നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി

Advertisement

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ് കൊണ്ടുപോയത്. ഒന്നാം പ്രതി പെരുമ്പാവൂർ‌ വേങ്ങൂ‌ർ നടുവിലേക്കുടിയിൽ എൻ എസ് സുനിൽകുമാർ (പൾസർ സുനി- 37), രണ്ടു മുതൽ ആറു വരെ പ്രതികളായ തൃശൂർ

കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി മണികണ്ഠൻ(37), തലശേരി കതിരൂർ മംഗലശേരിയിൽ വി പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച് സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നിവരാണ് പൊലീസ് വാഹനത്തിലുള്ളത്.

ജയിലിനുള്ളിൽ വൈദ്യപരിശോധന നടത്തിയ ശേഷം എട്ടേകാലോടെയാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. പതിനൊന്നുമണിക്ക് മുമ്പ് കോടതിയിൽ എത്തിച്ചേരും. ആറ് പേരും കുറ്റക്കാരാണെന്ന് ഈ മാസം എട്ടാം തീയതി കോടതി കണ്ടെത്തിയിരുന്നു.കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ , ബലപ്രയോഗം, ഐടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

പൾസർ സുനിക്കെതിരെ ചുമത്തിയ ഭീഷണിക്കുറ്റം നീക്കിയിരുന്നു. രണ്ടു മുതൽ ആറുവരെ പ്രതികൾക്കെതിരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിം കാർഡ് നശിപ്പിച്ചതിന് രണ്ടാം പ്രതി മാർട്ടിനെതിരെ തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. ഇവർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here