കൊച്ചി: കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട 25 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിലാക്കിയ വ്യവസായി അനീഷ് ബാബുവിനെ റിമാന്‍ഡ് ചെയ്തു. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ കൊച്ചിയിൽ വച്ചാണ് ഇഡി ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
കൊച്ചിയിലെ ഇഡി ഓഫിസിൽ വച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകുന്നേരം കൊച്ചിയിൽ നിന്നാണ് ഇഡി സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ പലതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അനീഷ് ബാബു സഹകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഇഡി കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെയാണ് ഇഡിയുടെ നിർണായക നീക്കം. അറസ്റ്റിലായ അനീഷ് ബാബുവിനെ കോടതിയിൽ ഹാജരാക്കി.
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് കേസ് തടസ്സപ്പെടുത്താൻ അനീഷ് ബാബു ശ്രമിച്ചതായി ഇഡി ആരോപിക്കുന്നു. കേസ് ഒതുക്കിത്തീർക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായി അനീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ് കേസെടുക്കുകയും ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ ശേഖർ കുമാർ ഉൾപ്പെടെ നാലുപേരെ പ്രതികളാക്കുകയും ചെയ്തിരുന്നു. കേസിൽ മൂന്ന് ഇടനിലക്കാർ നേരത്തെ അറസ്റ്റിലാവുകയും ശേഖർ കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. തനിക്കെതിരെയുള്ള നടപടികൾ ഇഡിയുടെ പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണെന്നാണ് അനീഷ് ബാബുവിൻ്റെ വാദം. എന്നാൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് ഇഡി വ്യക്തമാക്കി.
വിദേശത്തുനിന്ന് ഗുണനിലവാരമില്ലാത്ത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് വായ്പയെടുത്ത വകയിൽ 25 കോടിയോളം രൂപയുടെ ബാധ്യത വരുത്തിയെന്നതാണ് അനീഷ് ബാബുവിനെതിരെയുള്ള പ്രധാന ആരോപണം. ഷൈലജ കാഷ്യു കമ്പനിയുടെ പേരിലായിരുന്നു ഇടപാടുകൾ. ഇറക്കുമതി രേഖകളിൽ കൃത്രിമം കാണിച്ചെന്നും ബാങ്ക് വായ്പ വകമാറ്റി ചെലവഴിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി അന്വേഷണം ആരംഭിച്ചത്. കശുവണ്ടി വികസന കോർപറേഷൻ വഴി നടന്ന ഇറക്കുമതിയിലും കോടികളുടെ ക്രമക്കേടും കള്ളപ്പണ ഇടപാടും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേരള പൊലീസിൻ്റെ വിജിലൻസ് വിഭാഗവും കേന്ദ്ര ഏജൻസിയായ ഇഡിയും തമ്മിലുള്ള തർക്കത്തിനും ഈ കേസ് വഴിവച്ചിരുന്നു. കേസ് അവസാനിപ്പിക്കാൻ ഇഡി ഉദ്യോഗസ്ഥൻ ഇടനിലക്കാർ വഴി കൈക്കൂലി ആവശ്യപ്പെട്ടെന്ന അനീഷ് ബാബുവിൻ്റെ പരാതി അതീവ ഗൗരവത്തോടെയാണ് സംസ്ഥാന വിജിലൻസ് കൈകാര്യം ചെയ്തത്. തുടർന്ന് കൊച്ചിയിൽ വച്ച് പണം കൈമാറുന്നതിനിടെ ഇടനിലക്കാരെ വിജിലൻസ് പിടികൂടിയിരുന്നു.
എന്നാൽ തന്നെ കേസിൽ കുടുക്കാൻ ആസൂത്രിതമായി മെനഞ്ഞെടുത്ത കഥയാണിതെന്നും അന്വേഷണം അട്ടിമറിക്കാനാണ് കൈക്കൂലി ആരോപണം ഉന്നയിച്ചതെന്നുമാണ് ഇഡി കോടതിയിൽ വാദിച്ചത്. അനീഷ് ബാബുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഈ വാദത്തെ സാധൂകരിക്കുന്നതായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ അഴിമതി ആരോപണം ഉണ്ടെന്നത് കള്ളപ്പണ കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള കാരണമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
അറസ്റ്റിലായ അനീഷ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കസ്റ്റഡിയിൽ ലഭിക്കുന്നതോടെ കള്ളപ്പണത്തിൻ്റെ ഉറവിടത്തെക്കുറിച്ചും അത് എവിടേക്കാണ് മാറ്റിയതെന്നതിനെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ഇഡി കരുതുന്നത്.
ബാങ്ക് വായ്പയായി ലഭിച്ച കോടികൾ ബിസിനസ് ആവശ്യങ്ങൾക്കല്ലാതെ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മറ്റ് മേഖലകളിലേക്ക് വകമാറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. കൂടാതെ വ്യാജ രേഖകൾ ചമയ്ക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ബാങ്ക് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന കാര്യവും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ വ്യക്തികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ തീരുമാനം.








































