ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കം. നടൻ ജയറാം ഇന്ന് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദിച്ചറിയാനാണ് ഇഡി താരത്തെ വിളിപ്പിച്ചത്. കള്ളത്തരം കാട്ടിയവരെ അയ്യപ്പൻ വെറുതെ വിടുമോ, കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, സത്യം പുറത്തുവരണം എന്നും ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ വലിയ തോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.
ശബരിമലയിലെ സ്വർണ്ണക്കട്ടിളകൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജയറാമിനെ കൂടാതെ കേസുമായി ബന്ധമുള്ള മറ്റ് ഉന്നതരെയും വരും ദിവസങ്ങളിൽ ഇഡി ചോദ്യം ചെയ്തേക്കും.




























