Home News Kerala നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്ന മുന്നണിയ്ക്ക് ഒപ്പം നില്‍ക്കും- യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ന്യായമായ ആവശ്യങ്ങള്‍ക്ക് സഹായിക്കുന്ന മുന്നണിയ്ക്ക് ഒപ്പം നില്‍ക്കും- യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍

Advertisement


കൊല്ലം. യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാര മേഖല ദീര്‍ഘകാലമായി അഭിമൂഖീകരിച്ചുവരുന്ന പ്രതിസന്ധികളുടെ വ്യാപ്തിയും രൂക്ഷതയും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുളള ഭരണകര്‍ത്താക്കളേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും നേരില്‍ക്കണ്ടും നിവേദനങ്ങള്‍ വഴിയും നിരന്തരം ബോധ്യപ്പെടുത്തിയിട്ടും യാതൊരുവിധ പരിഹാര മാര്‍ഗ്ഗങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് യു.എം.സി സ്റ്റേറ്റ് കൗണ്‍സില്‍ വിലയിരുത്തി. സര്‍ക്കാരിന്റെ വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് സഹായകമായി വ്യാപാര മേഖലയില്‍ നിന്നും ലഭിക്കുന്ന വിവിധ വരുമാനങ്ങളുടെ തുച്ഛമായ ഒരു വിഹിതമെങ്കിലും വ്യാപാരികളുടെ ക്ഷേമത്തിനായി ബഡ്ജറ്റില്‍ വകയിരുത്താനുളള സൗമനസ്യം പോലും സര്‍ക്കാര്‍ കാണിക്കുന്നില്ല.

സര്‍ക്കാരിന്റെ പദ്ധതികള്‍ക്കായി യാതൊന്നും സംഭാവന ചെയ്യാത്ത വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനും നിലനില്‍പ്പിനുമായി വാരിക്കോരി ചെലവിടുന്നു. വഴിയോര വാണിഭക്കാരേയും ഓണ്‍ലൈന്‍ വ്യാപാരത്തേയും പരിധിവിട്ട് സഹായിക്കുന്ന സര്‍ക്കാര്‍ ചെറുകിട വ്യാപാരികളെ ക്ഷേമബോര്‍ഡ് വഴി പങ്കാളിത്ത പെന്‍ഷനായി തുച്ഛമായ സംഖ്യകള്‍ നല്‍കി പാവപ്പെട്ട വ്യാപാരികളുടെ വായ അടയ്ക്കുന്നു. ഈ അടുത്ത സമയത്ത് വ്യാപാര ക്ഷേമബോര്‍ഡില്‍ നിന്നും വന്‍തുക തട്ടിപ്പ് നടത്തിയത് പോലും മറച്ചുവയ്ക്കപ്പെട്ടു. എന്‍.എച്ച്. 66 പോലുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഈ വസ്തുവില്‍ നിലകൊള്ളുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമ്പോള്‍ സ്ഥല ഉടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും പൊന്നുംവില നല്‍കി സന്തോഷിപ്പിക്കുന്നു. എന്നാല്‍ പ്രസ്തുത കെട്ടിടങ്ങളില്‍ വാടക കച്ചവടക്കാരായി മുപ്പതും നാല്പതും വര്‍ഷങ്ങളായി കച്ചവടം നടത്തിവരുന്ന വ്യാപാരികള്‍ക്ക് യാതൊന്നും നല്‍കാതെ ഇറക്കിവിടുന്ന ക്രൂരവിനോദമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്.

ഈ കാര്യങ്ങള്‍ക്ക് പരിഹാരം തേടി മുഖ്യമന്ത്രിയുമായുളള മുഖാമുഖം പരിപാടികളിലും നേരിട്ട് സന്ദര്‍ശിച്ച് നല്‍കിയ നിവേദനങ്ങള്‍ വഴിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല. വ്യാപാരമേഖലയില്‍ സമീപകാലത്തായി വര്‍ദ്ധിച്ചുവരുന്ന പ്രതിസന്ധിയില്‍ സാമ്പത്തികമായി തകര്‍ന്നുപോയ ചെറുകിട വ്യാപാരികളില്‍ നല്ലൊരു ശതമാനവും തൊഴില്‍ ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലായ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാരി വ്യവസായികളുടെ ക്ഷേമം ഉറപ്പാക്കുന്ന മുന്നണിയേയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും അധികാരത്തിലെത്തിക്കാന്‍ യു.എം.സി സംസ്ഥാന കമ്മിറ്റിയും ജില്ലാകമ്മിറ്റിയും യൂണിറ്റ്തലകമ്മിറ്റികളും പ്രതിജ്ഞാബദ്ധമാണെന്ന് ഷൊര്‍ണ്ണൂര്‍ മയില്‍വാഹനം കമ്മ്യൂണിറ്റിഹാളില്‍ ചേര്‍ന്ന യു.എം.സി സംസ്ഥാന കൗണ്‍സില്‍ യോഗം പ്രമേയം പാസ്സാക്കി.

സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി,എഫ്.സെബാസ്റ്റ്യന്‍, ട്രഷറര്‍ നിജാംബഷി, സംസ്ഥാന ഭാരവാഹികളായ ടി.കെ.ഹെന്‍ട്രി, വി.എ.ജോസ്, ആസ്റ്റിന്‍ബെന്നന്‍, കെ.ഗോകുല്‍ദാസ്, ടി.കെ.മൂസ ,ഷിനോജ് നരിതൂക്കില്‍, അലി അയന, പി.എസ്.സിംപ്‌സണ്‍, എം.ഉണ്ണികൃഷ്ണന്‍, എം.കെ.വേണുഗോപാല്‍, വി.സി.പ്രിന്‍സ് എന്നിവര്‍ സംസാരിച്ചു.

Advertisement