്പുകള്‍ വിലപറയുന്നതെന്ന് ആക്ഷേപം പരക്കുകയാണ്. സര്‍വീസില്‍നിന്നും പിരിച്ചു വിടേണ്ട തരം ക്രിമിനലുകള്‍ ദൈവതുല്യമായ പ്രഫഷന്‍റെ മറവില്‍ ഒളിച്ചിരുന്ന സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ തുണയില്‍ പേരു ദോഷം ഉണ്ടാക്കുകയാണെന്ന ആക്ഷേപം സംഘടനകള്‍ക്കിടയില്‍ ഉണ്ട്. സര്‍വീസ് ചരിത്രം പരിശോധിച്ചാല്‍ ഒരിക്കലും പൊതുജനസേവനത്തിന് നിയോഗിച്ചു കൂടാത്ത അത്രയും കുറ്റകൃത്യങ്ങള്‍ചെയ്ത പലരും രോഗികളെ സേവിക്കാനായി ധര്‍മ്മസ്ഥാപനങ്ങളില്‍ വിലസുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here