തിരുവനന്തപുരം. വിളപ്പിൽശാല സർക്കാർ ആശുപത്രിക്കെതിരായ ചികിത്സ നിഷേധ പരാതിയിൽ നിർണായക ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുതരാവസ്ഥയിലായിട്ടും കൃത്യമായ ചികിത്സ രോഗിക്ക് നൽകില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. 10 മിനിറ്റിൽ അധികം നേരം ആശുപത്രി വരാന്തയിൽ ബിസ്മിറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നു. നിലവിളിച്ച് കരഞ്ഞിട്ടും ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് ഭാര്യ ജാസ്മിൻ പ്രതികരിച്ചു.
ശ്വാസ തടസ്സത്തെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച രോഗിക്ക് കൃത്യമായ ചികിത്സ നൽകിയില്ലെന്ന കുടുംബത്തിന്റെ പരാതി ശരി വയ്ക്കുന്നയാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ.
ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയത് മൂലം മിനുട്ടുകൾ മരണവെപ്രാളത്തിൽ രോഗി പുറത്തുനിന്നു. ഗുരുതരാവസ്ഥയിൽ ആയ രോഗിയുടെ വിലപ്പെട്ട സമയം ആദ്യ മിനിറ്റുകളിൽ പാഴായെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ് നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ കേട്ടില്ലെന്നും സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ 24 നോട് പ്രതികരിച്ചു.
ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു.ജനുവരി 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മിറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ശേഷം ഓക്സിജൻ ടി പി ആർ നേബൂലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
































